Malayalam
അനുഭവത്താളിലൂടെ പി ബാലചന്ദ്രൻ! വിടപറഞ്ഞത് മലയാളികളുടെ ‘ബാലൻസ്ലോവിസ്കി’!
അനുഭവത്താളിലൂടെ പി ബാലചന്ദ്രൻ! വിടപറഞ്ഞത് മലയാളികളുടെ ‘ബാലൻസ്ലോവിസ്കി’!
മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും ഒരുപോലെ വിലപ്പെട്ട കലാകാരൻ. എന്താണ് കല എന്ന ചോദ്യത്തിന് ലിയോ ടോൾസ്റ്റോയിയുടെ വാട്ട് ഈസ് ആര്ട്ട് വായിക്കുന്ന പ്രതീതിയിൽ മറുപടി പറഞ്ഞിട്ടുള്ള കലാകാരൻ, നടൻ എന്ന നിലയിൽ വെള്ളിത്തിരയിലും നാടക വേദികളിലും ജീവിച്ചു കാണിച്ചുതന്ന കലാകാരൻ, പി ബാലചന്ദ്രൻ.
വിശേഷണങ്ങൾ അവസാനിക്കുന്നില്ലങ്കിലും ആ കലാ ജീവിതത്തിന് തിരശീല വീണിരിക്കുകയാണ്. മലയാള സിനിമാ നാടക ലോകത്തിന്റെ തീരാ നഷ്ടമായി കാലം അടയാളപ്പെടുത്തുന്ന പേരാകും പി ബാലചന്ദ്രൻ. അസുഖ ബാധിതനായി ദീർഘനാളായി കിടപ്പിലായിരുന്നു . ഇന്ന് പുലർച്ചെയോടെയാണ് മരണം സംഭവിച്ചത്.
കൊല്ലം ജില്ലയിലെ ശാസ്താം കോട്ടയില്‍ പദ്മനാഭപിള്ളയുടെയും സരസ്വതിഭായിയുടെയും മകനായി ജനനം. ഭാര്യ ശ്രീലത, മക്കൾ ശ്രീകാന്ത് ചന്ദ്രൻ പാർവതി ചന്ദ്രൻ.
ചലച്ചിത്ര കഥ-തിരക്കഥാകൃത്ത് എന്ന നിലയില്‍ ശ്രദ്ധേയനായ പി ബാലചന്ദ്രൻ ഇവന്‍ മേഘരൂപന്‍ എന്ന സിനിമയിലൂടെ ചലച്ചിത്രസംവിധാനത്തിലെത്തുന്നത് . കേരള സര്‍വ്വകലാശാലയില്‍ നിന്ന് മലയാളത്തില്‍ ബിരുദാനന്തരബിരുദവും, അധ്യാപന രംഗത്തെ ബി.എഡ് ബിരുദവും ഒപ്പം തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ നിന്ന് സംവിധാനം ഐച്ഛികമായി നാടക-തീയറ്റര്‍ കലയില്‍ ബിരുദവുമെടുത്തു.
സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ കുറച്ചു കാലം അദ്ധ്യാപകന്‍ ആയിരുന്നു.സ്‌കൂള്‍ ഓഫ് ഡ്രാമയുടെ റെപെര്‍ടറി തിയേറ്റര്‍ ആയ ‘കള്‍ട്’ല്‍ പ്രവര്‍ത്തിച്ചു. ”മകുടി” എന്ന ഏകാഭിനയ ശേഖരം, പാവം ഉസ്മാന്‍ ,മായാസീതങ്കം ,നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി,ലഗോ,തീയറ്റര്‍ തെറാപ്പി,ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.
ഉള്ളടക്കം, അങ്കിൾ ബൺ, പവിത്രം, തച്ചോളി വർഗ്ഗീസ് ചേകവർ, വേണുനാഗവള്ളിക്കൊപ്പം അഗ്നിദേവൻ , മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയും സംഭാഷണവുമെഴുതി.
തിരക്കഥയൊരുക്കിയ ‘പുനരധിവാസ’ത്തിലെ (2000) അച്ഛന്‍ വേഷത്തിലൂടെയാണ് ബിഗ് സ്ക്രീനില്‍ നടനായി ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ഇവര്‍, ബ്യൂട്ടിഫുള്‍, ട്രിവാന്‍ഡ്രം ലോഡ്‍ജ്, അന്നയും റസൂലും, നത്തോലി ഒരു ചെറിയ മീനല്ല, കടല്‍ കടന്നൊരു മാത്തുക്കുട്ടി, ചാര്‍ലി, കമ്മട്ടിപ്പാടം, ഈട തുടങ്ങി നാല്‍പതോളം സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു.
വളരെ സൗഹാർദ്ദത്തോടെ തന്നെ സിനിമയിലും നാടകത്തിലുമുൾപ്പെടെ തന്‍റെ പ്രവര്‍ത്തനമേഖലകളിലൊക്കെ വിവിധ തലമുറകള്‍ക്കൊപ്പം പ്രവര്‍ത്തിച്ചയാളായിരുന്നു പി ബാലചന്ദ്രന്‍. ‘ബാലേട്ടന്‍’ എന്ന വിളിയില്‍ പുതുതലമുറയിലെ സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനു നല്‍കിയ സ്നേഹബഹുമാനങ്ങളുടെ മുദ്ര ഉണ്ടായിരുന്നു.
1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് നേടി. മികച്ച നാടക രചനക്കുള്ള 2009ല്‍ കേരള സംഗീത അക്കാദമി അവാര്‍ഡും ബാലചന്ദ്രനെ തേടിയെത്തിയിരുന്നു.
പിന്നിട്ട വഴികൾ ഇതൊക്കെയെങ്കിലും പകർന്നുതന്ന കലകൾ കല്ലിൽ കൊത്തിയപോലെ മലയാളി മനസ്സിൽ പതിഞ്ഞവയാണ്. ജീവിതം ഈ നിമിഷത്തിൽ ആണെന്ന് വിശ്വസിച്ച ഓരോ നിമിഷവും സന്തോഷവാനായി ഇരിക്കാൻ ആഗ്രഹിച്ച പി ബാലചന്ദ്രൻ കലയെ കുറിച്ച് പറഞ്ഞിട്ടുള്ള വാക്കുകൾ പകരം വെക്കാൻ കഴിയാത്തതാണ്
“കല… എല്ലാം പറയലല്ല കല…അത് ഒരു നിശബ്ദത ഉണ്ടാക്കുകയോ എല്ലാം പറയാതിരിക്കുകയോ.. ചില സൂചനകൾ മാത്രം തരികയോ ചെയ്യലാണ് കല. പ്രേക്ഷകന്റെ ഉൾക്കരുത്തിന്റെ പ്രത്യേകത അനുസരിച്ചിട്ട്, അവന്റെ ഭാവുകത്വമനുസരിച് കലയെ ഓരോരുത്തർക്കും അവനവന്റെ ഉള്ളിൽ വ്യാഖ്യാനിക്കാനും അവനിഷ്ടമുള്ള രീതിയിൽ അതിന്റെ ഭാവനയെ വികസിപ്പിച്ചെടുക്കാനുമുള്ള സാധ്യത കൊടുക്കുന്ന അടയാളമാണ് കല.” ഇതായിരുന്നു പി ബാലചന്ദ്രൻ പറഞ്ഞ എന്താണ് കല എന്നതിന്റെ ഉത്തരം .
കാലം അടയാളപ്പെടുത്തുന്ന വിയോഗമാണ് പി ബാലചന്ദ്രന്റെ മരണം.
about p balachandran