Malayalam
നടിയെ ആക്രമിച്ച കേസ്; കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നിഷേധിച്ച് കോടതി
നടിയെ ആക്രമിച്ച കേസ്; കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നിഷേധിച്ച് കോടതി
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായ പല വിവരങ്ങളും കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് പുറത്തെത്തിയത്. അതില്‍ ദിലീപിന്റെ ഭാര്യയും മുന്‍ നടിയുമായ കാവ്യാ മാധവനെയും പ്രതിക്കൂട്ടില്‍ നിര്‍ത്തുന് തരത്തിലുള്ള തെളിവുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ കാവ്യാ മാധവനെ ചോദ്യം ചെയ്യുന്നതിനായി ക്രൈംബ്രാഞ്ച് സംഘം നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും ഇതുവരെയും ചോദ്യം ചെയ്യല്‍ നടന്നിട്ടില്ല.
നടിയെ ആക്രമിച്ച കേസിലെ കോടതി രേഖകള്‍ ചോര്‍ന്ന സംഭവത്തില്‍ ജീവനക്കാരെ ചോദ്യം ചെയ്യാന്‍ അനുമതി നിഷേധിച്ചു. ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്ന അന്വേഷണസംഘത്തിന്റെ ആവശ്യം കോടതി തള്ളുകയായിരുന്നു. അതേസമയം, വധഗൂഢാലോചനാ കേസിലെ എഫ്ഐആര്‍ റദ്ദാക്കണമെന്ന ദിലീപിന്റെ ഹര്‍ജിയില്‍ ചൊവ്വാഴ്ച കോടതി വിധി പറയും. ഹൈക്കോടതി സിംഗിള്‍ ബഞ്ച് നാളെ ഒന്നേമുക്കാലിനാണ് വിധി പറയുക.
കേസില്‍ സിംഗിള്‍ ബെഞ്ച് നേരത്തെ വാദം പൂര്‍ത്തീകരിച്ചിരുന്നു. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ സിബിഐക്ക് വിടണമെന്നുമാണ് ദിലീപിന്റെ ആവശ്യം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണ പുരോഗതി റിപ്പോര്‍ട്ട് അന്വേഷണ സംഘം വിചാരണ കോടതിയില്‍ സമര്‍പ്പിച്ചു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ അന്വേഷണ വിവരം കൈമാറിയെന്ന പരാതിയില്‍ എഡിജിപി എസ് ശ്രീജിത്ത് വിശദീകരണ റിപ്പോര്‍ട്ടും ഇന്ന് കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടില്‍ കോടതി അതൃപ്തി അറിയിച്ചു.
ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി ബൈജു പൗലോസ് കഴിഞ്ഞ ദിവസം നല്‍കിയ റിപ്പോര്‍ട്ടിന്റെ കോപ്പി പേസ്റ്റ് ആണിതെന്ന് കോടതി കുറ്റപ്പെടുത്തി.
ബൈജു പൗലോസ് നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്ന കോടതി പരാമര്‍ശത്തെ തുടര്‍ന്നാണ് അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എഡിജിപി എസ് ശ്രീജിത്ത് ഇന്ന് വിശദീകരണം നല്‍കിയത്.
തുടരന്വേഷണത്തിന് ക്രൈം ബ്രാഞ്ച് നല്‍കിയ സമയപരിധി അവസാനിച്ചെങ്കിലും അന്വേഷണം അവസാനിച്ചിട്ടില്ല. ദിലീപിന്റെ സഹോദരന്‍ അനൂപിനെയും സഹോദരി ഭര്‍ത്താവ് സുരാജിനെയും ക്രൈം ബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. ചൊവ്വാഴ്ച ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇരുവര്‍ക്കും നോട്ടീസ് നല്‍കിയിട്ടുണ്ട്.
നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്നും ചോര്‍ന്നതായുള്ള വിവരം കുറച്ച് നാളുകള്‍ക്ക് മുമ്പ് ലഭിച്ചിരുന്നു.
എന്നാല്‍ നടിയുടെ ദൃശ്യങ്ങള്‍ കോടതിയില്‍ നിന്ന് ചോര്‍ന്നത് പലതവണയാണെന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന സൂചന. ഒരു തവണ മാത്രം ദൃശ്യങ്ങള്‍ തുറന്നു പരിശോധിക്കുകയല്ല ചെയ്തിരിക്കുന്നതെന്നും ഒന്നിലധികം ലാപ്‌ടോപ്പുകളുമായി പെന്‍ഡ്രൈവ് ബന്ധിപ്പിച്ചതായുമാണ് പുറത്ത് വരുന്ന വിവരം.
ഇതിന്റെ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ആരാണ് ദൃശ്യങ്ങള്‍ ചോര്‍ത്തി നല്‍കിയത് എന്നറിയാന്‍ കോടതി ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നു. എന്നാല്‍ മൂന്ന് കോടതികളിലെ ജീവനക്കാരെ ചോദ്യം ചെയ്യേണ്ടതായി വരുമെന്നാണ് പുതിയ വിവരം. പ്രതികളുടെ ഫോണ്‍ പരിശോധിച്ച വേളയില്‍ സുപ്രധാന വിവരങ്ങളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.
2017 ഫെബ്രുവരിയിലാണ് തൃശൂരില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെ ഓടുന്ന കാറില്‍ നടി ആക്രമിക്കപ്പെട്ടത്. പ്രതികളെ പിടികൂടി, ദിലീപ് ഉള്‍പ്പെടെയുള്ളവര്‍ അറസ്റ്റിലായി… തുടങ്ങിയ കാര്യങ്ങളെല്ലാം നടന്നത് ഈ വര്‍ഷം തന്നെയാണ്. നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങള്‍ അടങ്ങുന്ന പെന്‍ഡ്രൈവ് കേസില്‍ പ്രധാന തൊണ്ടിമുതലാണ്. ഇത് കോടതിയില്‍ സൂക്ഷിക്കുകയും ചെയ്തു. 2018 ഡിസംബര്‍ 13നാണ് ഈ പെന്‍ഡ്രൈവ് വീണ്ടും തുറന്നതെന്ന് ഫോറന്‍സിക് പരിശോധനയില്‍ തെളിഞ്ഞു.
ഈ വേളയില്‍ പെന്‍ഡ്രൈവ് സൂക്ഷിച്ചിരുന്നത് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലായിരുന്നു. ഇവിടെയുള്ള ജീവനക്കാരെ ചോദ്യം ചെയ്യണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചിട്ടുണ്ട്.
എന്നാല്‍ കാര്യങ്ങള്‍ അവിടെ അവസാനിക്കുന്നില്ല. ഇതേ പെന്‍ഡ്രൈവ് ഒന്നിലധികം തവണ തുറന്നു പരിശോധിച്ചു എന്ന വിവരവും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്. വ്യത്യസ്ത ലാപ്‌ടോപ്പുകളുമായി ഘടിപ്പിച്ച് വിവിധ സമയങ്ങളിലാണ് ഇവ പരിശോധിച്ചിട്ടുള്ളത്.
ഇതിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അന്വേഷണ സംഘത്തിന് ലഭിച്ചതോടെ അന്വേഷണം സങ്കീര്‍ണമായിരിക്കുകയാണ്. മൂന്ന് കോടതികളിലാണ് പെന്‍ഡ്രൈവ് വിവിധ ഘട്ടങ്ങളില്‍ സൂക്ഷിച്ചിരുന്നത്. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി, അങ്കമാലി മജിസ്‌ട്രേറ്റ് കോടതി, വിചാരണ കോടതി എന്നിവിടങ്ങളില്‍ പെന്‍ഡ്രൈവ് ഉള്‍പ്പെടെയുള്ള തൊണ്ടി മുതല്‍ സൂക്ഷിച്ചിരുന്നു. ഈ കോടതികളില്‍ സൂക്ഷിച്ചിരുന്ന വേളകളിലെല്ലാം പെന്‍ഡ്രൈവ് പരിശോധിക്കപ്പെട്ടോ എന്നത് തെളിയേണ്ട കാര്യമാണ്.
