Malayalam
സായ് ശങ്കറിന്റെ രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു!, ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകളും ചിത്രങ്ങളും വീണ്ടെടുത്ത് കൊടുത്ത് സായ്
സായ് ശങ്കറിന്റെ രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യല്‍ അവസാനിച്ചു!, ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകളും ചിത്രങ്ങളും വീണ്ടെടുത്ത് കൊടുത്ത് സായ്
നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായകമായേക്കാവുന്ന പല വിവരങ്ങളും കഴിഞ്ഞ ദിവസങ്ങളിലായി പുറത്തെത്തിയിരുന്നു. ഇതിന് പിന്നാലെ കേസില്‍ നിരവധി പേരെയാണ് ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യേണ്ടതായിട്ടുള്ളത്. അതിനിടെ ഈ കേസില്‍ തുടരന്വേഷണത്തിന് കോടതി അനുവദിച്ച സമയം കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. ഇതിന് പിന്നാലെ അന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ആവശ്യമാണ് അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുള്ളത്. എന്നാല്‍ ഇത് സംബന്ധിച്ച് കോടതി നിലപാട് വ്യക്തമാക്കിയിട്ടില്ല.
ഈ സാഹചര്യത്തില്‍ നിലവിലെ തെളിവുകള്‍ക്ക് പുറമെ സംഭവവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ശേഖരിക്കാനുള്ള ശ്രമത്തിലാണ് ക്രൈംബ്രാഞ്ച്. നടിയെ ആക്രമിച്ച കേസില്‍ സ്വകാര്യ സൈബര്‍ വിദഗ്ദനായ സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്ത് കഴിഞ്ഞു. ദിലീപിന്റെ മൊബൈല്‍ ഫോണില്‍ നിന്ന് നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ടുള്ള ചാറ്റുകളും രേഖകളും നീക്കം ചെയ്‌തെന്ന് സായ് ശങ്കര്‍ മൊഴി നല്‍കിയിരുന്നു. ഈ മൊഴിയെ അടിസ്ഥാനമാക്കിയാണ് സായ് ശങ്കറിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.
രണ്ടര മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലാണ് ഇപ്പോള്‍ അവസാനിച്ചിരിക്കുന്നത്. ചോദ്യം ചെയ്യലിനിടെ സായ് ശങ്കര്‍ അന്വേഷണ സംഘത്തിന്റെ കയ്യിലുള്ള ദിലീപിന്റെ മൊബൈല്‍ ഫോണിന്റെ ടൂളില്‍ നിന്നും എട്ട് ചാറ്റുകള്‍ വീണ്ടെടുത്ത് കൊടുത്തു. മാസ്‌ക് ചെയ്ത ഫോട്ടോ അണ്‍മാസ്‌ക് ചെയ്തുകൊടുക്കുകയും ചെയ്തിട്ടുണ്ട്. വീണ്ടെടുത്ത് കൊടുത്ത എട്ട് ചാറ്റുകളില്‍ ഒരു ചാറ്റ് ഒരു ഫോറന്‍സിക് ഉദ്യോഗസ്ഥയും ദിലീപും തമ്മിലുള്ളതാണെന്നാണ് വിവരം. ഫോറന്‍സിക് ലാബില്‍ പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥയുമായുള്ള ചാറ്റ് കേസില്‍ വളരെ പ്രാധാന്യമുള്ളതാവും.
‘ഡിലീറ്റ് ചെയ്തവയില്‍ കോടതി രേഖകളുണ്ടായിരുന്നു. കോടതി സ്റ്റാമ്പുള്ളതും ഇല്ലാത്തതുമായ രേഖകള്‍. ജഡ്ജി കോടതിയിലെഴുതുന്ന പുസ്തകത്തിലെ കൈയ്യെഴുത്തുകളും മായ്ച്ചു. എല്ലാം കളര്‍ ചിത്രങ്ങളായിരുന്നു. ജഡ്ജി എഴുതിയ ഒറിജിനല്‍ പേജുകളുടെ പകര്‍പ്പുകളായിരുന്നു അവ. രേഖകള്‍ ദിലീപിന്റെ ഫോണ്‍ ഗാലറിയില്‍ ഉണ്ടായിരുന്നു. വാട്‌സാപ്പില്‍ വന്നത് ഗാലറിയില്‍ സേവ് ആയി. നീക്കം ചെയ്തവയില്‍ കൂടുതലും രേഖകളായിരുന്നു. വ്യക്തിഗത ചിത്രങ്ങളും ചാറ്റുകളും ഉണ്ടായിരുന്നു. ഓഡിയോ ചാറ്റുകളും മായ്ച്ചു.
എല്ലാ ഓഡിയോ ചാറ്റുകളും ഞാന്‍ കേട്ടു. ഹയാത്തില്‍ റൂമെടുത്തത് ദിലീപിന്റെ അഭിഭാഷകന്‍ ഫിലിപ്പ് പറഞ്ഞിട്ട് രണ്ട് ദിവസം റൂമിലിരുന്നാണ് ഡേറ്റ മായ്ച്ചത്. അവലംബിച്ചത് ഷ്രെഡ്ഡിങ്ങ് രീതിയല്ല. കാണരുതെന്ന് ആഗ്രഹിക്കുന്ന ഡേറ്റയ്ക്ക് മുകളില്‍ ജങ്ക് ഡേറ്റ ഇട്ട് മറച്ചു. യഥാര്‍ത്ഥ ഉള്ളടക്കം മായ്ച്ച ശേഷം ആ സ്ഥലത്ത് അനാവശ്യ വിവരങ്ങള്‍ പകരം സ്ഥാപിക്കും. ഫോറന്‍സിക്കിന് എന്ത് കിട്ടണമെന്ന് നമുക്ക് തീരുമാനിക്കാവുന്ന രീതിയില്‍ ചെയ്തു.
ഐ ഫോണ്‍ 12 പ്രോ, 13 എന്നീ ഫോണുകളിലായിരുന്നു രേഖകള്‍. ഐ ക്ലൗഡ് ഒന്ന് തന്നെയായിരുന്നു. ടൈം സ്റ്റാമ്പ് മായ്ക്കാന്‍ കഴിഞ്ഞില്ല. ഐ ഫോണ്‍ 13 കണക്ട് ആയില്ല. സാങ്കേതിക പ്രശ്‌നങ്ങളുണ്ടായിരുന്നു. രണ്ട് ഫോണിലും ഒരേ വിവരങ്ങളായിരുന്നു. അഡ്വ.ഫിലിപ്പിന്റെ സാന്നിധ്യത്തില്‍ ദിലീപാണ് ഡേറ്റ മായ്ക്കാന്‍ ആവശ്യപ്പെട്ടത്. ദിലിപും ഞാനും അഞ്ച് മണിക്കൂര്‍ ഒരുമിച്ചുണ്ടായിരുന്നു. ജനുവരി 29ന് ഉച്ച കഴിഞ്ഞ് മുതല്‍ ആറര വരെ കൂടിക്കാഴ്ച്ച നടത്തി. ഫോറന്‍സിക് പരിശോധനയില്‍ രേഖകള്‍ കിട്ടരുതെന്നായിരുന്നു ദിലീപിന്റേയും അഭിഭാഷകരുടേയും ആവശ്യം.
ഫിലിപ്പ് ടി വര്‍ഗീസിന്റെ ഓഫീസില്‍ വെച്ചാണ് ദിലീപിനെ കണ്ടത്. എന്തൊക്കെ കിട്ടരുതെന്ന് അവര്‍ പറഞ്ഞു തന്നു. എന്തെങ്കിലും ചില ഡേറ്റകള്‍ ഫോറന്‍സിക്കിന് കിട്ടണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ആ 12 ചാറ്റുകള്‍ കൊണ്ട് ഗുണമുണ്ടാകില്ല. ആ ചാറ്റുകള്‍ വെറും ഡമ്മി. മറ്റ് ചാറ്റുകള്‍ മറയ്ക്കാനാണ് അവ ശ്രമിച്ചത്. ദിലീപിന്റെ ഫോണില്‍ നിന്ന് മായ്ച്ചതെല്ലാം വീണ്ടെടുക്കാന്‍ എനിക്ക് കഴിയും. ദിലിപീന്റെ ഫോണില്‍ എന്തൊക്കെയുണ്ടായിരുന്നോ അതെല്ലാം റിക്കവര്‍ ചെയ്യാനാകും എന്ന് സായ് ശങ്കര്‍ പറഞ്ഞിരുന്നു.
നടിയെ ആക്രമിച്ച കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസ് റദ്ദാക്കണം എന്ന നടന്‍ ദീലീപിന്റെ ഹര്‍ജിയില്‍ നാളെ വിധി പറയും. ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.45 നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഹര്‍ജിയില്‍ വിധി പറയുക. കേസ് റദ്ദാക്കുകയോ അല്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ആണ് ദിലീപിന്റെ ആവശ്യം.
ഡിവൈഎസ്പി ബൈജു പൗലോസ്, നടിയെ ആക്രമിച്ച കേസില്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ എന്നിവര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് കോടതിയില്‍ ഉയര്‍ത്തിയ വാദം. തനിക്കെതിരായ ആരോപണങ്ങള്‍ തെളിയിക്കാനാനുള്ള തെളിവുകളില്ല. കേസ് ക്രൈംബ്രാഞ്ച് കെട്ടിച്ചമച്ചതാണെന്നും എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും ദിലീപ് ഹരജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിനൊപ്പമാണ് എഫ്ഐആര്‍ റദ്ദാക്കിയില്ലെങ്കില്‍ അന്വേഷണം സിബിഐക്ക് വിടണമെന്നും ദിലീപ് ആവശ്യപ്പെട്ടത്.
