Connect with us

നെറികെട്ട ആർത്തികളുടെ പരക്കംപാച്ചിലുകളിൽ നിന്നും മാറി, നിർമമതയോടെ അയാൾ നടന്ന് നീങ്ങി, മറ്റുള്ളവർക്ക്‌ കീഴടക്കാൻ ഉയരങ്ങൾ കാട്ടിക്കൊടുത്തു, സഞ്ചാരപഥങ്ങൾ തുറന്നു കൊടുത്തു; പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

Malayalam

നെറികെട്ട ആർത്തികളുടെ പരക്കംപാച്ചിലുകളിൽ നിന്നും മാറി, നിർമമതയോടെ അയാൾ നടന്ന് നീങ്ങി, മറ്റുള്ളവർക്ക്‌ കീഴടക്കാൻ ഉയരങ്ങൾ കാട്ടിക്കൊടുത്തു, സഞ്ചാരപഥങ്ങൾ തുറന്നു കൊടുത്തു; പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

നെറികെട്ട ആർത്തികളുടെ പരക്കംപാച്ചിലുകളിൽ നിന്നും മാറി, നിർമമതയോടെ അയാൾ നടന്ന് നീങ്ങി, മറ്റുള്ളവർക്ക്‌ കീഴടക്കാൻ ഉയരങ്ങൾ കാട്ടിക്കൊടുത്തു, സഞ്ചാരപഥങ്ങൾ തുറന്നു കൊടുത്തു; പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ

ഹൃദയാഘാതത്തെത്തുടർന്ന് മലയാള സിനിമയിലെ ശ്രദ്ധേയനായ ചീഫ് അസോസിയേറ്റ് ഡയറക്ടർ പി കെ ജയകുമാർ കഴിഞ്ഞദിവസമാണ് അപ്രതീക്ഷിതമായി വിടപറഞ്ഞത്. അപ്രതീക്ഷിതമായ മരണം ഉണ്ടാക്കിയ ഞെട്ടലിൽ ആണ് അദ്ദേഹത്തിന്റെ സഹപ്രവർത്തകർ.

മോഹൻലാലിനെ നായകനാക്കി ബി ഉണ്ണിക്കഷ്ണൻ സംവിധാനം ചെയ്യുന്ന നെയ്യാറ്റിൻകര ഗോപൻ്റെ ആറാട്ടാണ് അവസാനം ജയകുമാർ പ്രവർത്തിച്ച സിനിമ. കഴിഞ്ഞ ഞായറാഴ്ചയായിരുന്നു ഈ ചിത്രത്തിൻ്റെ ഷൂട്ട് പൂർത്തിയാക്കിയത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ടവന്റെ ഓർമ്മയിൽ സംവിധായകൻ ബി ഉണ്ണികൃഷ്ണൻ പങ്കിട്ട ഒരു പോസ്റ്റാണ് വൈറലായി മാറുന്നത്

പോസ്റ്റിന്റെ പൂർണ്ണ രൂപം

ജയൻ പോയി, തികച്ചും അപ്രതീക്ഷിതമായി. ഒരു മരണവും എന്നെ ഇങ്ങനെ ഉലച്ചിട്ടില്ല. 2006-ൽ, ഞാൻ സംവിധായകനായ ആദ്യചിത്രം മുതൽ, അയാൾ എന്റെ അസോസിയേറ്റ്‌ ഡയറക്റ്റർ ആണ്‌. 2012- മുതൽ ചീഫ്‌ അസ്സോസിയേറ്റും. കഴിഞ്ഞ 15 വർഷങ്ങളായി എന്റെ ജീവിതത്തിന്റെ തന്നെ ഭാഗമാണയാൾ. എനിക്ക്‌ സുഹൃത്തായിരുന്നു, സഹോദരനായിരുന്നു, താങ്ങായിരുന്നു, തണലായിരുന്നു, ജയൻ. എനിക്ക്‌ വേണ്ടതെന്തെന്ന് വാക്കുകളുടെ തുണയില്ലാതെ അറിഞ്ഞിരുന്നയാളായിരുന്നു, ജയൻ.

എത്രയോ കാലമായി ഞാനയാളെ സ്വതന്ത്ര സംവിധായകനാവാൻ നിർബന്ധിക്കുന്നു. ചെറിയ ചിരിയോടെ അയാൾ പറയും, ” ആവാം സാർ, ധൃതിയില്ലല്ലോ.” അതെ, അയാൾക്ക്‌ ഒന്നിനും ധൃതിയില്ലായിരുന്നു. ആരോടും മത്സരമില്ലായിരുന്നു. നെറികെട്ട ആർത്തികളുടെ പരക്കംപാച്ചിലുകളിൽ നിന്നും മാറി, നിർമമതയോടെ അയാൾ നടന്ന് നീങ്ങി. മറ്റുള്ളവർക്ക്‌ കീഴടക്കാൻ ഉയരങ്ങൾ കാട്ടിക്കൊടുത്തു, സഞ്ചാരപഥങ്ങൾ തുറന്നു കൊടുത്തു. ജയൻ കൈപിടിച്ച്‌ എന്റെ അരികിലേക്ക്‌ കൊണ്ടുവന്നവരാണ്‌ എഡിറ്റർ ഷമീർ മുഹമ്മദും, ഗാനരചയിതാവ്‌ ഹരിനാരായണനുമൊക്കെ.

മാസങ്ങൾക്ക്‌ മുമ്പ്‌ ഷമീർ എന്നോട്‌ പറഞ്ഞു, ” ജയൻ ചേട്ടന്റെ ആദ്യസിനിമ ഞാനും ജോമോനും ( ജോമോൻ റ്റി ജോൺ) ചേർന്ന് പ്രൊഡ്യുസ്‌ ചെയ്യും, കേട്ടോ സാറെ” ഇന്നലെ രാത്രി ജയൻ എന്നെ വിളിച്ചു, ” സാർ ആദ്യ സിനിമ ഒരു ബയോപിക്കാണ്‌. എല്ലാം തീരുമാനിച്ചു.” അഭിനന്ദനം പറഞ്ഞ്‌ ഞാൻ സംസാരം അവസാനിപ്പിക്കും മുമ്പ്‌, അയാൾ എന്നോട്‌ ചോദിച്ചു, ” നമ്മൾ എപ്പൊഴാ അടുത്ത പടത്തിന്റെ വർക്ക്‌ തുടങ്ങുന്നേ?” സ്വന്തം സിനിമക്ക്‌ തയ്യാറെടുക്കുമ്പോഴും അയാൾക്ക്‌ എന്നെ വിട്ട്‌ പോകാൻ കഴിയുമായിരുന്നില്ല. ഇന്നലെ ഞാൻ കാർക്കശ്യത്തോടെ പറഞ്ഞു, ” ജയാ, ജയന്റെ സിനിമയ്ക്ക്‌ നല്ല ഹോംവർക്ക്‌ വേണം. അതിൽ ഫോക്കസ്‌ ചെയ്യ്‌. നമ്മുടെ പടത്തെക്കുറിച്ച്‌ പിന്നെ സംസാരിക്കാം.”

എന്നോട്‌ ആധികാരികത കലർന്ന ഇഴയടുപ്പം ഉണ്ടായിരുന്നു, അയാൾക്ക്‌. ഇന്ന് ഉച്ചക്ക്‌ ഷമീർ ഫോണിൽ പറഞ്ഞത്‌ കേട്ടപ്പോൾ എനിക്ക്‌ തോന്നി, എനിക്ക്‌ ചുറ്റും എല്ലാം നിലച്ചെന്ന്. ഒരു മഹാനിശബ്ദത, ഹിമപാളികൾ പോലെ വന്നെന്നെ മൂടി. ഞാൻ തീർത്തും ഒറ്റക്കായിപ്പോയി. ഒന്നിനും ധൃതികാണിക്കാത്ത എന്റെ ജയൻ ഏറ്റവും തിടുക്കത്തിൽ ഇവിടെ നിന്ന് പോയിക്കളഞ്ഞു. വലിയ സ്വപ്നങ്ങളൊന്നും ബാക്കിവെച്ചിട്ടല്ല, ജയൻ പോയത്‌. വെട്ടിപിടിക്കലുകൾ അയാളുടെ അജണ്ടയിൽ ഇല്ലായിരുന്നു. അയാൾ ശേഷിപ്പിച്ചത്‌ ഓർമ്മകളാണ്‌.

ഇപ്പോൾ എന്റെ മുറിയിൽ ഒറ്റക്കിരുന്ന് എനിക്ക്‌ ജയൻ എന്തായിരുന്നുവെന്ന് ഞാൻ അറിയുന്നു. അയാൾ എനിക്ക്‌ തന്ന സ്നേഹത്തിന്‌ ഉറച്ച മണ്ണിന്റെ പേശീബലമുണ്ടായിരുന്നു. അരയാലിന്റെ തണലുണ്ടായിരുന്നു. അമ്മയുടെ വിയർപ്പിന്റെ നിസ്വാർത്ഥതയുണ്ടായിരുന്നു. ചാവേറിന്റെ വീറും ബോധ്യവുമുണ്ടായിരുന്നു. പകരം ഞാൻ അയാൾക്ക്‌ എന്ത്‌ കൊടുത്തു എന്നെനിക്കറിയില്ല. പൂർണ്ണമായും ഇരുട്ട് മൂടിക്കഴിഞ്ഞ ജയന്റെ ബോധസ്ഥലികളിൽ ഞാൻ കൊടുത്തതെല്ലാം മറഞ്ഞ്‌ കിടപ്പുണ്ട്‌. എനിക്ക്‌ അത്‌ കണ്ടെത്താനാവില്ല. കാരണം, നീ എന്നെ നിന്നിൽ നിന്ന് പുറത്താക്കിയല്ലോ, ജയാ… നിനച്ചിരിക്കാതെ, ഏറെ തിടുക്കത്തിൽ.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top