Connect with us

ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ?; എന്നാൽ, കോടതി വിധി വന്നപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞത്‌ മമ്മൂട്ടി മാത്രം : വിനയന്‍ പറയുന്നു !

Malayalam

ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ?; എന്നാൽ, കോടതി വിധി വന്നപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞത്‌ മമ്മൂട്ടി മാത്രം : വിനയന്‍ പറയുന്നു !

ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ?; എന്നാൽ, കോടതി വിധി വന്നപ്പോള്‍ തെറ്റ് ഏറ്റുപറഞ്ഞത്‌ മമ്മൂട്ടി മാത്രം : വിനയന്‍ പറയുന്നു !

മലയാളത്തിന്‌റെ മഹാനടന് ഇന്ന് എഴുപതാം പിറന്നാളാണ്. മമ്മൂട്ടിയുടെ പിറന്നാൾ ദിനം ഏറെ ആഘോഷമാക്കിയിരിക്കുകയാണ് സോഷ്യൽ മീഡിയ. പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് നിരവധി പേരാണ് സമൂഹ മാധ്യമങ്ങളില്‍ എത്തുന്നത്. മമ്മൂക്കയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് കഴിഞ്ഞ ദിവസം മുതല്‍ സിനിമാലോകവും ആരാധകരും ഒരുപോലെ രംഗത്തെത്തിയിട്ടുണ്ട്.

മോഹന്‍ലാല്‍ ഉള്‍പ്പെടെയുളള താരങ്ങളെല്ലാം പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക് ആശംസകള്‍ അറിയിച്ചു. സിനിമയില്‍ അമ്പത് വര്‍ഷങ്ങള്‍ തികഞ്ഞതിന്റെ ആഘോഷങ്ങൾക്ക് പിന്നാലെയാണ് മെഗാസ്റ്റാറിന്‌റെ എഴുപതാം പിറന്നാളും വന്നത്.

അതേസമയം മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ വിനയൻ പങ്കിട്ട പോസ്റ്റും ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. മമ്മൂട്ടിയെ നായകനാക്കി രാക്ഷസരാജാവ്, ദാദാസാഹിബ് തുടങ്ങിയ സിനിമകള്‍ വിനയന്‍ സംവിധാനം ചെയ്തിട്ടുണ്ട്. കോടതിവിധി വന്നുകഴിഞ്ഞപ്പോള്‍ തന്നെ വിലക്കിയ നടപടി ശരിയായില്ലെന്ന് അമ്മയില്‍ പറയാന്‍ തയ്യാറായ വ്യക്തിയാണ് മമ്മൂട്ടിയെന്ന് വെളിപ്പെടുത്തുകയാണ് വിനയന്‍ തന്‌റെ പോസ്റ്റിലൂടെ…

സംവിധായകന്‌റെ വാക്കുകളിങ്ങനെ; “നിറയൗവ്വനത്തിന്റെ തിളക്കം…കാലം നമിക്കുന്ന പ്രതിഭാസത്തിന്..പ്രിയമുള്ള മമ്മുക്കയ്ക്ക് ഹൃദയം നിറഞ്ഞ പിറന്നാളാശംസകള്‍. തന്റെ നടന വൈഭവം കൊണ്ട് മനുഷ്യ മനസ്സുകളെ കീഴടക്കിയ അഭിനയ പ്രതിഭകള്‍ കേരളത്തിലും, ഇന്ത്യയിലും പലരുമുണ്ട്. പക്ഷേ സപ്തതി ആഘോഷ വേളയിലും. സിനിമയിലെ മാസ്സ് ഹീറോ ആയി നിലനില്‍ക്കാന്‍ കഴിയുക എന്നത് അത്ഭുതമാണ് അസാധാരണവുമാണ്.

ഞാന്‍ രണ്ടു സിനിമകളേ ശ്രീ മമ്മുട്ടിയേ വച്ചു ചെയ്തിട്ടുള്ളു. ദാദാസാഹിബും, രാക്ഷസ രാജാവും. ആ രണ്ടു സിനിമയും വളരെ എന്‍ജോയ് ചെയ്തു തന്നെയാണ് ഞങ്ങള്‍ ഷൂട്ടു ചെയ്തതും പുര്‍ത്തിയാക്കിയതും. ഷൂട്ടിംഗ് സെറ്റില്‍ ആക്ഷന്‍ പറയുമ്പോള്‍ പെട്ടെന്നു കഥാപാത്രമായി മാറുന്ന രീതിയല്ല ശ്രീ മമ്മുട്ടിയുടെത്. ദാദാസാഹിന്റെ സീനാണ് എടുക്കുന്നതെങ്കില്‍ രാവിലെ സെറ്റില്‍ എത്തുമ്പോള്‍ മുതല്‍ ആ കഥാപാത്രത്തിന്റെ ഗൗരവത്തിലായിരാക്കും അദ്ദേഹം പെരുമാറുക. തമാശ നിറഞ്ഞ കഥാപാത്രത്തെ ആണ് അവതരിപ്പിക്കുന്നതെങ്കില്‍ മമ്മുക്കയുടെ പെരുമാറ്റത്തിലും ആ നര്‍മ്മമുണ്ടാകാം.

രണ്ടു ചിത്രങ്ങളിലും അദ്ദേഹം തന്ന സ്‌നേഹവും സഹകരണവും നന്ദിയോടെ സ്മരിക്കുന്നു. മമ്മുട്ടിയും, മോഹന്‍ലാലും. ഈ രണ്ടു നടന്‍മാരും മലയാള സിനിമയുടെ വസന്തകാലത്തിന്റെ വക്താക്കളാണ്. മലയാള സിനിമാ ചരിത്രം സ്വര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തുന്ന അദ്ധ്യായങ്ങളാണ് അവരുടെത്. ഈ കൊച്ചു കേരളത്തിന്റെ സിനിമകള്‍ക്ക് ഇന്ത്യയിലെ മറ്റു ഭാഷാ സിനിമകള്‍ക്കിടയില്‍ ബഹുമാന്യത നേടിത്തന്നതിന്റെ ആദ്യ ചുവടുവയ്പുകള്‍ മമ്മുട്ടി എന്ന മഹാനടനില്‍ നിന്നായിരുന്നു എന്നു നിസ്സംശയം പറയാം. അതിനു ശേഷം സംഘടനാ പ്രശ്‌നമുണ്ടായപ്പോള്‍, ചില വ്യക്തികളുടെ അസൂയ മൂത്ത കള്ളക്കളികളില്‍ വീണുപോയ സംഘടനാ നേതാക്കള്‍ ഇനി മേലില്‍ വിനയനെക്കൊണ്ട് സിനിമ ചെയ്യിക്കില്ല എന്നു തീരുമാനിച്ചപ്പോള്‍ ആ നേതാക്കളുടെ കൂടെയായിരുന്നു പ്രിയമുള്ള മമ്മുക്ക നിന്നത് എന്നതൊരു സത്യമാണ്..

ഭീഷ്മ പിതാമഹന്‍ നീതിയുടെ ഭാഗത്തേ നില്‍ക്കുകയുള്ളു പിന്നെന്തേ ഇങ്ങനെ? എന്നു വേദനയോടെ ഞാന്‍ ചിന്തിച്ചിട്ടുണ്ട്. പക്ഷേ അതൊരു സംഘടനാ പ്രശ്‌നമായിരുന്നു. അതിന് അതിന്റെതായ രാഷ്ട്രീയമുണ്ടായിരുന്നു. എന്നു ഞാന്‍ ആശ്വസിച്ചു. അതായിരുന്നു യാഥാര്‍ത്ഥ്യവും. പക്ഷേ പിന്നീട് കാര്യങ്ങളുടെ സത്യാവസ്ഥ മനസ്സിലാക്കിയപ്പോള്‍. നുണക്കഥകളെ തള്ളിക്കൊണ്ട് സൂപ്രീം കോടതിയുടെ വിധി വന്നുകഴിഞ്ഞപ്പോള്‍.. അമ്മയുടെ ജനറല്‍ ബോഡിയില്‍ അന്ന് അമ്മയുടെ ജനറല്‍ സെക്രട്ടറി കൂടി ആയിരുന്ന ശ്രീ മമ്മുട്ടി തന്നെ പറഞ്ഞു. വിനയനെ വിലക്കിയതു ശരിയായില്ല.. ഇനി അങ്ങനെയുള്ള രീതി ഒരിക്കലും ഉണ്ടാകില്ല എന്ന്.

അതാണ് തുറന്ന മനസ്സുള്ള പച്ചയായ മനുഷ്യന്റെ സ്വഭാവം. ഞാനതിനെ അംഗീകരിക്കുന്നു. ആദരിക്കുന്നു. വാക്കുകള്‍ കൊണ്ടു വല്ലാതെ സുഖിപ്പിക്കുകയും അതിനപ്പുറം ആത്മാര്‍ത്ഥതയോ സ്‌നേഹമോ കണിക പോലുമില്ലാതെ ജീവിതം തന്നെ അഭിനയമാക്കി മാറ്റിയ ചില മലയാള സിനിമാ നടന്‍മാരെ അടുത്തറിയുന്ന ആളെന്ന നിലയില്‍ ഞാന്‍ പറയട്ടെ..വലിയ സ്‌നേഹമൊന്നും പ്രകടിപ്പിച്ചില്ലങ്കിലും ഉള്ളത് ഉള്ളതു പോലെ സത്യസന്ധമായി പറയുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന മമ്മുക്കയേ ഞാന്‍ ബഹുമാനിക്കുന്നു.

അതു മാത്രമല്ല.. നമ്മുടെ നാട്ടിലെ ദുരിതമനുഭവിക്കുന്ന നിരവധി ആത്മാക്കള്‍ക്ക് അവരുടെ വേദന അകറ്റാന്‍, അവരെ സഹായിക്കാന്‍..അങ്ങയുടെ നേതൃത്വത്തില്‍ നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനങ്ങളും ഈ നാടു മറക്കില്ല. പ്രിയ മമ്മൂക്ക… ഇനിയും പതിറ്റാണ്ടുകള്‍ ഈ സാംസ്‌കാരിക ഭൂമികയില്‍ നിറ സാന്നിദ്ധ്യമായി തിളങ്ങി നില്‍ക്കാന്‍ അങ്ങയ്കു കഴിയട്ടെ..ആശംസകള്‍… അഭിനന്ദനങ്ങള്‍, വിനയന്‍ കുറിച്ചു.

about vinayan

More in Malayalam

Trending