Connect with us

തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു, ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി… റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു; ആലപ്പി അഷറഫ്

Malayalam

തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു, ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി… റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു; ആലപ്പി അഷറഫ്

തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു, ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി… റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു; ആലപ്പി അഷറഫ്

അന്തരിച്ച നടന്‍ റിസബാവയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പങ്കുവെച്ച കുറിപ്പ് ശ്രദ്ധ നേടുന്നു

നായകന്‍മാരേക്കാളേറെ കൈയടി നേടിയൊരു വില്ലന്‍. മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കുമെന്ന് ആലപ്പി അഷ്‌റഫ് ഫെയ്സ്ബുക്കില്‍ കുറിച്ചു. ഒപ്പം റിസാബാവയ്ക്ക് ലഭിക്കേണ്ടിയിരുന്ന അവസരങ്ങള്‍ നഷ്ടമാകാനിടയായ സംഭവത്തെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.

ആലപ്പി അഷ്‌റഫിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

ബഹുകേമന്‍മാരായ നായകന്‍മാരേക്കാളേറെ കൈയടി നേടിയൊരു വില്ലന്‍… മലയാള സിനിമയില്‍ ആ വിശേഷണം മറ്റാരെക്കാളുമേറെ ഇണങ്ങുക റിസബാവയ്ക്കായിരിക്കും. ഒരിക്കല്‍ ആ നടന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകിയത് ഇന്നലെ എന്ന പോലെ ഇന്നു ഞാനോര്‍ക്കുന്നു. റിസബാവ നമ്മെ വിട്ടുപിരിഞ്ഞ ഈ സന്ദര്‍ഭത്തില്‍ ഒരിക്കല്‍ കൂടി ഞാനതോര്‍ത്തു പോകുന്നു.

ഇന്‍ ഹരിഹര്‍ നഗര്‍ ഹിറ്റായി കത്തി നിലക്കുന്ന കാലം. ജോണ്‍ ഹോനായ് എന്ന വില്ലന്‍ കഥാപാത്രം റിസബാവ എന്ന നടനെ ചലച്ചിത്ര മേഖലയിലെ സജീവ ചര്‍ച്ചാകേന്ദ്രമാക്കി. വില്ലന്‍ ഒരു തരംഗമായ് മാറുന്ന അപൂര്‍വ്വ കാഴ്ച. ഇന്‍ ഹരിഹര്‍ നഗറിന്റെ നിര്‍മ്മാണത്തില്‍ ഞാനും ഒരു പങ്കാളിയായിരുന്നു. പടം ഒരു തരംഗമായപ്പോള്‍ ഇന്ത്യയിലെ മിക്കവാറും എല്ലാ ഭാഷകളിലും ഈ ചിത്രം റീമേക്ക് ചെയ്യാന്‍ നിര്‍മ്മാതാക്കള്‍ മുന്നോട്ട് വന്നു. കഥ വില്‍ക്കാനുള്ള Power of attorney സിദ്ധീക്- ലാല്‍ എന്റെ പേരിലായിരുന്നു എഴുതി വെച്ചിരുന്നത്. ഇക്കാരണത്താല്‍ കഥയ്ക്കായ് എന്നെയാണ് പലരും സമീപിച്ചിരുന്നത്.

ഹിന്ദി റീമേക്കിനുള്ള അവകാശം സ്വന്തമാക്കിയത്, നിര്‍മ്മാതാവ് ബപ്പയ്യയുടെ വമ്പന്‍ കമ്പനി… ഒറ്റ നിബന്ധന മാത്രം, ഞങ്ങള്‍ക്ക് വില്ലന്‍ റിസബാവ തന്നെ മതി. തെലുങ്കില്‍ ഹിറ്റ് മേക്കര്‍ നിര്‍മ്മാതാവ് ഗോപാല്‍ റെഡ്ഡി കഥക്ക് ഒപ്പം ആവശ്യപ്പെട്ടത്, ജോണ്‍ ഹോനായ് എന്ന റിസബാവയുടെ date കൂടിയായിരുന്നു. തമിഴില്‍ നമ്പര്‍ വണ്‍ നിര്‍മ്മാതാവ് സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ചൗധരി അടിവരയിട്ടു പറയുന്നു വില്ലന്‍ അതെയാള്‍ തന്നെ മതി. കന്നഡക്കാര്‍ക്കും വില്ലനായ് റിസബാവയെ തന്നെ വേണം… അഭിനയ ജീവതത്തില്‍ ഒരു നടനെ , തേടിയെത്തുന്ന അപൂര്‍വ്വ ഭാഗ്യം. പക്ഷേ നിര്‍ഭാഗ്യവശാല്‍ റിസബാവാ ഈ അവസരങ്ങള്‍ ഒന്നും സ്വീകരിച്ചില്ല. ഞാനായിരുന്നു അവര്‍ക്കൊക്കെ വേണ്ടി റിസബാവയുമായ് അന്നു സംസാരിച്ചിരുന്നത്. ഞാന്‍ നേരില്‍ കണ്ടു സംസാരിക്കാന്‍ മദിരാശിയില്‍ നിന്നും അദ്ദേഹത്തിന്റെ ഷൂട്ടിംഗ് സ്ഥലമായ പാലക്കാട്ടെത്തി. നിര്‍ഭാഗ്യം… അന്നെന്തു കൊണ്ടോ ആ കുടി കാഴ്ച നടന്നില്ല. റിസബാവയ്ക്കായ് വിവിധ ഭാഷകളില്‍ മാറ്റി വെച്ച ആ വേഷങ്ങളില്‍ മറ്റു പല നടന്മാരും മിന്നിത്തിളങ്ങി. കാലങ്ങള്‍ കഴിഞ്ഞ്, ഒരിക്കല്‍ ഞാന്‍ റിസബാവയോട് സ്‌നേഹപൂര്‍വ്വം അതേക്കുറിച്ച് ആരാഞ്ഞു. എത്ര വില പിടിച്ച അവസരങ്ങളാണ് അന്നു നഷ്ടപ്പെടുത്തിയതെന്ന് ഇപ്പോള്‍ തിരിച്ചറിയുന്നില്ലേ? ഒരു നിമിഷം റിസബാവ മൗനമായി നിന്നു.

അന്ന് ആ അവസരങ്ങള്‍ സ്വീകരിച്ചിരുന്നെങ്കില്‍… ഹിന്ദിയിലും തെലുങ്കിലും, തമിഴ് കന്നഡ തുടങ്ങിയ പല ഭാഷകളിലും എത്രയോ അവസങ്ങളള്‍ താങ്കളെ തേടി വന്നേനെ. ഒരു പക്ഷേ ഇന്‍ഡ്യയിലാകെ അറിയപ്പെടുന്ന ഒരു മികച്ച നടനാകാനുള്ള അവസരങ്ങളാണ് താങ്കള്‍ വേണ്ടന്ന് വെച്ചത്.. നനഞ്ഞ കണ്ണുകളോടെ റിസബാവ അന്ന് അത് എന്നോട് പറഞ്ഞു, ‘എന്റെ ഒപ്പം നടന്ന വിശ്വസ്ഥ സ്‌നേഹിതന്‍ എന്നെ വഴി തെറ്റിച്ചതാണിക്കാ…’ഒരു നിമിഷം ഞാനൊന്നു പകച്ചു. ‘നിന്നെക്കൊണ്ടു മാത്രമാണ് ഹരിഹര്‍ നഗര്‍ ഓടിയത് നീയില്ലങ്കില്‍ ആ സിനിമ ഒന്നുമല്ല…’ ഏതു ഭാഷയാണങ്കിലും വമ്പന്‍ നടന്മാരുടെ കൂടെ ഇനി അഭിനയിച്ചാല്‍ മതി, ആ അവസരങ്ങള്‍ ഇനിയും നിന്നെ തേടി വരും… ‘ ഞാനത് വിശ്വസിച്ചു പോയി ഇക്കാ’. ഏതവനാ അവന്‍, ഞാന്‍ ക്ഷോഭത്തോടെ ചോദിച്ചു. റിസബാവ തന്നെ വഴി തെറ്റിച്ച ആളാരാണെന്ന് എന്നോട് പറഞ്ഞു.
ആ പേരുകേട്ട് ഞാന്‍ ഞെട്ടിപ്പോയി. റിസബാവയെ വഴി തെറ്റിച്ച അയാള്‍ എന്റെ കൂടി സുഹൃത്തായ ഒരു മിമിക്രിക്കാരനായിരുന്നു. ഒരിക്കലും തിരികെ ലഭിക്കാതെ പോയ ആ അവസങ്ങള്‍ പോലെ- ഇനി ഒരിക്കലും തിരിയെ വരനാകാത്ത ലോകത്തേക്ക് പ്രിയപ്പെട്ട റിസബാവ മടങ്ങിക്കഴിഞ്ഞു.
ആദരാഞ്ജലികള്‍
ആലപ്പി അഷറഫ്

Continue Reading
You may also like...

More in Malayalam

Trending