ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്; കൂടുതൽ ഒന്നും പറയുന്നില്ല, ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണ്! നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി നടന്‍ സൂര്യ

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി തമിഴ് നടന്‍ സൂര്യ. ഇത്തരം സംഭവങ്ങള്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതാണെന്ന് അദ്ദേഹം പറഞ്ഞു. പുതിയ ചിത്രമായ ഏതര്‍ക്കും തുനിന്തവന്റെ പ്രൊമോഷന് വേണ്ടി കൊച്ചിയില്‍ എത്തിയതായിരുന്നു സൂര്യ. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നത്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങളൊന്നും എനിക്കറിയില്ല. ആധികാരികമായി പറയുന്നില്ല. എന്നാല്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടാകരുത്. ഇപ്പോഴും ഇങ്ങനെയൊക്കെ സംഭവിക്കുന്നത് ഞെട്ടിക്കുന്നതാണ്. ആക്രമിക്കപ്പെട്ട നടിക്കൊപ്പം നില കൊള്ളുന്നുവെന്നും സൂര്യ പറഞ്ഞു.

അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രധാന റിപ്പോര്‍ട്ട് കഴിഞ്ഞ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. തുടരന്വേഷണത്തിന്റെ ഭാഗമായി പ്രതികളില്‍ നിന്ന് ശേഖരിച്ച മൊബൈല്‍ ഫോണില്‍ നിന്ന് രേഖകള്‍ നശിപ്പിച്ചിരുന്നുവെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ദിലീപ് ഫോണിലെ രേഖകള്‍ നശിപ്പിച്ചുവെന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ വളരെ ഗൗരവമുള്ളതാണ്. ഇക്കാര്യത്തില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം കേസില്‍ നിര്‍ണായകമാകും.

ഫോണ്‍ കൈമാറാന്‍ പ്രതികളോട് കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന് ശേഷമാണ് മുംബൈയിലെത്തിച്ച് രേഖകള്‍ നശിപ്പിച്ചതെന്നാണ് കണ്ടെത്തല്‍. പിന്നീട് പ്രതികള്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് ഫോണുകള്‍ സമര്‍പ്പിച്ചിരുന്നു. രജിസ്ട്രാര്‍ കീഴ്‌ക്കോടതിക്ക് കൈമാറി. കോടതിയുടെ നിര്‍ദേശ പ്രകാരം തിരുവനന്തപുരത്തെ ലാബില്‍ വിശദമായ പരിശോധന നടത്തി. ഈ പരിശോധനയിലാണ് സുപ്രധാന വിവരങ്ങള്‍ ലഭിച്ചതത്രെ. രേഖകള്‍ നശിപ്പിക്കാന്‍ അഭിഭാഷകരും കൂട്ടുനിന്നു എന്നും ക്രൈംബ്രാഞ്ച് പറയുന്നു.

തുടരന്വേഷണം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹര്‍ജി ഇന്ന് രാവിലെ ഹൈക്കോടതി തള്ളിയിരുന്നു. ഏപ്രില്‍ 15 വരെ അന്വേഷണത്തിന് സമയം അനുവദിക്കുകയാണ് ഹൈക്കോടതി ചെയ്തത്. ഏപ്രില്‍ 15ന് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി ആവശ്യപ്പെട്ടു. പിന്നാലെയാണ് ഫോണിലെ രേഖകള്‍ മായ്ച്ചുകളഞ്ഞുവെന്ന റിപ്പോര്‍ട്ടുമായി ക്രൈംബ്രാഞ്ച് എത്തുന്നത്. ഇതോടെ കേസിന്റെ നടപടികള്‍ ഇനിയും വൈകിയേക്കും.

അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് കേസില്‍ പുതിയ വെളിപ്പെടുത്തലും തുടരന്വേഷണവും വരുന്നതെന്ന് ദിലീപ് ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും ദിലീപ് ആരോപിക്കുന്നു. ഈ സാഹചര്യത്തില്‍ തുടരന്വേഷണം റദ്ദാക്കി വിചാരണ വേഗത്തില്‍ തീര്‍പ്പ് കല്‍പ്പിക്കണമെന്നായിരുന്നു ദിലീപിന്റെ ആവശ്യം. അതേസമയം, ഏപ്രില്‍ 15 വരെ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമയം അനുവദിച്ച സാഹചര്യത്തില്‍ വിചാരണ വൈകുമെന്ന് ഉറപ്പാണ്. വിചാരണയ്ക്ക് കൂടുതല്‍ സമയം വേണമെന്ന് വിചാരണ കോടതി സുപ്രീംകോടതിയോട് ആവശ്യപ്പെട്ടിരുന്നു.

about surya

AJILI ANNAJOHN :