Connect with us

തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെ…!?, രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് കൃത്യം നിര്‍വഹിച്ചത്; തെളിവുകളുമായി ക്രൈംബ്രാഞ്ച്

Malayalam

തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെ…!?, രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് കൃത്യം നിര്‍വഹിച്ചത്; തെളിവുകളുമായി ക്രൈംബ്രാഞ്ച്

തെളിവുകള്‍ നശിപ്പിച്ചത് സായ് ശങ്കര്‍ തന്നെ…!?, രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് കൃത്യം നിര്‍വഹിച്ചത്; തെളിവുകളുമായി ക്രൈംബ്രാഞ്ച്

വധഗൂഢാലോചന കേസില്‍ പ്രതി ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ തെളിവുകള്‍ നശിപ്പിച്ചത് ബൈജു പൗലോസിനെതിരെ ഹൈക്കോടതിയെ സമീപിച്ച സൈബര്‍ വിദഗ്ദന്‍ സായ് ശങ്കര്‍ തന്നെയാണെന്ന് അന്വേഷണസംഘം. 2022 ജനുവരി 29 മുതല്‍ 31 വരെയുള്ള തീയതികളില്‍ കൊച്ചിയിലെ രണ്ട് ഹോട്ടലുകളില്‍ താമസിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് അന്വേഷണസംഘം കണ്ടെത്തി.

കൊച്ചി ബോള്‍ഗാട്ടിയിലെ ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലിലെ വൈഫൈ ഉപയോഗിച്ചാണ് സായ് ശങ്കര്‍ തെളിവുകള്‍ നശിപ്പിച്ചതെന്ന് ശാസ്ത്രീയ പരിശോധനകളിലൂടെയാണ് കണ്ടെത്തിയത്. ഈ ദിവസങ്ങളില്‍ സായ് ശങ്കര്‍ പനമ്പള്ളി നഗറിലെ അവന്യൂ സെന്റര്‍ ഹോട്ടലിലും മുറിയെടുത്തിരുന്നു. ഇവിടെ നിന്ന് ഗ്രാന്‍ഡ് ഹയാത്തിലെത്തിയാണ് തെളിവുകള്‍ നശിപ്പിച്ചത്. പൊലീസിനെ കബളിപ്പിക്കാന്‍ വേണ്ടിയാണ് അവന്യൂ സെന്റര്‍ ഹോട്ടലിലും സായ് ശങ്കര്‍ മുറിയെടുത്തതെന്നാണ് നിഗമനം.

ഈ മൂന്ന് ദിവസവും ഈ രണ്ട് ഹോട്ടലുകളിലായി മാറി മാറിയാണ് സായ് ശങ്കര്‍ താമസിച്ചത്. തെളിവ് നശിപ്പിക്കാന്‍ വേണ്ടി മാത്രമായി ഇയാള്‍ ഹയാത്തില്‍ എത്തുകയായിരുന്നെന്നാണ് അന്വേഷണസംഘത്തിന്റെ കണ്ടെത്തല്‍. ഇതിനിടെ ദിലിപിന്റെ അഭിഭാഷകന്റെ ഓഫീസിലും സായ് ശങ്കര്‍ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഡല്‍ഹി സ്വദേശിയായ അഖില്‍ എന്നയാളുടെ സഹായത്തോടെയാണ് തെളിവുകള്‍ നശിപ്പിച്ചതെന്നും പൊലീസ് കണ്ടെത്തി.

പരിശോധനകള്‍ക്കായി മുംബൈയിലേക്ക് അയച്ച ഫോണുകള്‍ തിരിച്ചെത്തിയപ്പോള്‍ അതും സായ് ശങ്കറിന്റെ കൈവശം നല്‍കിയിരുന്നു. തെളിവുകള്‍ പൂര്‍ണമായി നശിപ്പിക്കപ്പെട്ടെന്ന് ഉറപ്പ് വരുത്താനായിരുന്നു ഇതെന്നാണ് സൂചന. ആ ഫോണില്‍ നശിപ്പിക്കപ്പെടാതിരുന്നതില്‍ ചിലത് കൊച്ചിയില്‍ വച്ച് സായ് ശങ്കര്‍ നശിപ്പിച്ചെന്നും പൊലീസ് കണ്ടെത്തി. ഇതോടെ വധഗൂഢാലോചന കേസിലെ തെളിവുകള്‍ നശിപ്പിച്ചതിനെ സായ് ശങ്കറെയും കേസില്‍ പ്രതിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെതിരെ സായി എത്തിയിരുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ സൈബര്‍ തെളിവുകള്‍ നശിപ്പിച്ചതില്‍ ദിലീപിന്റെ അഭിഭാഷകനായ ബി. രാമന്‍പിളളയുടെ പേര് പറയണമെന്നാണ് അന്വേഷണസംഘം നിര്‍ബന്ധിച്ചുവെന്നാണ് സായ് ശങ്കര്‍ പറഞ്ഞിരുന്നത്. ദിലീപിന്റെ ഫോണിലെ ഫോട്ടോകള്‍ അടക്കമുള്ള വിവരങ്ങള്‍ ഡിലീറ്റ് ചെയ്യപ്പെട്ടതായി അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചപ്പോഴാണ് ദിലീപിന്റെ അഭിഭാഷകന്റെ പേര് പറയാന്‍ നിര്‍ബന്ധിച്ചെന്നും സായ് ശങ്കര്‍ പറഞ്ഞു.

അന്വേഷണഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച് സായ് ശങ്കര്‍ ഹൈക്കോടതിയെയും സമീപിച്ചിരുന്നു. രാമന്‍ പിള്ളയുടെ ചാരനാകണമെന്നും അല്ലെങ്കില്‍ കുടുംബത്തെ പെടുത്തുമെന്ന് ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്നും സായ് ശങ്കര്‍ പറഞ്ഞു. ദിലീപ് ആവശ്യപ്പെട്ടത് പ്രകാരമാണ് അദ്ദേഹത്തിന്റെ ഫോണിലെ ഫോട്ടോസ് താന്‍ പെന്‍ഡ്രൈവിലേക്ക് കോപ്പി ചെയ്ത് നല്‍കിയതെന്നും സായ് ശങ്കര്‍ പറഞ്ഞു.

‘സഹായിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒരു ദിവസം രാത്രി ബൈജു പൗലോസ് എന്നെ വിളിച്ചത്. തുടര്‍ന്ന് തൃശൂര്‍ പൊലീസ് അക്കാദമിയിലേക്ക് കൊണ്ടുപോയി. മൂന്ന് മണിക്കൂറോളം അവിടെയായിരുന്നു. അവിടെ നടന്ന എല്ലാ കാര്യങ്ങളും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. ആരും അറിയാതെ എനിക്കും റെക്കോര്‍ഡ് ചെയ്യാന്‍ അറിയാം.’

”വിവരങ്ങള്‍ ചോദിച്ച ശേഷം ബൈജു പൗലോസ് പറഞ്ഞു, നിന്നെ ദ്രോഹിക്കില്ല, പക്ഷെ നീ രാമന്‍ പിള്ളയുടെ ചാരനാകണം. അല്ലെങ്കില്‍ കുടുംബത്തെ പെടുത്തും. ഇതും ഞാന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ട്. രണ്ട് കേസുകളിലും എന്നെ കുടുക്കിയത് ബൈജു പൗലോസാണ്. അതിന്റെ തെളിവുകള്‍ കൈവശമുണ്ട്. ദിലീപിനെ രാമന്‍ പിള്ളയുടെ ഓഫീസില്‍ വച്ച് കണ്ടിരുന്നു. അന്ന് ദിലീപ് എന്നോട് പറഞ്ഞു, ഫോണിലെ ഫോട്ടോസ് പെന്‍ഡ്രൈവിലേക്ക് മാറ്റി തരണമെന്ന്. ഞാനത് ചെയ്തു കൊടുത്തു. ദിലീപിനെ ആദ്യമായാണ് അന്ന് കാണുന്നത്.’

‘ബൈജു പൗലോസ് വെള്ളിയാഴ്ച്ച വിളിച്ച് പറഞ്ഞത്, രാമന്‍ പിള്ളയുടെ ഓഫീസില്‍ നടക്കുന്ന സംഭാഷണങ്ങളെല്ലാം റെക്കോര്‍ഡ് ചെയ്യണം, വൈഫൈ ഹാക്ക് ചെയ്യണം. അല്ലെങ്കില്‍ കുടുംബത്തെ പെടുത്തുമെന്നാണ്. വര്‍ഷങ്ങളായി ബൈജു എന്റെ പുറകിലാണ്. എന്തിനാണെന്ന് അറിയില്ല. ബൈജു പൗലോസിന്റെ ഭാര്യയുടെ കസിന്റെ വിവാഹം മോചനത്തില്‍ ഇടപെടത്തിന്റെ പേരിലാണ് വിരോധം. എസ്പി സുദര്‍ശനും കേസിന്റെ പേരും പറഞ്ഞ് ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നുമാണ് സായി പറയുന്നത്.

More in Malayalam

Trending