Connect with us

11 ദിവസം ബോധമില്ല! അബോധവസ്ഥയിൽ കിടന്നു, ഡോക്ടർമാർ ചോദിച്ചത് ആ ഒരൊറ്റ കാര്യം…

Malayalam

11 ദിവസം ബോധമില്ല! അബോധവസ്ഥയിൽ കിടന്നു, ഡോക്ടർമാർ ചോദിച്ചത് ആ ഒരൊറ്റ കാര്യം…

11 ദിവസം ബോധമില്ല! അബോധവസ്ഥയിൽ കിടന്നു, ഡോക്ടർമാർ ചോദിച്ചത് ആ ഒരൊറ്റ കാര്യം…

പാട്ടെഴുത്തിലെ മാന്ത്രികന്റെ അപ്രതീക്ഷിത വിയോഗം സംഗീതരംഗത്തിന് കണ്ണീരോര്‍മയാകുന്നു. ആയിരക്കണക്കിന് ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല യാത്രയായത് വിശ്വസിക്കാനാവാതെ മലയാളികൾ.

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വേര്‍പാടില്‍ ദു:ഖം രേഖപ്പെടുത്തിയിരിക്കുകയാണ് സിനിമാലോകവും സുഹൃത്തുക്കളും. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് ബിച്ചു തിരുമലയുടെ അന്ത്യം. നാല് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

മുമ്പൊരിക്കല്‍ തന്റെ വീടിന്റെ മുകളില്‍ നിന്നും വീണ അദ്ദേഹം ജീവിതത്തിലേക്ക് തിരിച്ചെത്തിയത് തന്നെ പാട്ടിലൂടെയായിരുന്നു. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തില്‍ അദ്ദേഹം തന്നെ ആ സംഭവത്തെ കുറിച്ച് പറഞ്ഞിരുന്നു.

1994 ലെ ക്രിസ്മസ് സമയത്തായിരുന്നു സംഭവം. നക്ഷത്രം തൂക്കുന്നതിനിടയില്‍ വീടിന്റെ സണ്‍ഷേഡില്‍ നിന്നും വീണ ബിച്ചു തിരുമല ഒരു മാസത്തോളം ആശുപത്രിയില്‍ കഴിഞ്ഞു. 11 ദിവസത്തോളം ബോധമില്ലാതെ കഴിഞ്ഞ അദ്ദേഹത്തോട് ഡോക്ടര്‍ എപ്പോഴും ചോദിച്ചിരുന്നത് പാട്ടുകളെ കുറിച്ചായിരുന്നു. കണ്ണാന്തുമ്പി പോരാമോ എന്ന ഗാനം ആരാണ് എഴുതിയത് എന്ന് ചോദിച്ചപ്പോള്‍ ഞാനാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അങ്ങനെയാണ് അദ്ദേഹം ബോധം വീണ്ടെടുത്ത് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്.

പാട്ടും എഴുത്തും വായനയുമില്ലാതെ തന്റെ ഒരു ദിവസം തീരാറില്ലെന്നും അഭിമുഖത്തില്‍ ബിച്ചു തിരുമല പറഞ്ഞിരുന്നു. തിരക്കായിരുന്ന സമയത്ത് ടിവി കാണലൊന്നും നടക്കാറുണ്ടായിരുന്നില്ല. കുട്ടികള്‍ക്കേറെയിഷ്ടപ്പെട്ട ഗാനങ്ങളിലൊന്നാണ് കണ്ണാന്തുമ്പി. ആ പാട്ട് പാടിത്തരുമോയെന്നൊക്കെ ചോദിച്ച് അന്ന് കുട്ടികളൊക്കെ തന്നെ വിളിക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു.

സംഗീത സംവിധായകനായ ശ്യാമിന് വേണ്ടിയാണ് ബിച്ചു തിരുമല കൂടുതല്‍ പാട്ടുകളെഴുതിയത്. ഐവി ശശിയുടെ 33 സിനിമകളില്‍ പാട്ടെഴുതിയിട്ടുണ്ട്. വര്‍ഷത്തില്‍ 35 സിനിമയ്ക്ക് വരെ പാട്ടെഴുതിയ അനുഭവങ്ങളും തന്റെ ജീവിതത്തിലുണ്ടായിട്ടുണ്ട്. പാട്ടെഴുതി തിരികെ പോരുന്നതോടെ ഞാന്‍ എന്റെ ലോകത്തായിരിക്കുമെന്നും അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

പാട്ടുകള്‍ക്ക് പലപ്പോഴും അര്‍ഹിക്കുന്ന തരത്തിലുള്ള പരിഗണ കിട്ടിയിലല്ലോ എന്നൊക്കെ പലരും പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാല്‍ എനിക്ക് അവാര്‍ഡ് നല്‍കേണ്ടത് ഞാനല്ലല്ലോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. എല്ലാതരം ഗാനങ്ങളും എഴുതി വിജയിപ്പിച്ചു എന്ന് വിശേഷിപ്പിക്കുമ്പോള്‍ സന്തോഷം തോന്നാറുണ്ട്. അവരവരുടെ ഭാവനയ്ക്കും അറിവിനും അനുസരിച്ച് എഴുതുകയെന്നല്ലാതെ ഗാനരചയിതാക്കള്‍ക്ക് പ്രത്യേകമായി ഉപദേശമൊന്നും നല്‍കാനില്ല. ഏത് സമയത്തായാലും ട്യൂണിന് അനുസരിച്ച് പാട്ടെഴുതാനാവുമെന്നുള്ള വിശ്വാസവുമുണ്ടായിരുന്നു ബിച്ചു തിരുമലയ്ക്ക്. മകനായ സുമന്‍ ബിച്ചുവിന്റെ സംഗീതത്തില്‍ പാട്ടെഴുതാനുള്ള അവസരവും അദ്ദേഹത്തിന് ലഭിച്ചിരുന്നു.

നാനൂറിലേറെ സിനിമകള്‍ക്ക് ഗാനങ്ങള്‍ എഴുതിയിട്ടുള്ള ബിച്ചു തിരുമലയുടെ വരികളില്‍ മിക്കതും മലയാളികള്‍ക്ക് മറക്കാവാത്തവയാണ്. 1975 ലാണ് ബിച്ചു തിരുമല സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ‘അക്കല്‍ദാമ’ എന്ന ചിത്രമാണ് ബിച്ചു തിരുമല എഴുതിയ ഗാനങ്ങളുമായി ആദ്യം പുറത്തിറങ്ങിയത്. നടന്‍ മധു ആയിരുന്നു ഈ ചിത്രത്തിന്റെ സംവിധായകന്‍.

കവിതകളെഴുതിയാണ് ബിച്ചു തിരുമലയുടെ കാവ്യജീവിതത്തിന്റെ തുടക്കം. ഗായികയായ സഹോദരിക്ക് മത്സരങ്ങളില്‍ പങ്കെടുക്കാനായിരുന്നു അദ്ദേഹം ആദ്യകാലങ്ങളില്‍ തൂലിക ചലിപ്പിച്ചത്. 1962ല്‍ അന്തര്‍സര്‍വകലാശാല റേഡിയോ നാടക മത്സരത്തില്‍ പങ്കാളിയായി. ‘ബല്ലാത്ത ദുനിയാവ്’ എന്ന നാടകമായിരുന്നു അദ്ദേഹം എഴുതിയത്. ഇതില്‍ വേഷമിടുകയും ചെയ്തു. ഈ നാടകം ദേശീയതലത്തില്‍ ഒന്നാം സ്ഥാനം നേടി. രണ്ടുതവണ മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ബിച്ചു തിരുമലയെ തേടിയെത്തിയിട്ടുണ്ട്. ഇതിന് പുറമെ സുകുമാര്‍ അഴീക്കോട് തത്വമസി പുരസ്‌കാരം, കേരള ഫിലിം ക്രിട്ടിക്‌സ് അസോസിയേഷന്റെ ചലച്ചിത്രരത്‌നം പുരസ്‌കാരം, സ്വാതി പി ഭാസ്‌കരന്‍ ഗാനസാഹിത്യപുരസ്‌കാരം തുടങ്ങിയവയ്ക്കും അര്‍ഹനായി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top