Uncategorized
സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ട്, ഷാരൂഖാനെതിരെ കേസില്ലെന്ന് സുപ്രീം കോടതി
സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ട്, ഷാരൂഖാനെതിരെ കേസില്ലെന്ന് സുപ്രീം കോടതി
സെലിബ്രിറ്റികള്‍ക്കും രാജ്യത്തെ മറ്റെല്ലാ പൗരന്മാരുടേതുപോലുള്ള തുല്യാവകാശങ്ങളുണ്ടെന്ന് സുപ്രീം കോടതി. അനാവശ്യമായി അവരെ കുറ്റവാളികളാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞു. 2017ല്‍ ഉണ്ടായ ഒരു സംഭവത്തില്‍ ഷാരൂഖിനെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയില്‍ വിധിപറയുകയായിരുന്നു കോടതി.
2017ല്‍ വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ തന്റെ സിനിമയുടെ പ്രമോഷനിടെ സംഘട്ടനമുണ്ടാക്കിയെന്നാരോപിച്ചാണ് നടനെതിരേ ക്രിമിനല്‍ കേസ് എടുക്കണമെന്ന് ഹരജിക്കാരന്‍ ആവശ്യപ്പെട്ടത്. അന്ന് തിക്കിലും തിരക്കിലുംപെട്ട് ഒരാള്‍ ഹൃദയാഘാതം കാരണം മരിച്ചിരുന്നു. ട്രെയിനില്‍ യാത്ര ചെയ്യുമ്പോള്‍ ഒരാള്‍ക്ക് എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കുമെന്ന് വ്യക്തിഗത ഗ്യാരണ്ടി നല്‍കാനാവില്ലെന്ന് കോടതി പറഞ്ഞു.’ഈ മനുഷ്യന്റെ തെറ്റ് എന്താണ് അദ്ദേഹം ഒരു സെലിബ്രിറ്റി ആയതുകൊണ്ട് അയാള്‍ക്ക് അവകാശങ്ങളില്ലെന്ന് അര്‍ഥമാക്കുന്നില്ല’.
ഏപ്രിലില്‍ നടനെതിരെയുള്ള ക്രിമിനല്‍ കേസ് റദ്ദാക്കിയ ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് ശരിവച്ചുകൊണ്ട് ജസ്റ്റിസുമാരായ അജയ് രസ്‌തോഗി, സി.ടി.രവികുമാര്‍ എന്നിവരുടെ ബെഞ്ച് നിരീക്ഷിച്ചു.’രാജ്യത്തെ മറ്റെല്ലാ പൗരന്മാരെയും പോലെ ഒരു സെലിബ്രിറ്റിക്കും തുല്യ അവകാശങ്ങളുണ്ട്’ എന്നും കോടതി പറഞ്ഞു.
‘അദ്ദേഹം ഒരു സെലിബ്രിറ്റിയാണ്, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹത്തിന് മറ്റുള്ളവരെ നിയന്ത്രിക്കാന്‍ കഴിയുമെന്നല്ല. ഈ കോടതിയുടെ ശ്രദ്ധയും സമയവും അര്‍ഹിക്കുന്ന കൂടുതല്‍ പ്രധാനപ്പെട്ട വിഷയങ്ങളില്‍ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം’എന്നും കോടതി പറഞ്ഞു. 2017 ജനുവരി 23ന് റയീസ് സിനിമയുടെ പ്രചരണാര്‍ത്ഥം ഷാരൂഖ് യാത്ര ചെയ്ത ഓഗസ്റ്റ് ക്രാന്തി എക്‌സ്പ്രസ് വഡോദര റെയില്‍വേ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ വന്‍ ജനക്കൂട്ടം തടിച്ചുകൂടിയിരുന്നു.
അന്നത്തെ തിക്കിലും തിരക്കിലും പെട്ട് റെയില്‍വേ സ്‌റ്റേഷനില്‍ പ്രാദേശിക രാഷ്ട്രീയ നേതാവായ ഫര്‍ഹീദ് ഖാന്‍ പത്താന് ഹൃദയാഘാതം സംഭവിക്കുകയും തുടര്‍ന്ന് മരിക്കുകയും ചെയ്തിരുന്നു. തിരക്കിനിടെ ചിലര്‍ക്ക് പരിക്കും പറ്റിയിരുന്നു. കോണ്‍ഗ്രസ് നേതാവ് ജിതേന്ദ്ര സോളങ്കിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് വഡോദര മജിസ്റ്റീരിയല്‍ കോടതി ഖാന് ആദ്യം സമന്‍സ് അയച്ചത്.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 336, 337, 338 വകുപ്പുകള്‍ പ്രകാരമുള്ള കേസില്‍ ഖാനെതിരായ നടപടികള്‍ക്ക് മതിയായ കാരണമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക കോടതി സമന്‍സ് അയച്ചത്. ഈ വര്‍ഷം ഏപ്രിലില്‍, ഖാനെതിരായ ക്രിമിനല്‍ കേസ് ഹൈക്കോടതി റദ്ദാക്കി. അദ്ദേഹത്തിന്റെ പ്രവൃത്തികളാണ് സംഭവത്തിന്റെ കൃത്യമായ കാരണം എന്ന് പറയാന്‍ കഴിയില്ലെന്നും പരിപാടിക്ക് അനുമതിയുണ്ടെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഇതിനെതിരായാണ് സോളങ്കി സുപ്രീം കോടതിയെ സമീപിച്ചത്.