സമീറിന്റെ മാത്രമല്ല എല്ലാ സൈബർ ബുള്ളിസിന്റെയും പ്രിയപ്പെട്ട പദമാണ് ജാഡ… സോഷ്യൽ മീഡിയയിലെ ശല്യക്കാരനെ തുറന്നു കാട്ടി രേവതി സമ്പത്ത്; ചെയ്തത് കണ്ടോ?
നടിയും ഡബ്‌ള്യു സി സി അംഗവുമായ രേവതി സമ്പത്ത് സോഷ്യൽ മീഡിയയിൽ സജീവമാണ്. താരസംഘടനയായ എഎംഎംഎ വിഷയത്തിലും മീറ്റൂ വിഷയത്തിലുമൊക്കെ കൃത്യമായ സമയത്ത് തൻ്റെ നിലപാടുകൾ തുറന്ന് പറയാറുണ്ട് നടൻ സിദീഖിനെതിരെ ലൈംഗികാരോപണവുമായി രേവതി സമ്പത്ത് എത്തിയത് സമൂഹ മാധ്യമങ്ങളിലടക്കം ചർച്ചയായിരുന്നു.
തനിക്ക് നേർക്കുണ്ടാകുന്ന സൈബർ അക്രമണങ്ങൾക്ക് ചുട്ട മറുപടി നൽകാറുണ്ട്. ഇപ്പോഴിതാ ഒരു ശല്യക്കാരനെ തുറന്ന് കാട്ടിയിരിക്കുകയാണ് രേവതി സമ്പത്ത്. ഫേസ്ബുക്ക് സ്റ്റോറിയിലൂടെയാണ് രേവതി സോഷ്യൽ മീഡിയയിലെ സ്ഥിരം ശല്യക്കാരനെ തുറന്ന് കാട്ടിയത്.
സമീർ അയിഷ എന്നൊരാൾ നിരന്തരം ഫേസ്ബുക്ക് മെസ്സഞ്ചറിലൂടെ ചിത്രങ്ങൾക്ക് ലൈക്കും കമൻ്റും ചെയ്യണമെന്നാവശ്യപ്പെട്ട് മെസ്സേജുകളയയ്ക്കുന്നു. മത്സരത്തിൽ പങ്കെടുക്കാനാണ് ലൈക്കുകൾ വേണ്ടത്. ലൈക്കടിക്കാൻ ജാഡയാണെങ്കിൽ വേണ്ട, ബൈ എന്നും ഇയാൾ മെസ്സേജ് അയച്ചിട്ടുണ്ട്. ഇതിൻ്റെ സ്ക്രീൻ ഷോട്ടുകളും ആ വ്യക്തിയുടെ ചിത്രവും ഫേസ്ബുക്ക്അക്കൗണ്ടടക്കം തുറന്ന്കാട്ടിക്കൊണ്ടാണ് രേവതി സമ്പത്തിൻ്റെ ഫേസ്ബുക്ക് സ്റ്റോറി.
സമീറിൻ്റെ മാത്രമല്ല എല്ലാ സൈബർ ബുള്ളിസിൻ്റെയും പ്രിയപ്പെട്ട പദമാണ് ജാഡ എന്നുള്ളത് എന്നും രേവതി പറയുന്നു. ഒരു സ്ത്രീയ്ക്ക് ചെയ്യാൻ താത്പര്യമില്ലാത്ത ഒരു കാര്യം ചെയ്യാനായി ആവശ്യപ്പെടുകയും അവരുടെ ചോയിസായി നിലനിൽക്കുന്ന ഒന്നിനെ വക വെക്കാതെ കാര്യം നടന്നില്ല എന്ന കാരണത്താൽ നിനക്ക് ‘ജാഡ’ എന്ന് ചോദിക്കുകയും ചെയ്യുന്ന ഇതുപോലുള്ള സമീറുമാരുടെ സമീപനങ്ങളാണ് ഇവിടെ ശരിക്കും വിഷയമെന്ന് നടി ചൂണ്ടിക്കാട്ടുന്നു.
വൃത്തികേടുകൾ പറയുന്ന ഇതുപോലുള്ള എല്ലാ സമീറുമാരെയും സമൂഹത്തിനു മുന്നിൽ തുറന്നുകാട്ടാൻ സന്തോഷമേയുള്ളൂവെന്നും രേവതി സമ്പത്ത് കുറിച്ചിരിക്കുന്നു.