Malayalam
സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തി വീണ്ടും കൊവിഡ്; നിരവധി സിനിമകളുടെ ഷൂട്ട് നിര്‍ത്തി; പ്രവര്‍ത്തകര്‍ പ്രതിസന്ധിയില്‍!
സിനിമാ ലോകത്തെ കീഴ്‌പ്പെടുത്തി വീണ്ടും കൊവിഡ്; നിരവധി സിനിമകളുടെ ഷൂട്ട് നിര്‍ത്തി; പ്രവര്‍ത്തകര്‍ പ്രതിസന്ധിയില്‍!
ലോകത്താകമാനം പ്രതിസന്ധി സൃഷ്ട്ടിച്ച കൊവിഡ് വീണ്ടും സംസ്ഥാനത്ത് ശക്തിപ്രാപിച്ചിരിക്കുകയാണ്. കേരളത്തിൽ കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ സിനിമ മേഖല വീണ്ടും പ്രതിസന്ധിയിലേക്ക്. സൂപ്പര്‍ താരങ്ങളുടെതടക്കം നിരവധി ചിത്രങ്ങളുടെ ഷൂട്ടിങ്ങാണ് നിര്‍ത്തി വെച്ചത്. ഇതോടെ സിനിമ പ്രവര്‍ത്തകര്‍ വീണ്ടും ബുദ്ധിമുട്ടിലായിരിക്കുകയാണ്.
കൊവിഡിന്റെ ആദ്യ വരവില്‍ സിനിമകളുടെ ചിത്രീകരണവും പ്രവര്‍ത്തനങ്ങളും പൂര്‍ണ്ണമായും നിലച്ച അവസ്ഥയായിരുന്നു . വീണ്ടും ഷൂട്ടിങ്ങും, റിലീസുകളും ആരംഭിച്ചപ്പോഴേക്കും കൊവിഡ് വീണ്ടും വില്ലനായി എത്തിയിരിക്കുകയാണ്.
മോഹന്‍ലാലിന്റെ ബറോസ്, ടൊവിനോയുടെ മിന്നല്‍ മുരളി തുടങ്ങിയ ചിത്രങ്ങളുടെ ഷൂട്ട് നിര്‍ത്തി വെച്ചിരിക്കുകയാണ്. ടൊവിനോക്ക് കൊവിഡ് സ്ഥിരീകരിച്ചതിനാല്‍ മിന്നല്‍ മുരളിയുടെ ചിത്രീകരണം നേരത്തെ നിര്‍ത്തുകയായിരുന്നു.
നവോദയ സ്റ്റുഡിയോയില്‍ ബറോസിന്റെ സെറ്റ് വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. അതിന് ശേഷം ഷൂട്ടിങ്ങ് തുടങ്ങാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. സ്റ്റുഡിയോയില്‍ നിന്നുള്ള ഷൂട്ടിങ്ങ് ആയതിനാല്‍ ജനക്കൂട്ടം ഒഴിവാക്കാന്‍ സാധിക്കുമെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.
ജിസ് ജോയി സംവിധാനം നിർവഹിക്കുന്ന സിനിമയുടെ ഷൂട്ട് എറണാകുളത്ത് ആരംഭിച്ചു. ഒരു ഫ്‌ലാറ്റിനുള്ളില്‍ മാത്രം ചിത്രീകരണം നടത്തുന്നതിനാല്‍ കൂടുതല്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയില്ലെന്നാണ് പ്രതീക്ഷിക്കുന്നത്. രണ്ട് ദിവസം മുമ്പ് ഷാജി കൈലാസ് ചിത്രമായ കടുവയുടെ ചിത്രീകരണം മുണ്ടക്കയത്ത് വെച്ച് ആരംഭിച്ചിരുന്നു. ഇതിന് പുറമെ നിലവില്‍ റിലീസ് പ്രഖ്യാപിച്ച മരക്കാര്‍, മാലിക് എന്നീ ചിത്രങ്ങളുടെയും റിലീസ് മാറ്റാന്‍ സാധ്യതയുണ്ട്. നിലവില്‍ ഷൂട്ടിങ്ങ് പൂര്‍ത്തിയായ ചിത്രങ്ങളുടെ ഡബ്ബിങ്ങ് പരിപാടികള്‍ പുരോഗമിക്കുകയാണ്.
അതേസമയം സംസ്ഥാനത്തെ തിയറ്ററുകള്‍ അടക്കുന്നില്ലെന്നാണ് ഇന്നലെ ചേര്‍ന്ന ഫിയോക്കിന്റെ യോഗത്തില്‍ തീരുമാനമായത്. കൊവിഡിന്റെ ആദ്യ വരവില്‍ തിയറ്റര്‍ അടച്ചപ്പോള്‍ സര്‍ക്കാരില്‍ നിന്നും പ്രതീക്ഷിച്ച ആനുകൂല്യങ്ങള്‍ കിട്ടാത്തതിനാലാണ് ഉടമകള്‍ക്ക് തിയറ്റര്‍ അടച്ചുപൂട്ടാന്‍ നിലവില്‍ ബുദ്ധിമുട്ടുള്ളത് എന്നാണ് സൂചന. യോഗത്തില്‍ വ്യത്യസ്ത അഭിപ്രായം വന്ന സാഹചര്യത്തിലാണ് സംഘടന തിയറ്റര്‍ അടക്കാന്‍ നിര്‍ബന്ധിക്കില്ലെന്ന് അറിയിച്ചത്.
പക്ഷെ പ്രവര്‍ത്തിക്കുന്ന തിയറ്ററുകള്‍ മാനദണ്ഡങ്ങള്‍ പാലിക്കണം. ഏഴരക്ക് ഉള്ളില്‍ പ്രദര്‍ശനം അവസാനിപ്പിക്കണം. നിയമം പാലിക്കാതിരുന്നാല്‍ ഉണ്ടാവുന്ന നിയമ നടപടിയില്‍ സംഘടന ഇടപെടില്ലെന്നും യോഗത്തില്‍ തീരുമാനമായി.
about malayalam film industry