Connect with us

അഭിനയം മാത്രമല്ല.. സംവിധാനവും വശമുണ്ട് കേട്ടോ! നടന്മാർ ഒന്നിനൊന്നിന് മെച്ചം! തൊട്ട് പിന്നാലെ ആ നടിന്മാരും; അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് എത്തിയവർ ഇവരൊക്കെയാണ്!

Malayalam

അഭിനയം മാത്രമല്ല.. സംവിധാനവും വശമുണ്ട് കേട്ടോ! നടന്മാർ ഒന്നിനൊന്നിന് മെച്ചം! തൊട്ട് പിന്നാലെ ആ നടിന്മാരും; അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് എത്തിയവർ ഇവരൊക്കെയാണ്!

അഭിനയം മാത്രമല്ല.. സംവിധാനവും വശമുണ്ട് കേട്ടോ! നടന്മാർ ഒന്നിനൊന്നിന് മെച്ചം! തൊട്ട് പിന്നാലെ ആ നടിന്മാരും; അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് എത്തിയവർ ഇവരൊക്കെയാണ്!

ക്യാമറയ്ക്ക് മുന്നിലും പിന്നിലും തിളങ്ങാൻ ചുരുക്കം പേർക്ക് മാത്രമേ സാധിക്കാറുള്ളു… മലയാളസിനിമ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധത്തിൽ നടന്മാർ സംവിധായകരാകുന്ന കാഴ്ചയ്ക്കാണ് ഇന്ന് സിനിമാലോകം സാക്ഷ്യംവഹിക്കുന്നത്. ചിലത് ഫ്ലോപ്പ് ആകുമെങ്കിലും മറ്റു ചിലത് ഗംഭീര വിജയം നേടാറുണ്ട്. അത് പറയാതിരിക്കാനാവില്ല. അതിന് ഏറ്റവും മികച്ച ഉദാഹരണമാണ് യുവതാരം പൃഥ്വിരാജാണ്.

തന്റെ കന്നിസംവിധാനത്തിലൂടെതന്നെ മലയാള സിനിമയിൽ ഇന്നുവരെയുണ്ടായ ബോക്‌സോഫീസ് റെക്കോഡുകളെല്ലാം പഴങ്കഥയാക്കുകയായിരുന്നു നടൻ. മലയാള സിനിമയിലെ എക്കാലത്തെയും വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു 2019ല്‍ പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ‘ലൂസിഫര്‍’. മലയാളത്തിലെ ആദ്യത്തെ 200 കോടി ചിത്രമെന്ന റെക്കോർഡാണ് ‘ലൂസിഫർ’ സ്വന്തമാക്കിയത്. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെയാണ് എമ്പുരാനും പ്രഖ്യാപിച്ചത്. നടൻ, ഗായകൻ തുടങ്ങിയ നിലകളിലെല്ലാം കഴിവു തെളിയിച്ച പൃഥ്വി നിർമ്മാണത്തിലേക്കും സംവിധാനത്തിലേക്കും കൂടി കടന്നുവന്ന വർഷമായിരുന്നു കഴിഞ്ഞു പോയത്.

നാൽപ്പതുവർഷത്തിലേറെയായി മലയാളസിനിമയിൽ തിളങ്ങുന്ന മോഹൻലാൽ സംവിധായകനാകുന്ന വിവരം തന്റെ ബ്ലോഗിലൂടെയായിരുന്നു പരസ്യപ്പെടുത്തിയത്. ബറോസ് എന്ന്‌ പേരിട്ടിരിക്കുന്ന 3ഡി ചിത്രമാണ് മോഹൻലാലിന്റെ സംവിധാനത്തിൽ ഒരുങ്ങുന്നത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ആസ്വദിക്കാനുള്ള വകകൾ ഒളിപ്പിച്ച മാന്ത്രികസിനിമയാകും ബറോസ്

അഭിനയത്തിൽ നിന്നും സംവിധാനത്തിലേക്ക് കുതിച്ചുചാടിയ മറ്റുള്ള നടൻമാർ ആരൊക്കെയാണെന്ന് നോക്കാം!

വിനീത് ശ്രീനിവാസൻ

സിനിമാ രംഗത്ത് വിനീത് ശ്രീനിവാസൻ കൈ വയ്ക്കാത്ത മേഖലകളില്ലെന്ന് വേണം പറയാൻ. ഗായകൻ, നടൻ, സംവിധായകൻ, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഡബ്ബിങ് ആർട്ടിസ്റ്റ്, നിർമ്മാതാവ് തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവു തെളിയിച്ച പ്രതിഭയാണ് വിനീത് ശ്രീനിവാസൻ. 2008ൽ പുറത്തിറങ്ങിയ ‘സൈക്കിൾ’ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ൽ പുറത്തിറങ്ങിയ ‘മലർവാടി ആർട്സ് ക്ലബ്’. ജന്മനാടായ തലശേരിയുടെ പശ്ചാത്തലത്തിൽ വിനീത് തിരക്കഥയൊരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ‘തട്ടത്തിൻ മറയത്ത്’ ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു.

2005ൽ പുറത്തിറങ്ങിയ ‘കിളിച്ചുണ്ടൻ മാമ്പഴം’ എന്ന സിനിമയിലെ ‘കസവിന്റെ തട്ടമിട്ട്’ എന്ന ഗാനത്തിലൂടെയാണ് വിനീത് സിനിമാ പിന്നണി ഗാനരംഗത്തേക്ക് എത്തുന്നത്. പിന്നീട് ‘ഉദയനാണു താരം’ എന്ന ചിത്രത്തിലെ ‘കരളേ കരളിന്റെ കരളേ’ എന്ന ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടു. ‘ചാന്തുപൊട്ട്’ എന്ന ചിത്രത്തിലെ ‘ഓമനപ്പുഴ കടപ്പുറത്ത്’, ‘ക്ലാസ്മേറ്റ്സ്’ എന്ന ചിത്രത്തിലെ ‘എന്റെ ഖൽബിലെ’ എന്നീ ഗാനങ്ങൾ വിനീതിനെ കൂടുതൽ ജനപ്രിയനാക്കി.

പ്രണവ് മോഹൻലാൽ, കല്യാണി പ്രിയദർശൻ, ദർശന രാജേന്ദ്രൻ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ‘ഹൃദയം’ ആണ് ഇനി വിനീതിന്റേതായി പുറത്തിറങ്ങാനുള്ളത്. ചിത്രത്തിലെ ആദ്യഗാ മായ ‘ദർശന…’ എന്നു തുടങ്ങുന്ന ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ് സംഗീത സംവിധായകരായ ഹിഷാം അബ്ദുൽ വഹാബും ദർശന രാജേന്ദ്രനുമാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.16 ലക്ഷത്തിൽ പരം ആളുകൾ ഇതിനകം ഈ പാട്ട് കണ്ടു കഴിഞ്ഞു. യൂട്യൂബ് ട്രെൻഡിംഗിലും ഒന്നാമതാണ് ഈ ഗാനം. പാട്ടുസീനിലെ പ്രണവിന്റെ പ്രകടനവും ഭാവങ്ങളുമൊക്കെയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

നാദിർഷ

അഭിനയം, സംവിധാനം, ഗാനരചന, സംഗീതസംവിധാനം, സ്റ്റേജ് ഷോ- ടെലിവിഷൻ അവതാരകൻ, ഗായകൻ തുടങ്ങി എല്ലാ മേഖലകളിലും നാദിർഷാ ഇതിനോടകം പ്രാഗത്ഭ്യം തെളിയിച്ചു കഴിഞ്ഞു. . 2015ൽ അമർ അക്ബർ ആന്തോണി എന്ന ചിത്രമാണ് നാദിർഷാ ആദ്യമായി സംവിധാനം ചെയ്തത്. പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ എന്ന ചിത്രം 2016ലും സംവിധാനം ചെയ്തു. കേശു ഈ വീടിന് നാഥന് പുറമെ ഈശോയും നാദിര്‍ഷ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ്. ജയസൂര്യ നായകനാവുന്ന ചിത്രത്തില്‍ നമിത പ്രമോദാണ് നായിക. ഈശോ എന്ന സിനിമയുമായി ബന്ധപ്പെട്ട് ഈയടുത്ത് വലിയ വിവാദമാണ് ഉണ്ടായത്.
ഐ ആം എ ഡിസ്‌കോ ഡാൻസർ എന്ന പേരിൽ നാദിർഷ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രത്തിൽ മമ്മൂട്ടിയാണ് നായകൻ.

രമേഷ് പിഷാരടി

മലയാളികളുടെ പ്രിയപ്പെട്ട നടനും അവതാരകനും മിമിക്രി കലാകാരനും സംവിധായകനും സ്റ്റാൻഡപ്പ് കൊമേഡിയനുമൊക്കെയാണ് രമേഷ് പിഷാരടി. എന്തു പറയുമ്പോഴും അതിൽ ഇത്തിരി നർമം കൂടി കലർത്താൻ ഇഷ്ടപ്പെടുന്ന രമേഷ് പിഷാരടിയെ ക്യാപ്ഷൻ സിംഹം എന്നാണ് സോഷ്യൽ മീഡിയ വിളിക്കുന്നത്. 2018 ൽ ‘പഞ്ചവർണ്ണതത്ത’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തും രമേഷ് പിഷാരടി തന്റെ കഴിവു തെളിയിച്ചു. മമ്മൂട്ടിയെ നായകനാക്കി ഇറങ്ങിയ ‘ഗാനഗന്ധർവ്വൻ’ ആണ് രമേഷ് പിഷാരടിയുടെ ഒടുവിൽ റിലീസിനെത്തിയ ചിത്രം.

സൗബിൻ ഷാഹിർ

അഭിനേതാവായി സിനിമയിൽ എത്തിയ സൗബിൻ ഷാഹിർ പറവ എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി കൈയടി നേടിയതും പോയ വർഷത്തിലാണ്. കുഞ്ചാക്കോ ബോബനെ നായകനാക്കി പുതിയ ചിത്രം ഒരുക്കാനൊരുങ്ങുകയാണ് സൗബിൻ.

കലാഭവൻ ഷാജോൺ

പൃഥ്വിരാജിനെ നായകനാക്കി ബ്രദേഴ്‌സ് ഡേ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കലാഭവൻ ഷാജോൺ സംവിധാനരംഗത്തേക്ക് ചുവടുവെക്കുന്നത്. മാജിക് ഫ്രെയിമിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമിക്കുന്നത്.

പ്രതാപ് കെ പോത്തന്‍

മറക്കാനാവത്ത ഒട്ടനവധി കഥാപാത്രങ്ങളെ മലയാളികള്ക്ക് ‌ സമ്മാനിച്ച നടനും സംവിധായകനുമാണ് പ്രതാപ് കെ പോത്തന്‍. മീണ്ടും ഒരു കാതല്‍ കതൈ ആണ് സംവിധാനം ചെയ്ത ആദ്യ തമിഴ് ചിത്രം. ഡെയ്‌സി, ഒരു യാത്രാമൊഴി, എന്നിവയാണ് മലയാളത്തില്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

വേണു നാഗവള്ളി

അഭിനേതാവ്, തിരക്കഥാകൃത്ത്, സംവിധായകൻ എന്നീ നിലകളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് വേണു നാഗവള്ളി. കെ ജി ജോർജ്ജ് സംവിധാനം ചെയ്ത ഉൾക്കടൽ എന്ന ചിത്രത്തിലെ രാഹുലൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ്‌ വേണു നാഗവള്ളി മലയാളചലച്ചിത്രവേദിയിലേക്ക്‌ കടന്നു വന്നത്‌. 1986ല്‍ പുറത്തിറങ്ങിയ സുഖമോ ദേവിയാണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. പിന്നീട് സർവ്വകലാശാല, ലാൽസലാം, ഏയ് ഓട്ടോ, രക്തസാക്ഷികള്‍ സിന്ദാബാദ് തുടങ്ങി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

സിദ്ധാർത്ഥ് ഭരതൻ

2012ല്‍ പുറത്തിറങ്ങിയ നിദ്രയാണ് സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ആദ്യ മലയാള ചിത്രം. തുടർന്ന് ചന്ദ്രേട്ടന്‍ എവിടെയാ, വർണ്യത്തിൽ ആശങ്ക തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മധുപാൽ

മലയാളചലച്ചിത്രനടനും എഴുത്തുകാരനും സംവിധായകനുമാണ് മധുപാൽ. കാശ്മീരം എന്ന ചിത്രത്തിൽ അഭിനയിച്ച് കൊണ്ടാണ് അഭിനയ രംഗത്തേക്ക് എത്തുന്നത്. 2008-ൽ പുറത്തിറങ്ങിയ തലപ്പാവ് ആണ് മധുപാല്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നവാഗത സംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ലഭിച്ചു. 2012ല്‍ പുറത്തിറങ്ങിയ ഒഴിമുറി, ക്രോസ്‌റോഡ്, 2018ല്‍ പുറത്തിറങ്ങിയ ഒരു കുപ്രസിദ്ധ പയ്യന്‍ എന്നിവയാണ് മധുപാല്‍ സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍.

നടൻമാർ മാത്രമല്ല നടിമാരും ഒട്ടും പിന്നിലല്ല കേട്ടോ? അഭിനയത്തിൽ നിന്ന് സംവിധനത്തിലേക്ക് ചുവട് വെച്ച നടിമാരെ കുറിച്ച് ഒന്ന് നോക്കാം

ഗീതു മോഹൻദാസ്

മലയാള സിനിമയ്ക്ക് ഒരുപാട് നല്ല കഥാപാത്രങ്ങൾ സമ്മാനിച്ച താരമാണ് ഗീതു മോഹൻദാസ്.എന്നാൽ വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേളയെടുത്ത താരം പിന്നീട് അഭിനയം ഉപേക്ഷിച്ച് സംവിധാന രംഗത്തേക്ക് കാലെടുത്തുവെക്കുകയായിരുന്നു. ലയേഴ്‌സ് ഡൈസ് എന്ന ബോളിവുഡ് ചിത്രം സംവിധാനം ചെയ്ത് ശ്രദ്ധേയയായ നടി ഗീതു മോഹൻദാസ് മൂത്തോൻ ആയിരുന്നു ആദ്യമായി സംവിധാനം ചെയിത മലയാള ചിത്രം

അഹാന കൃഷ്ണകുമാർ

ഒട്ടേറെ വേറിട്ട കഥാപാത്രങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയാണ് അഹാന കൃഷ്‍ണ. ഈ അടുത്തായിരുന്നു അഹാന സംവിധാനത്തിലേക്ക് തുടക്കം കുറിച്ചത് ‘തോന്നല്’ എന്ന് പേരിട്ടിരിക്കുന്ന മ്യൂസിക്കൽ വീഡിയോ സോഷ്യൽ മീഡിയയിലടക്കം വലിയ ചർച്ചയായിരുന്നു. വീഡിയോയിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയായിരുന്നു. ഷെഫിന്റെ കഥാപാത്രമായാണ് അഹാന സ്ക്രീനിലെത്തിയത്. കേക്ക് മേക്കിങ് നിറഞ്ഞുന്ന വീഡിയോയിലെ കേക്കും പ്രേക്ഷകരുടെ ഉള്ളം കവർന്നിരുന്നു.

മലയാള സിനിമയിലെ നടിനടന്മാർ അഭിനയത്തിൽ മാത്രം ഒതുങ്ങി നിൽക്കാതെ സംവിധാനത്തിലേക്കും സിനിമയിലെ മറ്റു മേഖലകളിലേക്ക് ഉയർന്ന് വരൻ സാധിക്കട്ടെയെന്ന് നമ്മുക്ക് ആശംസിക്കാം…

More in Malayalam

Trending

Recent

To Top