Connect with us

മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ; സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമായ സൈമ അവാർഡ്‌സിൽ തിളങ്ങി മലയാളി താരങ്ങൾ !

Malayalam

മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ; സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമായ സൈമ അവാർഡ്‌സിൽ തിളങ്ങി മലയാളി താരങ്ങൾ !

മികച്ച നടൻ മോഹൻലാൽ, നടി മഞ്ജുവാര്യർ; സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമായ സൈമ അവാർഡ്‌സിൽ തിളങ്ങി മലയാളി താരങ്ങൾ !

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ താരമാമാങ്കമാണ് സൈമ അവാർഡ്സ്. വർഷതോറും നടക്കാറുള്ള താരമാമാങ്കത്തിൽ മലയാളം, തമിഴ്, തെലുങ്ക്, കന്നട ഭാഷകളിലെ സിനിമാ രം​ഗത്ത് കഴിവ് തെളിയിച്ച പ്രതിഭകളെ കണ്ടെത്തി ആദരിക്കുന്ന പരിപാടികൾ നടക്കാറുണ്ട്. എന്നാൽ, കൊവിഡ് ലോക്ക് ഡൗൺ പ്രതിസന്ധികൾ മൂലം ഇത് മുടങ്ങികിടക്കുകയായിരുന്നു. ഇപ്പോഴുള്ള ലോക്ക് ഡൌൺ ഇളവുകളുടെ പശ്ചാത്തലത്തിൽ 2019ൽ പ്രകടനത്തിലൂടെ ജനമനസ് കീഴടക്കിയ താരങ്ങളെ കണ്ടെത്തി ആദരിക്കുന്നതിനായി 2021ൽ ഹൈദരാബാദിൽ ഇതിനായി പുരസ്കാരനിശ സംഘടിപ്പിച്ചിരുന്നു.

സൗത്ത് ഇന്ത്യയിലെ സൂപ്പർസ്റ്റാറുകളും താരറാണിമാരുമെല്ലാം അണിനിരന്ന ചടങ്ങിന്റെ വിശേഷങ്ങളും വീഡിയോകളുമാണിപ്പോൾ സോഷ്യൽമീ‍ഡിയ നിറയെ. മലയാളത്തിലെ ഒട്ടുമിക്ക താരങ്ങളും അവാർഡ്നിശയിൽ പങ്കെടുക്കാനും പുരസ്കാരങ്ങൾ സ്വീകരിക്കാനുമായി എത്തിച്ചേർന്നിരുന്നു. കൊവിഡ് പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം അവാര്‍ഡ് നൈറ്റ് നടക്കാതിരുന്നതിനാല്‍ 2019, 2020 വര്‍ഷങ്ങളിലെ പുരസ്‍കാരങ്ങളാണ് ഇക്കുറി ഒരുമിച്ചാണ് പ്രഖ്യാപിക്കുന്നത്.

മലയാളത്തിലെ 2019ലെ മികച്ച നടനുള്ള പുരസ്കാരം മോഹൻലാലിനാണ് ലഭിച്ചത്. ലൂസിഫർ സിനിമയിലെ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ മനോഹരമാക്കിയതിനാണ് പുരസ്കാരം ലഭിച്ചത്. പൃഥ്വിരാജ് എന്ന നടന്റെ സംവിധായകനായുള്ള അരങ്ങേറ്റം ലൂസിഫർ എന്ന ചിത്രത്തിലൂടെയായിരുന്നു. മോഹൻലാലിന് പുറമെ മഞ്ജുവാര്യർ, ടൊവിനോ തോമസ്, പൃഥ്വിരാജ്, സാനിയ ഇയ്യപ്പൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരന്നിരുന്നു.

ബോക്സ്ഓഫീസ് കളക്ഷൻ റെക്കോർഡുകൾ ഭേദിച്ച ചിത്രം കൂടിയായിരുന്നു ലൂസിഫർ. മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടത് മഞ്ജുവാര്യരാണ്. പ്രതി പൂവൻ കോഴി, ലൂസിഫർ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിനായിരുന്നു പുരസ്കാരം. സംവിധായകൻ റോഷൻ ആൻഡ്രൂസ് വില്ലൻ വേഷത്തിലെത്തിയ ചിത്രത്തിൽ നീലിമ എന്ന സെയിൽസ് ​ഗേളിന്റെ വേഷത്തിലാണ് മഞ്ജുവാര്യർ എത്തിയത്.

മോഹന്‍ലാലിനൊപ്പം മികച്ച നടനുള്ള 2019ലെ നോമിനേഷന്‍ നേടിയത് ആസിഫ് അലി (കെട്ട്യോളാണ് എന്‍റെ മാലാഖ), സുരാജ് വെഞ്ഞാറമൂട് (വികൃതി, ആന്‍ഡ്രോയ്‍ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25), മമ്മൂട്ടി (ഉണ്ട), നിവിന്‍ പോളി (മൂത്തോന്‍) എന്നിവരായിരുന്നു. ജല്ലിക്കെട്ട് ചിത്രത്തിലെ സംവിധാന മികവ് പരി​ഗണിച്ച് ലിജോ ജോസ് പെല്ലിശ്ശേരിയെ മികച്ച സംവിധായകനായും തെരഞ്ഞെടുത്തു. മികച്ച നടനുള്ള ക്രിട്ടിക്സ് പുരസ്കാരം മൂത്തോനിലെ അഭിനയത്തിലൂടെ നിവിൻ പോളിക്ക് ലഭിച്ചു.

2019ലെ മികച്ച സിനിമയായി പരി​ഗണിച്ചതും ലൂസിഫറിന് തന്നെയാണ്. കെട്ട്യോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിലെ പ്രകടനത്തിലൂടെ ബേസിൽ ജോസഫ് മികച്ച ഹാസ്യനടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച വില്ലനുള്ള പുരസ്കാരം ഇഷ്കിലെ പ്രകടനത്തിലൂടെ ഷൈൻ ടോം ചാക്കോയ്ക്ക് ലഭിച്ചു.സഹനടന്‍- റോഷന്‍ മാത്യു (മൂത്തോന്‍), സഹനടി- സാനിയ ഇയ്യപ്പന്‍ (ലൂസിഫര്‍), പുതുമുഖ നടി- അന്ന ബെന്‍ (കുമ്പളങ്ങി നൈറ്റ്സ്), നവാഗത നിര്‍മ്മാതാവ്- എസ് ക്യൂബ് ഫിലിംസ് (ഉയരെ), പിന്നണി ഗായകന്‍- കെ.എസ് ഹരിശങ്കര്‍ (പവിഴമഴ- അതിരന്‍), പിന്നണി ഗായിക- പ്രാര്‍ഥന ഇന്ദ്രജിത്ത് (താരാപഥമാകെ- ഹെലെന്‍), വരികള്‍- വിനായക് ശശികുമാര്‍ (ആരാധികേ- അമ്പിളി) എന്നിങ്ങനെയാണ് മറ്റ് പുരസ്കാരങ്ങൾ.

ഏറെ നാളുകൾക്ക് ശേഷം താരനിബിഢമായ അവാർഡ് നിശയ്ക്കാണ് 2019 സൗത്ത് ഇന്ത്യൻ ഇന്റർനാഷണൽ മൂവി അവാർഡ്‌സ് സാക്ഷ്യംവഹിച്ചത്. പൂർണിമ ഇന്ദ്രജിത് മുതൽ സാനിയ അയ്യപ്പൻ വരെ സൈമ റെഡ് കാർപ്പറ്റിൽ മലയാള സാന്നിധ്യമായി തിളങ്ങി. തലൈവി ചിത്രത്തിലെ കങ്കണ റണൗട്ടിന്റെ വസ്ത്രധാരണരീതി അനുകരിച്ചാണ് സൈമയിൽ നടി പ്രയാ​ഗ മാർട്ടിൻ ശ്രദ്ധനേടിയത്.

പതിവിൽ നിന്ന് വ്യത്യസ്തമായിരുന്നു പ്രയാ​ഗയുടെ സൈമ ലുക്ക്. ജയലളിതയെ അനുസ്മരിപ്പിക്കുന്ന തരത്തിലാണ് പ്രയാഗ വേഷം ധരിച്ചത്. ചുവപ്പും കറുപ്പും കരകളുള്ള വെള്ളനിറത്തിലുള്ള സാരിയായിരുന്നു വേഷം. നിവിൻ പോളി, റോഷൻ മാത്യു, അന്ന ബെൻ, പേളി മാണി, ​ഗോവിന്ദ് പത്മസൂര്യ, നിക്കി ​ഗൽറാണി, പ്രാർത്ഥന ഇന്ദ്രജിത്, അമൃത സുരേഷ് തുടങ്ങിയ താരങ്ങൾ ഇക്കൊല്ലത്തെ സൈമ അവാർഡ് നിശയ്ക്ക് എത്തിയിരുന്നു. കൊവിഡ് പ്രതിസന്ധികൾ നിലനിൽക്കുമ്പോഴും മാനദണ്ഡങ്ങൾ പാലിച്ച് നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു പുരസ്കാര നിശയിൽ വീണ്ടും പങ്കെടുക്കാൻ സാധിച്ച സന്തോഷത്തിലാണ് തെന്നിന്ത്യൻ താരങ്ങളെല്ലാം.

about SIIMA

More in Malayalam

Trending

Recent

To Top