Connect with us

മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ ; രാജന്‍ പി ദേവ് ഓര്‍മ്മയായിട്ട് 13 വര്‍ഷം!

Actor

മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ ; രാജന്‍ പി ദേവ് ഓര്‍മ്മയായിട്ട് 13 വര്‍ഷം!

മലയാളികളുടെ പ്രിയപ്പെട്ട വില്ലൻ ; രാജന്‍ പി ദേവ് ഓര്‍മ്മയായിട്ട് 13 വര്‍ഷം!

അനശ്വര നടന്‍ രാജന്‍ പി. ദേവിന്റെ ഓര്‍മകള്‍ക്ക് ഇന്നേയ്ക്ക് 13 വര്‍ഷം. വില്ലനായും ഹാസ്യതാരമായും മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം. ഒരു കാലത്തെ മലയാള സിനിമയില്‍ മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി എന്നീ സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളില്‍ പ്രധാന വില്ലനായിരുന്ന രാജന്‍ പി ദേവ് . പിന്നീട് ഹാസ്യതാരമായും വെള്ളിത്തിരയില്‍ വിസ്മയങ്ങള്‍ തീര്‍ത്തു.

മണ്‍മറഞ്ഞ് 13 വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും രാജന്‍ പി ദേവ് അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ ഇന്നും പ്രേക്ഷകരുടെ മനസില്‍ അതേപടി നിലനില്‍ക്കുന്നു. വില്ലന്‍ എന്നാല്‍ ക്രൂരന്‍ എന്ന് മാത്രമല്ല അര്‍ത്ഥമെന്ന് മലയാളികള്‍ക്ക് മനസിലാക്കി കൊടുത്തത് രാജന്‍ പി ദേവായിരുന്നു. തന്റേതായ ശൈലി കൊണ്ട് വില്ലന്‍ വേഷങ്ങളെ മറ്റൊരു തലത്തില്‍ എത്തിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. വില്ലന്‍ കഥാപാത്രങ്ങളില്‍ പോലും അല്‍പ്പം നര്‍മ്മം കലര്‍ത്തിയാണ് രാജന്‍ പി ദേവ് പലപ്പോഴും പ്രേക്ഷക മനസുകളെ കീഴടക്കിയത്. മോഹന്‍ലാല്‍ നായകനായ ഇന്ദ്രജാലം എന്ന ചിത്രത്തിലെ കാര്‍ലോസ് എന്ന കഥാപാത്രം മുതല്‍ നൂറുകണക്കിന് വില്ലന്‍ വേഷങ്ങളാണ് രാജന്‍ പി ദേവ് കൈകാര്യം ചെയ്തത്.

1983ല്‍ പുറത്തിറങ്ങിയ എന്റെ മാമാട്ടിക്കുട്ടിയമ്മ ആയിരുന്നു രാജന്‍ പി ദേവിന്റെ ആദ്യ ചിത്രം. പിന്നീട് 150ഓളം സിനിമകളില്‍ അദ്ദേഹം വേഷമിട്ടു. വില്ലന്‍ വേഷങ്ങളോടൊപ്പം ഹാസ്യവും തനിയ്ക്ക് വഴങ്ങുമെന്ന് തെളിയിച്ച ചിത്രങ്ങളായിരുന്നു ജൂനിയര്‍ മാന്‍ഡ്രേക്ക്, സ്ഫടികം, തൊമ്മനും മക്കളും, ഛോട്ടാ മുംബൈ എന്നിവ. ഇതിനിടെ സംവിധായകന്റെ കുപ്പായമണിഞ്ഞ രാജന്‍ പി ദേവ് മൂന്ന് സിനിമകള്‍ സംവിധാനം ചെയ്തു. അച്ചാമ്മക്കുട്ടിയുടെ അച്ചായന്‍, മണിയറക്കള്ളന്‍, അച്ഛന്റെ കൊച്ചുമോള്‍ക്ക് എന്നീ ചിത്രങ്ങളാണ് അദ്ദേഹം സംവിധാനം ചെയ്തത്. അജ്മല്‍ സംവിധാനം ചെയ്ത റിംഗ് ടോണ്‍ ആണ് രാജന്‍ പി ദേവിന്റെ അവസാന ചിത്രം.

നാടകത്തില്‍ നിന്ന് സിനിമയില്‍ എത്തുകയും പിന്നീട് നിരവധി കഥാപാത്രങ്ങളെ അനശ്വരമാക്കുകയും ചെയ്ത രാജന്‍ പി ദേവ് 2009 ജൂലൈ 29ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് വിടവാങ്ങിയത്. കരള്‍ സംബന്ധമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

More in Actor

Trending

Recent

To Top