Connect with us

മമ്മൂട്ടിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ച് മുരളി ഗോപി

Malayalam

മമ്മൂട്ടിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ച് മുരളി ഗോപി

മമ്മൂട്ടിയെക്കുറിച്ചുള്ള വ്യത്യസ്തമായ അഭിപ്രായം പങ്കുവച്ച് മുരളി ഗോപി

മെഗാ സ്റ്റാർ മമ്മൂട്ടിയിലെ അഭിനേതാവിന്റെ പല ഭാവങ്ങളും വര്‍ഷങ്ങളായി തിരശീലയിൽ കണ്ട് മനസ്സ് നിറഞ്ഞവരാണ് മലയാളികള്‍. മലയാളം കടന്നു ഇന്ത്യയിലെ മറ്റു ഭാഷകളിലും സാന്നിദ്ധ്യമറിയിച്ച മഹാ നടന്‍. പകരം വെക്കാനില്ലാത്ത വ്യക്തിത്വവും വ്യത്യസ്തമായ പെരുമാറ്റ ശൈലിയും കൊണ്ട് സിനിമാ മേഖലയിൽ നിന്ന് തന്നെ നിരവധി പ്രശംസകൾ എത്തുവാങ്ങിയിട്ടുണ്ട്.

കരിയറിന്റെ തുടക്കത്തില്‍ തന്നെ ഭാഷയിലും, ഉച്ചാരണത്തിലും, ഡയലോഗ് ഡെലിവറിയിലുമെല്ലാം നല്‍കിയ അതീവശ്രദ്ധയാണ്, അല്ലെങ്കില്‍ അത് കൂടിയാണ് മമ്മൂട്ടി എന്ന നടന് മലയാളി മനസ്സില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തത്.

‘വണ്‍’ എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്ക്കൊപ്പം അഭിനയിക്കുന്ന നടനും എഴുത്തുകാരനുമായ മുരളി ഗോപിയും ചിത്രത്തെക്കുറിച്ചുള്ള ഒരു അഭിമുഖത്തില്‍ മമ്മൂട്ടി ഭാഷ കൈകാര്യം ചെയ്യുന്ന രീതി എടുത്തു പറയുകയുണ്ടായി.

‘ഭാഷ, എഴുതുന്ന വാക്ക്, ഭാഷയുടെ പ്രകാശനം, അതിന്റെ പോസസ് (Pauses), അതിന്റെ നുവാന്‍സിംഗ് (Nuancing) … അതേറ്റവും നന്നായിട്ട് സ്ക്രീനില്‍ കൊണ്ട് വരുന്ന ചുരുക്കം ചില അഭിനേതാക്കളില്‍ ഒരാളാണ് മമ്മൂട്ടി സാര്‍. അപ്പോള്‍, ഒരു എഴുത്തുകാരന്‍ എന്ന നിലയില്‍ അതാണ്‌ ഞാന്‍ പറയുന്നത്, റൈറ്ററിന്റെ ഒരു ഡ്രീം ആണ് അങ്ങനെയുള്ളവര്‍. ഭാഷയുടെ ആത്മാവ് മനസ്സിലാക്കി, പെര്‍ഫോം ചെയ്യുന്ന അഭിനേതാക്കള്‍ എന്ന് പറയുന്നത്, ‘ ഒരു പ്രമുഖ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മുരളി ഗോപി പറഞ്ഞു.

പൃഥ്വിരാജിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി എത്തുന്ന ‘എമ്പുരാന്‍’ എന്ന ചിത്രത്തിന് ശേഷം താന്‍ എഴുതുന്ന തിരക്കഥയില്‍ മമ്മൂട്ടി നായകനാകും എന്നും മുരളി ഗോപി അറിയിച്ചു.

മറ്റൊരു അഭിമുഖത്തിൽ മുരളി ഗോപി തന്റെ സിനിമയ്ക്ക് കിട്ടുന്ന പ്രതികരണങ്ങളെ കുറിച്ചും പറഞ്ഞിരുന്നു. ചെയ്ത പല സിനിമകളും തിയേറ്ററില്‍ വിജയം നേടാതിരിക്കുകയും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവ നല്ലതായിരുന്നു എന്ന് ആരെങ്കിലും പറഞ്ഞ് കേള്‍ക്കുമ്പോള്‍ വിഷമം തോന്നിയിട്ടുണ്ടെന്നും മുരളി ഗോപി പറയുകയുണ്ടായി. മുരളിഗോപിയുടെ തിരക്കഥകളെ പൊതുവിൽ കാലം അംഗീകരിക്കാൻ കാലതാമസം എടുക്കാറുണ്ട്.

എന്റെ സിനിമ തീയറ്ററില്‍ തന്നെ വിജയിക്കണം എന്നു ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. ടിയാന്‍, കമ്മാര സംഭവം പോലുള്ള സിനിമകള്‍ റീലിസ് ചെയ്തു രണ്ടു വര്‍ഷമൊക്കെ കഴിഞ്ഞ്, അത് ഭയങ്കര രസമുള്ള ആശയമായിരുന്നു, ഉഗ്രന്‍ ചിന്തയായിരുന്നു എന്നു കേള്‍ക്കുമ്പോള്‍ നിരാശ തോന്നും. കാരണം, ഞാന്‍ തിയേറ്ററുകള്‍ക്കു വേണ്ടിയാണ് സിനിമ എടുക്കുന്നത്. അവിടെ അതു ഹിറ്റാകണം.

കാലത്തിനു മുന്നേ സഞ്ചരിച്ച സിനിമ എന്നൊക്കെ ചിലര്‍ പറയും. അങ്ങനെ പറയുന്ന സുഹൃത്തുക്കളോട് ഞാന്‍ പറയും, എനിക്ക് കാലത്തിന് മുന്നേ സഞ്ചരിക്കണ്ട. എന്റെ കാലത്തില്‍ നിങ്ങള്‍ അതു കണ്ടിട്ട് കൊള്ളാമെന്ന് പറയാന്‍ കഴിയുമെങ്കില്‍ അതു ചെയ്യുക. അല്ലാതെ അത് തിയേറ്ററില്‍ നിന്നും പോയിട്ട് പിന്നെ രണ്ട് കൊല്ലം കഴിഞ്ഞിട്ട് ഇപ്പോള്‍ നല്ല സിനിമയാണെന്ന് പറയുന്നത് എന്റെ പരാജയമായിട്ടാണ് ഞാന്‍ കാണുന്നത്.

ലൂസിഫറില്‍ ഞാന്‍ ട്രൈ ചെയ്തത് മാസ് എന്റര്‍ടെയ്‌നര്‍ സിനിമ തന്നെയാണ്. അതാണ് രാജു (പൃഥ്വിരാജ്) റിലേറ്റ് ചെയ്തതും. അതു തന്നെയാണ് ആ സിനിമയുടെ വിജയവും. ജൂറിക്കു വേണ്ടി ഞാന്‍ സിനിമ എടുക്കാറില്ല. പുരസ്‌കാരങ്ങള്‍ക്കു വേണ്ടിയോ നിരൂപകപ്രശംസയ്ക്കു വേണ്ടിയോ ഞാന്‍ സിനിമ ചെയ്യാറില്ല.

നിരൂപണത്തിനു വേണ്ടി സിനിമ നിര്‍മിക്കുന്ന ഒരു വ്യക്തിയല്ല ഞാന്‍. സിനിമയിലൂടെ പ്രേക്ഷകരുമായി സംവദിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഒരു സിനിമയുടെ വിധി എന്താണെന്ന് മുന്‍കൂട്ടി പറയാന്‍ കഴിയില്ല. പെര്‍ഫോര്‍മന്‍സിന്റെ കാര്യത്തിലും അങ്ങനെ തന്നെയാണ്. ചില സമയങ്ങളില്‍ അതു ശ്രദ്ധിക്കപ്പെടാതെ പോകാം. തിയേറ്ററില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നത് തീര്‍ച്ചയായും സങ്കടകരമായ കാര്യമാണ്,’ മുരളി ഗോപി പറയുന്നു.

about murali gopi

More in Malayalam

Trending

Recent

To Top