News
ജീവിതത്തില്‍ ഒരുകാലത്തും സങ്കല്‍പിച്ചിട്ടു പോലുമില്ലാത്ത കാര്യം; കാനഡിയന്‍ സ്ട്രീറ്റിന് എആര്‍ റഹ്മാന്റെ പേര് നല്‍കി ആദരിച്ച് ഭരണകൂടം
ജീവിതത്തില്‍ ഒരുകാലത്തും സങ്കല്‍പിച്ചിട്ടു പോലുമില്ലാത്ത കാര്യം; കാനഡിയന്‍ സ്ട്രീറ്റിന് എആര്‍ റഹ്മാന്റെ പേര് നല്‍കി ആദരിച്ച് ഭരണകൂടം
നിരവധി ആരാധകരുള്ള സംഗീത സംവിധായകനാണ് എആര്‍ റഹ്മാന്‍. ഇപ്പോഴിതാ കാനഡിയന്‍ സ്ട്രീറ്റിന് എആര്‍ റഹ്മാന്റെ പേര് നല്‍കിയിരിക്കുകയാണ് നഗരഭരണകൂടം. ഒന്റാരിയോയിലുള്ള മാര്‍ഖം നഗരത്തിലാണ് ഒരു തെരുവിന് സംഗീതജ്ഞനായ എആര്‍ റഹ്മാന്റെ പേര് നല്‍കി ആദരിച്ചിരിക്കുന്നത്. ആദരത്തിന് പിന്നാലെ നഗരഭരണകൂടത്തിനും മേയര്‍ക്കും റഹ്മാന്‍ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.
ജീവിതത്തില്‍ ഒരുകാലത്തും സങ്കല്‍പിച്ചിട്ടു പോലുമില്ലാത്ത കാര്യമാണിത്. ഇതിന് എല്ലാവരോടും കടപ്പെട്ടിരിക്കും. കാനഡയിലെ മാര്‍ഖം മേയര്‍(ഫ്രാങ്ക് സ്‌കാര്‍പിറ്റി), കൗണ്‍സിലര്‍മാര്‍, ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍(അപൂര്‍വ ശ്രീവാസ്തവ), കനേഡിയന്‍ ജനത എല്ലാവരോടും താന്‍ കടപ്പെട്ടിരിക്കുമെന്നും എ.ആര്‍ റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവച്ച വാര്‍ത്താകുറിപ്പില്‍ പറഞ്ഞു.
എആര്‍ റഹ്മാന്‍ എന്ന പേര് എന്റേതല്ല. കാരുണ്യവാന്‍ എന്നാണ് അതിനര്‍ത്ഥം. കാരുണ്യവാനെന്നത് നമ്മുടെയെല്ലാം ദൈവത്തിന്റെ സ്വഭാവവിശേഷമാണ്. ആ കാരുണ്യവാന്റെ സേവകരാകാനേ ആര്‍ക്കുമാകൂ.. അതിനാല്‍ ആ പേര് കനേഡിയന്‍ ജനതയ്ക്ക് സമാധാനവും സമൃദ്ധിയും സന്തോഷവും ആരോഗ്യവുമെല്ലാം കൊണ്ടുത്തരട്ടെ. നിങ്ങള്‍ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെഅദ്ദേഹം ആശംസിച്ചു.
ഈ സ്‌നേഹത്തിനെല്ലാം ഇന്ത്യയിലെ സഹോദരീസഹോദരന്മാര്‍ക്കും നന്ദി പറയുകയാണ്. എനിക്കൊപ്പം പ്രവര്‍ത്തിച്ച മുഴുവന്‍ സര്‍ഗാത്മക മനുഷ്യര്‍ക്കും നന്ദി. കുതിച്ചുയരാനും ഇതിഹാസങ്ങള്‍ക്കൊപ്പം സിനിമയുടെ നൂറുവര്‍ഷം ആഘോഷിക്കാനും എനിക്ക് പ്രചോദനമായത് അവരാണ്.
ഈ സമുദ്രത്തിലെ ഒരു തുള്ളി മാത്രമാണ് ഞാന്‍. പിന്‍വലിയാതെ, തളര്‍ന്നുപോകാതെ കൂടുതല്‍ ചെയ്യാനും പ്രചോദനമാകാനുമുള്ള വലിയ ഉത്തരവാദിത്തമാണ് എനിക്കിത് നല്‍കുന്നത്. കൂടുതല്‍ ചെയ്യാനും കൂടുതല്‍ മനുഷ്യരുമായി അടുക്കാനും കൂടുതല്‍ പാലങ്ങള്‍ കടക്കാനുമുണ്ടെന്ന കാര്യം തളര്‍ന്നുപോയാലും മറക്കില്ലെന്നും വാര്‍ത്താകുറിപ്പില്‍ എ.ആര്‍ റഹ്മാന്‍ കൂട്ടിച്ചേര്‍ത്തു.
