Connect with us

‘ബാലന്റെ ‘ മധുരപ്രതികാരമാണ് ; പി ബാലചന്ദ്രന്റെ ഓർമയിൽ അനു പാപ്പച്ചൻ

Malayalam

‘ബാലന്റെ ‘ മധുരപ്രതികാരമാണ് ; പി ബാലചന്ദ്രന്റെ ഓർമയിൽ അനു പാപ്പച്ചൻ

‘ബാലന്റെ ‘ മധുരപ്രതികാരമാണ് ; പി ബാലചന്ദ്രന്റെ ഓർമയിൽ അനു പാപ്പച്ചൻ

പ്രമുഖ നടനും തിരക്കഥാകൃത്തും സംവിധായകനുമായ പി ബാലചന്ദ്രൻ അന്തരിച്ചു. വൈക്കത്തെ വസതിയില്‍ ഇന്ന് പുലര്‍ച്ചയായിരുന്നു അന്ത്യം. ദീര്‍ഘനാളായി രോഗബാധിതനായിരുന്നു . പി ബാലചന്ദ്രനെക്കുറിച്ചുള്ള ഓർമ പങ്കുവെച്ച് കവിയത്രിയും അധ്യാപികയുമായ അനു പാപ്പച്ചൻ. പ്രശസ്ത നടൻ എന്ന അനുശോചനക്കുറിപ്പുകൾ വായിക്കുമ്പോൾ ഒരു’പാവം ഉസ്മാനെ ‘ കൂടി ‘ഓർത്തു പോകുന്നുവെന്ന് അനു പാപ്പച്ചൻ പറയുന്നു. സിനിമയ്ക്ക് മുന്നും പിന്നും ഒരു ബാലചന്ദ്രൻ ഉണ്ടെന്നും നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ എന്നിങ്ങനെ നിരവധി മേഖലകളിൽ അദ്ദേഹം ഉണ്ടായിരുന്നുവെന്നും അനു തന്റെ കുറിപ്പിൽ പറയുന്നു.

അനു പാപ്പച്ചന്റെ വാക്കുകൾ

അത്രയും പ്രിയപ്പെട്ടവനാണ്. നമ്മുടെയെല്ലാം പഠിപ്പിന്റെ ഭാഗമല്ല, ജീവിതത്തിന്റെ ഭാഗം തന്നെയായിരുന്നു ബാലേട്ടൻ. ക്ലാസ് മുറിയിൽ ബാലേട്ടൻ എന്നു സ്വാതന്ത്ര്യത്തോടെ വിളിക്കാവുന്ന മാഷായി. കൂട്ടുകാരനായി, നാടകക്കാരനായി, സഹയാത്രികനായി.. നമ്മുടെ ഓരോ മുന്നോട്ടു പോക്കിലും കൂടെയുണ്ടായി. കൂട്ടായ്മകളിലും പ്രണയത്തിലും നമ്മുടെ കുഞ്ഞുങ്ങളുടെ ചിരികളിലും സന്തോഷത്തോടെ ഒച്ചവച്ചുച്ചേർന്നു നിന്നു.

പ്രായ ലിംഗ ജോലി ഭേദമെന്യേ എല്ലാരുടെയും ചുമലിൽ കയ്യെത്തിച്ചു നടന്നു ആ കുഞ്ഞു മനുഷ്യൻ. ക്ലാസിലിരുന്നവർ മാത്രമല്ല, ഒരിക്കൽ പരിചയപ്പെട്ടവർ പോലും അദ്ദേഹത്തിന്റെ കൂട്ടുകാരായി, ശിഷ്യരായി, ബാലേട്ടൻ എന്ന് വിളിച്ചു സ്നേഹം പറ്റി… വലിപ്പം ഈ ലാളിത്യമെന്ന് വാക്കിലും നോക്കിലും നടപ്പിലുമെല്ലാം കാണിച്ചു തന്നു.

കല ജീവിതം തന്നെയെന്ന യാഥാർഥ്യമാണ് ബാലേട്ടൻ. അതിൽ എല്ലാവരെയും കൊരുത്തിട്ടു.ലെറ്റേഴ്സിലെ നാടകക്കളരികളിൽ നാടകം മാത്രമല്ലല്ലോ നമ്മൾ പഠിച്ചും കളിച്ചും പോന്നത്. ജി.ശങ്കരപ്പിള്ളയുടെ കളരിയിൽ തെളിഞ്ഞ ശിഷ്യന് തന്റെ ശിഷ്യക്കൂട്ടത്തെ എങ്ങനെയെല്ലാം പറത്തി വിടണമെന്നറിയാമായിരുന്നു. സ്വജീവിതത്തിലെ സങ്കടകഥകൾ പോലും അസാദ്ധ്യമായ നർമ്മത്തോടെ പങ്കുവയ്ക്കുമ്പോൾ, മനുഷ്യപ്പറ്റും സഹജീവി പരിഗണനകളും പ്രതിരോധവും സമരവും ജീവിത പാഠങ്ങളാണെന്ന് ബോധ്യപ്പെടുത്തി.

പ്രശസ്ത നടൻ എന്ന അനുശോചനക്കുറിപ്പുകൾ വായിക്കുമ്പോൾ ഒരു’പാവം ഉസ്മാനെ ‘ കൂടി ‘ഓർത്തു പോകുന്നു. സിനിമക്കു മുന്നും പിന്നും ഒരു ബാലേട്ടനുണ്ട്.നാടക രചയിതാവ്, അധ്യാപകൻ, അഭിനേതാവ്, നിരൂപകൻ, സിനിമാ- നാടക സംവിധായകൻ തുടങ്ങിയ ഒട്ടേറെ നിലകൾ.മലയാള നാടകവേദിയുടെ ചരിത്രത്തിൽ മറക്കരുതാത്ത ഒരു പേരാണ് ബാലേട്ടന്റേത്. പാവം ഉസ്മാൻ, മായാസീതാങ്കം, കല്യാണ സൗഗന്ധികം, മാറാമറയാട്ടം, മകുടി എന്നീ നാടകരചനകൾ …ഏകാകി, മധ്യവേനൽ പ്രണയരാവ്, ഗുഡ് വുമൻ ഓഫ് സെറ്റ്സ്വാൻ തുടങ്ങി സംവിധാനം ചെയ്ത നാടകങ്ങൾ …

പുനരധിവാസവും കമ്മട്ടിപ്പാടവു മുൾപ്പെടെയുള്ള തിരക്കഥകൾ, ഉള്ളടക്കവും പവിത്രവും അഗ്നിദേവനുമൊക്കെയായി ജനപ്രിയ സിനിമയുടെ കൂട്ടങ്ങൾ വേറെ.(ഏതു വിമർശനത്തിലും ഇരു കൈയ്യും ചെവിയും തുറന്നു വക്കും ബാലേട്ടൻ ) മഹാകവി പി. കുഞ്ഞിരാമൻ നായരുടെ ജീവിതത്തെ ആസ്‌പദമാക്കി തിരക്കഥയും സംവിധാനവും ചെയ്ത ഇവൻ മേഘരൂപൻ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്കാരം സ്വന്തമാക്കി.അന്നയും റസൂലും ട്രിവാൻഡ്രം ലോഡ്ജും ഒക്കെ പണ്ട് അഭിനയിക്കാനുള്ള മോഹവും ആവേശവും കൊണ്ടു നടന്ന ‘ബാലന്റെ ‘ മധുരപ്രതികാരമാണ്.

നാടകം കൊടുത്ത ടിപ്പുകൾ ,ശരീരചലനങ്ങളിലും, മാനറിസങ്ങളിലും കൺനോട്ടത്തിലും സൂക്ഷ്മതകൾ സൃഷ്ടിക്കുന്ന ഗംഭീര നടനെ തന്നെ സൃഷ്ടിച്ചു. ബാലേട്ടന്റെ ഏതൊരു ചെറിയ കഥാപാത്രവും പെട്ടെന്ന് ഓർത്തെടുക്കാനാവുന്നതങ്ങനെയാണ്. ഓർക്കാനെത്ര… ബാലേട്ട.. അതിനെങ്ങും പോകുന്നില്ലല്ലോ….

“കൊച്ചുകഴ് വേറിടെ മക്കളെ
തേരാ പാരാ നടക്കാതെ
വല്ല പുല്ലും പറിച്ച് രാഷ്ട്ര പുനർനിർമ്മാണത്തിൽ
പങ്കാളികളാവടൈ..”സ്നേഹം.

about p balachandran

More in Malayalam

Trending

Recent

To Top