Malayalam
SSLC പരീക്ഷാ ദിവസങ്ങളില്‍ ഓംലറ്റ് അടിച്ചാനന്ദം കണ്ടെത്തിയ എനിക്ക് ആ നടക്കാത്ത സ്വപ്നത്തിന്റെ ഭാവി നന്നായി അറിയാമായിരുന്നു; വാപ്പയെയും ഉമ്മയെയും കുറിച്ച് കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!
SSLC പരീക്ഷാ ദിവസങ്ങളില്‍ ഓംലറ്റ് അടിച്ചാനന്ദം കണ്ടെത്തിയ എനിക്ക് ആ നടക്കാത്ത സ്വപ്നത്തിന്റെ ഭാവി നന്നായി അറിയാമായിരുന്നു; വാപ്പയെയും ഉമ്മയെയും കുറിച്ച് കിടിലം ഫിറോസ് പറഞ്ഞ വാക്കുകൾ!
റേഡിയോ ജോക്കിയായി ശബ്ദത്തിലൂടെ മലയാളികളുടെ പ്രിയങ്കരനായി, സാമൂഹ്യ സേവന രംഗത്ത് സജീവമായി പ്രവർത്തിച്ച് അധികം ആരെയും മുഖം കാണിക്കാതെ നടന്നിരുന്ന ഈ വ്യക്തി കഴിഞ്ഞ ബിഗ് ബോസ് മലയാളം സീസൺ ത്രീയിലെത്തിയപ്പോൾ വളരെ പെ്‌ട്ടെന്നാണ് മലയാളികളുടെ മനസില്‍ ഇടംനേടിയത്. അതെ… മറ്റാരുമല്ല, ജീവിതത്തെ വളരെ പോസിറ്റിവ് ആയിട്ടെടുത്ത് മാതൃകയാകുന്ന കിടിലം ഫിറോസ്.
സാമൂഹ്യ സേവന രംഗത്ത് വലിയ സാഹയങ്ങളുമായി സജീവമായി പ്രവര്‍ത്തിക്കുകയാണ് ഇപ്പോൾ താരം. ഫൈനലിസ്റ്റുകളില്‍ ഒരാളായി മാറിയ താരം ഇപ്പോള്‍ സനാഥാലയം എന്ന പേരില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് വേണ്ടിയൊരു വീട് ഉണ്ടാക്കിയിരുന്നു. ഇതിന്റെ വിശേഷങ്ങളാണ് ദിനംപ്രതി താരം പങ്കുവെക്കാറുള്ളത്.
ഇന്നിതാ തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് പേരെ കുറിച്ച് പറഞ്ഞാണ് താരമെത്തിയിരിക്കുന്നത്. വളരെ ഹൃദയസ്പർശിയായ വാക്കുകൾ കൊണ്ട് മാതാപിതാക്കളെ കുറിച്ചാണ് ഫിറോസ് പറയുന്നത്.
‘കുഞ്ഞുന്നാളില്‍ ഒരിക്കലും ‘അങ്ങനെ ചെയ്യരുത് ‘എന്ന് ലോജിക്കില്ലാത്ത ഒന്നിലും വാശിപിടിച്ചിട്ടില്ല രണ്ടാളും! ചെയ്യരുതാത്തവ ചെയ്താല്‍ പുളിങ്കമ്പും, കപ്പ ഇളക്കുന്ന തടിക്കഷ്ണവും വച്ച് കണക്കിന് കിട്ടും. 14 വയസുവരെ പൊതുവെ അന്തര്‍മുഖനായിരുന്നു ഞാന്‍. ആ പ്രായമായപ്പോഴാണ് വാപ്പ ഗള്‍ഫിലെ ജോലി നിര്‍ത്തി തിരികെ വന്നത്. ഞാന്‍ മിക്കപ്പോഴും മുറിക്കുള്ളില്‍ തന്നെ ആണെന്ന പരാതിയായിരുന്നു പലപ്പോഴും അദ്ദേഹത്തിന്. ഒരു ദിവസം സ്‌കൂളില്‍ നിന്ന് വരുന്ന ദിവസം എന്റെ എഴുത്തു പുസ്തകം വാപ്പ ചാരുകസേരയില്‍ വന്നിരുന്നു വായിക്കുന്നത് കണ്ടു! വരച്ചിട്ട കുറേ ചിത്രങ്ങളും, പെയിന്റിങ്സും, കഥകളും, കവിതകളും ഒക്കെ വിശദമായി കണ്ടിട്ടുള്ള ഇരിപ്പാണ്.
അക്കൊല്ലം സ്‌കൂള്‍ യൂത്ത് ഫെസ്റ്റിവല്‍ വന്നപ്പോള്‍ എല്ലാറ്റിനും ചേരണം. തോല്‍ക്കുന്നെങ്കില്‍ പോട്ടെ, പക്ഷേ എല്ലാറ്റിനും ചേരണം എന്ന് മാത്രം പറഞ്ഞു. 14 ഇനങ്ങള്‍ക്ക് മത്സരിക്കാന്‍ ഊര്‍ജം തന്ന വാക്കുകള്‍ മിക്കതിലും ഒന്നാം സമ്മാനത്തോടെ സ്‌കൂള്‍ തല കലാപ്രതിഭ! അങ്ങനെയാണ് യുവജനോത്സവ യാത്രകള്‍ ആരംഭിക്കുന്നത്. ഒപ്പം തന്നെ ഉണ്ടായിരുന്നു വാപ്പ. എല്ലാറ്റിനും ഭക്ഷണവും പൊതിഞ്ഞെടുത്തു ഉമ്മയും. മുറിയ്ക്കുള്ളില്‍ ഒളിച്ചിരുന്ന കല പുറത്തിറക്കി പറത്തി വിട്ട രണ്ടുപേര്‍ കോഴിക്കോട് നിന്ന് നൗഫല്‍ മാഷിനെ കൊണ്ടുവന്നു. മാപ്പിളപ്പാട്ട് പഠിപ്പിക്കാന്‍. വരി തെറ്റാതെ വാപ്പ നോക്കി പത്താം ക്ലാസ്സില്‍ സ്‌കൂള്‍ ഫസ്റ്റ് കിട്ടും എന്നൊക്കെ പ്രതീക്ഷിച്ചു പാവം.
വൈദ്യരണ്ണന്റെ തട്ടുകടയില്‍ SSLC പരീക്ഷാ ദിവസങ്ങളില്‍ ഓംലറ്റ് അടിച്ചാനന്ദം കണ്ടെത്തിയ എനിക്ക് ആ നടക്കാത്ത സ്വപ്നത്തിന്റെ ഭാവി നന്നായി അറിയാമായിരുന്നു. നല്ല മാര്‍ക്കോടെ പാസ്സായിട്ടും മകനെ എന്‍ട്രന്‍സിന് അയക്കാന്‍ ആകാത്ത സങ്കടത്തില്‍ അദ്ദേഹം വിഷണ്ണനായി നടന്നത് ഓര്‍മയിലുണ്ട്. പ്ലസ് ടൂ കാലം ആയപ്പോള്‍ സുരാജേട്ടന്റെ വീട്ടില്‍ പോയി വാപ്പ. എന്നെ മോണോആക്റ്റും മിമിക്രിയും ഒക്കെ പഠിപ്പിക്കാമോ എന്ന ചോദ്യവുമായി. അദ്ദേഹമത് മനസറിഞ്ഞു ചെയ്തു. പ്ലസ് ടു കാലഘട്ടത്തില്‍ രണ്ടു വര്‍ഷവും ജില്ലാതല കലാപ്രതിഭ. സലിം എന്നൊരു പ്രതിഭയെക്കൊണ്ട് കവിതകളും ഉള്ളില്‍ നിറയ്പ്പിച്ചു. സുരാജേട്ടന്റെയും ഗുരുവായ സെന്‍ സാറിനെ കൊണ്ട് പ്രച്ഛന്നവേഷവും കഥാപ്രസംഗവും പകര്‍ന്നു തന്നു.
ഒക്കേറ്റിനും ഒപ്പമുണ്ടായി രണ്ടാളും. പ്ലസ് ടു മാര്‍ക്ക് വന്നപ്പോഴും ഡോക്ടര്‍ /എന്‍ജിനീയര്‍ സ്വപ്നങ്ങള്‍ എടുത്തിട്ടു അദ്ദേഹം പിന്നെയും അദ്ദേഹം തന്നെ പരിശീലിപ്പിച്ചെടുത്ത വാക്കുകള്‍ കൊണ്ട് ആദ്യമായി ഞാന്‍ തിരികെ സംസാരിച്ചു -മീഡിയ ആണ് ഇഷ്ടം പ്രതീക്ഷിച്ചപോലെ ഒരു വിഷയവും ഉണ്ടായില്ല. എന്ന് മാത്രമല്ല, പിറ്റേന്ന് തന്നെ റഹീമിക്കായേ കണ്ട് യൂണിവേഴ്‌സിറ്റി കോളേജിലേക്ക് അഡ്മിഷന്‍ സംസാരിച്ചു. പലപ്പോഴും അങ്ങനെയായിരുന്നു അദ്ദേഹം. വാക്കുകള്‍ അല്ല, പ്രവൃത്തികളാണ് സംസാരിക്കുക.
ഡിഗ്രി കാലം എന്റെ ഭാരത യാത്രയുടെ, നാടുവിടലുകളുടെ കാലമായിരുന്നു. ഓരോ വട്ടം ബാഗ് പാക്ക് ചെയ്ത് ഓരോ സംസ്ഥാനങ്ങളിലേക്ക് യൂത്ത് ഫെസ്റ്റിവല്‍ ആവശ്യങ്ങളുമായി പോകുമ്പോഴും ഒരു തുക തരും. ആ നോട്ടുകള്‍ പരമാവധി പിശുക്കി സൂക്ഷിച്ചാണ് യാത്രകള്‍. ഒരിടത്തും പോകരുതെന്ന് പറഞ്ഞിട്ടേയില്ല! ആരോടും കൂട്ടുകൂടരുതെന്ന് പറഞ്ഞിട്ടേയില്ല. പ്രണയം വീട്ടില്‍ പറഞ്ഞപ്പോള്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ വിളിച്ചു സംസാരിച്ച മനുഷ്യനാണ് അത്! പ്രണയം പൊളിഞ്ഞപ്പോള്‍ എനിക്ക് യാത്ര പോകാനുള്ള തുകയുമായി നീയൊന്ന് കറങ്ങിയിട്ടു ബാ എന്ന് പറഞ്ഞ മനസ് ജീവിതം ഇടക്കൊന്നു കീഴ്‌മേല്‍ മറിഞ്ഞ അനുഭവമുണ്ടായ കാലത്ത് ഒപ്പം നിന്ന് കൈപ്പിടിച്ച ഹൃദയം.
നാടക പ്രവര്‍ത്തകനായി കേരളം ചുറ്റുന്ന കാലത്ത് എവിടെ എന്റെ നാടകമുണ്ടെങ്കിലും വണ്ടി പിടിച്ചു വന്ന് മുന്‍നിരയില്‍ ഇരുന്ന് കയ്യടിക്കുന്ന ശക്തി! ഞാന്‍ വായിക്കേണ്ട /വായിക്കുന്ന പുസ്തകങ്ങള്‍ ശ്രദ്ധാപൂര്‍വം എനിക്ക് മുന്നിലെത്തിക്കാന്‍ പരിശ്രമിച്ച മനുഷ്യന്‍. ആദ്യമായി ഏഷ്യാനെറ്റില്‍ ജോലി കിട്ടുന്ന സമയം -ഇതോടൊപ്പം ജേര്‍ണലിസം ചെയ്യണം എന്നോര്‍മിപ്പിച്ച കരുതല്‍. റേഡിയോയില്‍ ജോലി കിട്ടിയപ്പോള്‍ പ്ലസ് ടൂ കഴിഞ്ഞ സമയത്തു പറഞ്ഞ മീഡിയക്കാരനാകണം എന്നത് ഓര്‍ത്താകണം, കെട്ടിപ്പിടിച്ചു അഭിനന്ദിച്ചു. വിദേശത്തു റേഡിയോ ജോലിക്കായി പോയപ്പോള്‍ എന്റെ കുടുംബത്തെ ചേര്‍ത്ത് പിടിച്ചു തണലേകി! മറ്റൊരു വിദേശ രാജ്യത്ത് സര്‍വം നഷ്ടമായി വീട്ടിനുള്ളില്‍ മുറിയ്ക്കകത്ത് അടഞ്ഞു കൂടിയപ്പോള്‍ മുഷിഞ്ഞ നോട്ടുകളുമായി പിന്നെയും മുന്നില്‍ –
നീയൊന്നു യാത്ര പോയി വാ..
ഉമ്മയോടായിരുന്നു എന്റെ വാചക കസര്‍ത്തൊക്കെ. ഞാനും വാപ്പയും അടുത്തടുത്തിരുന്ന് മണിക്കൂറുകള്‍, എന്തിന്, മിനിറ്റുകള്‍ പോലും സംസാരിച്ചിട്ടില്ല. മേല്‍പറഞ്ഞ പ്രവര്‍ത്തികളില്‍ ആയിരുന്നു അദ്ദേഹത്തിന്റെ സന്ദേശങ്ങള്‍ അത്രയും. ഇന്നിപ്പോള്‍ ഈ ചിത്രം കണ്ടു തിരിഞ്ഞു നോക്കുമ്പോള്‍ ഒരു വലിയ പര്‍വ്വതത്തോളം വലിപ്പം തോന്നുന്നു വാപ്പയുടെ മനസിന്. നാട്ടില്‍ ഒരു കുഞ്ഞു കടയില്‍, കുറെയേറെ മിഡായികളുടെയും, കൊത്തിക്കൊറിക്കുന്ന പലഹാരങ്ങളുടെയും മധുരമുള്ള പഴങ്ങളുടെയും ഇടയിലൊരു കസേരയില്‍ കാലിന്മേല്‍ കാല്‍ കയറ്റിവച്ചിരുന്നു ഈ പോസ്റ്റ് വായിക്കുന്നുണ്ടാകണം വാപ്പ! അക്ഷരങ്ങള്‍ മാത്രമാണ് നല്‍കാന്‍. എന്നിലെ നല്ലതുകളുടെയൊക്കെ കാരണക്കാര്‍. എന്നിലെ നല്ലതല്ലായ്മകളുമായി ഒരു ബന്ധവും ഇല്ലാത്തവര്‍. അവനവന്റെ വഴി അവനവന്റെ ശരിയെന്ന് എന്നെ പഠിപ്പിച്ചവര്‍. അവനവന്‍ കടമ്പയാണ് അവനവന്‍ കടമ്പയെന്ന് ഓതിത്തന്നവര്‍, ജീവിതത്തില്‍ ഇനിയും വീണാലും ചുരുട്ടിയ മുഷിഞ്ഞ നോട്ടുകളുമായി- നീയൊന്ന് യാത്ര പോയിട്ട് വാ എന്ന് പറയുമെന്ന് ഉറപ്പുള്ളവര്‍. പകരം വയ്ക്കാനില്ലാത്ത രണ്ടാള്‍ എഴുത്ത് നീളും മതിയാകില്ല. മതിയാക്കുന്നു. പരക്കട്ടെ പ്രകാശം…എന്നവസാനിക്കുന്നു കുറിപ്പ്.
about kidilam firoz