സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തി ;എക്താ കപൂറിനും അമ്മയ്ക്കുമെതിരെ അറസ്റ്റ് വാറണ്ട്!
ചലച്ചിത്ര നിർമാതാവും സംവിധായികയുമായ എക്താ കപൂറിനും അമ്മ ശോഭാ കപൂറിനുമെതിരെ അറസ്റ്റ് വാറണ്ട്. XXX സീസൺ 2 എന്ന വെബ് സീരീസിൽ സൈനികരെ അപമാനിക്കുകയും കുടുംബാംഗങ്ങളുടെ വികാരം വ്രണപ്പെടുത്തുകയും ചെയ്തു എന്ന കുറ്റത്തിന് ബീഹാറിലെ ബെഗുസാരായിയിലെ ഒരു പ്രാദേശിക കോടതിയാണ് അമ്മയ്ക്കും മകൾക്കുമെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതെന്ന് പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ബെഗുസാരായി സ്വദേശിയും വിമുക്തഭടനുമായ ശംഭുകുമാർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ജഡ്ജ് വികാസ് കുമാറാണ് വാറന്റ് പുറപ്പെടുവിച്ചത്. 2020 ലായിരുന്നു പരാതി നൽകിയത്. ഒരു വിമുക്ത ഭടന്റെ ഭാര്യയേക്കുറിച്ച് അധിക്ഷേപകരമായ നിരവധി രംഗങ്ങൾ സീരിസിൽ ഉണ്ടെന്ന് ശംഭുകുമാറിന്റെ പരാതിയിൽ പറയുന്നു. എക്തയുടെ തന്നെ ഉടമസ്ഥതയിലുള്ള ബാലാജി ടെലിഫിലിംസ് ലിമിറ്റഡിന്റെ ഒടിടി പ്ലാറ്റ്ഫോമിലൂടെയാണ് ട്രിപ്പിൾ എക്സ്: സീസൺ ടു പ്രേക്ഷകരിലേക്ക് എത്തിയത്. ശോഭ കപൂറിന് ടെലിഫിലിംസുമായി ബന്ധമുണ്ട്.
ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കോടതി ഇരുവർക്കും സമൻസ് അയച്ചിരുന്നു. സീരിസിലെ ചില രംഗങ്ങൾ നീക്കം ചെയ്തെന്ന് ഇരുവരും കോടതിയെ അറിയിച്ചു. എന്നാൽ കോടതിയിൽ ഹാജരായില്ല. തുടർന്ന് കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുകയായിരുന്നുവെന്ന് ശംഭുകുമാറിന്റെ അഭിഭാഷകൻ പറഞ്ഞു.
