Malayalam
പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരും; തുറുപ്പ് ചീട്ടുമായി പ്രോസിക്യൂഷന്‍; രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും
പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരും; തുറുപ്പ് ചീട്ടുമായി പ്രോസിക്യൂഷന്‍; രണ്ടാം ഘട്ട സാക്ഷി വിസ്താരം നാളെ ആരംഭിക്കും
കേരളക്കരയാകെ ഉറ്റുനോക്കുന്ന, നടി ആക്രമിക്കപ്പെട്ട കേസില്‍ രണ്ടാം ഘട്ട സാക്ഷി വിസ്താരം വ്യാഴാഴ്ച ആരംഭിക്കും. കേസിലെ അനുബന്ധ കുറ്റപത്രത്തില്‍ 102 സാക്ഷികളെയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഒന്നാം ഘട്ടത്തില്‍ സാക്ഷികളായി ഉള്‍പ്പെടുത്തിയ ചിലരേയും അനുബന്ധ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട് എന്നാണ് വിവരം. പുതിയ സാക്ഷികളുടെ വിസ്താരം പൂര്‍ത്തിയാക്കണമെങ്കില്‍ കുറഞ്ഞത് 100 ദിവസമെങ്കിലും വേണ്ടി വരുമെന്നാണ് കണക്കാക്കപ്പെടുന്നത്.
അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു എം പൗലോസിന്റെ വിസ്താരം ബാക്കി നില്‍ക്കേയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസില്‍ തുടരന്വേഷണം നടന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തിലായിരുന്നു ഇത്.തുടര്‍ന്ന് ആറ് മാസത്തെ അന്വേഷണത്തിനൊടുവിലായിരുന്നു അനുബന്ധ കുറ്റപത്രം കോടതിയില്‍ സമര്‍പ്പിച്ചത്.
രണ്ടാം ഘട്ട കുറ്റപത്രത്തില്‍ ദിലീപിന്റെ മുന്‍ ഭാര്യയായ മഞ്ജു വാര്യര്‍, ഇപ്പോഴത്തെ ഭാര്യയും നടിയുമായ കാവ്യ മാധവന്‍, കാവ്യയുടെ മാതാപിതാക്കള്‍, സിദ്ധിഖ്, ദിലീപിന്റെ സഹോദരന്‍ അനൂപ് തുടങ്ങി ഒന്നാം ഘട്ട കുറ്റപത്രത്തിലുള്ള സാക്ഷികളേയും ഉള്‍പ്പെടുത്തിയിരുന്നു. മേയക്കപ്പ് ആര്‍ട്ടിസ്റ്റ് രഞ്ജു രഞ്ജിമാര്‍, നടന്‍ ചെമ്പന്‍ വിനോദ്, സംവിധായകന്‍ ആഷിഖ് അബു എന്നിവരാണ് പുതിയ സാക്ഷികള്‍.
പുതിയ കുറ്റപത്രത്തിലെ 60 സാക്ഷികളെയെങ്കിലും വിസ്തരിക്കണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. എന്നാല്‍ ഒന്നാം ഘട്ടത്തില്‍ വിസ്തരിച്ചവരെ ഇനിയും വിസ്തരിക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഇതിനോടകം തന്നെ എട്ടാം പ്രതി ദിലീപ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുണ്ട്. നേരത്തെ ഒന്നാംഘട്ട സാക്ഷി വിസ്താരത്തിന്റെ ഭാഗമായി 9 പുതിയ സാക്ഷികളെ വിസ്തരിക്കണമെന്ന അപേക്ഷ പ്രോസിക്യൂഷന്‍ സമര്‍പ്പിച്ചെങ്കിലും 5 പേരുടെ വിസ്താരത്തിന് മാത്രമായിരുന്നു കോടതി അനുനതി നല്‍കിയത്.
ആദ്യം വിസ്തരിച്ച സാക്ഷികളില്‍ 22 പേര്‍ കൂറുമാറിയിരുന്നു. ആലുവയിലെ ഡോക്ടര്‍ ഹൈദരലി,കൂടാതെ സിനിമാ മേഖലയില്‍ നിന്നുള്ള ചിലരുമാണ് കൂറുമാറിയത്. ഹൈദരലിയെ കൂറുമാറ്റാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചുവെന്ന് വ്യക്താക്കുന്ന ചില ശബ്ദ സംഭാഷണങ്ങള്‍ നേരത്തേ െ്രെകംബ്രാഞ്ച് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
രണ്ടാം ഘട്ടത്തില്‍ പ്രോസിക്യൂഷന്റെ തുറുപ്പ് ചീട്ട് കാവ്യയുടെ സ്ഥാപനമായ ലക്ഷ്യയിലെ മുന്‍ ജീവനക്കാരനായ സാഗര്‍ വിന്‍സെന്റ് ആണ്. നേരത്തേ മൊഴിമാറ്റിയ സാഗര്‍ പ്രോസിക്യൂഷനായി അനുകൂലമായി മൊഴി തിരുത്തുകയും മൊഴി മാറ്റാനുണ്ടായ സാഹചര്യം വ്യക്തമാക്കി മജിസ്‌ട്രേറ്റിന് മുന്നില്‍ രഹസ്യമൊഴി നല്‍കുകയും ചെയ്തിരുന്നു.
കേസിലെ പ്രതി വിജീഷ് ലക്ഷ്യയില്‍ എത്തിയത് കണ്ടെന്ന് ആദ്യം മൊഴി നല്‍കിയ സാഗര്‍ പിന്നീട് കോടതിയില്‍ മൊഴി മാറ്റുകയായിരുന്നു. എന്നാല്‍ എട്ടാം പ്രതി ദിലീപിന്റെ സ്വാധീനത്തിന് വഴങ്ങിയാണ് സാഗര്‍ മൊഴിമാറ്റിയതെന്ന് കണ്ടെത്തിയതായി െ്രെകംബ്രാഞ്ച് നേരത്തേ കോടതിയെ അറിയിച്ചിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപും കാവ്യാ മാധവന്റെ ഡ്രൈവര്‍ സുനീറൂം അഭിഭാഷകരും ചേര്‍ന്നാണ് സാഗറിനെ സ്വാധീനിച്ചതെന്നും ഇത് സംബന്ധിച്ച് സുനീറും സാഗറും താമസിച്ചതിന്റെ രേഖകള്‍ ഉള്‍പ്പെടേയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു.
കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയുടെ അമ്മയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. ആലുവ മജിസ്‌ട്രേട്ട് കോടതി രേഖപ്പെടുത്തിയ രഹസ്യ മൊഴിയില്‍ തനിക്ക് അറിയാവുന്നതും മകന്‍ പറഞ്ഞതുമായ എല്ലാ കാര്യങ്ങളും വ്യക്തമാക്കിയിട്ടുണ്ടെന്ന് അവര്‍ പറഞ്ഞിരുന്നു.
സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യ മൊഴികളാകും കേസില്‍ പ്രതിഭാഗത്തെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാകുക. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങള്‍ ദിലീപിന്റെ കൈകളില്‍ എത്തിയെന്നാണ് അനുബന്ധ കുറ്റപത്രത്തില്‍ െ്രെകംബ്രാഞ്ച് പറയുന്നത്. ദിലീപിന്റെ സുഹൃത്തായ ശരത് ആണ് ദൃശ്യങ്ങള്‍ എത്തിച്ചതെന്നും കുറ്റപത്രത്തില്‍ പറയുന്നുണ്ട്.
അതേസമയം, നടി ആക്രമിക്കപ്പെട്ട കേസില്‍ സുപ്രീം കോടതിയെ സമീപിച്ച് കേസിലെ എട്ടാം പ്രതി ദിലീപ്. വിചാരണ സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ വിചാരണ കോടതിയ്ക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് ദിലീപ് ഹര്‍ജി സമര്‍പ്പിച്ചിച്ചിരിക്കുന്നത്. തുടരന്വേഷണ റിപ്പോര്‍ട്ട് പുതിയ അന്വേഷണത്തിനായി ഉപയോഗിക്കരുതെന്നാണ് ദിലീപിന്റെ ആവശ്യം. കേസില്‍ ഒരിക്കല്‍ വിസ്തരിച്ചവരെ വീണ്ടും വിസ്തരിക്കരുതെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
അതിജീവിതയ്ക്കും മുന്‍ ഭാര്യയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് അപേക്ഷയില്‍ ഉള്ളത്. അന്വേഷണ ഉദ്യോഗസ്ഥര്‍, പ്രോസിക്യുഷന്‍, അതിജീവിത എന്നിവര്‍ വിചാരണ പൂര്‍ത്തിയാക്കി വിധി പറയാന്‍ വിചാരണ കോടതി ജഡ്ജിയെ തടസ്സപ്പെടുത്തുന്നുവെന്നാണ് ദിലീപിന്റെ ആരോപണം. വിചാരണ കോടതി ജഡ്ജിക്ക് മേല്‍ക്കോടതിയിലേക്ക് സ്ഥാനക്കയറ്റം ലഭിക്കുന്നത് വരെ വിചാരണ നീട്ടികൊണ്ടു പോകാന്‍ ആണ് ശ്രമിക്കുന്നത് എന്നും ദിലീപ് അപേക്ഷയില്‍ ആരോപിച്ചിട്ടുണ്ട്.
