നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്; നിന്റെ വേർപാട് ഏൽപ്പിച്ച ദുഖത്തിൽ നിന്നും ഇപ്പോഴും കരകയറിയിട്ടില്ല; സഹോദരി രാധികയുടെ ഓർമകളിൽ ഗായിക സുജാത മോഹൻ!
സംഗീതപ്രേമികൾക്ക് ഒരിക്കലും ഇഷ്ടം തീരാത്ത പ്രണയസ്വരമായ ഗായികയാണ് സുജാത.ഇപ്പോഴിതാ
പാട്ടിനെ പ്രാർഥനയാക്കിയ ഗായിക രാധിക തിലകിനെ ക്കുറിച്ച് മനസ്സ് തുറക്കുകയാണ് . സംഗീതം ഈ ഭൂമിയിൽ ബാക്കി വെച്ചുപോയ കലാകാരിയെക്കുറിച്ച് താരത്തിന്റെ സഹോദരി സുജാത മോഹൻ പങ്കുവെച്ച കുറിപ്പാണ് വൈറലാകുന്നത്.
രാധികയുടെ വേർപാടിന്റെ ഏഴാം വാർഷികത്തിലാണ് ഓർമച്ചിത്രവുമായി സുജാത എത്തിയത്. ‘നീ എപ്പോഴും ഞങ്ങളുടെ ഹൃദയങ്ങളിലുണ്ട്’ എന്ന അടിക്കുറിപ്പോടെയാണ് സുജാത രാധികയുടെ ചിത്രം സോഷ്യൽമീഡിയയിൽ പങ്കുവെച്ചത്. സുജാതയുടെ അടുത്ത ബന്ധുവായിരുന്നു രാധിക തിലക്.
സംഗീത ജീവിതത്തിലേയും വ്യക്തി ജീവിതത്തിലേയും വിശേഷങ്ങളെല്ലാം സുജാതയും രാധികയും തമ്മിൽ പങ്കുവെച്ചിരുന്നു. രാധികയുടെ വേർപാട് ഏൽപ്പിച്ച ദുഖത്തിൽ നിന്നും തങ്ങളുടെ കുടുംബം ഇപ്പോഴും കരകയറിയിട്ടില്ലെന്ന് പൊതു വേദിയിൽ ഉൾപ്പെടെ ഇടറുന്ന സ്വരത്തോടെ സുജാത പറഞ്ഞിട്ടുണ്ട്.
തികച്ചും അപ്രതീക്ഷിതമായിരുന്നു രാധിക തിലകിന്റെ വിയോഗം. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് അന്തരിച്ചത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് ഗായികയുടെ ശ്രദ്ധേയമായ ഗാനങ്ങള്‍.
അടുത്തിടെ ഈ ഗാനങ്ങൾ കോർത്തിണക്കി രാധികയുടെ മകൾ ദേവിക ഒരുക്കിയ മെഡ്‍ലി ഏറെ ശ്രദ്ധേയമായിരുന്നു. സംഗീത പാരമ്പര്യമുള്ള എറണാകുളം രവിപുരത്തെ ശ്രീകണ്ഠത്ത് കുടുംബത്തിലാണ് രാധിക ജനിച്ചത്.
എറണാകുളം ചിന്മയ വിദ്യാലയം, സെന്റ് തെരേസാസ് കോളജ് എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്.മഹാത്മാഗാന്ധി യുവജനോത്സവത്തില്‍ ലളിതഗാനത്തിന് ഒന്നാം സമ്മാനം നേടിയായിരുന്നു സംഗീത വേദികളിലേക്കുള്ള രാധികയുടെ ആദ്യ കാല്‍വെപ്പ്. പിന്നീട് സ്റ്റേജ് ഷോകളിലൂടെയും കാസറ്റുകളിലൂടെയും രാധികയുടെ സ്വരമാധുരി മലയാളിയുടെ മനസില്‍ ഇടംപിടിച്ചു.
ലളിതഗാന രംഗത്ത് നിന്നാണ് രാധിക സിനിമാ രംഗത്തേക്കെത്തുന്നത്. ആകാശവാണിയിലൂടെയായിരുന്നു തുടക്കം. എം.ജി ശ്രീകുമാര്‍, യേശുദാസ്, വേണുഗോപാല്‍ തുടങ്ങിയവര്‍ക്കൊപ്പം നിരവധി സ്റ്റേജ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്.
സ്റ്റേജ് ഷോകളിലും കാസറ്റുകളിലും നിറഞ്ഞ് നില്‍ക്കുമ്പോള്‍ സിനിമയിലേക്കുള്ള നിരവധി ഓഫറുകളുമെത്തി.സിനിമ കരിയറാക്കണമെന്ന് ആഗ്രഹമില്ലാതിരുന്നതിനാല്‍ തന്നെ ചുരുക്കം അവസരങ്ങള്‍ മാത്രമാണ് രാധിക തിരഞ്ഞെടുത്തത്. ഡിഗ്രി അവസാനവര്‍ഷ വിദ്യാര്‍ഥിയായിരിക്കെയായിരുന്നു രാധികയുടെ വിവാഹം. നാട്ടില്‍ നിന്ന് മാറി അഞ്ച് വര്‍ഷക്കാലം ദുബായില്‍ താമസമാക്കിയപ്പോഴും വേദികളില്‍ സജീവമായിരുന്നു രാധിക.
അക്കാലത്ത് ഗള്‍ഫില്‍ നടന്ന യേശുദാസിന്റേയും ദക്ഷിണാമൂര്‍ത്തി, ജോണ്‍സണ്‍, രവീന്ദ്രന്‍ മാഷ് തുടങ്ങിയവരുടെയെല്ലാം സംഗീത സന്ധ്യകളിലും രാധിക തിലക് സജീവ സാന്നിധ്യമായിരുന്നു. ദുബായില്‍ താമസിക്കവെ വോയ്സ് ഓഫ് അറേബ്യ എന്ന ടെലിവിഷന്‍ ഷോയും അവതരിപ്പിച്ചിരുന്നു
1989ല്‍ പച്ചിലത്തോണി എന്ന ചിത്രത്തിലൂടെ ഷിബു ചക്രവര്‍ത്തിയും ബേണി-ഇഗ്‌നേഷ്യസുമാണ് രാധികയെ ചലച്ചിത്ര പിന്നണിഗാന രംഗത്തേക്ക് കൂട്ടിക്കൊണ്ടുവന്നത്. ഗായിക സുജാതയുടെ അനുജത്തി എന്ന വിലാസം രാധികയെന്നും ഒരുപാടിഷ്ടത്തോടെ പറയുമായിരുന്നു.
രാധികയുടെ വല്യമ്മയുടെ മകളായിരുന്നു സുജാത. സുജ ചേച്ചിയായിരുന്നു എന്റെ റോള്‍ മോഡലെന്ന് പല തവണ രാധിക പറഞ്ഞിരുന്നു. ‘നല്ല അവസരങ്ങള്‍ക്ക് വേണ്ടി ഞാന്‍ കാത്തിരിക്കുകയാണ്.’
‘സംഗീതം മറന്ന് എനിക്ക് ജീവിക്കാനാകില്ല. കൂടുതല്‍ എന്‍ഗേജ്ഡ് ആകണമെന്ന് ആഗ്രഹമുണ്ട്. സിനിമയിലേക്ക് അവസരങ്ങള്‍ ലഭിച്ചാല്‍ തീര്‍ച്ചയായും പാടും’ എന്നാണ് അസുഖ ബാധിതയായ ശേഷം രാധിക ഒരിക്കൽ പറഞ്ഞത്.
