Malayalam
“ഈ വൃത്തികേട് കാണുന്ന പ്രേക്ഷകർ ഊളകൾ”; കുടുംബവിളക്ക് തിരക്കഥാകൃത്തിനെ പച്ചയ്ക്ക് വിമർശിച്ച് നടി രേവതി സമ്പത്ത് !
“ഈ വൃത്തികേട് കാണുന്ന പ്രേക്ഷകർ ഊളകൾ”; കുടുംബവിളക്ക് തിരക്കഥാകൃത്തിനെ പച്ചയ്ക്ക് വിമർശിച്ച് നടി രേവതി സമ്പത്ത് !
കഴിഞ്ഞ ആഴ്ചയാണ് സംസ്ഥാന ടെലിവിഷൻ അവാർഡ് പ്രഖ്യാപിക്കപ്പെട്ടത്. കലാമൂല്യമുള്ള പരമ്പരയില്ലാത്തതിനാൽ മികച്ച പരമ്പര എന്ന തലത്തിൽ ഒരു പരമ്പരയ്ക്കും അംഗീകാരം കിട്ടിയില്ല . സ്ത്രീകളെയും കുട്ടികളെയും സീരിയലുകളിലൂടെ മോശമായി ചിത്രീകരിക്കുന്നതിലെ ആശങ്കയും ജൂറി പങ്കുവെച്ചിരുന്നു. അതിനു പിന്നാലെ ടിആർപി റേറ്റിംഗിൽ മുൻപന്തിയിൽ നിൽക്കുന്ന പരമ്പരയായ കുടുംബവിളക്കിൻ്റെ സംവിധായകൻ പ്രതികരണവുമായി രംഗത്തെത്തിയതും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ സംവിധായകൻ്റെ പ്രതികരണത്തെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മലയാളി നടിയായ രേവതി സമ്പത്ത്.
ടെലിവിഷന്‍ വിനോദ പരിപാടികളില്‍ ഏറ്റവും ജനപ്രീതിയുള്ളത് സീരിയലുകള്‍ക്കാണെന്നും അവ കാണുന്ന ലക്ഷക്കണക്കിന് പ്രേക്ഷകര്‍ക്ക് നിലവാരമില്ലെന്നാണ് ജൂറി പറയുന്നതെന്നുമായിരുന്നു സംവിധായകൻ്റെ പ്രതികരണം. ഈ റിപ്പോർട്ടിൻ്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ടാണ് രേവതി തൻ്റെ വിമർശനം അറിയിച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെ രേവതി പങ്കുവച്ച വാക്കുകൾ ഇങ്ങനെ….,
ബംഗാളി സീരിയല്‍ ‘ശ്രീമൊയി’യില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിർമ്മിക്കുന്ന പരമ്പരയാണ് കുടുംബവിളക്ക്. എഴുത്തുകാരിയും പശ്ചിമബംഗാള്‍ വനിതാ കമ്മിഷന്‍ ചെയര്‍പേഴ്സണുമായ ലീന ഗംഗോപാധ്യായ് ആണ് ശ്രീമൊയിയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്. . ഇപ്പോഴും സംപ്രേഷണം തുടരുന്ന പരമ്പരയ്ക്ക് നിരവധി പ്രേക്ഷകരാണുള്ളത്. എന്നാല്‍ കേരളത്തിലെ പ്രേക്ഷകരുടെ അഭിരുചി പ്രകാരം മാറ്റങ്ങൾ വരുത്തിയാണ് കുടുംബവിളക്ക് സംപ്രേഷണം ചെയ്യുന്നതെന്നും കുടുംബവിളക്ക് സംവിധായകൻ അനിൽ ബാസ് പറഞ്ഞിരുന്നു.
ശ്രീമൊയി എന്ന പരമ്പരയുടെ അടിസ്ഥാനപരമായ ഒരു കഥയിലാണ് കുടുംബവിളക്ക് മുന്നേറുന്നത്. ആദ്യത്തെ നൂറ് എപ്പിസോഡുകളോളം ശ്രീമൊയിയെ പിന്തുടര്‍ന്നിരുന്നുവെന്നും ഇപ്പോൾ കുടുംബവിളക്ക് നാന്നൂറോളം എപ്പിസോഡുകൾ പിന്നിട്ടുകഴിഞ്ഞെന്നും തിരക്കഥാകൃത്ത് വ്യക്തമാക്കിയിരുന്നു.
അതോടൊപ്പം, അവാർഡ് ജൂറിയുടെ പരാമർശത്തെ കുറിച്ച് സംവിധായകൻ പ്രതികരിച്ചത് ഇങ്ങനെയായിരുന്നു. ‘നിലവാരമുള്ള സീരിയലുകളൊന്നും കണ്ടില്ലെന്നാണല്ലോ ജൂറിയുടെ പരാമർശം. പക്ഷേ ഈ ജൂറിയുടെ നിലവാരത്തിൻ്റെ തോത് പരിശോധിക്കേണ്ടതുണ്ട്. ലെന മുന്‍പ് സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്, അതല്ലാതെ ജൂറിയിലെ മറ്റാരും തന്നെ സീരിയലുമായി യാതൊരു ബന്ധവും ഇല്ലാത്തവരാണ്. അവര്‍ സീരിയലിനെ വിലയിരുത്തുന്നതെങ്ങനെയാണ്?.’
ജൂറി അംഗങ്ങള്‍ മോശമാണെന്ന അര്‍ഥത്തിലല്ല അവരുടെ നിലവാരത്തിൻ്റെ തോത് പരിശോധിക്കണമെന്ന് ഞാന്‍ പറഞ്ഞത്. അവര്‍ സിനിമയിലോ എഴുത്തിലോ വലിയ ആളുകള്‍ ആയിരിക്കുമെങ്കിലും സീരിയലിനെക്കുറിച്ച് അവര്‍ക്ക് ഒരു ധാരണയുമില്ല എന്നാണ് എനിക്ക് തോന്നുന്നത്. കാരണം ഇത് അവര്‍ പരിഹസിക്കുകയായിരുന്നില്ലേ? സീരിയല്‍ കാണുന്ന ലക്ഷോപലക്ഷം ജനങ്ങളുണ്ട്. അവർക്കൊക്കെ പ്രിയപ്പെട്ടതാണ് പരമ്പരകൾ.’
ടെലിവിഷനിലെ വിനോദപരിപാടികളില്‍ ഏറ്റവും കൂടുതല്‍ പ്രേക്ഷകരും കാണുന്നത് പരമ്പരകളാണ്. പ്രത്യേകിച്ച് മെഗാ സീരിയലുകളാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ടവ. സീരിയല്‍ കാണുന്നവരിൽ ഏറ്റവും കൂടുതല്‍ വീട്ടമ്മമാരാണ്. അത്രയും ആളുകളും മണ്ടന്മാരും വിവരമില്ലാത്തവുമാണെന്നല്ലേ ജൂറി പറഞ്ഞതിന്‍റെ അര്‍ഥം? അതായത് സീരിയലുകള്‍ കാണുന്ന ആളുകള്‍ക്ക് നിലവാരമില്ല എന്ന്. പക്ഷേ അവര്‍ക്ക് ഉള്ളതില്‍ കൊള്ളാവുന്നത് എന്ന നിലയില്‍ എന്തെങ്കിലും ഒന്ന് തെരഞ്ഞെടുക്കുകയെങ്കിലും ചെയ്യാമായിരുന്നു. അത് അവര്‍ ചെയ്യാൻ മനസ് കാട്ടിയില്ലെന്നും അനില്‍ ബാസ് പറഞ്ഞിരുന്നു.
ആവിഷ്‍കാര സ്വാതന്ത്ര്യത്തില്‍ പെടുന്ന ഒന്നല്ലേ കഥാപാത്രങ്ങളുടെ ചിത്രീകരണം? തെമ്മാടിയായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കണമെങ്കിലോ, സ്ത്രീകളെ ഉപദ്രവിക്കുന്ന ഒരു തെമ്മാടിയെ ആവിഷ്‍കരിക്കണമെങ്കിലോ, അത്തരം സീക്വന്‍സുകളും ഉള്‍പ്പെടുത്തിയേ തീരൂ. മറിച്ച് അയാളെ പുണ്യാളനായി അവതരിപ്പിക്കാന്‍ സാധിക്കുമോ?’ രാഷ്ട്രീയക്കാരെയും പൊലീസുകാരെയുമൊക്കെ നല്ലവരായും മോശക്കാരായും ചിത്രീകരിക്കാറില്ലേയെന്നും അനിൽ ബാസ് ചോദിച്ചു.
പേരുകേട്ട എഴുത്തുകാരുടെ എത്രയോ കഥകളും നോവലുകളുമൊക്കെ സീരിയലുകളായി വന്നിട്ടുണ്ട്. ജൂറി പറഞ്ഞത് സീരിയല്‍ മേഖലയോട് ഉള്ളില്‍ എന്തോ പ്രത്യേക വിരോധം ഉള്ളതുപോലെയുള്ള പരാമർശമായിരുന്നു. ഒരു അവാര്‍ഡ് ജൂറിയുടെ ജോലി എന്തെന്നാൽ മുന്നിൽ എത്തിയതില്‍ കൊള്ളാവുന്നത് ഏതാണെന്നു കണ്ടെത്തലാണ്. ജൂറി പറഞ്ഞത് കലാകാരന്മാര്‍ക്ക് ചേര്‍ന്ന അഭിപ്രായമേയല്ലെന്നും അനിൽ വിമർശിച്ചിരുന്നു.
ഇതിനോടുള്ള തൻ്റെ അഭിപ്രായ വ്യത്യാസം തുറന്ന് കാട്ടിയിരിക്കുകയാണ് നടി രേവതി. രേവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് ഇങ്ങനെയാണ്. ‘അങ്ങനെ തോന്നിയോ അനിൽ ബാസേ.. എന്നാൽ അങ്ങനെ തന്നെ ആകും…!! എന്ത്കൊണ്ട് കളിയാക്കികൂടാ? സീരിയലുകളോ അത് കാണുന്നതോ അല്ല പ്രശ്നം. ഇതുപോലുള്ള ടോക്സിസിറ്റികൾ ആഘോഷമാക്കി സീരിയൽ എന്ന പേരിൽ കലയെ കൊല ചെയ്യുന്ന, അങ്ങേയ്യറ്റം മനുഷ്യവിരുദ്ധത നോർമലൈസ് ചെയ്യാൻ ശ്രമിക്കുന്ന,സീരിയൽ എന്ന ആശയത്തിന് തന്നെ നാണക്കേടുണ്ടാക്കുന്ന നിങ്ങളടക്കമുള്ളവരുടെ ആ ശീലത്തിന് ഉചിതമായ തിരിച്ചടിയാണിതെന്ന് നിസ്സംശയം പറയാം . ഗംഭീരമായ തീരുമാനം, കണക്കായിപ്പോയി എന്നെ പറയാനുള്ളു. ഈ വൃത്തികേടുകൾ കാണുന്ന ആ ലക്ഷോപലക്ഷം ജനങ്ങൾ വെറും ഊളകൾ തന്നെ ആണ് മിഷ്ടർ..!!’എന്നവസാനിക്കുന്നു രേവതിയുടെ വാക്കുകൾ.
about revathy sampath