Connect with us

ഞാനയാളെ പരിചയപ്പെട്ടു, അയാൾ പേര് പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’; നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്; ചാക്കോച്ചനെ കുറിച്ച് സുഹൃത്ത് പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

Malayalam

ഞാനയാളെ പരിചയപ്പെട്ടു, അയാൾ പേര് പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’; നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്; ചാക്കോച്ചനെ കുറിച്ച് സുഹൃത്ത് പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

ഞാനയാളെ പരിചയപ്പെട്ടു, അയാൾ പേര് പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’; നിരവധി പ്രേമാഭ്യർത്ഥനകളാണ് ദിവസവും വന്നിരുന്നത്; ചാക്കോച്ചനെ കുറിച്ച് സുഹൃത്ത് പറഞ്ഞ വാക്കുകൾ വൈറലാകുന്നു!

ചോക്ലേറ്റ് നടൻ എന്ന ലേബലിൽ നിന്നും മികച്ച വേഷങ്ങൾ ചെയ്ത് മലയാളികൾക്കിടയിൽ ബഹുമാനം നേടിയെടുത്ത താരമാണ് കുഞ്ചാക്കോ ബോബൻ. ഫാസിൽ സംവിധാനം ചെയ്ത അനിയത്തി പ്രാവ് എന്ന ചിത്രത്തിലൂടെയാണ് ചാക്കോച്ചൻ വെള്ളിത്തിരയിലേക്ക് അരങ്ങേറുന്നത്. കുഞ്ചാക്കോബോബനെ പോലെ തന്നെ അദ്ദേഹത്തിന്റെ ഭാര്യ പ്രിയയ്ക്കും മികച്ച ആരാധകരുണ്ട്. ഇപ്പോൾ മകൻ ഇസയും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്.

സോഷ്യൽ മീഡിയയിൽ സജീവമായ ചാക്കോച്ചൻ കുടുംബ വിശേഷങ്ങളും സിനിമാ വിശേഷങ്ങളും ഒപ്പം ലോക്ക്ഡൌൺ സമയത്ത് ഒരു ചലഞ്ചുമായും എത്തിയിരുന്നു. ഇപ്പോഴിത സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് കുഞ്ചാക്കോ ബോബനെ കുറിച്ചുള്ള സുഹൃത്തിന്റെ വാക്കുകളാണ്. നടന്റെയും പ്രിയയുടേയും പ്രണയ കാലത്തെ കുറിച്ചും ആരാധകർക്ക് അധികം അറിയാത്ത ചാക്കോച്ചന്റെ ചെറുപ്പകാലത്തെ കുറിച്ചുമായിരുന്നു സുഹൃത്ത് ഫേസ്ബുക്കിൽ കുറിച്ചത്. സജിത്ത് ശിവാനന്ദൻ എന്ന സുഹൃത്തിന്റെ കുറിപ്പ് സേഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് . ഫേസ്ബുക്ക് കുറിപ്പ് വായിക്കാം…

“ഉച്ചസമയത്ത് rounds അടിക്കുക എന്ന കലാരൂപം SD കോളേജിൽ അന്നുണ്ടായിരുന്നു. കോളേജ് ആകെമൊത്തം വരാന്തകളിലൂടെ circumnavigate ചെയ്യുന്ന കലാപരിപാടി തന്നെ. ഒരിക്കൽ ഇങ്ങനെ റൗണ്ട്സ് അടിക്കുന്നതിനിടയിൽ കാർമൽ സ്കൂളിൽ നിന്നും കോളേജിലെത്തിയവന്മാരുടെ കൂട്ടത്തിൽ നല്ല ചുവന്നു തുടുത്ത ഒരു പയ്യൻ. വശ്യമായ ഒരു ചിരി ആ മുഖത്തുണ്ടായിരുന്നു. ചങ്ങനാശ്ശേരി എസ്ബി കോളേജിൽ പ്രീ-ഡിഗ്രി പഠിച്ചിരുന്ന അയാൾ ക്ലാസ് കട്ട് ചെയ്തു കൂട്ടുകാരുടെ SD കോളേജിൽ എത്തിയതായിരുന്നു.ഞാനയാളെ പരിചയപ്പെട്ടു. അയാൾ പേര് പറഞ്ഞു ‘കുഞ്ചാക്കോ ബോബൻ’.

ഇതെന്തു പേര് ഞാൻ അത്ഭുതപ്പെട്ടു. പിന്നീടാണ്‌ ആളാരാണെന്നും gene ഏതാണെന്നും മനസ്സിലായത്. മലയാളസിനിമയെ മദിരാശിയിൽ നിന്നും ഉദയ സ്റ്റുഡിയോയിലൂടെ കേരളത്തിലേക്ക് പറിച്ച് നട്ടത് കുഞ്ചാക്കോ എന്ന ദീർഘദർശി ആണെന്ന് അച്ഛൻ പറഞ്ഞതോർത്തു. എന്തു നല്ല പെരുമാറ്റം, മിതത്വം പുലർത്തുന്ന സംസാരം എന്നൊക്കെ തീർച്ചയായും എനിക്ക് അന്ന് തന്നെ തോന്നിയിരുന്നു.അങ്ങനെയിരിക്കെ ഞാൻ പ്രീഡിഗ്രിക്ക് തോറ്റു. മേൽപ്പടിയാൻ ബികോമിന് ആലപ്പുഴ എസ് ഡി കോളേജിലും ചേർന്നു. വൈകാതെ ബികോമിൽ ഉണ്ടായിരുന്ന എന്റെ ഒട്ടുമിക്ക കൂട്ടുകാരുടെയും അടുത്ത സുഹൃത്തായി ഇദ്ദേഹം മാറി. അങ്ങനെ ഞാനും പുള്ളിയുടെ ഒരു ചെറിയ പരിചയക്കാരനായി മാറി.

പ്രീഡിഗ്രി തോറ്റു ജീവിതം അങ്ങനെ അടിച്ചു പൊളിക്കുന്ന കാലം. എസ് ഡി കോളേജിൽ സമരമുള്ള ദിവസം കൂട്ടുകാർ എന്റെ വീട്ടിലേക്ക് വരും. അച്ഛനും അമ്മയും ഓഫീസിൽ പോയിരിക്കും എന്നതാണ് എന്റെ വീട്ടിലെ USP. ക്യാരംസ്, ചെസ്സ്, ക്രിക്കറ്റ്, ചീട്ടു കളി ഒക്കെയായി ഒരു കോലാഹലമേടാണ് പിന്നെ.
ഒരു സമരത്തിന്റെ ദിവസം അവരുടെ കൂടെ കുഞ്ചാക്കോബോബനും വീട്ടിൽ വന്നു. മലയാള സിനിമ തറവാട്ടിലെ ഒരു ഇളമുറക്കാരൻ എന്നെ കാണാൻ വീട്ടിൽ വന്നു എന്നത് ഒരു വലിയ സംഭവമായി ഞാൻ വീട്ടുകാരോട് പറഞ്ഞു.പിന്നീട് എന്റെ കൂട്ടുകാരുടെ അടുത്ത സുഹൃത്തായ കുഞ്ചാക്കോ ബോബൻ ഫാസിലിന്റെ സിനിമയിലെ നായകനായി വരുന്നു. എന്റെയും അടുത്ത സുഹൃത്താണ് സിനിമയിൽ നായകനാകുന്ന കുഞ്ചാക്കോബോബൻ എന്ന് ഞാനും ചുമ്മാ നാട്ടുകാരോട് തളളി. എനിക്കും ഇരിക്കട്ടെ famous…’അനിയത്തിപ്രാവ് റിലീസായപ്പോൾ അവന്റെ ബികോം കൂട്ടുകാർ തീയറ്ററിൽ ബോർഡ് വെച്ചു വലിയ ആഘോഷമാക്കി; ഞാനും അതിന്റെ കൂടെ കൂടി. പടം വമ്പൻ ഹിറ്റായി

If you go to Ranchi, every other guy you meet will say that he has played cricket with Dhoni…അതു പോലൊരു എഫക്റ്റ് ആലപ്പുഴയിലും അന്നുണ്ടായിരുന്നു. കുഞ്ചാക്കോയുടെ കൂടെ ഒന്ന് മിണ്ടിയിട്ടുള്ള എല്ലാവരും തന്നെ അവന്റെ ഫ്രണ്ട് എന്ന്‌ അവകാശപ്പെടുന്ന പ്രതിഭാസം. കുഞ്ചാക്കോ ബോബൻ ജ്യൂസ് കുടിക്കുന്ന കടയ്ക്ക്‌ വരെ പോപ്പുലാരിറ്റി. ചോര കൊണ്ട് എഴുതിയ പ്രണയലേഖനങ്ങളുടെ പ്രളയം വേറെ.വമ്പൻ സംവിധായകർ ഡേറ്റിനായി ക്യൂ നിൽക്കുന്നു. ശരിക്കും overnight stardom…അങ്ങനെയിരിക്കെ അവിനാശ് എന്ന കൂട്ടുകാരൻ്റെ വീട്ടിൽ വച്ച് പ്രശസ്തിയുടെ കൊടുമുടിയിൽ നിൽക്കുന്ന കുഞ്ചാക്കോബോബനെ കണ്ടു. സംസാരത്തിലും പെരുമാറ്റത്തിലും പഴയതിൽ നിന്നും യാതൊരു വ്യത്യാസവുമില്ല. ആശാൻ ലെവൽ മാറിയപോളും പ്രശസ്‌തി തലയ്ക്ക് പിടിയ്ക്കാതെ level-headed ആയി നിലത്ത്‌ തന്നെ നിൽക്കുന്നു. ആരാധനയ്ക്കൊപ്പം ബഹുമാനവും തോന്നിപ്പോയി.

പണ്ട് കണ്ട മാരുതി Zen കാറിന് പകരം അന്നത്തെ ജഗജില്ലൻ കാറായ Opel Astra. അതിൽ ഒന്നു കയറാൻ മനസ്സ് ആഗ്രഹിച്ചു, നടന്നില്ല. അവിനാശും സോണിയും അവൻ്റെ കൂടെ കാറിൽ കയറിപ്പോയി. ഞാൻ ആഗ്രഹം ഉള്ളിലൊതുക്കി ടാറ്റാ കാണിച്ചു…ഞങ്ങളെയൊക്കെ പോലെ ഒരു 916 ക്രിക്കറ്റ് പ്രാന്തനായിരുന്നു കുഞ്ചാക്കോ ബോബനും. ഞങ്ങൾ (Brothers ക്ലബ്) എല്ലാ ദിവസവും വൈകിട്ട് SDV ഗ്രൗണ്ടിൽ ക്രിക്കറ്റ് കളിക്കുമായിരുന്നു. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളിൽ അവിനാശിന്റെ കൂടെ സിനിമ നടനും കളിക്കാൻ വരും. അവൻ വരുന്ന ദിവസങ്ങളിൽ ഗാലറിയിൽ ആള് കൂടും. പാഞ്ഞു വരുന്ന ക്രിക്കറ്റ് ബോളിനെ (ടെന്നിസ് ബോൾ അല്ല) തെല്ലും പേടി ഇല്ലാതെ ബാറ്റ് ചെയ്യുന്നവൻ. ശരീരം മറന്നു ചാടി ബൗണ്ടറി സേവ് ചെയ്യുന്ന acrobatic ഫീൽഡർ. ഇതൊക്കെയാണ് ക്രിക്കറ്റ് ഗ്രൗണ്ടിലെ കുഞ്ചാക്കോ- അന്നും ഇന്നും…

അങ്ങനെയിരിക്കെ അവിനാശ് പഠനത്തിനായി പൂനയിൽ പോയി. അവനായിരുന്നു സിനിമ നടനെ ബൈക്കിൽ പോയി ഗ്രൗണ്ടിലേക്ക് വിളിച്ചു കൊണ്ടുവന്നിരുന്നത്. ആശാന് കാർ മാത്രമേ ഉള്ളു അന്ന്. കാർ ഗ്രൗണ്ടിന്റെ പുറത്തിടുന്നത് safe ആയിരുന്നില്ല. ഒരു ദിവസം ഉച്ചയ്ക്ക് എൻ്റെ വീട്ടിലെ ലാൻഡ് ഫോണിലേക്ക് ഒരു കോൾ. “കൂട്ടുകാരാ വൈകിട്ട് കളിക്കാൻ പോകുമ്പോൾ എന്നെ വന്നു വിളിക്കുമോ”, അങ്ങേത്തലയ്ക്കൽ കുഞ്ചാക്കോ…
മനസ്സിൽ ലഡ്ഡു പൊട്ടി എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും !കോളേജിൽ പഠിക്കുന്ന ഞങ്ങൾ അഞ്ചു രൂപ പത്തു രൂപ ഷയർ ഇട്ടു 100 രൂപയുടെ ക്രിക്കറ്റ് ബോൾ വാങ്ങിക്കാൻ ബുദ്ധിമുട്ടുമ്പോൾ ഒരു ഡസൻ ബോൾ വാങ്ങി വരുന്ന സിനിമാക്കാരൻ കൂട്ടുകാരൻ ! അത്ഭുതവും അഭിമാനവുമായിരുന്നു ഞങ്ങൾക്ക്…
2000 കാലഘട്ടത്തിൽ ആണിത്. പിന്നെ ഒരു ദിവസം ക്രിക്കറ്റ് കഴിഞ്ഞ് കലവൂരുള്ള സോണി എന്ന കൂട്ടുകാരന്റെ വീട് വരെ ഞങ്ങൾ ഒന്നിച്ചു പോയി. Opel Astra പോലുള്ള അന്നത്തെ മുന്തിയ ഇനം കാറിലെ ആദ്യത്തെ യാത്രാനുഭവം.

പതുക്കെ പതുക്കെ ചാക്കോച്ചൻ്റേ എറണാകുളം യാത്രകളിൽ ഞാനുമുണ്ടായി തുടങ്ങി. അവിടെത്തെ സൗഹൃദവലയം കണ്ട ഞാൻ തൂവാനത്തുമ്പികളിലെ ഋഷി വായും പൊളിച്ചിരുന്നത് പോലെ ഇരുന്നു. ബാറിൽ അല്ലെന്നു മാത്രം!യാത്രകളിലൂടെ, ക്രിക്കറ്റിലൂടെ, വാശിയും വെല്ലുവിളിയും നിറഞ്ഞ യുണൈറ്റഡ് ക്ലബ്ബിലെ ഷട്ടില് കളിയിലൂടെ ഞങ്ങൾ തമ്മിലുള്ള സൗഹൃദം വളർന്നുകൊണ്ടിരുന്നു. ഒരു പരിചയക്കാരൻ എന്ന നിലയിൽ നിന്നും ചാക്കോച്ചന്റെ ആലപ്പുഴയിലെ ഏറ്റവും അടുപ്പമുള്ള കൂട്ടുകാരിലൊരാൾ എന്നതിലേക്കുള്ള upgrade ശരവേഗത്തിലായിരുന്നു.അവന്റെ കൂടെ ചെലവിടുന്ന സമയത്ത് കിട്ടുന്ന positivity അതിരറ്റതായിരുന്നു. അത്രയ്ക്ക് ഹൃദയശുദ്ധിയുള്ള പച്ചയായ മനുഷ്യൻ. സിനിമയും പ്രശസ്തിയും ഇന്ന് വരാം നാളെ പോകാം- അതു കൊണ്ടു തന്നെ ജീവിതത്തിൽ താൻ കാത്തു സൂക്ഷിച്ച virtues വിട്ടൊരു കളിക്കും നിൽക്കാത്ത ഉറച്ച പ്രകൃതം. പിന്നെ പിന്നെ കുഞ്ചാക്കോ എന്റെ വീട്ടിലെ നിത്യസന്ദർശകനായി. എന്റെ അമ്മ ഉണ്ടാക്കി കൊടുക്കുന്ന ഭക്ഷണവും, എന്റെ വീട്ടിലെ നറുനീണ്ടി സർബത്തും ഒക്കെ അവന് പ്രിയപ്പെട്ടതായി.

കുഞ്ചാക്കോബോബന് അനിയത്തിപ്രാവിലെ reel life ലെ പോലെ real life ലും ഒരു പ്രിയ ഉണ്ടെന്ന് പണ്ടേ കേട്ടിരുന്നു. കേട്ടത് സത്യമായിരുന്നു, കോതമംഗലത്തുള്ള എം എ കോളേജിലാണ് പ്രിയ ബിടെക് പഠിച്ചിരുന്നത്. ഇടയ്ക്ക് ഞങ്ങൾ പ്രിയയെ കാണാൻ കോതമംഗലത്ത് പോകും. ഒരു ചാക്ക് സ്നേഹവും ഒരു ലോഡ് ചോക്ലേറ്റുമായാണ് ചാക്കോച്ചൻ പോകുന്നത്.ആ ചോക്ലേറ്റിലെ മാധുര്യം പോലെ തന്നെയാണ് അവരുടെ ജീവിതവും മുന്നോട്ടുപോകുന്നത്. ലേറ്റ് ആയെങ്കിലും ലേറ്റസ്റ്റായി Izahaak കുഞ്ചാക്കോ ബോബനും എത്തി.നിറം നിറഞ്ഞോടിയ സമയം. ടീനേജിന്റെ പടിവാതിലിൽ പൂത്തുലഞ്ഞുനിൽക്കുന്ന സ്കൂൾ കുട്ടികൾ, കോളേജ് വിദ്യാർത്ഥിനികൾ, housewives- എത്രയെത്ര കത്തുകളും, ഫോൺ കോളുകളും, പ്രേമാഭ്യർത്ഥനകളുമാണ് ദിവസവും ഫോട്ടോ സഹിതം വരുന്നത്. ഇങ്ങനെയുള്ള പ്രലോഭനങ്ങൾ എല്ലാമുണ്ടെങ്കിലും അവന് ‘പ്രിയം’ ഒരേയൊരാളോട് മാത്രമായിരുന്നു.

ഒരു കാസനോവയാകാൻ വേണ്ട എല്ലാ സാഹചര്യമുണ്ടായിട്ടും പ്രണയവും അതിന്റെ വൈകാരികതയുമെല്ലാം ഒരാളിലേക്ക് ഇതെങ്ങനെ ചുരുക്കാൻ സാധിക്കുന്നു? ഞാൻ ഒരിക്കൽ ചോദിച്ചു-“അത് ഞാൻ സിനിമയിലേ അഭിനയിക്കാറുള്ളൂ, ജീവിതത്തിൽ അഭിനയിക്കാനറിയില്ല”- ഉടൻ വന്നു മറുപടി!
Marriage is falling in love, many times with the same person- അവൻ പറഞ്ഞാണ് ഈ സൂത്രവാക്യം ആദ്യം കേട്ടത് !കല്യാണം കഴിഞ്ഞ് അവൻ എറണാകുളത്തേക്കു താമസമായി. തമ്മിൽ കാണുന്നത് വിരളമായി. ഇടയ്ക്ക് സിനിമയിൽ നിന്നുമൊരു കുറച്ച് നീണ്ട ഒരു break… പുലി പതുങ്ങുന്നത് പേടിച്ചിട്ടല്ലല്ലോ ! തുടരും… എന്ന് പറഞ്ഞ് കൊണ്ടാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്. സജിത്ത് ശിവാനന്ദന്റെ ഫേസ് ബുക്ക പോസ്റ്റ് വൈറലായിട്ടുണ്ട്.മികച്ച കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. മലയാള സിനിമയിൽ ഹേറ്റേഴ്സ് ഇല്ലാത്ത നടനാണ് കുഞ്ചാക്കോ ബോബൻ. സിനിമയിൽ നിന്ന് ഇടവേള എടുത്തപ്പോഴും നടന് ആരാധകരുടെ എണ്ണം കുറഞ്ഞിരുന്നില്ല.

about kunjakko boban

More in Malayalam

Trending

Recent

To Top