Malayalam
മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ…; വെയില്‍ സിനിമയുമായി ബന്ധപ്പെട്ട ഷെയ്ന്‍ നിഗത്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്ജ്
മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ…; വെയില്‍ സിനിമയുമായി ബന്ധപ്പെട്ട ഷെയ്ന്‍ നിഗത്തിന്റെ പരാമര്‍ശത്തില്‍ മറുപടിയുമായി നിര്‍മാതാവ് ജോബി ജോര്‍ജ്ജ്
നിരവധി ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷെയ്ന്‍ നിഗം. ഇപ്പോഴിതാ വെയില്‍ സിനിമയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ നടന്‍ ഷെയ്ന്‍ നിഗമിനെ രൂക്ഷമായി പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് നിര്‍മാതാവ് ജോബി ജോര്‍ജ്ജ്. തിയേറ്ററില്‍ പ്രേക്ഷകരെ എത്തിക്കാന്‍ വലിയ കഥയും ഉള്ളടക്കവുമുള്ള മാത്രമുള്ള സിനിമകളെ കൊണ്ടുമാത്രം കാര്യമില്ലെന്നും എന്റര്‍ടെയ്ന്‍മെന്റ് നല്‍കുന്ന സിനിമകള്‍ ചെയ്യണമെന്നും ഷെയിന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
‘കെ ജി എഫ്’, ‘ആര്‍ ആര്‍ ആര്‍’ എന്നിവ പോലുള്ള വലിയ കാഴ്ചകള്‍ സമ്മാനിക്കുന്ന സിനിമകള്‍ക്കാണ് തിയേറ്ററുകളില്‍ ആളുകളെ എത്തിക്കാന്‍ സാധിക്കുക. താന്‍ അഭിനയിച്ച വെയില്‍ പോലുള്ള റിയലിസ്റ്റിക് സിനിമകള്‍ക്ക് അതിന് സാധിക്കില്ല. ഇരിഞ്ഞാലക്കുടയില്‍ വെറുതെ ക്യാമറ കൊണ്ടുവച്ചാലും അത് തന്നെയാണ് കിട്ടുന്നത്. ഒന്നുമില്ല, പല ഫ്രെയ്മിലും വെളിച്ചം പോലുമില്ല.
റിയലിസ്റ്റക് സിനിമകള്‍ ഒടിടിയ്ക്ക് നല്‍കുക. ഒരു കച്ചവട സിനിമ ചെയ്ത് തിയേറ്ററില്‍ ഇറക്കുക. അതാണ് വേണ്ടത് ഷെയ്ന്‍ പറഞ്ഞു. ബര്‍മുഡ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലായിരുന്നു ഷെയിന്റെ പരാമര്‍ശം. ഒന്നുകില്‍ ചിരിപ്പിക്കണം, അല്ലെങ്കില്‍ വിഷ്വല്‍ ട്രീറ്റ് നല്‍കുന്നതാകണം. റിയലിസ്റ്റിക് സിനിമകള്‍ മാത്രം ഉണ്ടായിട്ട് കാര്യമില്ല. കെ.ജി.എഫ്, ആര്‍.ആര്‍.ആര്‍ പോലുള്ള സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുതലാകുന്നത്.
ഇതിന് മറുപടിയായി ഷെയ്‌ന്റെ വീഡിയോ പങ്കുവച്ചുകൊണ്ട് ജോബി ജോര്‍ജ്ജ് കുറിച്ചത് ഇങ്ങനെ ആയിരുന്നു;
മാപ്പുനല്‍കൂ മഹാമതേ മാപ്പുനല്‍കൂ ഗുണനിധേ
മാലകറ്റാന്‍ കനിഞ്ഞാലും ദയാവാരിധേ
ഉദ്ധതനായ് വന്നോരെന്നില്‍ കത്തിനില്‍ക്കുമഹംബോധം
വര്‍ദ്ധിതമാം വീര്യത്താലെ ഭസ്മമാക്കി ഭവാന്‍
വെയിലുമായി ബന്ധപ്പെട്ട് ജോബി ജോര്‍ജും ഷെയിനും തമ്മില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. വെയിലിന്റെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയ ശേഷം മറ്റൊരു ചിത്രത്തിനായി ഷെയിന്‍ മുടി വെട്ടിയത് തന്റെ സിനിമയുടെ ചിത്രീകരണം മുടക്കാനാണെന്ന് ജോബി ജോര്‍ജ് ആരോപിച്ചു. തുടര്‍ന്ന് സിനിമയില്‍ സഹകരിക്കാന്‍ ഷെയ്ന്‍ കൂട്ടാക്കിയില്ല. സംവിധായകന്‍ ശരത് മേനോനും ഷെയ്‌നിനെതിരേ രംഗത്ത് വന്നിരുന്നു. തുടര്‍ന്ന് നിര്‍മാതാക്കളുടെ സംഘടനയും താരസംഘടനയായ അമ്മയും ഇടപെട്ടാണ് പ്രശ്‌നങ്ങള്‍ പരിഹരിച്ചത്.