പ്രേക്ഷകര്‍ സിനിമ കാണാനുള്ള ഒരു സമയം പോലും കൊടുക്കാതെയാണ് നെഗറ്റീവ് റിവ്യൂസ് ഒക്കെ വന്നുകൊണ്ടിരുന്നത് ഡീഗ്രേഡ് ചെയ്യുകയാണ് പലരും, സോളമന്റെ തേനീച്ചകളെക്കുറിച്ച് വിന്‍സി പറയുന്നു!
മഴവില്‍ മനോരമയിലെ ജനപ്രിയ റിയാലിറ്റി ഷോ ആയിരുന്ന നായിക നായകനിലെ ജേതാക്കളെ അണിനിരത്തി ലാല്‍ജോസ് ഒരുക്കിയ ചിത്രമാണ് സോളമന്റെ തേനീച്ചകള്‍. വളരെ രസകരമായി കണ്ടിരിക്കാന്‍ സാധിക്കുന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോള്‍ ചിത്രത്തിനെതിരെ നടക്കുന്ന ഡീഗ്രേഡിനെക്കുറിച്ച് പ്രതികരിക്കുകയാണ് നായിക വിന്‍സി അലോഷ്യസ്. സോളമന്റെ തേനീച്ചകള്‍ ഞങ്ങളുടെ സിനിമയാണ്. അതിന്റെ ഓരോ ഘട്ടവും ഞങ്ങള്‍ നോക്കിക്കാണുന്നത് സ്വന്തം സിനിമ എന്ന നിലയ്ക്കാണ്. ഇപ്പോള്‍ സിനിമയെക്കുറിച്ച് കിട്ടിക്കൊണ്ടിരിക്കുന്നത് നല്ല റിവ്യൂസ് ആണ്. എന്നാല്‍ സിനിമ റിലീസ് ചെയ്ത ഘട്ടത്തില്‍ ഇങ്ങനെ ആയിരുന്നില്ല. റിലീസായ ദിവസങ്ങളില്‍ തന്നെ ഭയങ്കരമായ ഡിഗ്രീഡിങ് സിനിമയ്ക്ക് നടന്നു.
എന്തിനാണ് ആളുകള്‍ ഇങ്ങനെ ചെയ്യുന്നതെന്ന് ഇപ്പോഴും മനസ്സിലാകുന്നില്ല. സിനിമയുടെ പ്രൊവ്യൂ ഷോയില്‍ അണിയറ പ്രവര്‍ത്തകര്‍, ഞങ്ങള്‍, ഞങ്ങളുടെ കുടുംബം പിന്നെ കുറച്ചു പ്രേക്ഷകരും ഒക്കെയാണ് ആദ്യമായി സിനിമ കാണുന്നത്. അവിടെനിന്ന് കിട്ടിയ പ്രതികരണം വളരെ മികച്ചതായിരുന്നു. എല്ലാവര്‍ക്കും സിനിമ ഇഷ്ടപ്പെട്ടു, സിനിമ മുന്നോട്ടുവയ്ക്കുന്ന ആശയങ്ങള്‍ മനസ്സിലാക്കാന്‍ സാധിച്ചു. അതുകൊണ്ടുതന്നെ ഞങ്ങള്‍ വളരെ കോണ്‍ഫിഡന്റും, ഞങ്ങള്‍ക്ക് ഒരുപാട് സന്തോഷവും ഉണ്ടായിരുന്നു.
എവിടെനിന്നാണ് അല്ലെങ്കില്‍ ഏത് ഘട്ടത്തിലാണ് ഈ ഡിഗ്രീഡിങ് ആരംഭിച്ചത് എന്ന് അറിയില്ല. റിവ്യൂ ചെയ്യുന്ന ആളുകളില്‍ പലരും സിനിമ കണ്ടിട്ടുണ്ടോ എന്ന് പോലും സംശയമാണ്. പ്രേക്ഷകര്‍ സിനിമ കാണാനുള്ള ഒരു സമയം പോലും കൊടുക്കാതെയാണ് നെഗറ്റീവ് റിവ്യൂസ് ഒക്കെ വന്നുകൊണ്ടിരുന്നത്.
റിവ്യൂ ചെയ്യുന്ന ആളുകള്‍ അവരുടെ അഭിപ്രായം മാത്രമാണ് പറയുന്നത്, അത് ഒരിക്കലും എല്ലാ പ്രേക്ഷകരുടെയും ആവണമെന്നില്ല. പക്ഷേ ഇവരത് പറഞ്ഞു വെക്കുമ്പോള്‍ ആ അഭിപ്രായത്തിന് എല്ലാവരുടെയും അഭിപ്രായം എന്നൊരു തലം വരുന്നുണ്ട്. സിനിമയെക്കുറിച്ച് വളരെ ആത്മാര്‍ത്ഥമായി ആളുകള്‍ പറയുന്ന വിയോജിപ്പുകള്‍ ഉണ്ട് അത് തീര്‍ച്ചയായും ഞങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റുന്നവയാണ്. ഓരോരുത്തര്‍ക്കും അവരവരുടേതായ അഭിപ്രായങ്ങള്‍ സിനിമയില്‍ ഉണ്ടാവും പക്ഷേ അവയെല്ലാം ഉള്‍ക്കൊണ്ടുകൊണ്ട് ഒരിക്കലും പടം പുറത്തിറക്കാന്‍ പറ്റില്ല.
വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ എപ്പോഴും ഞങ്ങള്‍ തയ്യാറാണ് പക്ഷേ ഈ സിനിമയുടെ പേരില്‍ ലഭിക്കുന്നത് വിമര്‍ശനങ്ങള്‍ അല്ല മറിച്ച് കൃത്യമായി സിനിമയെ ഡീഗ്രേഡ് ചെയ്യുക തന്നെയാണ്. സിനിമ കണ്ടിറങ്ങുന്ന പ്രേക്ഷകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത് നല്ല അഭിപ്രായങ്ങളാണ്, എന്നിട്ടും എന്തുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ ഒക്കെ ചിലര്‍ ഇത്രമാത്രം നെഗറ്റീവ് പബ്ലിസിറ്റി നല്‍കുന്നതെന്ന് മനസ്സിലാവുന്നില്ല.
ചിലര്‍ നോക്കുമ്പോള്‍ നാല് പുതിയ ആളുകളുടെ സിനിമയാണിത്. അവിടെത്തന്നെ പലരും ജഡ്ജ് ചെയ്യാന്‍ തുടങ്ങും, ഇവര്‍ എന്തു ചെയ്യാനാ അല്ലെങ്കില്‍ ഇവര്‍ എത്രമാത്രം ചെയ്യാനാ എന്നൊക്കെയുള്ള തോന്നല്‍ ചിലരില്‍ ഉണ്ടാവും. ഇങ്ങനെ ഒരു മൈന്‍ഡ് സെറ്റ് വച്ചുകൊണ്ടാണ് പലരും സിനിമ കാണുന്നതുതന്നെ. ഞങ്ങളുടെ സിനിമ മാത്രമല്ല മലയാളത്തില്‍ പുറത്തിറങ്ങുന്ന പല സിനിമകളും ഇങ്ങനെ ഒരു പ്രശ്‌നം അഭിമുഖീകരിക്കുന്നുണ്ട്.