Connect with us

അനിയത്തിപ്രാവിലെ ക്ലൈമാക്സ് ശെരിക്കും അങ്ങനെ ആയിരുന്നില്ല; പിന്നേയോ ?

Malayalam

അനിയത്തിപ്രാവിലെ ക്ലൈമാക്സ് ശെരിക്കും അങ്ങനെ ആയിരുന്നില്ല; പിന്നേയോ ?

അനിയത്തിപ്രാവിലെ ക്ലൈമാക്സ് ശെരിക്കും അങ്ങനെ ആയിരുന്നില്ല; പിന്നേയോ ?

സുധിയുടെയും മിനിയുടെയും പ്രണയകഥ പറഞ്ഞ അനിയത്തിപ്രാവിന് ഇന്നും ആരാധകര്‍ ഏറെയാണ്. മികച്ച പ്രണയം മികച്ച രീതിയില്‍ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കാനും ഇതിലെ കഥാപാത്രങ്ങള്‍ക്ക് കഴിഞ്ഞു. വ്യത്യസ്ത മതക്കാരായ രണ്ട് പേര്‍ പരസ്പരം മനസിലാക്കി പ്രണയിക്കുകയും തുടര്‍ന്ന് വീട്ടുക്കാരുടെ സമ്മത പ്രകാരം ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിക്കുകയും ആയിരുന്നു.

ചിത്രത്തിലെ ഓരോ രംഗങ്ങളും ഇന്നും ചാക്കോച്ചന്‍-ശാലിനി ആരാധകര്‍ക്ക് കാണാപാഠമാണ്. അതേസമയം സിനിമയിലെ ക്ലൈമാക്‌സ് ആദ്യം മറ്റൊന്നായിരുന്നു എന്ന് നിര്‍മ്മാതാവ് സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ വെളിപ്പെടുത്തിയിരുന്നു. ഒരു യൂടൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. അനിയത്തിപ്രാവിന്‌റെ ആദ്യത്തെ ക്ലൈമാക്‌സിനെ കുറിച്ചും പിന്നീട് മാറ്റിയതുമെല്ലാം നിര്‍മ്മാതാവ് പറഞ്ഞു.

അനിയത്തിപ്രാവിന്‌റെ ത്രെഡ് മാതൃഭൂമിയില്‍ വന്ന ഒരു വാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഫാസില്‍ ആദ്യം പറഞ്ഞതെന്ന് നവോദയ അപ്പച്ചന്‍ പറയുന്നു. ഒരു ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നും പെണ്‍കുട്ടി ഒളിച്ചോടിപ്പോയി തിരിച്ചുവന്നു എന്ന വാര്‍ത്ത വെച്ചിട്ട് ഒരു കഥ പിടിക്കുന്നുണ്ട് എന്ന് പാച്ചിക്ക പറഞ്ഞു. അതാണ് ഫസ്റ്റ് ത്രെഡ് പുളളി എന്നോട് പറയുന്നത്. അന്ന് ഞാന്‍ പറഞ്ഞു സാറിന് ധൈര്യമായിട്ട് മുന്നോട്ട് പോവാമെന്ന്.

പിന്നെ പുതുമുഖങ്ങളെ വെച്ചിട്ടാണ് ചെയ്യുന്നതെന്നും പുളളി പറഞ്ഞു. ഷൂട്ടിംഗിന് പോവുമ്പോള്‍ ഈ ക്ലൈമാക്‌സല്ല ആദ്യമുണ്ടായിരുന്നതെന്ന് അദ്ദേഹം പറയുന്നു. ചാക്കോച്ചനും ശാലിനിയും ആ കടല്‍തീരത്ത് വെച്ച് പിരിഞ്ഞുപോണില്ലെ. ആ പിരിഞ്ഞു പോവുന്നതായിരുന്നു ആദ്യം ക്ലൈമാക്‌സ്. അതാണ് സിനിമയുടെ അവസാനം.

പിന്നെ ക്ലൈാമാക്‌സ് കേട്ട് ഞാന്‍ ഫാസില്‍ സാറിനോട് പറഞ്ഞു. ഇത് എനിക്ക് എന്തോ പോലെ തോന്നുണ്ടല്ലോ എന്ന്. ഇവരുടെ സത്യസന്ധമായ പ്രണയം നല്ല ഡീപ്പായിട്ട് വന്നിട്ടുണ്ട്. അവര് പിരിഞ്ഞുപോവുമ്പോള്‍ ഓഡിയന്‍സിന് ഒരു വിഷമം തോന്നില്ലെ. അപ്പോ പാച്ചിക്ക പറഞ്ഞു. ഹേയ് അങ്ങനെയൊന്നും വരില്ല.

പിന്നെ ഷൂട്ടിംഗ് തുടങ്ങി. ഞാന്‍ കുറച്ച് അസ്വസ്ഥനാണെന്നുളള കാര്യം പുളളിക്ക് അറിയാം. ചിത്രീകണം തുടങ്ങി എല്ലാ കാര്യങ്ങളും ഒകെയായി മുന്നോട്ട് പോവുകയാണ്. എന്നാലും എനിക്ക് എന്തോ ഒരു കുറവുളളത് പോല തോന്നി. ആനന്ദകുട്ടനായിരുന്നു ക്യാമറ ചെയ്തത്. അദ്ദേഹത്തെ കുട്ടേട്ടാ എന്നാണ് വിളിക്കുക.

പുളളി ഭയങ്കര കഠിനാദ്ധ്വാനിയാണ്. ക്യാമറ മാത്രമല്ല എല്ലാ കാര്യങ്ങളിലുംആക്ടീവാണ്. കുട്ടേട്ടന്‍ ഇടയ്ക്കിടയ്ക്ക് പറയും പ്രൊഡ്യൂസറിന് എന്തോ ഒരു കുഴപ്പമുണ്ട് പാച്ചീ എന്ന്. പിന്നാലെ പാച്ചിക്ക എന്നോട് പറഞ്ഞു ഞാന്‍ ഒരു വ്യത്യസ്തമായ സിനിമയാണ് ചെയ്യുന്നത്. ഇത് ഫാസിലിന്‌റെ ലവ് സ്റ്റോറിയാണെന്ന്. ഇതൊരു ഡീസന്‌റ് ലവ് സ്‌റ്റോറി ആണ്.

കല്യാണം നടന്നില്ലെന്ന് വെച്ച് അതല്ല ലവ്. അതിന് ശേഷം അവര് നല്ല സുഹൃത്തുക്കളായി ജീവിക്കുന്നു. അങ്ങനെ നമുക്ക് ജീവിക്കാന്‍ പറ്റണം. അങ്ങനെ അദ്ദേഹത്തിന്‌റെ ഫിലോസഫിയില്‍ കഥ പറയുമ്പോ ഞാനത് സമ്മതിക്കും. അങ്ങനെ പത്ത് പതിനഞ്ച് ദിവസം കഴിഞ്ഞപ്പോ കുട്ടേട്ടന്‍ വീണ്ടും പറഞ്ഞു. പ്രൊഡ്യൂസര്‍ക്ക് എന്തോ ഒരു കുഴപ്പമുണ്ടല്ലോ എന്ന്.

അങ്ങനെ ഒരു ദിവസം ബ്രേക്കിനിടയ്ക്ക് ഞങ്ങളെല്ലാം കൂടി ഒരുമിച്ച് ഇരുന്നു. പാച്ചിക്ക പ്രൊഡക്ഷന്‍ ബോയിയെയും സിദ്ധിഖ് ലാലിനെയും ഒകെ വിളിച്ചു, അങ്ങനെ കുറച്ചുപേരുണ്ട്. ക്ലൈമാക്‌സും സംഭാഷണങ്ങളും എല്ലാ ഉള്‍പ്പെടെ മൊത്തം സ്‌ക്രിപ്റ്റ് പുളളിയുടെ കാറിലുണ്ട്. പുളളി പറഞ്ഞിട്ടില്ല. നമ്മുടെ ഓരോ നിരീക്ഷണങ്ങളും പുളളി വാച്ച് ചെയ്യും.

പുളളി ചെയ്തുവെച്ച ക്ലൈമാക്‌സ് ചിലപ്പോ ഒകെ ആയിരിക്കാം. പടം വന്നാലെ അത് കാണുളളൂ. ഞാനന്ന് കണ്ടത് ഒരു കച്ചവടത്തിന്‌റെ ലെവലിലാണ്. എന്ത് പറഞ്ഞാലും അവര് പിരിഞ്ഞുപോവും എന്ന് പറയുമ്പോള്‍ ഒരു ദുഖം വരും. ഒരു ദുഖമല്ലെ അത്. അപ്പോ ദുഖത്തിന്‌റെ രീതിയിലല്ല ക്ലൈമാക്‌സ് വരണ്ടത് എന്നാണ് ഞാനഗ്രഹിച്ചത്.

എന്നാല്‍ അത് എങ്ങനെ പറഞ്ഞുകൊടുക്കണമെന്ന് എനിക്കറിയില്ല. ഇതില് ഒരു പോരായ്ക ഉണ്ടെന്ന് എനിക്ക് എപ്പോഴും തോന്നി. അത് പാച്ചിക്കയ്ക്ക് ശരിക്കും മനസിലായി. അപ്പോ ശരിക്കുമുളള ക്ലൈമാക്‌സ് പുളളി വായിച്ചുകേള്‍പ്പിച്ചു. അത് വായിച്ചുകഴിഞ്ഞപ്പോ എന്റെ കണ്ണില്‍ നിന്നും കണ്ണുനീര് വന്നു. ഫാസില്‍ സര്‍ അന്ന് കുട്ടാ ഇത് ഹിറ്റാട്ടോ എന്ന് പറഞ്ഞു. പുളളി ഭയങ്കര ഹാപ്പിയായി. പുളളി അഭിനയിച്ചാണ് ക്ലെെമാക്സ് വായിച്ചുകേള്‍പ്പിച്ചത്. അത് പിന്നീട് പലതവണ കണ്ടപ്പോഴും ഒരേ ഇമോഷന്‍ നമുക്ക് വന്നു. സ്വര്‍ഗ്ഗചിത്ര അപ്പച്ചന്‍ പറഞ്ഞു.

malayalam

More in Malayalam

Trending

Recent

To Top