ഇന്ത്യന്‍ 2’ല്‍ നെടുമുടി വേണുവിന്‍റെ ഭാഗങ്ങള്‍ പൂര്‍ത്തിയാക്കുക നന്ദു പൊതുവാള്‍; റിപോർട്ടുകൾ പുറത്ത് !
കമല്‍ ഹാസന്‍ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ‘ഇന്ത്യന്‍ 2’ ല്‍ മലയാളി താരം നന്ദു പൊതുവാളും. അന്തരിച്ച നടന്‍ നെടുമുടി വേണുവിന് പകരമായി അദ്ദേഹത്തോട് രൂപസാദൃശ്യമുള്ള നന്ദു പൊതുവാളിനെ ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ സമീപിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇതിനോടകം ചില രംഗങ്ങള്‍ ചിത്രീകരിച്ച ഭാഗങ്ങള്‍ നന്ദു പൂര്‍ത്തിയാക്കുമെന്ന് പ്രമുഖ ട്രേഡ് അനലിസ്റ്റ് ശ്രീധരന്‍ പിള്ള ട്വീറ്റ് ചെയ്യുന്നു.ചിത്രത്തിന്റെ ആദ്യ ഭാഗമായ ഇന്ത്യനില്‍ പ്രധാന കഥാപാത്രത്തെ നെടുമുടി വേണു അവതരിപ്പിച്ചിരുന്നു.
കൃഷ്ണ സ്വാമി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. ഇന്ത്യന്‍ 2വിലും കൃഷ്ണ സ്വാമി എന്ന കഥാപാത്രത്തിന്റെ ചില ഭാഗങ്ങള്‍ അദ്ദേഹത്തെ വച്ച് ചിത്രീകരിക്കുകയും ചെയ്തു. പിന്നീടാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത മരണം. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അന്തരിച്ച നടന്‍ വിവേകിന്റെ പകരക്കാരനായി കാര്‍ത്തിക് ആണ് എത്തുന്നതെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്തുവന്നിരുന്നു.
സെപ്റ്റംബര്‍ 13 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി കാജല്‍ അഗര്‍വാള്‍ ആണ് എത്തുക. സിദ്ധാര്‍ഥ്, രകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രീപ്രൊഡക്ഷന്‍ തിരക്കുകളിലാണ് കമല്‍ഹാസന്‍ അടക്കമുള്ള ടീം.
തെന്നിന്ത്യന്‍ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു ശങ്കര്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ മനീഷ കൊയ്‌രാള, സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഇന്ത്യന്‍’ 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. ചിത്രം ‘ഹിന്ദുസ്ഥാനി’ എന്ന പേരില്‍ ഹിന്ദിയിലും ‘ഭാരതീയുഡു’ എന്ന പേരില്‍ തെലുങ്കിലും പുറത്തിറക്കിയിരുന്നു.