Connect with us

കാത്തിരിപ്പിന് വിരാമം… സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി! മികച്ച നടൻ അദ്ദേഹമോ?

News

കാത്തിരിപ്പിന് വിരാമം… സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി! മികച്ച നടൻ അദ്ദേഹമോ?

കാത്തിരിപ്പിന് വിരാമം… സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകൾ മാത്രം ബാക്കി! മികച്ച നടൻ അദ്ദേഹമോ?

സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പ്രഖ്യാപനത്തിന് മണിക്കൂറുകൾ മാത്രം ബാക്കി… വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരത്താണ് പ്രഖ്യാപന ചടങ്ങ്. ഇത്തവണ എണ്‍പത് സിനിമകളാണ് സംസ്ഥാന പുരസ്‌കാരത്തിനായി മത്സരിക്കുന്നത്. ചിത്രങ്ങളുടെ തെരഞ്ഞെടുപ്പിന് ചലച്ചിത്ര അക്കാദമി ദ്വിതല സംവിധാനം ഏര്‍പ്പെടുത്തിയ ശേഷമുള്ള ആദ്യ പുരസ്‌കര പ്രഖ്യാപനമാണ് ഇന്ന് നടക്കുന്നത്.

പ്രഖ്യാപനത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ആരൊക്കെയാവും പുരസ്‍കാര ജേതാക്കള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് സിനിമാ പ്രേമികള്‍. മികച്ച നടനുള്ള പുരസ്‍കാരത്തിന് ഇക്കുറി കടുത്ത മത്സരമാണ് നടക്കുന്നത്. തിയറ്ററുകള്‍ അടഞ്ഞുകിടന്ന കൊവിഡ് പശ്ചാത്തലത്തില്‍ 80 സിനിമകളാണ് ആകെ മത്സരിച്ചത്. ഇതില്‍ നിന്ന് രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടുവിലയിരുത്തി രണ്ടാം റൗണ്ടിലേക്ക് നിര്‍ദേശിച്ചത് 30 ചിത്രങ്ങളാണ്. ഈ സിനിമകളില്‍ നിന്നാണ് മികച്ച നടന്‍ അടക്കമുള്ള പുരസ്‍കാരങ്ങളൊക്കെത്തന്നെ നിശ്ചയിക്കുക.

മികച്ച നടനുള്ള പുരസ്‌കാരത്തിന് വേണ്ടി അര ഡസനിലേറെ പേരാണ് മത്സര രംഗത്തുള്ളത്. ബിജുമേനോന്‍ (അയ്യപ്പനും കോശിയും) ഫഹദ് ഫാസില്‍ (മാലിക്ക്, ട്രാന്‍സ്), ജയസൂര്യ (വെള്ളം, സണ്ണി), സുരാജ് വെഞ്ഞാറമൂട് (ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചന്‍), ടൊവിനോ തോമസ് (കിലോ മീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ്), ഇന്ദ്രന്‍സ് (വേലു കാക്ക ഒപ്പ് 21) എന്നിവരാണ് മത്സരരംഗത്ത്. ഓറഞ്ച് മരങ്ങളുടെ വീട് എന്ന ചിത്രത്തില്‍ നെടുമുടി വേണുവും പി. ബാലചന്ദ്രനും മികച്ച പ്രകടമാണ് കാഴ്ചവെച്ചിരിക്കുന്നത്.

ഇത്തവണ ഏറ്റവും സാധ്യത കല്‍പ്പിക്കപ്പെടുന്ന നടന്മാരിലൊരാള്‍ ബിജു മേനോന്‍ ആണ്. അന്തരിച്ച സംവിധായകന്‍ സച്ചിയുടെ കരിയറിലെ അവസാനചിത്രമായിരുന്ന ‘അയ്യപ്പനും കോശിയു’മാണ് ബിജു മേനോന്‍റേതായി ജൂറിക്കു മുന്നിലെത്തിയ ചിത്രം. ടൈറ്റില്‍ കഥാപാത്രങ്ങളില്‍ ഒന്നായിരുന്ന ‘എസ്ഐ അയ്യപ്പന്‍ നായര്‍’ ബിജുവിന്‍റെ എക്കാലത്തെയും മികച്ച വേഷങ്ങളിലൊന്നാണ്. മികച്ച നടനുള്ള പുരസ്‍കാരം നേടാന്‍ ബിജു മേനോനുള്ള അസുലഭ അവസരമാണ് ഇത്തവണത്തേത്. സംസ്ഥാന അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ നടനുള്ള പുരസ്‍കാരം ഇതിനു മുന്‍പ് രണ്ടുതവണ ലഭിച്ചിട്ടുണ്ട് അദ്ദേഹത്തിന്.

അന്‍വര്‍ റഷീദിന്‍റെ ‘ട്രാന്‍സ്’, മഹേഷ് നാരായണന്‍റെ ‘മാലിക്’, ‘സി യു സൂണ്‍’ എന്നിവയാണ് ഫഹദിന്‍റെ ചിത്രങ്ങള്‍. ‘പാസ്റ്റര്‍ ജോഷ്വ കാള്‍ട്ടണ്‍’ ആയിമാറുന്ന മോട്ടിവേഷണല്‍ സ്‍പീക്കര്‍ ‘വിജു പ്രസാദും’ (ട്രാന്‍സ്) ‘റമദാപള്ളിക്കാരുടെ’ ജീവിതത്തെ സ്വാധീനിച്ച ‘അഹമ്മദലി സുലൈമാനും’ (മാലിക്) സി യു സൂണിലെ ‘കെവിന്‍ തോമസു’മെല്ലാം, ഒന്നിനൊന്ന് വ്യത്യസ്‍ത കഥാപാത്രങ്ങളുമായാണ് ഫഹദ് ഫാസില്‍ ഇത്തവണ ഉള്ളത്.

സൂഫിയും സുജാതയും, വെള്ളം എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലാണ് ജയസൂര്യ പരിഗണിക്കപ്പെടുന്നത്. ഇതില്‍ ‘വെള്ള’ത്തിലെ മുരളി നമ്പ്യാര്‍ ജയസൂര്യയ്ക്ക് വലിയ പ്രേക്ഷകപ്രീതി നേടിക്കൊടുത്ത കഥാപാത്രമാണ്. ഡയറക്റ്റ് ഒടിടി റിലീസ് ആയെത്തി അന്തര്‍ദേശീയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ട ജിയോ ബേബിയുടെ ‘ദ് ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണി’ലെ ‘ഭര്‍ത്താവാ’ണ് സുരാജിന്‍റെ കഥാപാത്രം. അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തുടര്‍ച്ചയായി അവതരിപ്പിച്ചുകൊണ്ടിരിക്കുന്ന സുരാജിന്‍റെ ശ്രദ്ധേയ പ്രകടനമായിരുന്നു ചിത്രത്തിലേത്. ജിയോ ബേബിയുടെ തന്നെ ‘കിലോമീറ്റേഴ്സ് ആന്‍ഡ് കിലോമീറ്റേഴ്സ്’, ഫോറന്‍സിക് എന്നീ ചിത്രങ്ങളാണ് ടൊവീനോ തോമസിന്‍റേതായി ഉള്ളത്. അന്തരിച്ച അഭിനയപ്രതിഭ നെടുമുടി വേണുവിനും ഒരുപക്ഷേ ഈ പുരസ്‍കാരം ലഭിച്ചേക്കാം. ഡോ: ബിജുവിന്‍റെ ‘ഓറഞ്ച് മരങ്ങളുടെ വീട്’ എന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത് നെടുമുടി ആയിരുന്നു.

പ്രശസ്ത ചലച്ചിത്ര താരവും സംവിധായികയും തിരക്കഥാകൃത്തുമായ സുഹാസിനി മണിരത്‌നമാണ് അന്തിമ ജൂറിയുടെ അധ്യക്ഷ. മത്സരരംഗത്തുള്ള നാല്‍പത് സിനിമകള്‍ വീതം രണ്ട് പ്രാഥമിക ജൂറികള്‍ കണ്ടു. തെരഞ്ഞെടുത്ത മികച്ച 30 സിനിമകളാണ് അന്തിമ ജൂറിയുടെ പരിഗണനക്കായി ശിപാര്‍ശ ചെയ്തിരിക്കുന്നത്. പ്രശസ്ത കന്നഡ സംവിധായകന്‍ പി.ശേഷാദ്രി, സംവിധായകന്‍ ഭദ്രന്‍ എന്നിവരായിരുന്നു പ്രാഥമിക ജൂറികളുടെ അധ്യക്ഷന്മാര്‍.

More in News

Trending

Recent

To Top