Connect with us

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് വിനായകന്‍ ; സെന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദി’!

Malayalam

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് വിനായകന്‍ ; സെന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദി’!

മുഖ്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് വിനായകന്‍ ; സെന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദി’!

രണ്ടാം പിണറായി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ഈ മാസം 20ന് മൂന്നര മണിക്ക് തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് മുഖ്യമന്ത്രി ഇന്നലെ പത്രസമ്മേളനത്തില്‍ അറിയിച്ചിരുന്നു. നിരവധി പേരാണ് ചടങ്ങുകളെ വിമർശിച്ച് രംഗത്തെത്തിയത്.

അതേസമയം, സന്‍ട്രല്‍ സ്റ്റേഡിയമല്ല, ജനങ്ങളുടെ മനസാണ് സത്യപ്രതിജ്ഞ വേദി എന്ന് മുഖ്യമന്ത്രി പറയുകയുണ്ടായി. മുഖ്യമന്ത്രിയുടെ വാക്കുകളെ നിരവധി സിനിമാ താരങ്ങൾ പങ്കുവെക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ നടന്‍ വിനായകന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുകയാണ്.

500 പേരെ ഉള്‍പ്പെടുത്തി സത്യപ്രതിജ്ഞ നടത്തുന്നതിന് എതിര്‍പ്പ് ഉയരവെയാണ് വിനായകന്‍ മുഖ്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ചിരിക്കുന്നത്. നിരവധി രാഷ്ട്രീയ നേതാക്കളും, സാമൂഹിക പ്രവര്‍ത്തകരും, സിനിമ താരങ്ങളും സംഭവത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ച് കഴിഞ്ഞു. എന്നാല്‍ വിനായകന്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് താരത്തിന്റെ പോസ്റ്റില്‍ നിന്നും വ്യക്തമല്ല.

സത്യപ്രതിജ്ഞ ചടങ്ങിനെ കുറിച്ച് മുഖ്യമന്ത്രി പറഞ്ഞ വാക്കുകൾ….

പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ഇരുപതാം തീയതി വ്യാഴാഴ്ച പകല്‍ മൂന്നര മണിക്ക് നടക്കും. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ ഒരുക്കുന്ന പൊതുവേദിയില്‍ വെച്ചായിരിക്കും മുഖ്യമന്ത്രിയും മന്ത്രിമാരും ബഹുമാനപ്പെട്ട കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ മുമ്പാകെ സത്യപ്രതിജ്ഞ ചൊല്ലി അധികാരമേല്‍ക്കുക.

ജനാധിപത്യത്തില്‍ ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ടവരുടെ സത്യപ്രതിജ്ഞ അവരെ തെരഞ്ഞെടുത്ത ജനങ്ങളുടെ മധ്യത്തില്‍, ജനങ്ങളുടെ ആഘോഷത്തിമിര്‍പ്പിനിടയില്‍ തന്നെയാണ് നടക്കേണ്ടത്. അതാണ് ജനാധിപത്യത്തില്‍ കീഴ് വഴക്കവും. എന്നാല്‍, നിര്‍ഭാഗ്യവശാല്‍, കോവിഡ് മഹാമാരിയുടെയും പ്രകൃതിക്ഷോഭ ദുരന്തത്തിന്റെയും പശ്ചാത്തലത്തില്‍ ജനമധ്യത്തില്‍ ആഘോഷത്തിമിര്‍പ്പോടെ നടത്താനാവില്ല. അതുകൊണ്ടാണ് പരിമിതമായ വിധത്തില്‍, ചുരുങ്ങിയ തോതില്‍ ചടങ്ങ് നടത്തുന്നത്.

അമ്പതിനായിരത്തിലേറെ പേര്‍ക്ക് ഇരിക്കാവുന്ന ഇടമാണ് സെന്‍ട്രല്‍ സ്റ്റേഡിയം. എന്നാല്‍, ഇതിന്റെ നൂറിലൊന്നുപേരുടെ മാത്രം, അതായത് ഏകദേശം അഞ്ഞൂറുപേരുടെ മാത്രം സാന്നിധ്യത്തിലാണ് ഇക്കുറി സത്യപ്രതിജ്ഞാ ചടങ്ങ് നടത്തുന്നത്. അഞ്ചുകൊല്ലം മുമ്പ് ഇതേ വേദിയില്‍ നാല്‍പതിനായിരത്തിലധികം പേരുടെ സാന്നിധ്യത്തില്‍ നടത്തിയ പരിപാടിയാണ് ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ ഇങ്ങനെ ചുരുക്കുന്നത്.

അഞ്ഞൂറുപേര്‍ എന്നത്, ഇത്തരമൊരു കാര്യത്തിന് വലിയ സംഖ്യയല്ല. 140 നിയമസഭാ സാമാജികരുണ്ട്. 29 എംപിമാരുണ്ട്. പാര്‍ലമെന്ററി പാര്‍ടി യോഗമാണ് സത്യപ്രതിജ്ഞ ചെയ്യേണ്ടത് ആരൊക്കെയെന്ന് നിശ്ചയിക്കുന്നത്. ആ പാര്‍ലമെന്ററി പാര്‍ടി അംഗങ്ങളെ, അതായത് എംഎല്‍എമാരെ ഒഴിവാക്കുന്നത് ജനാധിപത്യത്തില്‍ ഉചിതമല്ല.

ജനാധിപത്യ വ്യവസ്ഥയുടെ അടിത്തൂണുകളാണ് ലെജിസ്ലേച്ചര്‍, എക്സിക്യൂട്ട്, ജുഡീഷ്യറി എന്നിവ. ജനാധിപത്യത്തെ മാനിക്കുന്ന ഒരാള്‍ക്കും ഇവ മൂന്നിനെയും ഒഴിവാക്കാനാവില്ല. ഇവയാകെ ഉള്‍പ്പെട്ടാലെ ജനാധിപത്യം പുലരൂ. ഈ സാഹചര്യത്തിലാണ് ബഹുമാനപ്പെട്ട ന്യായാധിപന്‍മാരെയും അനിവാര്യരായ ഉദ്യോഗസ്ഥരെയും ക്ഷണിച്ചിട്ടുള്ളത്. ജനാധിപത്യത്തിന്റെ നാലാം തൂണാണല്ലോ മാധ്യമരംഗം.

അവരെയും ഒഴിവാക്കാനാവില്ല. ഇതും ക്രമീകരിക്കും. തങ്ങള്‍ തെരഞ്ഞെടുത്തയച്ചവര്‍ സത്യപ്രതിജ്ഞ ചെയ്യുന്നത് കാണാനും അറിയാനും ജനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ സഫലമാകുന്നത് മാധ്യമപ്രവര്‍ത്തകര്‍ വഴിയാണല്ലോ. ഇങ്ങനെ നോക്കുമ്പോള്‍ 500 എന്നത് മൂന്ന് കോടിയോളം ജനങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കുന്ന പ്രാരംഭഘട്ടത്തിലെ ചടങ്ങില്‍ അധികമല്ല എന്നാണ് കാണുന്നത്.
അസാധാരണ സാഹചര്യത്തില്‍ അസാധാരണ നടപടിയെന്ന നിലയിലാണ് സംഖ്യ ഇങ്ങനെ ചുരുക്കിയിട്ടുള്ളത്. ഇതുള്‍ക്കൊള്ളാതെ ഇതിനെ മറ്റൊരു വിധത്തില്‍ അവതരിപ്പിക്കാന്‍ ആരും തയ്യാറാകരുതെന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്.

21 മന്ത്രിമാരുണ്ട്. ഗവര്‍ണറുണ്ട്. ചീഫ് സെക്രട്ടറിയുണ്ട്. രാജ്ഭവനിലെയും സെക്രട്ടറിയേറ്റിലെയും ഒഴിച്ചുനിര്‍ത്താനാവാത്തതും സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കുള്ളതുമായ ഉദ്യോഗസ്ഥരുണ്ട്. ഇവരാകെ അടച്ചുകെട്ടിയ ഒരു ഹാളില്‍ ദീര്‍ഘസമയം ചെലവഴിച്ചു സത്യപ്രതിജ്ഞ നടത്തുന്നത് ഒഴിവാക്കാനാണ് ആലോചിച്ചത്.

ഇതു കൂടി കണക്കിലെടുത്താണ് സ്റ്റേഡിയത്തിലാക്കുന്നത്. സ്റ്റേഡിയത്തില്‍ എന്നു പറഞ്ഞാല്‍ തുറസ്സായ സ്ഥലം, സാമൂഹ്യ അകലം, വായുസഞ്ചാരം, ഒഴിവാക്കാനാവാത്തവരുടെ മാത്രം സാന്നിധ്യം തുടങ്ങിയവയാല്‍ ആകും സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങ് ശ്രദ്ധിക്കപ്പെടുക. ഭരണഘടനാ പദവി വഹിക്കുന്നവര്‍, പ്രോട്ടോകോള്‍ പ്രകാരം അനിവാര്യമായവര്‍, സമൂഹത്തിലെ വിവിധ ധാരകളുടെ പ്രതിനിധികള്‍ തുടങ്ങി നിര്‍ബന്ധമായും പങ്കെടുക്കേണ്ടവര്‍ മാത്രമാണ് ഉണ്ടാവുക.

ജനലക്ഷങ്ങളോടായി ഒരു കാര്യം പറയട്ടെ. സെന്‍ട്രല്‍ സ്റ്റേഡിയമല്ല, സത്യത്തില്‍ ഞങ്ങളെ സംബന്ധിച്ചിടത്തോളം കേരള ജനതയിലെ ഒരോരുത്തരുടേയും മനസ്സാണ് സത്യപ്രതിജ്ഞാ വേദി. കോവിഡ് പ്രോട്ടോകോള്‍ പാലിക്കേണ്ടിവരുന്നതുകൊണ്ടാണ് ജനങ്ങളുടെ അതിവിപുലമായ സാന്നിധ്യത്തെ നിയന്ത്രിച്ച് നിര്‍ത്തേണ്ടിവരുന്നത്. ഈ പരിമിതിയില്ലായിരുന്നുവെങ്കില്‍ കേരളമാകെ സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്ക് ഇരമ്പിയെത്തുമായിരുന്നെന്ന് ഞങ്ങള്‍ക്കറിയാം.

ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ചരിത്ര വിജയം സമ്മാനിച്ചുകൊണ്ട്, ഈ രണ്ടാമൂഴം ചരിത്രത്തില്‍ ആദ്യമെന്നവണ്ണം സാധ്യമാക്കിയവരാണ് നിങ്ങള്‍. തുടങ്ങിവച്ചതും ഏറെ മുന്നോട്ടുകൊണ്ടുപോയതുമായ ക്ഷേമ, വികസന നടപടികള്‍ ആവേശപൂര്‍വ്വം തുടരണമെന്ന് വിധിയെഴുതിയവരാണ് നിങ്ങള്‍. നിങ്ങള്‍ ഒരോരുത്തരും ഞങ്ങളുടെ മനസ്സുകളിലുണ്ട്. അതിനപ്പുറമല്ലല്ലോ ഒരു സ്റ്റേഡിയവും.

കോവിഡ് മഹാമാരിമൂലം നിയുക്ത ജനപ്രതിനിധികള്‍ക്ക് ജനങ്ങളുടെ ഇടയിലേക്ക് തിരിച്ച് ചെന്ന് നന്ദി പറയാന്‍ പോലും കഴിഞ്ഞിട്ടില്ല. ജനങ്ങള്‍ക്കാവട്ടെ ഇവിടേക്ക് വരുന്നതിന് മഹാമാരിമൂലം തടസ്സമുണ്ടാകുകയും ചെയ്തു. ഈ സാഹചര്യത്തിന്റെ പ്രത്യേകതമൂലം വരാന്‍ ആഗ്രഹിച്ചിട്ടും വരാന്‍ കഴിയാത്ത ജനതയെ ഹൃദയം കൊണ്ട് അഭിവാദ്യം ചെയ്യുന്നു. ജനങ്ങള്‍ തെരഞ്ഞെടുത്ത ജനകീയ മന്ത്രിസഭ അധികാരമേല്‍ക്കുമ്പോള്‍ അത് അതിഗംഭീരമായി തന്നെ ആഘോഷിക്കാന്‍ ജനങ്ങള്‍ക്ക് അവകാശമുണ്ട്. ആ അവകാശത്തെ ആരും തടയില്ല.

ഈ മഹാമാരി മാറും. അധികം വൈകാതെ അതിന്റെ തീവ്രത കുറയും. അതു കുറയുന്ന മുറയ്ക്ക് രണ്ടാമൂഴത്തിന്റെ ആവേശവും ആഹ്ളാദവും നാം ഒരുമിച്ച് നിന്ന് ആഘോഷിക്കുക തന്നെ ചെയ്യും. രോഗാതുരതയുടെ കാര്‍മേഘമെല്ലാം അകന്നുപോകുകയും സുഖസന്തോഷങ്ങളുടെ സൂര്യപ്രകാശം തെളിയുകയും ചെയ്യും. ആ നല്ല കാലത്തിന്റെ പുലര്‍ച്ചയ്ക്കു വേണ്ടി നാം ചെയ്യുന്ന വിട്ടുവീഴ്ചകളാണ് ഇന്നത്തെ അസൗകര്യങ്ങള്‍.

സത്യപ്രതിജ്ഞ അല്‍പ്പം ഒന്ന് വൈകിച്ചതുപോലും ജനാഭിലാഷം പൂര്‍ണ്ണമായും പ്രതിഫലിപ്പിക്കുന്ന വിധത്തിലുള്ള സത്യപ്രതിജ്ഞാ ചടങ്ങിന് അവസരം ഉണ്ടാകുമോ എന്ന് നോക്കാനാണ്. കഴിയുന്നത്ര ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് അവര്‍ക്കാകെ തൃപ്തി വരുന്ന വിധത്തില്‍ ചടങ്ങ് നടത്താമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍, ഭരണഘടനാപരമായ ഉത്തരവാദിത്തം അനിശ്ചിതമായി വൈകിപ്പിക്കാനാവില്ലല്ലോ. അതുകൊണ്ട് പരിമിതികള്‍ക്കു വിധേയമായി ചടങ്ങ് നടത്തേണ്ടിവരും.

നാട്ടില്‍ ഉള്ളവര്‍ മുതല്‍ പ്രവാസി സഹോദരങ്ങള്‍ വരെ ആവേശപൂര്‍വ്വം കാത്തിരിക്കുകയാണ് സത്യപ്രതിജ്ഞാ ചടങ്ങെന്നറിയാം. ചടങ്ങ് കാണാനായി മാത്രം കടല്‍ കടന്ന് ഇവിടേക്ക് വരാന്‍ കാത്തിരുന്ന നൂറുകണക്കിന് ആളുകളുണ്ട്. ശാരീരിക വൈഷമ്യങ്ങളും രോഗാവസ്ഥയും പോലും മറന്ന് കേരളത്തിന്റെ തന്നെ വിദൂര ദിക്കുകളില്‍ നിന്ന് തിരുവനന്തപുരത്തേക്ക് എത്താന്‍ നിശ്ചയിച്ചിരുന്നവരുണ്ട്.

അവരൊക്കെ അവരുടെ ജയമായി തന്നെയാണ് ഇതിനെ കാണുന്നത്. അവരുടെയൊക്കെ ആത്മാര്‍ത്ഥമായ സ്നേഹത്തിന് വാക്കുകള്‍ കൊണ്ട് നന്ദി പറഞ്ഞ് തീര്‍ക്കാനാവില്ല. നേരിട്ടുവന്ന് പങ്കെടുത്ത പോലെ കരുതണമെന്നും ദൃശ്യമാധ്യമങ്ങളിലൂടെ സത്യപ്രതിജ്ഞാ ചടങ്ങ് കാണണമെന്നും അങ്ങനെ കാണുമ്പോഴും നേരിട്ട് കണ്ടതായി തന്നെ കരുതണമെന്നും അഭ്യര്‍ത്ഥിക്കട്ടെ.

നിങ്ങളുടെ കരുതല്‍ ശരിയാണ്. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയില്‍ അകമഴിഞ്ഞ് ആഹ്ലാദിക്കുന്ന വലിയ വിഭാഗം നാട്ടിലും പുറത്തുമുണ്ട്. രക്തസാക്ഷി കുടുംബങ്ങള്‍ മുതല്‍ ഈ വിജയം ഉറപ്പിക്കാനായി നിസ്വാര്‍ത്ഥമായി അഹോരാത്രം പണിപ്പെട്ടവര്‍ വരെ. ജനാധിപത്യവും മതനിരപേക്ഷതയുമൊക്കെ ഈ നാട്ടില്‍ എക്കാലവും പുലരണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍.

ക്ഷേമത്തിന്റെയും വികസനത്തിന്റെയും പാതയിലൂടെ കേരളം എന്നും പുരോഗമിക്കണമെന്ന് ആഗ്രഹിക്കുന്നവരാണവര്‍. ഒരുപാട് സഹിച്ചവരുണ്ട്. കടുത്ത യാതനാനുഭവങ്ങളിലൂടെ കടന്നുപോയവരുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ജീവന്‍ പോലും തൃണവത്ഗണിച്ച് സ്വയം അര്‍പ്പിച്ചവരുണ്ട്. എല്ലാവരോടുമായി പറയട്ടെ. സ്ഥിതിഗതികള്‍ മാറുമ്പോള്‍ ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കേരള ജനതയ്ക്കാകെയുമുണ്ടായ ഈ വിജയം നമുക്ക് ഒരുമിച്ച് വിപുലമായ തോതില്‍ ആഘോഷിക്കാനാവും.

പ്രധാനപ്പെട്ട മറ്റൊരു കാര്യം കൂടി അറിയിക്കട്ടെ. കോവിഡ് 19 വ്യാപന പശ്ചാത്തലത്തില്‍ ചടങ്ങിലേക്ക്, ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമായിരിക്കും പ്രവേശനം. പങ്കെടുക്കുന്നവര്‍ ഉച്ചയ്ക്ക് 2.45ന് മുമ്പായി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതും 48 മണിക്കൂറിനകം എടുത്തിട്ടുള്ള ആര്‍ടിപിസിആര്‍, ട്രൂനാറ്റ്, ആര്‍ടി ലാമ്പ് നെഗറ്റീവ് റിസള്‍ട്ടോ, ആന്റിജന്‍ നെഗറ്റീവ്/ രണ്ട് ഡോസ് കോവിഡ് വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ കൈവശം വെക്കേണ്ടതുണ്ട്. നിയുക്ത എല്‍എല്‍എമാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റിനുള്ള സൗകര്യം എംഎല്‍എ ഹോസ്റ്റലിലും സെക്രട്ടറിയേറ്റ് അനക്സ് 1ലും എര്‍പ്പെടുത്തിയിട്ടുണ്ട്.

സെക്രട്ടറിയേറ്റ് അനക്സ് 1, പ്രസ്സ് ക്ലബ് എന്നിവയ്ക്കു എതിര്‍വശത്തുള്ള ഗേറ്റുകള്‍ വഴിയാണ് സ്റ്റേഡിയത്തിലേക്കുള്ള പ്രവേശനം. ക്ഷണക്കത്തിനോടൊപ്പം ഗേറ്റ്പാസും വെച്ചിട്ടുണ്ട്. കാര്‍ പാര്‍ക്കിങ് സൗകര്യം സെക്രട്ടറിയേറ്റ് മെയിന്‍ കാമ്പസ്, സെക്രട്ടറിയേറ്റ് അനക്സ് 2, കേരള യൂണിവേഴ്സിറ്റി കാമ്പസ് എന്നിവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവര്‍ ചടങ്ങില്‍ ഉടനീളം നിര്‍ബന്ധമായും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതും കോവിഡ് 19 പ്രോട്ടോകോള്‍ കര്‍ശനമായി പാലിക്കേണ്ടതുമാണ്. പ്രത്യേക കാര്‍ പാസുള്ളവര്‍ക്ക് മറ്റു പാസുകള്‍ ആവശ്യമില്ല.

about vinayakan

More in Malayalam

Trending

Recent

To Top