News
കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന്‍ കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി വിവരം; എത്തുന്നത് അന്തരിച്ച നടന്‍ വിവേകിന് പകരം
കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന്‍ കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി വിവരം; എത്തുന്നത് അന്തരിച്ച നടന്‍ വിവേകിന് പകരം
ശങ്കര്‍ സംവിധാനം ചെയ്ത കമല്‍ഹാസന്റെ ‘ഇന്ത്യന്‍’ ടുവില്‍ തമിഴ് നടന്‍ കാര്‍ത്തിക് പ്രധാന വേഷം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ‘ഇന്ത്യന്‍’ ചിത്രത്തില്‍ സുപ്രധാന വേഷം കൈകാര്യം ചെയ്തിരുന്ന അന്തരിച്ച നടന്മാരായ വിവേക്, നെടുമുടി വേണു എന്നിവര്‍ക്ക് പകരക്കാരെ തിരയുന്ന സാഹചര്യത്തിലാണ് പുതിയ അപ്‌ഡേറ്റ് എത്തുന്നത്. ഈ സ്ഥാനത്തേക്കായിരിക്കാം കാര്‍ത്തിക് എന്നാണ് സൂചന.
സെപ്റ്റംബര്‍ 13 മുതല്‍ സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായി കാജല്‍ അഗര്‍വാള്‍ ആണ് എത്തുക. സിദ്ധാര്‍ഥ്, രകുല്‍ പ്രീത് സിംഗ്, പ്രിയ ഭവാനി ശങ്കര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രീപ്രൊഡക്ഷന്‍ തിരക്കുകളിലാണ് കമല്‍ഹാസന്‍ അടക്കമുള്ള ടീം.
തെന്നിന്ത്യന്‍ സിനിമ ലോകം ഹിറ്റാക്കി മാറ്റിയ ചിത്രമായിരുന്നു ശങ്കര്‍ സംവിധാനം ചെയ്ത് 1996ല്‍ പുറത്തിറങ്ങിയ ‘ഇന്ത്യന്‍’. കമല്‍ ഹാസന്‍ ഇരട്ടവേഷത്തിലെത്തിയ ചിത്രത്തില്‍ മനീഷ കൊയ്‌രാള, സുകന്യ, ഗൗണ്ടമണി എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ചിത്രത്തിലെ ഗാനങ്ങള്‍ ഇന്നും ഹിറ്റ് ചാര്‍ട്ടില്‍ ഉള്ളതാണ്.
സംഗീത സംവിധാനം നിര്‍വ്വഹിച്ചത് എആര്‍ റഹ്മാനാണ്. മൂന്ന് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയ ‘ഇന്ത്യന്‍’ 1996ലെ ഓസ്‌കാര്‍ പുരസ്‌കാരത്തിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായിരുന്നു. ചിത്രത്തിലെ അഭിനയത്തിലൂടെ കമല്‍ ഹാസന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം, സംസ്ഥാന പുരസ്‌കാരം, ഫിലിംഫെയര്‍ പുരസ്‌കാരം എന്നിവ ലഭിച്ചു. ചിത്രം ‘ഹിന്ദുസ്ഥാനി’ എന്ന പേരില്‍ ഹിന്ദിയിലും ‘ഭാരതീയുഡു’ എന്ന പേരില്‍ തെലുങ്കിലും പുറത്തിറക്കിയിരുന്നു.
