News
സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ബസിൽ ബലൂണും പോസ്റ്ററും ; കൊല്ലം നഗരത്തിൽ താലൂക്ക് കച്ചേരി ജംക്‌ഷനിൽ നടന്ന സംഭവം ; കയ്യോടെ പൊക്കി പോലീസ്!
സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് ബസിൽ ബലൂണും പോസ്റ്ററും ; കൊല്ലം നഗരത്തിൽ താലൂക്ക് കച്ചേരി ജംക്‌ഷനിൽ നടന്ന സംഭവം ; കയ്യോടെ പൊക്കി പോലീസ്!
കഴിഞ്ഞ ദിവസമായിരുന്നു തെന്നിന്ത്യൻ സൂപ്പർ താരം സൂര്യയുടെ പിറന്നാൾ ആരാധകർ ആഘോഷമാക്കിയത്. ദേശീയ അവാർഡ് തിളക്കത്തിൽ നിൽക്കുന്ന സൂര്യയ്ക്ക് ഇക്കുറി പിറന്നാൾ മധുരം ഏറും.
അതേസമയം, ആഘോഷം പോലീസ് കേസ് ആയ അവസ്ഥയാണ് ഇപ്പോൾ പുറത്തുവരുന്നത്. സൂര്യയ്ക്ക് പിറന്നാൾ ആശംസ അറിയിച്ച് മുന്നിൽ ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസ് കയ്യോടെ പിടിച്ച് പിഴ അടപ്പിച്ചു. ഇന്നലെ രാവിലെ 10.30ന് കൊല്ലം നഗരത്തിൽ താലൂക്ക് കച്ചേരി ജംക്‌ഷനിലാണു സംഭവം.
ചവറ – കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് താരത്തിന് പിറന്നാൾ ആശംസകൾ നേർന്ന് മുന്നിൽ ബലൂണുകളും പോസ്റ്ററും പതിപ്പിച്ചു സർവീസ് നടത്തിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്ന രീതിയിലാണു വാഹനത്തിൽ ബലൂണുകളും പോസ്റ്ററും പതിച്ചിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂർണമായും കാണാൻ സാധിക്കാത്ത നിലയിലായിരുന്നു എന്നു പൊലീസ് പറഞ്ഞു.
വാഹനത്തിന്റെ അപകടകരമായ യാത്ര ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം.ഷഹാലുദ്ദീൻ താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പൊലീസ് സംഘത്തിനു നിർദേശം നൽകി വാഹനം അവിടെ വച്ചു പിടികൂടി.
തുടർന്ന് ട്രാഫിക് എസ്ഐ നേരിട്ട് എത്തി ജീവനക്കാരെ പുറത്ത് ഇറക്കി, വാഹനത്തിന്റെ മുന്നിലെ ഗ്ലാസിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കി. അപകടകരമായ രീതിയിൽ സർവീസ് നടത്തിയതിനു പിഴ ഈടാക്കിയശേഷം ബസ് വിട്ടു നൽകി . ഇത്തരം കുറ്റകൃത്യങ്ങൾ ആവർത്തിച്ചാൽ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുന്നറിയിപ്പ് നൽകി.
ABOUT suriya