Malayalam
പ്രൊമോഷന്‍ പരിപാടിയ്ക്കിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും
പ്രൊമോഷന്‍ പരിപാടിയ്ക്കിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന സംഭവം; ശ്രീനാഥ് ഭാസിയെ തിങ്കളാഴ്ച ചോദ്യം ചെയ്യും
ചട്ടമ്പി എന്ന സിനിമയുടെ പ്രൊമോഷന്‍ പരിപാടിയ്ക്കിടെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ നടന്‍ ശ്രീനാഥ് ഭാസിയെ പൊലീസ് തിങ്കളാഴ്ച ചോദ്യം ചെയ്യും. കൊച്ചി മരട് പൊലീസ് സ്‌റ്റേഷനിലേയ്ക്ക് വിളിപ്പിച്ചായിരിക്കും ചോദ്യം ചെയ്യല്‍. സ്ത്രീത്വത്തെ അപമാനിച്ചുവെന്ന കുറ്റം ചുമത്തിയാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്.
പരാതിക്കാരിയുടെ മൊഴി പൊലീസ് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. കൊച്ചിയിലെ ഹോട്ടലില്‍ നടന്ന അഭിമുഖത്തിന്റെ ദൃശ്യങ്ങളും സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിക്കും. കൊച്ചിയില്‍ ‘ചട്ടമ്പി’ സിനിമയുടെ പ്രൊമോഷന്‍ ഷൂട്ടിനിടെ ഓണ്‍ലൈന്‍ ചാനലിന്റെ അവതാരകയോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി.
അഭിമുഖത്തില്‍ ചോദിച്ച ചോദ്യങ്ങള്‍ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങള്‍ നടത്തുകയായിരുന്നു. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോടും ശ്രീനാഥ് മോശമായി പെരുമാറിയെന്നും അവതാരക പരാതിയില്‍ ആരോപിച്ചു. സംഭവത്തില്‍ യുവതി വനിതാ കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്.
അതേസമയം സംഭവത്തെ കുറിച്ച് വ്യത്യസ്ത നിലപാടാണ് പരാതിക്കാരിയും നടനുമായി ബന്ധപ്പെട്ടവരും സ്വീകരിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലീസ് ഒരുങ്ങുന്നത്.
പരാതിയില്‍ പറയും പോലെ ശ്രീനാഥ് ഭാസിയില്‍ നിന്ന് മോശം പെരുമാറ്റം ഉണ്ടായെങ്കില്‍ അത് അംഗീകരിക്കില്ലെന്ന് ‘ചട്ടമ്പി’ സിനിമയുടെ സംവിധായകന്‍ അഭിലാഷ് എസ്.കുമാര്‍ പറഞ്ഞു. എന്നാല്‍ ഇതിന്റെ പേരില്‍ തന്റെ സിനിമയെ മോശമാക്കാന്‍ മനഃപൂര്‍വമായ ശ്രമം നടക്കുന്നുന്നതായും സംവിധായകന്‍ ആരോപിച്ചു.