Connect with us

സിദ്ധാർഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു… ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്തവിധമായിരുന്നു, എങ്ങനെയെങ്കിലും അവന്റെ ജീവൻ രക്ഷിക്കണം അവന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിലിരുന്നു; ഉള്ളുതൊടുന്ന കുറിപ്പുമായി തനൂജ

Malayalam

സിദ്ധാർഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു… ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്തവിധമായിരുന്നു, എങ്ങനെയെങ്കിലും അവന്റെ ജീവൻ രക്ഷിക്കണം അവന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിലിരുന്നു; ഉള്ളുതൊടുന്ന കുറിപ്പുമായി തനൂജ

സിദ്ധാർഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു… ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്തവിധമായിരുന്നു, എങ്ങനെയെങ്കിലും അവന്റെ ജീവൻ രക്ഷിക്കണം അവന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിലിരുന്നു; ഉള്ളുതൊടുന്ന കുറിപ്പുമായി തനൂജ

അങ്ങനെ കെപിഎസി ലളിത വിടവാങ്ങിയിരിക്കുകയാണ്. അവര്‍ ഓരോ താരത്തിലുമുണ്ടാക്കിയ വിടവ് ചെറുതല്ല. കെപിഎസി ലളിത യെ കുറിച്ച് ഹൃദയസ്പര്‍ശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് തനൂജ ഭട്ടതിരി. കാറപകടത്തെ തുടര്‍ന്ന് സിദ്ധാര്‍ത്ഥ് ഭരതനെ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്ത സമയത്ത് ലളിതാമ്മ അനുഭവിച്ച മാനസികസംഘര്‍ഷങ്ങള്‍ നേരില്‍ അറിഞ്ഞതാണ്. മകന്‍ ജീവിതത്തിലേക്ക് തിരിച്ചുവരുമെന്നും അവനെ കണ്ട് സംസാരിച്ചതിന് ശേഷവുമാണ് ആ അമ്മ കുറച്ചെങ്കിലും ആശ്വസിച്ച് കണ്ടത്. തനൂജ ഭട്ടതിരിയുടെ കുറിപ്പിലെ വിശദാംശങ്ങളിലേക്ക്:-

ആ കുറിപ്പിലേക്ക്

ലളിതാമ്മ എന്ന അമ്മ. 2015 ലാണ് സിദ്ധാർഥ് ഭരതന് ഒരു വലിയ കാർ ആക്സിഡന്റ് സംഭവിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലാണ് അന്ന് മെഡിക്കൽ ട്രസ്റ്റിൽ സിദ്ധാർഥ്നെ കൊണ്ടുവന്നത്. ജീവൻ തിരിച്ചു കിട്ടുമോ ഇല്ലയോ എന്ന് ഉറപ്പ് ഇല്ലാത്തവിധം. വിവരമറിഞ്ഞ് പാഞ്ഞെത്തി ലളിത ചേച്ചി. ആ രാത്രി തനിയെയാണ് ചേച്ചി എത്തിയത്, മറ്റുള്ളവർ വിവരം അറിഞ്ഞുതുടങ്ങിയിട്ടില്ലായിരുന്നു. സിദ്ധാർഥിനെ നഷ്ടപ്പെടുമോ എന്ന ഭയം കാരണം ചേച്ചി ആലില പോലെ വിറക്കുന്നുണ്ടായിരുന്നു. ആർക്കും സമാധാനിപ്പിക്കാൻ പറ്റാത്തവിധമായിരുന്നു ചേച്ചി. എങ്ങിനെയെങ്കിലും അവന്റെ ജീവൻ രക്ഷിക്കണം അവന്റെ ജീവൻ രക്ഷിക്കണമെന്ന് മാത്രം പറഞ്ഞുകൊണ്ട് ചേച്ചി ബോധമില്ലാത്ത അവസ്ഥയിൽ ആശുപത്രിയിലിരുന്നു. ബന്ധുക്കളും സുഹൃത്തുക്കളും ഒക്കെ എത്തുന്നതേ ഉണ്ടായിരുന്നുള്ളൂ.

എന്തോ ഒരു ധൈര്യത്തിന് ചേച്ചിയെ കെട്ടിപ്പിടിച്ച് ഞാൻ പറഞ്ഞു സിദ്ധാർത്ഥിന് ഒന്നും സംഭവിക്കില്ല, ഒരു കുഴപ്പവുമില്ലാതെ ചേച്ചിക്ക് കൂടെ കൊണ്ടു പോകാൻ പറ്റും. ഡോക്ടർമാർ പറഞ്ഞതനുസരിച്ചു ഗുരുതരാവസ്ഥ അറിയാമായിരുന്ന ചേച്ചി എന്നെ പൂർണമായി വിശ്വസിച്ചതായി എനിക്ക് തോന്നിയില്ല. ബോധം വരാതെ അവൻ കിടന്നുപോകുമോ? അപ്പോൾ ആന്റോസർ ചേച്ചിയുടെ അടുത്തേക്ക് വരികയും, ചേച്ചി പൊട്ടിക്കരയാനും തുടങ്ങി. സർ അപ്പോൾ പറഞ്ഞു ” സിദ്ധാർഥ് രക്ഷപ്പെട്ടിരിക്കും.. ഇതെന്റെ വാക്കാണ്. ചേച്ചി കരച്ചിൽ നിർത്തി. സത്യം? എന്ന് ചോദിച്ചു.’ദൈവത്തെപോലെ സത്യം’ എന്ന് സാർ പറഞ്ഞു.’എനിക്കൊന്നു അവനെ കാണണം’ചേച്ചി പറഞ്ഞു. ‘കാണിക്കാം,കുറച്ചു കഴിയട്ടെ’ എന്നായി സാർ.

ആ സമയം തലയ്ക്കുള്ള ശാസ്ത്രക്രിയ നടക്കുകയായിരുന്നു സിദ്ധാർത്ഥിന്. രണ്ടു ദിവസം കഴിഞ്ഞു ഡോക്ടർ പേര് ചോദിച്ചപ്പോൾ സിദ്ധാർഥ് എന്ന് പറഞ്ഞു എന്നറിഞ്ഞപ്പോളാണ് ചേച്ചി ശ്വാസം വിട്ടത്. അതുവരെ ഞാനുണ്ടായിരുന്നു കൂടെ. അപ്പോളേക്കും വിവരമറിഞ്ഞ് മകൾ ശ്രീക്കുട്ടി എത്തി. പിറകെ പല മേഖലകളിലുള്ള നിരവധി സുഹൃത്തുക്കളെത്തി. അമ്മമാരുടെ വിഷമം എന്താണെന്ന് മക്കൾ ആശുപത്രിയിലാവുമ്പോളാണ് അറിയുക. സിദ്ധാർഥ്നെ ഐസിയുവിൽ ആദ്യമായി കണ്ട് തിരികെ ഇറങ്ങിയപ്പോൾ എന്റെ നെഞ്ചിൽ തന്നെ തല ചേർത്ത് എന്റെ തോളിൽ മുറുക്കെ പിടിച്ച് ചേച്ചി ഒരു ദീർഘനിശ്വാസമുതിർത്തു. കരച്ചിലും ആശ്വാസവും കൂടിക്കലർന്ന ആ വായുവിന് ഒരു കൊടുംകാറ്റിന്റെ ശക്തി ഉണ്ടായിരുന്നു. അതെന്റെ ഹൃദയത്തിൽ തട്ടി നിന്നു. ഞാൻ അമ്മയും അവർ മകളുമായിരുന്നു അപ്പോൾ

അതിന് മുമ്പ് ചില പ്രോഗ്രാമുകളിൽ ഒക്കെ കണ്ട പരിചയമേ എനിക്കുള്ളൂ. ചേച്ചി അവിടെയുണ്ടായിരുന്ന കുറെയേറെ ദിവസങ്ങളിൽ എന്നും ഞങ്ങൾ ഒരുമിച്ചിരുന്നു സംസാരിച്ചു. ചേച്ചി സ്വന്തം ജീവിതകഥ സമയം കിട്ടുമ്പോഴൊക്കെ പറഞ്ഞുകൊണ്ടേയിരുന്നു. ഒരുപാട് മറ്റു സുഹൃത്തുക്കളും സിനിമാ ലോകത്തുള്ള പ്രശസ്തരും അപ്രശസ്തരുമായ ഒരു വിധം എല്ലാവരും ചേച്ചിയെ കാണാൻ വന്നുകൊണ്ടിരുന്നു. സിദ്ധാർഥ് സാധാരണനിലയിലേക്ക് തിരിച്ചു വരുന്ന സമയം ആയപ്പോൾ, ചേച്ചിയുടെ ഒരു പഴയ ഇന്റർവ്യൂ യിലെ സംഭാഷണം ഓർത്തു ഞാൻ ഇങ്ങനെ പറഞ്ഞു, ചേച്ചിയോട് വലിയ ബഹുമാനം തോന്നിയ ഒരു കാര്യം ചേച്ചി ഒരു ഇന്റർവ്യൂ യിൽ പറഞ്ഞ കാര്യമാണ്.

അതെന്താ കൗതുകത്തോടെ ചേച്ചി ചോദിച്ചു, ‘എത്രയോ വർഷമായി അഭിനയിക്കുന്നു,അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നുണ്ടോ? സാധാരണ അത്യാവശ്യo സമ്പാദ്യവും അംഗീകാരം ആയാൽ പലരും അഭിനയം നിർത്താറുണ്ടല്ലോ.’ഇതായിരുന്നു ചോദ്യം. അന്ന് ചേച്ചി പറഞ്ഞ ഉത്തരം “ഒരു കാലത്തും ഞാൻ അഭിനയം നിർത്താൻ ഉദ്ദേശിക്കുന്നില്ല. ശരീരം ഒട്ടും അനക്കാൻ പറ്റാതെ തളർന്നു കിടക്കുകയാണെങ്കിൽ, അങ്ങനെ കിടക്കുന്ന ഒരു റോൾ സിനിമയിൽ ഉണ്ടെങ്കിൽ അതിൽ ഞാൻ അഭിനയിക്കും. കണ്ണുമാത്രം ചിമ്മാനെ എനിക്ക് പറ്റൂവുള്ളെങ്കിൽ ഒരു സിനിമയ്ക്ക് അങ്ങനെ ഒരു കഥാപാത്രം വേണമെങ്കിൽ അതിൽ ഞാൻ അഭിനയിക്കും. മരണംവരെ എനിക്ക് അഭിനയിക്കണം. ഞാൻ അഭിനയിക്കും.”അഭിനയത്തെ ഒരു കലയായോ തൊഴിൽ ആയോ മാത്രമല്ല തന്റെ ജീവനായി കൂടി തിരിച്ചറിയുന്നത് കൊണ്ടാണ് ചേച്ചിക്കങ്ങനെ പറയാൻ സാധിച്ചത് എന്ന് എനിക്ക് തോന്നി.അതാണ് ചേച്ചിയോടുള്ള എന്റെ ബഹുമാനം.

അതുപോലെ ചേച്ചിയുടെ ജീവിതത്തിൽ എടുത്ത ചില നിലപാടുകൾ എല്ലാ സ്ത്രീകൾക്കും സാധിക്കാത്തതാണ്. വളരെ പൊസ്സസ്സീവ് ആയിരിക്കയാണ് പലപ്പോളും സ്ത്രീകൾ സ്നേഹത്തിന്റെ പേരിൽ ചെയ്യാറ്. എന്നാൽ പോസസീവ് ആയിരിക്കുകയും അതിനോടൊപ്പം വളരെ മാനുഷികമായിരിക്കുകയും ചെയ്യുന്നത് വളരെ അപൂർവമാണ്. അത് ചേച്ചിയോട് സൂചിപ്പിച്ചപ്പോൾ പറഞ്ഞത്, എനിക്കൊറ്റ ആവശ്യമെയുള്ളു ബന്ധങ്ങളി.. എന്തും ചെയ്യാമാവർക്ക്. പക്ഷെ എന്നോട് സത്യസന്ധമായി കാര്യങ്ങൾ പറയണം. എന്നെ പറ്റിക്കരുത്. ഞാൻ ഒന്നിനും തടസമാവില്ല. ഒന്നിന്റെ പേരിലും ബന്ധം മുറിക്കയുമില്ല. പക്ഷെ പുറകിൽ ഒളിച്ചു ഒന്നും ചെയ്യരുത്. അങ്ങനെയുള്ള ,വളരെ ശക്തയായ വ്യക്തി ആണ് ലളിത ചേച്ചി. മനുഷ്യരോടും മനുഷ്യാവസ്ഥകളോടും കരുണയിൽ പൊതിഞ്ഞ സ്നേഹം ചേച്ചിക്ക് ഉണ്ടായിരുന്നതായി കാണാം. അതിൽ നിന്ന് കിട്ടിയ കരുത്താണ് സ്വന്തം ജീവിതത്തെ നേരിടാൻ ചേച്ചിയെ പ്രാപ്തയാക്കിയത് എന്ന് തോന്നിയിട്ടുണ്ട്.

ആശുപത്രിയിൽ നിന്നു സിദ്ധാർഥ് ഡിസ്ചാർജ് ആയ ദിവസം ചേച്ചി പ്രെസ്മീറ്റിൽ പറഞ്ഞു . ‘ജീവിതത്തിലെ ഏറ്റവും സന്തോഷമുള്ള ദിവസം ആണിന്ന്. ചുറ്റുമുള്ള എല്ലാവർക്കും ദൈവത്തിന്റെ മുഖമാണ്. ആന്റോ സാർ വന്നു സിദ്ധാർഥിനെ രക്ഷിക്കും എന്ന് വാക്കു തന്നപ്പോൾ ദൈവം വന്നു പറഞ്ഞപോലെ തോന്നി. ചികിൽസിച്ച ഡോക്ടർമാരും കൂടെയുണ്ടായ മാലാഖ സിസ്റ്റർമാരോടും നന്ദി പറഞ്ഞാൽ തീരില്ല ‘ ഇങ്ങനെ പറഞ്ഞതെല്ലാം അന്ന് പത്രം റിപ്പോർട്ട്‌ ചെയ്തു. ആശുപത്രിയിൽ ജോലി ചെയ്യുന്നവർ ഒരിക്കലും പോകുന്നവരോട് ഇനിയും കാണാം എന്ന് പറയാറില്ല. ഒരിക്കലും അസുഖം വീണ്ടും വരാതിരിക്കട്ടെ എന്നാണ് പ്രാർത്ഥന. എത്രയോ മനുഷ്യർ ആശുപത്രിയിൽ വരികയും പിന്നീട് പോവുകയും ചെയ്തിട്ടുണ്ട്. കൂടെയുള്ളപ്പോൾ സ്വന്തം ആവുകയും, പോയിക്കഴിഞ്ഞാൽ സന്തോഷത്തോടെ അവരെ പുറംലോകത്തെക്ക് വിടുകയും ആണ് ഞങ്ങൾ ചെയ്യേണ്ടത്. അപ്പോഴപ്പോൾ, ആവശ്യമുള്ളവർക്ക് താങ്ങായി ഇരിക്കാൻ പറ്റുക എന്നത് മാത്രമേ ആശുപത്രി ജീവനക്കാർ ചെയ്യേണ്ടതുള്ളു. എന്നാലും എന്നും ഇന്നും ചേച്ചിയുടെ സന്തോഷ-സന്താപ കണ്ണുനീർ എന്റെ ഉള്ളിൽ ഉണ്ട്. എന്റെ ഹൃദയത്തിൽ തറഞ്ഞു നിന്ന ലളിത ചേച്ചിയുടെ അന്നത്തെ ശക്തനിശ്വാസം ഈ മരണ വാർത്തയിൽ അലിഞ്ഞുചേർന്നിരിക്കുന്നു. സിദ്ധാർഥിനും ശ്രീക്കുട്ടിക്കും അമ്മയുടെ കരുത്ത് എന്നും കൂടെയുണ്ടാവും. ലളിതച്ചേച്ചിക്ക് പ്രണാമം എന്നുമായിരുന്നു തനുജ ഭട്ടതിരിയുടെ കുറിപ്പ്.

More in Malayalam

Trending

Recent

To Top