Malayalam
സനയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ആശ; ദത്തൻ കയ്യോടെ പൊക്കിയപ്പോൾ മറുപടി പറയാനാകാതെ സന ; നാട്ടിൻ പുറത്തെ നിഷ്‌കളങ്കമായ പ്രണയം തുറന്നുകാട്ടുന്ന നോവൽ, പ്രണയം തേടി ഇരുപതാം ഭാഗത്തിലേക്ക്!
സനയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ആശ; ദത്തൻ കയ്യോടെ പൊക്കിയപ്പോൾ മറുപടി പറയാനാകാതെ സന ; നാട്ടിൻ പുറത്തെ നിഷ്‌കളങ്കമായ പ്രണയം തുറന്നുകാട്ടുന്ന നോവൽ, പ്രണയം തേടി ഇരുപതാം ഭാഗത്തിലേക്ക്!
സന എന്ന പെൺകുട്ടിയുടെ പ്രണയം തേടിയുള്ള യാത്രയാണ് പ്രണയം തേടി, നോവൽ ഇപ്പോൾ ഇരുപതാം ഭാഗമായിരിക്കുകയാണ് . പ്രണയം തേടി എന്ന ഈ കുഞ്ഞു നോവൽ നിങ്ങൾ ആദ്യമായിട്ടാണ് കേൾക്കുന്നതെങ്കിൽ മെട്രോ സ്റ്റാർ പ്ലെ ലിസ്റ്റിൽ പൂർണമായ ഭാഗം ഉൾപ്പെടുത്തിയിട്ടുണ്ട്. പുത്തൻ ഭാഗം വായിക്കാം !
അപ്പോൾ ഫോൺ അടുക്കളയിൽ വച്ചിട്ട് സന റൂമിലേക്ക് ചെന്നതും ആശ അവിടെ രോഷത്തോടെ നില്കുന്നുണ്ടായിരിക്കുന്നു….
“നീ എന്തിനാണ് പേടിക്കുന്നത് ? ഇത് നമ്മളാണെന്ന് സാറിന് അറിയില്ലല്ലോ ?” ആശ വളരെ നിസാരമായിട്ടാണ് കാര്യങ്ങളെ എടുത്തിരിക്കുന്നത് എന്ന് അവളുടെ വാക്കുകളിൽ നിന്നും വ്യക്തമാണ്,
“:അറിയുമ്പോഴോ? അത് മാത്രമല്ല ഇക്കാക്ക എപ്പോഴും റസിയമ്മയുടെ ഫോൺ പരിശോധിക്കും. എങ്ങാനും പണി കിട്ടിയാൽ എന്നെ പിന്നെ പഠിക്കാൻ വിടില്ല. നീ പോ ആശേ കളിക്കാതെ. ഇനി റസിയമ്മയുടെ ഫോണിൽ നിന്നും ഒരു പരിപാടിയും നടക്കില്ല” സന തീർച്ചപ്പെടുത്തിത്തന്നെ അത് പറഞ്ഞു.
പിന്നെ ആശയും തർക്കിച്ചില്ല, ആ നിമിഷം കടന്നുപോകുന്നതിനനുസരിച്ചു അവർ ചെയ്ത പ്രവർത്തിയും രണ്ടാൾക്കും തമാശയായി.
എന്നാലും ആരാ ഈ വീണ എന്നും ചോദിച്ച് ആശ സനയെ കളിയാക്കുകയും ചെയ്തു.
തൊട്ടടുത്ത ദിവസം ഒരു ഞായറാഴ്ച്ചയായിരുന്നു. അന്ന് ആശ അമ്മയോടൊപ്പം കല്യാണത്തിന് പോകുമെന്ന് അറിയിച്ചിരുന്നു.
അതുകൊണ്ടുതന്നെ രാവിലെ എഴുന്നേൽക്കാൻ സനയ്ക്ക് ഒരു ഉന്മേഷവും തോന്നിയില്ല. പത്തര കഴിഞ്ഞാണ് അവൾ കണ്ണ് തുറന്നത് … പിന്നെയും രണ്ടു പുതപ്പിനടിയിലായി അവൾ സുഖം പിടിച്ചു കിടന്നു . സ്വയം വാരിപ്പുണർന്ന് ചുരുണ്ടുകൂടാൻ സനയ്ക്ക് വലിയ ഇഷ്ടമാണ്. ലോകത്ത് അവളുടേതായ സന്തോഷങ്ങളിൽ പെട്ടവയാണ് ഇത്തരത്തിലുള്ള കുഞ്ഞു കാര്യങ്ങൾ.
റസിയമ്മയുടെ ഫോൺ തകർത്തു ബഹളം വെക്കുന്നത് കേട്ട ദേഷ്യത്തിലാണ് അവൾ കട്ടിലിനു ബൈ പറഞ്ഞത്. ഫോൺ എടുത്ത് റസിയമ്മ എന്നും വിളിച്ചകൊണ്ട് പുറത്തേക്ക് ഇറങ്ങി…
റസിയമ്മ അപ്പോൾ ആടിന്റെ പ്രസവം എടുക്കുകയാണ്.
സേനയെ കണ്ടപാടെ, “മാറിനില്ല് സന… ഉച്ചയായപ്പോൾ എഴുന്നേറ്റ് വന്നിരിക്കുകയാണ്. ”
സന റസിയമ്മയുടെ വാക്കിന് വലിയ ശ്രദ്ധ കൊടുക്കാതെ ഫോൺ റസിയമ്മയ്ക്ക് നേരെ നീട്ടി ആടിനെ നോക്കി അവിടെ കുത്തിയിരുന്നു.
കണ്ണുകൾ തള്ളിപ്പിടിച്ച് ആട് കുഞ്ഞിനെ പുറത്തിറക്കാൻ ആവുന്ന ശ്രമവും നടത്തുന്നുണ്ട്. പക്ഷെ ഒന്നുമങ്ങോട്ട് പുറത്തോട്ട് വന്നില്ല…. റസിയമ്മ ഫോണിൽ ഉപ്പയോടാണ് സംസാരിക്കുന്നത് ആ ബഹളം കേട്ടപ്പോൾ മനസിലായി.
ഇടയ്ക്കിടെ ആട് താഴെ വീഴുന്നതും വീണ്ടും എഴുന്നേറ്റ് നിൽക്കുന്നതും പിൻകാൽ വളച്ചുപിടിക്കുന്നതുമെല്ലാം സന സൂക്ഷമമായി നോക്കിയിരുന്നു.
അപ്പോഴതാ ഒരു കുഞ്ഞു മുഖം ആടിന്റെ പിൻഭാഗത്തുനിന്നും പുറത്തേക്ക് തള്ളിവന്നു…ആദ്യമായി കാണുന്നതല്ലങ്കിലും സന , റസിയമ്മ…. കുഞ്ഞുവരുന്നുണ്ടെ എന്ന് വിളിച്ചു കൂവി… “
പക്ഷെ റസിയമ്മ കുറെ പ്രസവം എടുത്ത അധികാരികതയോടെ, ആ ആടിന് അറിയാം പ്രസവിക്കാൻ നീ പോയി പല്ലു തേച്ചിട്ട് വല്ലതും കഴിക്കാൻ നോക്ക്..”
സന അതിനും ചെവിക്കൊടുത്തില്ല, തല മുന്നോട്ട് തള്ളി ഒറ്റയിരുപ്പാണ്… ഇനി ആട് പ്രസവിക്കാത്യേ സന എഴുന്നേൽക്കില്ല എന്ന അവസ്ഥയായി.
പതിയെ പതിയെ കുഞ്ഞാടിന്റെ തല പുറത്തെത്തി… അല്പം നിറം മങ്ങിയ ആട്ടിൻ കുട്ടി. റസിയമ്മ വലിയ തിരക്കുള്ള വൈറ്റാട്ടിയെ പോലെ സനയുടെ പഴയ തുണിയൊക്കെ വച്ച് ആട്ടിൻകുട്ടിയെ ഭൂമിയിലേക്ക് വലിച്ചിട്ടു..
“ഈ റസിയമ്മയ്ക്ക് ഇതൊക്കെ ആരാ പഠിപ്പിച്ചു കൊടുത്തത്?
പാവം ആട്ടിൻകുട്ടി . ഒരു ലോകത്തുനിന്നും മറ്റൊരു ലോകത്തേക്ക് എത്തുമ്പോൾ അവനു വിഷമം വരുമായിരിക്കും അല്ലെ… അവിടെ ഒറ്റയ്ക്ക് സുഖിച്ചു കഴിയുവായിരുന്നില്ലേ… “
ഇത്തരം വലിയ ചിന്തകളുമായി സന ബ്രഷും വായിലിട്ട് മുറ്റം മുഴുവൻ നടക്കുന്നു.. റസിയമ്മ ഈ ലോകത്തേക്ക് ഒരു ജീവനെ എടുത്തുവച്ചതിന്റെ അഭിമാനത്തോടെ ഉപ്പയോട് എന്തെല്ലാമോ സംസാരിച്ചു ഇരിക്കുന്നുണ്ട്. ഇതിനിടയിൽ റസിയമ്മയുടെ ഫോൺ ഒരു മൂലയിൽ ഇരുന്നു കരഞ്ഞു വിളിക്കുന്നുണ്ട്.
“ഇതുതന്നെ എന്റെ പണിയായിപ്പോയി…. വായും കഴുകിക്കൊണ്ട് ദേഷ്യം ഒതുക്കി സന ഫോൺ എടുത്തു നോക്കി.. റസിയമ്മയ്ക്കരികിലേക്ക് ഫോണും കൊണ്ട് ഓടാൻ നേരം വെറുതെ ആരെന്നു സന നോക്കി…
” അയ്യോ.. ഇത് ആ നമ്പർ അല്ലെ…. ?”
പെട്ടന്ന് ഫോൺ പിന്നിലേക്ക് പിടിച്ചു റസിയമ്മയെ ഒന്ന് എത്തിനോക്കിയിട്ട് സന ഫോണുമായി മുറിയിൽ കയറി കതകടച്ചു .
എന്നിട്ട് ഒരു നിമിഷം പേടിയോടെ അതിലേക്ക് നോക്കി.. ദത്തൻ സാർ….”
വീണ്ടും കാൾ വന്നപ്പോൾ അവൾ എടുത്തു…
“രണ്ടുവശത്തുനിന്നും നിശബ്ദത”
അവസാനം ദത്തൻ തന്നെ ഹാലോ പറഞ്ഞു.
സനയും പതുങ്ങിയ സ്വരത്തിൽ ഹാലോ പറഞ്ഞു,
സത്യം പറ ഇതാരാ? ദത്തൻ വളരെ ഗൗരവത്തോടെ ചോദിച്ചു.
സനയുടെ നെഞ്ചിടിപ്പ് കുത്തനെ കൂടി… ഒന്നും മിണ്ടാതെ വായിലേക്ക് വന്ന ഉമിനീരെല്ലാം വേഗത്തിൽ ഇറക്കി നടുക്കത്തോടെ സന നിന്നു .
“ഹാലോ പറ്റിക്കാൻ നോക്കേണ്ട ആരാണെന്ന് എനിക്ക് മനസിലായി… എന്തിനാ ഇങ്ങനെ ശല്യം ചെയ്യുന്നത്..” ദത്തൻ അല്പം കടുപ്പിച്ചു ചോദിച്ചു .
“ശല്യമോ ? എപ്പോൾ ?
ഇന്നലെ ഒരുതവണ വിളിച്ചു.. അത് അറിയാതെ നമ്പർ തെറ്റിവന്നയാണ്… പറഞ്ഞാരുന്നല്ലോ?”
“ഓഹോ ! എന്നാൽ ഏതു വീണയാണ് ? അത് പറ ?”
അതുപറഞ്ഞാൽ നിങ്ങൾക്കറിയില്ലല്ലോ? ഒരു വീണയാണ്. സന പറഞ്ഞു.
“ഏതു വീണയാണെന്ന് എനിക്ക് അറിയില്ല അത് അറിയാൻ വേണ്ടിയാണ് ചോദിച്ചത് ? എന്നെ വീണയ്ക്ക് എങ്ങനെ അറിയാം?” ദത്തന്റെ ശബ്ദം അത്തരത്തിൽ സന ഇതുവരെ കേട്ടിട്ടില്ല. എന്തൊരു ഗാംഭീര്യമാണ്.
“എനിക്ക് നിങ്ങളെ അറിയില്ല. ഇന്നലെ പറഞ്ഞല്ലോ?” സന വീണ്ടും ഉറപ്പിച്ചു പറഞ്ഞു.
“ഓഹോ എന്നാൽ പിന്നെ ഇന്നലെ ആരാ മെസേജ് അയച്ചത്. ” ദത്തൻ അത് ചോദിച്ചപ്പോൾ സന ആക കുഴഞ്ഞു….
“മെസേജോ എന്ത് മെസേജ്? ” സനയ്ക്ക് ഒന്നും മനസിലായില്ല..
ചുമ്മാ കുട്ടിക്കളി കാണിക്കല്ലേ … എനിക്ക് അതിനുള്ള സമയം ഇല്ല… താല്പര്യവും … ആരാണെന്ന് പറ…. ദത്തൻ വാശി പിടിച്ചു.
ഒന്നും മനസിലാകാതെ സന ഫോൺ ഓഫാക്കി. “ഇത് ഞാൻ ആണെന്ന് സാറിന് മനസിലായിക്കാണുമോ? അതുകൊണ്ടാണോ ഇങ്ങനെ ഒക്കെ ചോദിച്ചു വീണ്ടും വിളിച്ചത്…ഏതായാലും ആശ വരട്ടെ… തൽക്കാലം ഒന്നും പറയേണ്ട” സന അങ്ങനെ ആലോചിച്ചിരിക്കുമ്പോൾ വീണ്ടും ദത്തൻ കാൾ ചെയ്തു.
അവൾ ശബ്ദം പുറത്തു കേൾക്കും മുന്നേ അത് കട്ടാക്കി.. പിന്നെ ദത്തൻ വിളിക്കുന്നില്ല എന്ന് കണ്ടപ്പോഴാണ് സന ഫോൺ മാറ്റിവച്ചിട്ട് ആഹാരം എടുക്കാൻ അടുക്കളയിലേക്ക് നടന്നത്.
തിരിച്ചു വന്നു ഫോൺ നോക്കിയപ്പോൾ ഒരു മെസ്സേജ്, ” അത് ഓപ്പൺ ചെയ്‌തു നോക്കി.. ക്യാച് യു ലെറ്റർ”
അയ്യോ… ഇതിപ്പോൾ കുഴപ്പമായല്ലോ ? പക്ഷെ ഇന്നലെ മെസേജ് ഒന്നും അയച്ചിരുന്നില്ലല്ലോ ? പിന്നെ ഈ സാർ എന്തിനാണ് വീണ്ടും വിളിച്ചത്..
അവൾ ആ ഇൻബോക്സിൽ നിന്നും പുറത്തു കടന്നു… അതിലെ ഓരോ ബട്ടണും ഞെക്കി നോക്കി സെന്റ് ബോക്സിൽ എത്തി….
” എടി ആശേ … ഇത് നീ ഒപ്പിച്ച പണിയാണല്ലേ…. ഒരു മെസേജ് ദത്തൻറെ നമ്പറിലേക്ക് പോയിട്ടുണ്ട്.
ആ മെസേജ് കണ്ടപ്പോൾ തന്നെ സനയുടെ നല്ല ജീവൻ പോയി . ഇനി ഇപ്പോൾ സാറിനോട് എന്ത് പറഞ്ഞാലും സാർ വിശ്വസിക്കില്ല… ഉറപ്പാണ്…
സന ഫോണും പിടിച്ചുകൊണ്ട് ഭക്ഷണത്തിനു മുന്നിൽ ഇരുന്നു. ( തുടരും)
about pranayam thedi