Connect with us

“ദി കംപ്ലീറ്റ് ആക്ടർ” മോഹൻലാൽ ഓവർ റേറ്റഡ് ആണോ?; മലയാള സിനിമയുടെ തമ്പുരാന് പിറന്നാൾ ആശംസകൾ !

Malayalam

“ദി കംപ്ലീറ്റ് ആക്ടർ” മോഹൻലാൽ ഓവർ റേറ്റഡ് ആണോ?; മലയാള സിനിമയുടെ തമ്പുരാന് പിറന്നാൾ ആശംസകൾ !

“ദി കംപ്ലീറ്റ് ആക്ടർ” മോഹൻലാൽ ഓവർ റേറ്റഡ് ആണോ?; മലയാള സിനിമയുടെ തമ്പുരാന് പിറന്നാൾ ആശംസകൾ !

വില്ലനായി തുടക്കം. സഹനടനായി മുന്നേറ്റം. അങ്ങനങ്ങ് നാട്യ വിസ്മയമായി പടർന്നു പന്തലിച്ച് പ്രേക്ഷകരെ ഹരം കൊള്ളിച്ച ദി കൊമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ . മലയാളികൾ നെഞ്ചോട് ചേർത്ത് ലാലേട്ടനാക്കിയ മോഹൻലാലിൻറെ നടന പാതയിലെ വിജയത്തിന്റെ വേഗതയ്‍ക്ക് കാരണം സ്വതസിദ്ധമായ അഭിനയ ശൈലിയാണ്. ചമ്മിയും വിതുമ്പിയും ആക്ഷനിലൂടെയുമൊക്കെ മോഹൻലാല്‍ വലിയൊരു ആരാധക വൃന്ദത്തെയാണ് സൃഷ്ട്ടിച്ചത്.

അളന്നുമുറിച്ച ചിരികള്‍ കുറുമ്പൊടെ സമ്മാനിച്ച് ലാലേട്ടൻ കൂട്ടുകൂടിയപ്പോള്‍, താളത്തോടെയുള്ള സംഘട്ടന രംഗങ്ങളായിരുന്നു സൂപ്പര്‍താര പദവിയിലേക്ക് ഉയർത്തിയത് . സധൈര്യം ദി കംപ്ലീറ്റ് ആക്റ്റർ എന്ന വിശേഷണം കൊടുക്കാവുന്ന മലയാളത്തിന്റെ… സിനിമാ പ്രേമികളുടെ ലാലേട്ടന് 61 ആം ജന്മദിനമാണ് ഇന്ന്..

സോഷ്യൽ മീഡിയയിലെങ്ങും പല ഭാവങ്ങളിൽ ലാലേട്ടൻ ഇന്ന് നിറഞ്ഞ് നിൽക്കുന്നു . വിരലുകളും, നഖത്തുമ്പും, മുടിയിഴകളും വരെ അഭിനയിക്കുന്ന കംപ്ലീറ്റ് ആക്ടർ എന്ന് മോഹൻലാലിനെ ആൾക്കാർ കളിയാക്കി പുകഴ്ത്തുന്നത് വെറുതെയൊന്നുമല്ല. സാധാരണഗതിയിൽ ഒരു നടൻ അഭിനയിക്കുമ്പോൾ മുഖഭാവങ്ങൾ മാറാറുണ്ട് ശബ്ദ ക്രമീകരണം മാറാറുണ്ട്, അതിലുപരി കൈകളോ വിരലുകളോ പ്രത്യേകിച്ച് എന്താണ് ചെയ്യേണ്ടത് എന്നറിയാതെ ഇടാറാണ് പതിവ്. എന്നാൽ, മോഹൻലാലിനെ സംബന്ധിച്ചിടത്തോളം അത് അഭിനയത്തിന്റെ താളവുമായി അത്രമേൽ ലയിച്ചു പോകുന്നതായി അനുഭവപ്പെടാറുണ്ട്. അത് പലപ്പോഴും മന:പൂർവ്വമായൊരു ശ്രമമായി മാറുന്നില്ല, അല്ലെങ്കിൽ അങ്ങനെ തോന്നിക്കുന്നില്ല എന്നിടത്താണ് മോഹൻലാൽ മറ്റു നടന്മാരിൽ നിന്നും വ്യത്യസ്തമാകുന്നത്.

മറവിബാധിച്ചിട്ടില്ലാത്ത ലാലേട്ടന്റെ ഒരുപിടി കഥാപാത്രങ്ങളിലൂടെയും കഥയിലൂടെയും നമുക്കൊന്ന് പോയിവരാം.. ഇതൊരു കടുംകൈയാണ്. കാരണം മാറ്റിനിർത്തപ്പെടാനാകാത്ത നൂറോളം സിനിമകളുള്ളപ്പോൾ അതിൽ നിന്നും അഞ്ചോ ആറോ എടുക്കുക എന്നത് ശ്രമകരമാണ്. എങ്കിലും ഒരു ശ്രമിക്കാം..

“രാജുമോന്‍ ഒരിക്കലെന്നോട് ചോദിച്ചു, അങ്കിളിന്‍റെ ഫാദര്‍ ആരാണെന്ന്. ഞാന്‍ പറഞ്ഞു ഒരു രാജാവാണെന്ന്. കിരീടവും ചെങ്കോലും സിംഹാസനവുമെല്ലാമുള്ള രാജാവ്. പിന്നീട് അവന്‍ എന്നെ കളിയാക്കി വിളിച്ചു – പ്രിന്‍സ്. അതെ, അണ്ടര്‍വേള്‍ഡ് പ്രിന്‍സ്. അധോലോകങ്ങളുടെ രാജകുമാരന്‍”- തിയറ്ററുകളില്‍ ആരാധകര്‍ ആഘോഷമാക്കിയ ഒരു ഡയലോഗ് ആയിരുന്നു ഇത്. മോഹൻലാല്‍ ആ ഡയലോഗ് പറഞ്ഞപ്പോള്‍ മലയാള സിനിമയില്‍ ഒരു പുതിയ സൂപ്പര്‍ സ്റ്റാര്‍ ജനിക്കുകയായിരുന്നു.

മനസ്സില്‍ കുറ്റബോധം തോന്നിത്തുടങ്ങിയാല്‍ പിന്നെ ചെയ്യുന്നതെല്ലാം യാന്ത്രികമായിരിക്കും എന്ന് മറ്റൊരു ഡയലോഗ്. അലര്‍ച്ചകളുടേതായിരുന്നില്ല, പതിഞ്ഞ താളത്തോടെ, ഭാവത്തെ ഉച്ചസ്ഥായിലേക്ക് എത്തിച്ച ഡയലോഗുകള്‍. ഷെയ്‍ഡ് നെഗറ്റീവെങ്കിലും നായകനായി നിറഞ്ഞ അധോലോക നായകനായിരുന്നു രാജാവിന്റെ മകനില്‍ മോഹൻലാല്‍. തോക്കെടുത്തും അല്ലാതെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തു. 1986ല്‍ ആണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

കണ്ടുതീർന്നത് സിനിമയായിരുന്നോ കഥകളിയായിരുന്നോ ജീവിതമായിരുന്നോ എന്ന് വേർതിരിച്ചു പറയാനാകാത്ത ഒരനുഭവമാണ് വാനപ്രസ്ഥം. കഥകളി ആസ്വാദനം ശീലിച്ചിട്ടുള്ളവർക്ക് കൂടുതൽ തീവ്രമായ സംവേദനം സാധ്യമാകുമ്പോഴും സാധാരണക്കാരനായ പ്രേക്ഷകനോടും സിനിമ സംവദിക്കുന്നുണ്ട്. രഘുനാഥ് പലേരിയും ഷാജി. എൻ. കരുണും ചേർന്നെഴുതിയ തിരക്കഥയിൽ ഷാജി എൻ കരുൺ സംവിധാനം ചെയ്ത ഇന്തോ- ഫ്രഞ്ച് മനശ്ശാസ്ത്ര സിനിമയായിരുന്നു അത്. അതിൽ മോഹൻലാൽ അഭിനയിക്കുകയായിരുന്നില്ല. കഥകളി വേഷത്തിൽ പകർന്നാടുകയായിരുന്നു. കഥകളി നടൻ കുഞ്ഞിക്കുട്ടനായി മോഹൻലാൽ ഭാവാഭിനയത്തിന്റെ പുതിയ തലങ്ങൾ കാഴ്ച വെച്ചപ്പോൾ ഏറ്റവും നല്ല നടനെന്നുള്ള ദേശീയ പുരസ്‌കാരം ഒരിക്കൽ കൂടി മലയാളത്തിലെത്തി.

ആടിന്റെ ചങ്കിലെ ചോര കുടിക്കുന്ന ആടുതോമ. മോഹൻലാലിന്റെ ആക്ഷൻ സിനിമകളുടെ ചരിത്രത്തിലെ മറ്റൊരു തിളക്കം. സിനിമയില്‍ ആടുതോമയുടെ മുണ്ടുപറിച്ചടി എന്നൊരു പ്രയോഗം തന്നെയുണ്ട് . താളത്തോടെയുള്ള മോഹൻലാലിന്റെ ആക്ഷൻ രംഗങ്ങള്‍ സ്‍ഫടികം എന്ന സിനിമയ്‍ക്ക് മാറ്റേകി. 1995ല്‍ പ്രദര്‍ശനത്തിന് എത്തിയ ചിത്രത്തിന്റെ തിരക്കഥ ഡോ. ജി രാജേന്ദ്രബാബുവിന്റെതാണ്. സംവിധാനം ചെയ്‍തത് ഭദ്രനും.

എതിര്‍പ്പുള്ളവര്‍ തല്ലിതോല്‍പ്പിക്കുക- മുള്ളൻകൊല്ലിയിലെ വേലായുധന്റെ നിയമമാണ്. വേലായുധൻ ഒരു കമ്പ് കുത്തി നിര്‍ത്തിയാല്‍ അത് മറികടക്കാൻ ആ നാട്ടില്‍ ആര്‍ക്കും അനുവാദമില്ല. ആരെങ്കിലും ശ്രമിച്ചാല്‍ തല്ലിത്തോല്‍പ്പിക്കണം. വേലായുധനെ തല്ലിത്തോല്‍പ്പിക്കാൻ പോന്നവര്‍ ആ ഗ്രാമത്തില്‍ ആരുമില്ലതാനും. നരൻ എന്ന സിനിമയിലാണ് മോഹൻലാല്‍ വേലായുധനായി എത്തിയത്. അന്ന് മോഹൻലാല്‍ കുറച്ചധികം തടിച്ച ശരീരപ്രകൃതിയിലായിരുന്നു. പക്ഷേ അതൊന്നും മെയ്‌വഴക്കത്തോടെ ആക്ഷൻ രംഗങ്ങൾ അവതരിപ്പിക്കാൻ തടസമായിരുന്നില്ല. 2005ല്‍ റിലീസ് ആയ ചിത്രം മെഗാ ഹിറ്റായിരുന്നു. രഞ്‍ജൻ പ്രമോദിന്റെ തിരക്കഥയില്‍ ജോഷിയായിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

പുലിമുരുകൻ. മലയാള സിനിമയുടെ ചരിത്രത്തിലെ തിളക്കമേറിയ അധ്യായം. പുലിയാണ് എതിര്‍സ്ഥാനത്ത് വരുന്നത്. പക്ഷേ കാടിന്റെ നീതിയെ വെല്ലുവിളിക്കുന്ന വില്ലനും ചിത്രത്തിലുണ്ട്. പുലിക്കെതിരെയും ഡാഡി ഗിരിജ എന്ന വില്ലനെതിരെയും മുരുകൻ നടത്തുന്ന പോരാട്ടവും അതിന്റെ വിജയവുമാണ് പുലിമുരുകൻ പറഞ്ഞത്. കരിയറില്‍ നിന്ന് വേറിട്ട തരത്തിലുള്ള ആക്ഷനായിരുന്നു ചിത്രത്തില്‍ മോഹൻലാലിന്.

പ്രായത്തിന്റെ വകവയ്‍ക്കാതെ ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ മോഹൻലാല്‍ പുലിമുരുകനായി ആക്ഷൻ രംഗങ്ങളില്‍ തിളങ്ങി. മലയാളത്തില്‍ ആദ്യമായി നൂറുകോടി സ്വന്തമാക്കിയ ചിത്രമെന്ന് ഖ്യാതിയും സ്വന്തമാക്കി. ചിത്രത്തിൻറെ കൊളക്ഷൻ 150 കോടിയാണെന്നാണ് റിപ്പോർട്ടുകൾ . ഉദയ്‍ കൃഷ്‍ണയുടെ തിരക്കഥയില്‍ വൈശാഖ് ആയിരുന്നു ചിത്രം സംവിധാനം ചെയ്‍തത്.

പറയാൻ ഇനിയും അധികമുണ്ട്.. ജയകൃഷ്ണനും സണ്ണിയും അക്കോസോട്ടോയും എല്ലാം അഭ്രപാളിയിൽ നിറഞ്ഞാടുമ്പോൾ മോഹൻലാൽ ഓവർറേറ്റഡാണ് എന്നത് തീർത്തും ഒബ്ജക്ടീവായ ഒരു സ്റ്റേറ്റ്മെന്റായി ഒതുങ്ങും. മോഹൻലാൽ ഓവർറേറ്റഡല്ല; റേറ്റ് ചെയ്യപ്പെടാനുള്ള ഒരു സ്കെയിലുകൊണ്ടും അളക്കപ്പെടാവുന്ന ഒന്നുമല്ല. അതൊരനുഭൂതിയാണ്; അളവുകളും, അളവുകോലുകളുമില്ലാത്ത അനുഭൂതി…..സാധാരണക്കാരന്റെ ഭാഷയിൽ ചങ്കും ചങ്കിടിപ്പുമാണ് ലാലേട്ടൻ .
ഇന്ത്യൻ സിനിമയുടെ നടന വിസ്മയത്തിന്, മലയാളികളുടെ പ്രിയങ്കരനായ ലാലേട്ടന് ജന്മദിനാശംസകൾ.

about The Complete Actor Mohanlal

More in Malayalam

Trending

Recent

To Top