Connect with us

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍

Malayalam

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍

വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ എബ്രിഡ് ഷൈന്‍ പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നു; തുറന്ന് പറഞ്ഞ് ശ്രീജിത്ത് പണിക്കര്‍

എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ നിവിന്‍ പോളി, ആസിഫ് ആലി എന്നിവര്‍ കേന്ദ്രകഥാപാത്രമായി എത്തിയ ചിത്രമാണ് മഹാവീര്യര്‍. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ, മഹാവീര്യറിലേയ്ക്ക് തനിക്ക് ക്ഷണം വന്നിരിന്നുവെന്ന് പറയുകയാണ് ശ്രീജിത്ത് പണിക്കര്‍. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ചിത്രത്തിന്റെ കഥ സംവിധായകന്‍ തന്നോട് പറഞ്ഞപ്പോള്‍ ഒരു വേഷം ചെയ്യാമോ എന്ന് ചോദിച്ചിരുന്നതായി അദ്ദേഹം പറയുന്നു.

ശ്രീജിത്ത് പണിക്കരുടെ ഫേസ്ബുക്ക് പോസ്റ്റ്:

നൂറ്റാണ്ടുകള്‍ക്കു മുന്‍പ് ജീവിച്ചിരുന്ന ഉഗ്രപ്രതാപിയായ ഒരു രാജാവ് തന്റെ പ്രജകളില്‍ നിന്ന് നേരിട്ട നിയമപ്രശ്‌നത്തെ ആധുനികകാലത്തെ കോടതി നടപടികള്‍ വഴി പരിഹരിക്കാന്‍ ശ്രമിക്കുകയാണ് ‘മഹാവീര്യര്‍’. അസംഭവ്യമായ ഒരു സാഹചര്യത്തില്‍ വര്‍ത്തമാനകാല യുക്തി എങ്ങനെ പ്രവര്‍ത്തിക്കും എന്ന കൗതുകത്തിനാണ് സിനിമയില്‍ പ്രാധാന്യം. ഇന്ത്യാ വിഭജനം നടന്നിരുന്നില്ലെങ്കില്‍, പദ്മരാജന്‍ ഇന്നും ജീവിച്ചിരുന്നെങ്കില്‍, എന്നൊക്കെയുള്ള ചിന്തകള്‍ ഭാവനകള്‍ക്ക് ചിറകു മുളപ്പിക്കുന്നതു പോലെയുള്ള ഒരു ‘what if’ കൗതുകം.

അയഥാര്‍ത്ഥമെങ്കിലും ഇത്തരം കഥകളില്‍ ഇരു കാലഘട്ടങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ടാവണം. ആ കണ്ണിയാണ് സിദ്ധനായ അപൂര്‍ണ്ണാനന്ദന്‍. ഒരേസമയം നിയമജ്ഞനും നീതിമാനും കള്ളനും സരസനും ബുദ്ധിമാനും പണ്ഡിതനും മാന്ത്രികനും ഒക്കെയായി പലതരം ലഹരി നുകര്‍ന്ന് അപൂര്‍ണ്ണതയില്‍ ആനന്ദം കണ്ടെത്തുന്നവന്‍. രണ്ടാം പകുതിയില്‍ മാത്രം പറഞ്ഞുതുടങ്ങുന്ന കഥയിലേക്ക് അപൂര്‍ണ്ണാനന്ദനെ വിളക്കിച്ചേര്‍ക്കുന്ന ജോലി മാത്രമാണ് ‘മഹാവീര്യരു’ടെ ഒന്നാം പകുതിയിലെ പഞ്ചലോഹ വിഗ്രഹത്തിനുള്ളത്.

ഭരണാധികാരി നിയമത്തിന് അതീതനാണെന്ന സങ്കല്പം ചില പരിഷ്‌കൃത സമൂഹങ്ങള്‍ പോലും ഇന്നും പിന്തുടരുന്നുണ്ട്. പലതിനും നാം മാതൃകയാക്കിയ ബ്രിട്ടനില്‍ പോലും അതാണ് സ്ഥിതി. എന്നാല്‍ ദേശപാലകനായ രാജാവ് വിചാരണ ചെയ്യപ്പെടുകയും, അയാള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അയാളുടെ സാന്നിധ്യത്തില്‍ അവതരിപ്പിക്കപ്പെടുകയും ചെയ്യുന്ന ഒരു ‘what if’ സാഹചര്യമാണ് ‘മഹാവീര്യര്‍’ മുന്നില്‍ വയ്ക്കുന്നത്.

പൗരാണികആധുനിക കാലഘട്ടങ്ങളില്‍ സ്ത്രീയോട് ഭരണ, നീതിന്യായ, നീതിനിര്‍വഹണ സംവിധാനങ്ങള്‍ പുലര്‍ത്തുന്ന മനോഭാവമാണ് സിനിമയുടെ പ്രമേയം. തന്റെ ആവശ്യം നേടിയെടുക്കാന്‍ ഒരൊറ്റ വഴിയേയുള്ളൂ എന്നു ധരിക്കുന്ന ഒറ്റബുദ്ധിയായ രാജാവും, ഭാവനാശൂന്യനായി പ്രശ്‌നപരിഹാരത്തിനു ശ്രമിക്കുന്ന ന്യായാധിപനും, കുറ്റബോധമില്ലാതെ ആജ്ഞകള്‍ ശിരസാ വഹിക്കുന്ന നിയമപാലകനുമെല്ലാം മറന്നുപോകുന്നത് നീതി എന്ന രണ്ടക്ഷരമാണ്.

ഇന്നത്തെ ലെജിസ്ലേച്ചറും ജുഡീഷ്യറിയും എക്‌സിക്യൂട്ടീവും ഒക്കെ പരോക്ഷമായി വിമര്‍ശിക്കപ്പെടുന്നു. ധര്‍മ്മച്യുതി നടന്ന കൗരവസഭയില്‍ പ്രശ്‌നപരിഹാരത്തിന് പൂര്‍ണ്ണാനന്ദനായ ഭഗവാന്‍ അവതരിച്ചെങ്കില്‍, നൂറ്റാണ്ടുകള്‍ക്കിപ്പുറം ലിഖിതനിയമങ്ങളുള്ള രാജവിചാരണയില്‍ അപൂര്‍ണ്ണാനന്ദന് എന്തെങ്കിലും ചെയ്യാന്‍ കഴിയുമോ?

സ്വന്തം കാര്യം മാത്രം മുഖ്യമെന്ന് കരുതുന്ന രാജാവിന്, സ്വന്തം കാര്യം മാത്രം മുഖ്യമെന്ന് കരുതുന്ന മന്ത്രി. ഈ അധികാര പ്രമത്തതയുടെയും സ്വാര്‍ത്ഥതയുടെയും നടുവിലാണ് രാജാവിനെതിരെ ബോധിപ്പിക്കുന്ന മൊഴി സത്യമാണെന്ന് രാജാവിനെക്കൊണ്ടുതന്നെ സത്യം ചെയ്യേണ്ടി വരുന്ന അവസ്ഥ സാധാരണക്കാരന് ഉണ്ടാകുന്നത്. അഭിപ്രായ സ്വാതന്ത്ര്യമെന്ന മൗലികപ്രശ്‌നവും, ഒരാളിന്റെ മുഖത്തുനിന്ന് പ്രണയം വായിച്ചെടുക്കാമോയെന്ന ധാര്‍മ്മികപ്രശ്‌നവും, നീതിസംവിധാനത്തിലെ കാലത്തിന്റെ ഇടപെടലുമെല്ലാമാണ് ഈ വ്യവഹാരത്തെ വ്യത്യസ്തമാക്കുന്നത്.

വിഭിന്ന കാലഘട്ടങ്ങളെ ഭംഗിചോരാതെ ഇണക്കിച്ചേര്‍ക്കാന്‍ ഛായാഗ്രഹണവും കലാസംവിധാനവും വസ്ത്രാലങ്കാരവും സംഗീതവുമെല്ലാം സംവിധായകനെ പരിധിയില്ലാതെ സഹായിച്ചിട്ടുണ്ട്. സ്വാഭാവികതയും അതിഭാവുകത്വവും ഒക്കെ തിരക്കഥ അഭിനയത്തില്‍ ആവശ്യപ്പെടുന്നുണ്ട്. അസ്സലായ കോടതിരംഗങ്ങളില്‍ നടന്‍ സിദ്ദിഖ് വിസ്മയിപ്പിച്ചു.

ഒരു കൗതുകം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. ഏതാനും വര്‍ഷങ്ങള്‍ക്കുമുന്‍പ് ഈ കഥ എന്നോടു പറയുമ്പോള്‍ ഇതിലൊരു വേഷം ചെയ്യുമോയെന്ന് എബ്രിഡ് ഷൈന്‍ എന്നോട് ചോദിച്ചു. എന്നാലത് ചെയ്യാനായില്ല. ‘ഞാനത് ചെയ്തിരുന്നെങ്കിലോ’ എന്ന ‘what if ‘ കൗതുകത്തിന് ഒരു സ്ഥാനവുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് വീരസിംഹനായി വന്ന് കളം നിറഞ്ഞാടി മടങ്ങിയ വിജയ് മേനോന്‍! അപൂര്‍ണ്ണാനന്ദന്‍ വിഗ്രഹം കൊണ്ടുപോകാന്‍ വന്നവനല്ല. മനുഷ്യരെ കണ്ണീരു കുടിപ്പിക്കുന്ന ചില വിഗ്രഹങ്ങളെ ഉടച്ചെറിഞ്ഞ് ഭാവിയിലേക്കും ഭൂതകാലത്തിലേക്കും നടക്കാന്‍ വന്നവനാണ്. അനന്തം ബ്രഹ്മാഃ!

Continue Reading
You may also like...

More in Malayalam

Trending

Recent

To Top