Malayalam
അസൂയ തോന്നിയിട്ടാവണം എന്നെ ഇങ്ങനെയാക്കിയ വിധി ഒരു അഡാറ് നിധിയുമായി വന്നത്. ആ നിധി എന്‍റെ ജീവനിൽ ചേർത്ത് വച്ചുകൊണ്ട് “വിധി” ചെയ്‌ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു; പ്രണവ് അന്ന് പറഞ്ഞത്
അസൂയ തോന്നിയിട്ടാവണം എന്നെ ഇങ്ങനെയാക്കിയ വിധി ഒരു അഡാറ് നിധിയുമായി വന്നത്. ആ നിധി എന്‍റെ ജീവനിൽ ചേർത്ത് വച്ചുകൊണ്ട് “വിധി” ചെയ്‌ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു; പ്രണവ് അന്ന് പറഞ്ഞത്
ഷഹാനയെ തനിച്ചാക്കി പ്രണവിന്റെ അപ്രതീക്ഷിത വിയോഗം നാടിനും കൂട്ടുകാർക്കും ബന്ധുക്കൾക്കും വലിയ വേദനയായി മാറിയിരിക്കുകയാണ്. സ്നേഹത്തിന് ഒരു ഉത്തമ ഉദാഹരണം ഏത് എന്ന് ചോദിച്ചാൽ നമുക്ക് മറ്റു ആശങ്കകൾ ഒന്നും തന്നെയില്ലാതെ ചൂണ്ടിക്കാണിക്കാവുന്ന പ്രണയ ജോഡികളായിരുന്നു ഷഹാനയും പ്രണവും.അപകടം പറ്റി കിടക്കയിൽ കിടന്ന പ്രണവിന്റെ ജീവിതസഖിയായി അദ്ദേഹത്തെ പരിചരിക്കാൻ ഓടിയെത്തിയതായിരുന്നു ഷഹാന. ജീവിച്ചിരിക്കുമ്പോൾ തന്നെ ഒരുപാട് പേർ ഇവരുടെ പ്രണയത്തെ എതിർക്കുകയും ഷഹാനെയെയും പ്രണവിനെയും വിമർശിക്കുകയും ചെയ്തിരുന്നു..
സോഷ്യൽ മീഡിയയിൽ ശ്രദ്ധേയനായിരുന്ന പ്രണവ് കഴിഞ്ഞദിവസമാണ് വിടപറഞ്ഞത്. വീൽ ചെയറിൽ കഴിയുമ്പോഴും സമാന അവസ്ഥയിലുള്ള നിരവധിയാളുകൾക്ക് പ്രചോദനമായിരുന്ന യുവാവ് തന്‍റെ ജീവിതം കൊണ്ട് തന്നെയാണ് ശ്രദ്ധനേടിയിരുന്നത്. തന്‍റെ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ ടുട്ടുമോൻ ലക്കി സെന്‍റർ എന്നപേരിൽ ലോട്ടറി കച്ചവടവും പ്രണവ് നടത്തിയിരുന്നു. അതിന് തന്‍റേതായ കാരണങ്ങളും ഈ യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. പ്രണവിന്‍റെ മരണശേഷം ഈ പോസ്റ്റുകളെല്ലാം ചർച്ചയാവുകയാണ്.
വീട്ടുകാരെ ബുദ്ധിമുട്ടിക്കാതെ മരുന്നിനും മറ്റും പണം കണ്ടെത്താനും, ഷഹാന കുട്ടിയെ നല്ലോണം നോക്കണം എന്ന ചിന്ത മനസിൽ കൂടിയതിനും ശേഷമാണ് ലോട്ടറി വിൽപ്പന എന്നൊരാശയം മനസിൽ ഉദിച്ചതെന്നാണ് പ്രണവ് പറഞ്ഞിരുന്നത്. വീൽചെയറിൽ കഴിയുന്ന താൻ ഈ ഒരു ആശയം പങ്കുവെച്ചപ്പോൾ പലരും നല്ലത് പറഞ്ഞെങ്കിലും മറ്റു ചിലർ മോശം പറഞ്ഞിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.
ഷഹാന കുട്ടി എന്തിനും കൂടെ ഉണ്ടെന്ന് പറഞ്ഞപ്പോൾ രണ്ടും കൽപ്പിച്ചു ലോട്ടറി വിൽപ്പന തുടങ്ങുകയായിരുന്നു. അപകടത്തിൽ വീണപ്പോഴെന്നപോലെ ലോട്ടറി വിൽപ്പനയിലേക്ക് ഇറങ്ങിയപ്പോഴും തുടക്കം കുറിക്കാൻ സഹായിച്ചത് കൂട്ടുകാർ തന്നെയായിരുന്നു. ആദ്യം ടിക്കറ്റ് എടുക്കാൻ പൈസ നൽകി സഹായിച്ചത് ഡിവൈഎഫ്ഐ പിഗ്മെന്‍റ്സ് യൂണിറ്റ് ആണെന്നും പ്രണവ് പറഞ്ഞിട്ടുണ്ട്.
ഓൺലൈനിലൂടെയായിരുന്നു ലോട്ടറി വിൽപന. ടുട്ടുമോൻ ലക്കി സെന്‍റർ എന്ന വാട്സാപ്പ് ഗ്രൂപ്പിൽ അംഗമായി ഗ്രൂപ്പിൽ ഇടുന്ന നമ്പർ സെലക്ട് ചെയ്ത് അഡ്മിന് മെസ്സേജ് അയക്കുന്നതായിരുന്നു കച്ചവട രീതി. സെലക്ട് ചെയ്‌ത നമ്പർ ആവശ്യക്കാരുടെ പേരിൽ മാറ്റി വച്ച് അതിന്‍റെ സ്ക്രീൻ ഷോട്ട് തിരികെ അയച്ചു കൊടുക്കും. ലോട്ടറിയുടെ പണം ഗൂഗിൾ പേ / ഫോൺ പേ വഴിയാണ് വാങ്ങിയിരുന്നത്. സമ്മാനം അടിക്കുകയാണെങ്കിൽ ഇതുപോലെ ഗൂഗിൾ പേ / ഫോൺ പേ വഴി തുക അയച്ച് നൽകും. ടിക്കറ്റ് നേരിൽ വേണ്ടവർക്ക് വീട്ടിൽ നിന്ന് വിൽക്കുകയും ചെയ്തിരുന്നു.
ചികിത്സയ്ക്ക് ഒരു തുക കണ്ടെത്താനും കെട്ട്യോളായ ഷഹാനയെ നല്ലപോലെ നോക്കാനും ആരംഭിച്ച ഈ സംരംഭം നേരത്തെ ശ്രദ്ധനേടിയിരുന്നു. തന്നിലൂടെ സമ്മാനം ലഭിച്ച ടിക്കറ്റുകളുടെ വിവരവും പ്രണവ് ഫേസ്ബുക്കിലൂടെ തന്നെ പങ്കുവെച്ചിരുന്നു. ലോട്ടറി വിൽപ്പനയിലൂടെ അനിയത്തിയുടെ വിവാഹത്തിന് ഒരു തുക കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ടെന്നും പ്രണവ് പറഞ്ഞിരുന്നു.
തനിക്ക് കിട്ടിയ നിധിയെന്നായിരുന്നു ഷഹാനയെ പ്രണവ് വിശേഷിപ്പിച്ചിരുന്നത്. ‘വിധി എന്നെ തളർത്തിയപ്പോഴും കട്ടക്ക് കൂടെ നിന്ന് എന്‍റെ വീട്ടുകാരും , കട്ട ചങ്കുകളും എന്നെ പുതിയൊരു ജീവിതത്തിലേക്ക് തിരികെ കൊണ്ട് വന്നു. ഉത്സവങ്ങളിലും, ആഘോഷങ്ങളിലും അവർ എന്നെ കൂടെ കൂട്ടി. ആ വേളകളിൽ എന്‍റെ സങ്കടങ്ങൾ ഞാൻ മറന്നു. അത് കണ്ട് അസൂയ തോന്നിയിട്ടാവണം എന്നെ ഇങ്ങനെയാക്കിയ വിധി ഒരു അഡാറ് നിധിയു മായി വന്നത്. ആ നിധി എന്‍റെ ജീവനിൽ ചേർത്ത് വച്ചുകൊണ്ട് “വിധി” ചെയ്‌ത തെറ്റിന് പ്രായശ്ചിത്തം ചെയ്തു. ആ നിധിയാണ് എന്‍റെ കെട്ട്യോളായ മാലാഖ ഷഹാന പ്രണവ്’ തങ്ങളുടെ വിവാഹ വാർഷിക ദിനത്തിൽ പ്രണവ് ഫേസ്ബുക്കിൽ കുറിച്ചത് ഇങ്ങനെയായിരുന്നു.