Malayalam
‘ബെട്ടിയിട്ട ബായത്തണ്ട്’ അല്ലെ 2021ലെ ക്വോട്ട്? ചോദ്യവുമായി എന്‍.എസ്. മാധവന്‍
‘ബെട്ടിയിട്ട ബായത്തണ്ട്’ അല്ലെ 2021ലെ ക്വോട്ട്? ചോദ്യവുമായി എന്‍.എസ്. മാധവന്‍
കാത്തിരിപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ട് മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ ഒരുക്കിയ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഡിസംബറിലായിരുന്നു റിലീസ് ചെയ്തത്. സിനിമയിലെ ‘ബെട്ടിയിട്ട ബായത്തണ്ട് പോലെ കിടക്കണ കിടപ്പ് കണ്ടോ എളാപ്പ’ എന്ന മോഹന്‍ലാലിന്റെ ഡയലോഗിന് സോഷ്യല്‍മീഡിയയില്‍ ട്രോള്‍ പൂരമായിരുന്നു.
പ്രിയദര്‍ശന്റെ തന്നെ കിളിചുണ്ടന്‍ മാമ്പഴത്തിലെ അതെ സാങ്കല്‍പിക ഭാഷയാണ് മരക്കാറിലും മോഹന്‍ലാലിന്റെ കഥാപാത്രം ഉപയോഗിക്കുന്നതെന്ന കാരണം പറഞ്ഞായിരുന്നു ട്രോളുകള്‍. ഇപ്പോഴിതാ 2021 അവസാനിക്കുമ്പോള്‍ ‘ബെട്ടിയിട്ട ബായത്തണ്ട്’ അല്ലെ 2021ലെ ക്വോട്ട് എന്ന് ചോദിക്കുകയാണ് എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഡിസംബര്‍ 2ന് തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം ഡിസംബര്‍ 17 ന് ആമസോണ്‍ പ്രൈമിലും റിലീസ് ചെയ്തിരുന്നു. മോഹന്‍ലാല്‍, നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി, ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചത്. മലയാളത്തിലെ ഏറ്റവും ഉയര്‍ന്ന മുടക്കുമുതലുള്ള ചിത്രം 100 കോടി ചെലവിട്ടാണ് നിര്‍മിച്ചത്.ആറ് ദേശീയ അവാര്‍ഡുകള്‍ കരസ്ഥമാക്കിയ ചിത്രം റിലീസിന് മുന്‍പ് തന്നെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു.