News
അമ്മാ…ഇന്ന് സൂര്യ സാർ ഇവിടെ വരുന്നുണ്ട്… ഞാൻ ഇന്ന് അദ്ദേഹത്തിന്റെ മുന്നിൽ സംസാരിക്കാൻ പോവുകയാണ്; കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ; വായ് കൊണ്ട് ഡയലോഗടിച്ച് കയ്യടി മേടിക്കാതെ പ്രവൃത്തികൾ കൊണ്ട് കയ്യടി വാങ്ങിച്ച നടൻ സൂര്യ; വൈറലാകുന്ന കുറിപ്പ്!
അമ്മാ…ഇന്ന് സൂര്യ സാർ ഇവിടെ വരുന്നുണ്ട്… ഞാൻ ഇന്ന് അദ്ദേഹത്തിന്റെ മുന്നിൽ സംസാരിക്കാൻ പോവുകയാണ്; കണ്ണ് നിറഞ്ഞുപോകുന്ന വാക്കുകൾ; വായ് കൊണ്ട് ഡയലോഗടിച്ച് കയ്യടി മേടിക്കാതെ പ്രവൃത്തികൾ കൊണ്ട് കയ്യടി വാങ്ങിച്ച നടൻ സൂര്യ; വൈറലാകുന്ന കുറിപ്പ്!
46ാം പിറന്നാള്‍ ആഘോഷിക്കുകയാണ് സൂര്യ. പിറന്നാളിന് തൊട്ടുമുന്‍പായാണ് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തി. മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികള്‍ക്കും ഏറെയിഷ്ടമാണ് അദ്ദേഹത്തെ.
പിറന്നാളും പുരസ്കാരവും ആഘോഷിക്കുന്ന തിരക്കിലാണ് മലയാളികൾ ഉൾപ്പടെയുള്ള ആരാധകർ. ഇപ്പോൾ മലയാളം സിനിമാ ഫാൻ പേജിൽ സൂര്യയെ കുറിച്ചുള്ള ഒരു അനുഭവ പ്രസംഗം വൈറലാകുകയാണ്. സൂര്യ എന്ന നടനെക്കാൾ സൂര്യ എന്ന മനുഷ്യനെ ഇഷ്ട്ടപ്പെട്ടുപോകുന്ന വാക്കുകൾ…
മൂവി സ്ട്രീറ്റിൽ സുനിൽ വയൻസ് പങ്കുവച്ച കുറിപ്പ് വായിക്കാം പൂർണ്ണമായി…
“ഒറ്റ ദിവസം കൊണ്ട് യൂട്യൂബിൽ വൈറലായ ഗായത്രി എന്ന തമിഴ്നാട് സ്വദേശിനിയായ പെൺകുട്ടിയുടെ പ്രസംഗം വളരെ യാദൃച്ഛികമായാണ് ഇന്നലെ ഞാൻ കണ്ടത്.ഗായത്രി പറയുന്നു
“തഞ്ചാവൂർ ജില്ലയിലെ നെയ് വാസകം എന്ന ചെറിയ ഗ്രാമത്തിലാണ് ഞാൻ ജനിച്ചത്.എന്റെ അച്ഛൻ കേരളത്തിൽ കല്ല് വെട്ടാനും കിണർ കുഴിക്കാനും വിറക് വെട്ടാനും പോകാറുണ്ട്.അമ്മയാകട്ടെ 150 രൂപക്ക്,നാട്ടിൽ കൂലിവേല ചെയ്യുന്നു.ഞാൻ എന്റെ നാട്ടിലെ സർക്കാർ സ്‌കൂളിലാണ് പ്ലസ്ടു വരെ പഠിച്ചത്.തുടർന്ന് പഠിക്കണം എന്ന് എനിക്ക് അതിയായ ആഗ്രഹമുണ്ടായിരുന്നു,എന്നാൽ അതിനുള്ള സാഹചര്യം എനിക്കില്ലായിരുന്നു,കാരണം വളരെയധികം കഷ്ടപ്പെട്ടാണ് എന്റെ വീട്ടുകാർ എന്നെ പഠിപ്പിച്ചിരുന്നത്.ഞാൻ സ്‌കൂളിൽ പഠിക്കുന്ന സമയത്താണ് അച്ഛന് ക്യാൻസർ വരുന്നത്.
അതോടെ കുടുംബത്തിൽ വലിയ തോതിൽ സാമ്പത്തികബുദ്ധിമുട്ട് വന്നു.എന്റെ ആഗ്രഹങ്ങളെല്ലാം മാറ്റി വച്ച് ഞാനും അമ്മയുടെ കൂടെ പണിക്ക് വരട്ടെയെന്ന് ചോദിച്ചു.അപ്പോൾ അമ്മ എന്നോട് പറഞ്ഞു,എന്റെയും അച്ഛന്റെയും ഏറ്റവും വലിയ ആഗ്രഹം നിന്നെ നന്നായി പഠിപ്പിക്കണമെന്നാണ്..നീ നന്നായി പഠിക്ക്.പിച്ചയെടുത്തിട്ടാണെങ്കിലും ശരി,നിന്നെ ഞങ്ങൾ പഠിപ്പിക്കുമെന്ന് അമ്മ പറഞ്ഞു.പഠിച്ച സ്കൂളിലെ ഒരു സിസ്റ്ററുടെ സഹായത്തോടെ ഞാൻ സൂര്യ സർ(നടൻ സൂര്യ)രക്ഷാധികാരിയായ അഗരം ഫൗണ്ടേഷന് ഒരു കത്തെഴുതി.ഈശ്വരകടാക്ഷത്താലും അഗരത്തിന്റെ കരുണയാലും ചെന്നൈയിലെ നന്ദ കോളേജിൽ എനിക്ക് ബി.എ.ഇംഗ്ലീഷിന് അഡ്മിഷൻ ലഭിച്ചു.അച്ഛനാണ് എനിക്കൊപ്പം കോളേജിലേക്ക് കൂട്ട് വന്നത്.
‘നന്നായി പഠിക്കണം മോളേ’ എന്ന് പറഞ്ഞ് എന്നെ ആശീർവദിച്ച് തിരികെ പോയ അച്ഛന്റെ മരണവാർത്തയാണ് പിന്നീട് ഞാൻ കേൾക്കുന്നത്.അച്ഛൻ മരിക്കുന്നതിന് ഏതാനും നാൾ മുൻപ് ഞാൻ വീട്ടിലേക്ക് പോയിരുന്നു,അച്ഛൻ എന്നെ കണ്ടതും അദ്ദേഹത്തിന്റെ അരികിലേക്ക് വിളിച്ചു.അദ്ദേഹത്തിന് ക്യാൻസർ ആണെന്നറിഞ്ഞ നിമിഷം മുതൽ അദ്ദേഹം ഞങ്ങളോട് ആരോടും സംസാരിക്കാറില്ലായിരുന്നു.
പകരുന്ന രോഗമാണ് ക്യാൻസർ എന്നാണ് അദ്ദേഹം കരുതിയിരുന്നത്,അത് കൊണ്ട് തന്നെ അദ്ദേഹം ഞങ്ങളുടെ അടുത്ത് വരിക പോലുമില്ലായിരുന്നു.വീടിന്റെ മുന്നിലെ തിണ്ണയിലാണ് അദ്ദേഹം കിടന്നിരുന്നത്.ഒരു ദിവസം അച്ഛന് തീരെ വയ്യ എന്നും,എന്നെ ഉടനെ കാണണമെന്നും പറഞ്ഞ് ഞാൻ പഠിച്ച കോളേജിലേക്ക് ഫോൺകോൾ വന്നു.ഞാൻ വേഗം വീട്ടിലേക്ക് പോയി.എന്റെ വീട് റോഡിൽ നിന്ന് നോക്കിയാൽ കാണാൻ സാധിക്കുന്ന ഒന്നാണ്.ശരിക്കും അതിനെ വീട് എന്നൊന്നും പറയാൻ പറ്റില്ല,ഒരു ചെറ്റക്കുടിൽ.ഞാൻ വീടിന്റെ മുന്നിലെത്തിയപ്പോൾ കാണുന്ന കാഴ്ച ഒരുപാട് ആളുകൾ വീടിന് മുൻപിൽ സംസാരിച്ചു നിൽക്കുന്നതാണ്.
നിറയെ പൂമാലകളും അടുക്കി വച്ച കസേരകളും അവിടെ ഞാൻ കണ്ടു.ഉള്ളിൽ അച്ഛന്റെ ചേതനയറ്റ ശരീരം കണ്ട് ഞാൻ കുറേ നേരം പൊട്ടിക്കരഞ്ഞു.അമ്മയെയും അനുജനെയും നന്നായി നോക്കണം എന്ന് പറഞ്ഞാണ് അദ്ദേഹം പോയതെന്ന് പിന്നീട് ഞാൻ അറിഞ്ഞു.ഇതിനിടെ അമ്മക്ക് ഗർഭാശയസംബന്ധമായ ഒരു അസുഖം വന്നു.യൂട്രസ് എടുത്ത് കളയുകയല്ലാതെ മറ്റ് മാർഗമൊന്നുമില്ലെന്ന് ഡോക്ടർ പറഞ്ഞു.ഞങ്ങൾ ഒരുപാട് പേരോട് കാശ് കടം വാങ്ങിച്ച് അതിന്റെ ഓപ്പറേഷൻ ചെയ്തു.ഇത്രയും സംഭവിച്ചതോടെ കോളേജിലേക്ക് തിരികെ പോകാൻ എനിക്ക് ഒട്ടും മനസ്സുണ്ടായിരുന്നില്ല.എന്നാൽ അമ്മ എന്നെ നിർബന്ധിച്ചുകൊണ്ടേയിരുന്നു.
ഞാൻ കോളേജിലേക്ക് തിരിച്ചു പോയി”, “കോളേജിൽ ചേർന്ന ദിവസം മുതൽക്ക്,അനുനിമിഷം പുതിയ അനുഭവങ്ങൾ സ്വായത്തമാക്കുകയായിരുന്നു ഞാൻ.നിരവധി പുതിയ മനുഷ്യരെ കണ്ടുമുട്ടാനുള്ള അവസരവും എനിക്ക് ലഭിച്ചു.ആയിടെയാണ് എന്റെ അമ്മയുടെ ജീവിതത്തിലെ അടുത്ത ദുരന്തം സംഭവിക്കുന്നത്.അമ്മ തെന്നിവീണ് കയ്യൊടിഞ്ഞ് കിടപ്പിലായി,അതോടെ വീട്ടിലെ വരുമാന മാർഗം പൂർണമായും നിലച്ചു,എന്റെ അനിയനാകട്ടെ ആ സമയം 10ആം ക്ലാസ് കഴിഞ്ഞ് ഇനിയെന്ത് എന്ന് ആലോചിച്ചു നിൽക്കുന്ന സമയമായിരുന്നു.ഞാൻ ഉടൻ തന്നെ വീട്ടിലേക്ക് ഓടിവന്നു.ഞാൻ ഇനി കോളേജിലേക്ക് പോകുന്നില്ലമ്മേ,ഇവിടെ വല്ല പണിക്കും പൊയ്‌ക്കോളാം എന്ന് അമ്മയോട് കരഞ്ഞു പറഞ്ഞു.
അപ്പോൾ അമ്മ എന്നോട് പറഞ്ഞു,
“എനിക്ക് വേണ്ടിയിട്ടല്ല ഞാൻ നിന്നെ പഠിപ്പിച്ചത്,നിന്നെ പഠിപ്പിച്ചതും നിന്നെ ജീവിതത്തിൽ എന്തെങ്കിലുമാക്കാൻ പരിശ്രമിച്ചതും അഗരം ഫൗണ്ടേഷനാണ്.നീ ജീവിതത്തിൽ എന്തെങ്കിലുമൊക്കെ ആയിത്തീർന്നാൽ മാത്രമേ നിനക്ക് വേണ്ടി അവർ ഇത്രയും കാലം ചെയ്ത കാര്യങ്ങൾക്ക് എന്തെങ്കിലും വിധത്തിലുള്ള പ്രയോജനമുണ്ടാകൂ.അമ്മയുടെ ആ വാക്കുകൾ എനിക്ക് വലിയ പ്രചോദനമേകി.ഞാൻ വീണ്ടും കോളേജിലേക്ക് പോയി.ഞാൻ ഒരു കുഗ്രാമത്തിൽ നിന്നാണ് വരുന്നത്.അത് കൊണ്ട് തന്നെ എനിക്ക് കാര്യമായ ഡ്രസ്സിങ് സെൻസൊന്നുമില്ല.ആദ്യ കാഴ്ചയിൽ എന്നെ കണ്ടപ്പോൾ തന്നെ പലരും ചോദിച്ചത് നീയൊക്കെ ഏത് പട്ടിക്കാട്ടിൽ നിന്നാണ് വരുന്നത് എന്നാണ്.എന്നെപ്പോലെയുള്ള പെൺകുട്ടികൾക്കൊക്കെ,ആരാണ് ഇക്കാലത്ത് സീറ്റ് കൊടുക്കുന്നതെന്ന തരത്തിലുള്ള ചോദ്യങ്ങളും പരിഹാസശരങ്ങളും സ്ഥിരമായി ഞാൻ അവിടെ നിന്ന് കേട്ടുകൊണ്ടേയിരുന്നു”
“നിറയെ അപമാനങ്ങൾ ആ കാലയളവിനുള്ളിൽ ഞാൻ സഹിച്ചു.ഞാൻ സമൂഹത്തിലെ പിന്നോക്ക വിഭാഗത്തിൽ നിന്ന് വരുന്ന പെൺകുട്ടിയാണ്.ഞങ്ങളെ ആരും പരിഗണിക്കുകയില്ല,ഞങ്ങളുടെ പ്രശ്നങ്ങൾ തിരക്കാൻ ആരും മെനക്കെടാറുമില്ല.പതിയെ പതിയെ ഞാൻ അതിനോടെല്ലാം പൊരുത്തപ്പെട്ടു തുടങ്ങി.അപ്പോഴാണ് ജീവിതത്തിൽ നിന്ന് വളരെ പ്രധാനപ്പെട്ട ഒരു കാര്യം ഞാൻ പഠിച്ചത്”
To Win,You Must Begin”
അവിടെ നിന്ന് ലഭിച്ച ചെറിയ അവസരങ്ങൾ പോലും ഞാൻ നന്നായി വിനിയോഗിക്കാൻ ആരംഭിക്കുകയായിരുന്നു.ഭയമില്ലാതെ നിൽക്കാനും ആത്മവിശ്വാസത്താൽ തലയുയർത്തി നിന്ന് ക്ലാസിനെ അഭിമുഖീകരിക്കാനും വിവിധ വിഷയങ്ങളിൽ ദിനംപ്രതി ക്ലാസ് എടുക്കാനും എനിക്ക് സാധിച്ചു.കണ്ണടച്ച് തുറക്കും മുൻപേ 3 വർഷം കടന്നുപോയി.ക്ലാസ് കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് സത്യം പറഞ്ഞാൽ എനിക്ക് അറിയില്ലായിരുന്നു.ക്ലാസ് കഴിഞ്ഞാൽ നാട്ടിലേക്ക് തിരിച്ചു ചെന്ന് അമ്മയെ ജോലി ചെയ്ത് സഹായിക്കണം എന്ന് മാത്രമായിരുന്നു അപ്പോഴും എന്റെ മനസ്സിലെ ചിന്ത.ആയിടക്കാണ് ക്യാംപസിൽ പ്ലേയ്സ്മെന്റ് ട്രെയ്നിംഗ് അറ്റൻഡ് ചെയ്യാനുള്ള ഒരു അവസരം എനിക്ക് വന്നുചേർന്നത്.അത് അറ്റൻഡ് ചെയ്യണമെങ്കിൽ ഏതാണ്ട് 1500 രൂപയുടെ ചിലവ് ഉണ്ടായിരുന്നു,എന്റെ കൈവശം അത്രയും തുക ഉണ്ടായിരുന്നില്ല.
പക്ഷേ എന്റെ അവസ്ഥ അറിഞ്ഞ അഗരം ഫൗണ്ടേഷൻ എനിക്ക് 15 ദിവസത്തെ സൗജന്യ പ്ലേയ്സ്‌മെന്റ് ട്രെയ്നിംഗ് പരിശീലനം നൽകി സഹായിച്ചു.പ്ലേയ്സ്മെന്റ് ട്രെയിനിംഗിന് ശേഷം നിരവധി പ്ലേയ്സ്‌മെന്റ് സെഷനുകളെ ഞാൻ നേരിട്ടു.HR ലെവൽ വരെ പോകുമെങ്കിലും അവസാന സ്ഥാനത്തായിരുന്നു മിക്കപ്പോഴും ഞാൻ എത്തിയിരുന്നത്.കഷ്ടപ്പാടുകൾ എന്നെ,വിട്ടൊഴിയുന്നില്ലല്ലോ എന്ന് ഞാൻ അപ്പോഴാണ് കാര്യമായി ചിന്തിച്ചുതുടങ്ങിയത്.പിന്നീടാലോചിച്ചപ്പോഴാണ് എനിക്ക് ഒരു കാര്യം മനസിലായത്,ദൈവം നമ്മുടെ മുൻപിൽ ഓരോ വഴികൾ നൽകി കൊണ്ടേയിരിക്കുന്നു.അതിനെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാൻ സാധിക്കുമെന്നാണ് നാം ഓരോ നിമിഷവും ചിന്തിക്കേണ്ടത് എന്ന്”!!
“പ്ലേയ്സ്മെന്റ് ട്രെയിനിങ്ങിന് ശേഷം 3500 പേർ പങ്കെടുത്ത ഒരു ഇന്റർവ്യൂവിൽ ഞാനും പങ്കെടുത്തു.200ഓളം പേർക്ക് അതിൽ നിന്ന് സെലക്ഷൻ കിട്ടി.അഭിമാനത്തോടെ തന്നെ ഞാൻ നിങ്ങളോട് പറയട്ടെ,അതിലൊരാൾ ഞാനായിരുന്നു.ഈശ്വരകൃപയാൽ Best Perfomerക്കുള്ള പുരസ്കാരവും അന്ന് എനിക്ക് ലഭിക്കുകയുണ്ടായി.അധികം വൈകാതെ കേരളത്തിൽ നിന്ന് Ajantha Educations എന്നൊരു സ്ഥാപനം ക്യാമ്പസ് ഇന്റർവ്യൂവിന് ഞങ്ങളുടെ കോളേജിൽ വന്നു.നാല് ഘട്ടങ്ങൾ ആയിട്ടായിരുന്നു അവർ ഇന്റർവ്യൂ നടത്തിയത്.Self Intro..GD..Communication..Written Test നാലിലും ഞാൻ പാസ് ആയി”
“നിങ്ങൾക്കറിയാമോ,എന്റെ ഗ്രാമം വെറുമൊരു പട്ടിക്കാടാണ്.അവിടെ ചെന്ന് നിങ്ങൾ ഇംഗ്ലീഷിൽ എന്ത് വിഡ്ഢിത്തം പറഞ്ഞാലും ശരി,അവർ പറയും നിങ്ങൾക്ക് ഇംഗ്ലീഷിൽ വലിയ അവഗാഹമുണ്ടെന്ന്.അങ്ങനെയുള്ളൊരു അപരിഷ്കൃതമായ സ്ഥലത്ത് നിന്നാണ് ഞാൻ വരുന്നത്,ആ ഞാൻ ഇന്ന് കേരളത്തിലെ പ്രശസ്തമായ ഒരു സ്ഥാപനത്തിൽ പ്രൊഫഷണൽ ഇംഗ്ലീഷ് ട്രെയിനറായി മികച്ച ശമ്പളത്തോടെ ജോലി ചെയ്യുന്നു.എന്നെ ഇപ്പോൾ കണ്ടിരുന്നെങ്കിൽ എത്ര ദൂരെ നിന്നാണെങ്കിലും ഓടി വന്നു ചേർത്തണക്കുമായിരുന്നു എന്റെ പ്രിയപ്പെട്ട അച്ഛൻ.ഇന്നദ്ദേഹം ഈ ഭൂമിയിൽ ജീവനോടെയില്ല,എങ്കിലും എനിക്ക് ഒരു ദുരിതം വന്നപ്പോൾ എന്നെ കൈപിടിച്ച് സഹായിക്കാൻ അഗരം പോലെയൊരു മഹത്തായ സ്ഥാപനം ഉണ്ടായിരുന്നുവെന്നത് അഭിമാനത്തോടെ..തലയുയർത്തി തന്നെ ഈ വേദിയിൽ പറയാൻ ഞാൻ ആഗ്രഹിക്കുന്നു.എന്നെപ്പോലുള്ള തീർത്തും സാധാരണക്കാരായ പെൺകുട്ടികളെ ഈ സമൂഹത്തിന് മുൻപിൽ തലയുയർത്തി നിൽക്കാൻ പ്രാപ്‌തയാക്കിയത് സത്യത്തിൽ അഗരമാണ്”
“ഈ വേദിയിൽ വരുന്നതിന് തൊട്ട് മുമ്പ് ഞാൻ എന്റെ അമ്മയോട് പറഞ്ഞിരുന്നു,അമ്മാ…ഇന്ന് സൂര്യ സാർ ഇവിടെ വരുന്നുണ്ട്…ഞാൻ ഇന്ന് അദ്ദേഹത്തിന്റെ മുന്നിൽ സംസാരിക്കാൻ പോവുകയാണ്..അപ്പോൾ അമ്മ എന്നോട് പറഞ്ഞു,മോളേ..എനിക്കത് കാണണം എന്നുണ്ട്.പക്ഷേ എനിക്ക് വരാൻ കഴിയില്ല.കാരണം എന്റെ അമ്മയിപ്പോൾ അനിയനെ ഒരു ബന്ധു വീട്ടിൽ നിർത്തി ഞങ്ങളുടെ ഗ്രാമത്തിൽ നിന്നും ദൂരെയുള്ള ഒരു വീട്ടിൽ 200 രൂപക്ക് വീട്ടുവേല ചെയ്താണ് ജീവിക്കുന്നത്..ഞാൻ ഇന്ന് ഈ വേദിയിൽ പറയുന്ന കാര്യങ്ങൾ അങ്ങ് ദൂരെയുള്ള ഒരു ഫോൺതലയ്ക്കിലിരുന്ന് എന്റെ അമ്മ കേൾക്കുന്നുണ്ടാവും”
അമ്മ എന്നോട് പറഞ്ഞു..നീ അവിടെ പറയുന്നത് ഞാൻ ഇവിടെ ഇരുന്ന് കേൾക്കും,സന്തോഷത്തോടെ..അതിലേറെ അഭിമാനത്തോടെ”!!
(നടൻ സൂര്യയുടെ നേതൃത്വത്തിലുള്ള അഗരം ഫൗണ്ടേഷൻ ഇന്നലെ സംഘടിപ്പിച്ച പുസ്തകപ്രകാശനച്ചടങ്ങിനിടെയാണ് ഗായത്രി എന്ന പെൺകുട്ടി,അഗരം ഫൗണ്ടേഷൻ വഴി അവളുടെ ജീവിതം വഴി മാറിയ കഥ പങ്കു വച്ചത്.ഗായത്രിയുടെ വാക്കുകൾ കേൾക്കാൻ തുടങ്ങിയത് മുതൽ വികാരാധീനനായ സൂര്യ പ്രസംഗം കഴിഞ്ഞതും എഴുന്നേറ്റ് വന്ന് അവളെ തന്നോട് ചേർത്ത് നിർത്തുകയും അവളുടെ ജീവിതം എല്ലാ പെൺകുട്ടികൾക്കും മാതൃകയാണെന്ന് പറയുകയുമുണ്ടായി)
തമിഴ്‌നാട്ടിൽ വായ് കൊണ്ട് ഡയലോഗടിച്ച് കയ്യടി മേടിച്ചു എന്നല്ലാതെ,പ്രവൃത്തികൾ കൊണ്ട് കയ്യടി വാങ്ങിച്ച നടന്മാരുടെ ലിസ്റ്റ് എടുത്ത് പരിശോധിച്ചാൽ അതിൽ മുൻപന്തിയിൽ തന്നെ വരും സൂര്യയും അദ്ദേഹം രക്ഷാധികാരിയായ അഗരം ഫൗണ്ടേഷനും എന്നത് നിസ്തർക്കമായ കാര്യമാണ്.
എന്ത് കൊണ്ട് സൂര്യ…???
എന്ത് കൊണ്ട് അഗരം…???
പാവപ്പെട്ടവര്‍ക്ക് നിലവാരമുള്ള വിദ്യാഭ്യാസം ലഭിക്കണം എന്ന ഉദ്ദേശ്യത്തോടെ,2006-ല്‍ സൂര്യയുടെ നേതൃത്വത്തിൽ ആരംഭിക്കപ്പെട്ട സംഘടനയാണ് അഗരം ഫൗണ്ടേഷന്‍.സമൂഹത്തിലെ പല തിന്മകള്‍ക്കും കാരണം വിദ്യാഭ്യാസത്തിന്റെ അഭാവമാണെന്ന തിരിച്ചറിവാണ് സൂര്യയെ ഈ സംഘടന രൂപീകരിക്കുന്നതിന് പ്രേരിപ്പിച്ചത്.അഗരമെന്നത് സത്യത്തിൽ സൂര്യയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു.വെറും 160 പേരുമായി തുടങ്ങിയ അഗരത്തിലെ വളണ്ടിയർമാരുടെ എണ്ണം ഇപ്പോൾ പതിനായിരവും കടന്ന് പോയിരിക്കുന്നു.പഠിക്കാൻ അർഹതയുള്ളവരെ കണ്ടെത്തുന്നതിൽ അഗരം ഫൗണ്ടേഷൻ നൂറ് ശതമാനം നീതി പുലർത്തിവരുന്നു.
പഠനസഹായത്തിനായി ഓരോ വർഷവും പാവപ്പെട്ട കുട്ടികളുടെ അപേക്ഷകൾ കൂടി വന്നപ്പോൾ പുറമെ നിന്നും അവർ Donation സ്വീകരിക്കാൻ തുടങ്ങി.പിന്നെ സൂര്യയും അനുജൻ കാർത്തിയും പരസ്യങ്ങളിൽ അഭിനയിച്ചു സംഘടനയുടെ നടത്തിപ്പിനായി പണം കണ്ടെത്താൻ തീരുമാനിച്ചു.സൂര്യയ്ക്കും കാർത്തിക്കും പുറമെ അച്ഛൻ ശിവകുമാറും സൂര്യയുടെ പത്നിയും അഭിനേത്രിയുമായ ജ്യോതികയും അഗരത്തിന്റെ സന്നദ്ധ പ്രവർത്തങ്ങളിൽ സജീവപങ്കാളികളാണ്.വിദ്യാഭ്യാസത്തിന് ഏവര്‍ക്കും അവകാശമുണ്ട് എന്ന ഓർമപ്പെടുത്തലിൽ 1979ല്‍ സൂര്യയുടെ പിതാവ് ശിവകുമാര്‍ ആരംഭിച്ച എജ്യുക്കേഷണല്‍ ട്രസ്റ്റാണ് അഗരത്തിന് വഴി മാറിയത്.ചെറുപ്പത്തിൽ താന്‍ പഠനത്തിനായി ചെന്നൈയില്‍ എത്തിയപ്പോള്‍ കുളിക്കാനുള്ള സോപ്പ് വാങ്ങാന്‍ പോലും തന്റെ കയ്യില്‍ കാശ് ഇല്ലാതിരുന്നുവെന്നും മേലിൽ ഒരു വിദ്യാര്‍ത്ഥിക്കും ഇത്തരമൊരു അവസ്ഥ വരരുതെന്ന ചിന്തയിലാണ് താന്‍ ട്രസ്റ്റ് ആരംഭിച്ചതെന്നും ശിവകുമാര്‍ പറഞ്ഞിട്ടുണ്ട്.ഇപ്പോൾ അഗരത്തിലെ കുട്ടികൾ ലോകമെമ്പാടും ജോലി ചെയ്യുന്നു,അവരുടെ ശമ്പളത്തിന്റെ ഒരു വിഹിതം അവർ തന്നെ അഗരത്തിന് നൽകുന്നു.അങ്ങനെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ അഗരമെന്നത് ഒരു ജനകീയ സ്ഥാപനമായി മാറിയിരിക്കുന്നു.
എല്ലാ കുട്ടികൾക്കും വിദ്യാഭ്യാസം എന്നതാണ് അഗരം മുന്നോട്ട് വക്കുന്ന അടിസ്ഥാനആശയം.അഗരം ഫൗണ്ടേഷൻ ആവിഷ്കരിച്ച #വിദൈ എന്ന പദ്ധതി പഠനത്തിൽ ഏറെ മുന്നോക്കം നിൽക്കുന്നതും അതേസമയം പഠിക്കാൻ സൗകര്യങ്ങളില്ലാത്തതുമായ കുട്ടികൾക്ക് വേണ്ടിയുള്ളതാണ്.കൂടാതെ 2016ൽ #തായ് എന്നൊരു പദ്ധതി കൂടെ അഗരം ഫൗണ്ടേഷൻ തുടങ്ങിയിരുന്നു.പഠനത്തിന് പിന്നോക്കം നിൽക്കുന്ന കുട്ടികളെ നേർവഴിക്കു കൊണ്ടുവരാനും അവരുടെ ക്ഷേമത്തിനും വേണ്ടി ആവിഷ്കരിച്ച #തായ് എന്ന പദ്ധതി ഭംഗിയായി ഇപ്പോഴും മുന്നോട്ട് കൊണ്ടുപോകുന്നു.നാനൂറോളം വളണ്ടിയർമാർ മുഴുവൻ സമയപ്രവർത്തകരായി ഈ പ്രസ്ഥാനത്തിനായി തങ്ങളുടെ വിലപ്പെട്ട സമയം ഉഴിഞ്ഞു വച്ചിരിക്കുന്നു.ചെന്നൈയിലുള്ള തന്റെ കുടുംബവീട് അഗരത്തിന്റെ പ്രവർത്തനങ്ങൾക്കായി വിട്ടുനൽകി, മാതൃക കാണിച്ചിട്ടുമുണ്ട് സൂര്യ ഇത്തരത്തിൽ ഒരു പദ്ധതി പ്രാവർത്തികമാക്കിയതിന്റെ പേരിൽ സൂര്യയെ വാതോരാതെ പ്രശംസിക്കുമ്പോഴും ഇതിന്റെ പിറകിലെ മറ്റ് വസ്തുതകളും വിസ്മരിച്ചു കൂടാ.
വിജയ്,വിക്രം എന്നിവരടക്കം,സൂര്യയുടെ ഉറ്റ സുഹൃത്തുക്കളായ തമിഴ് നടൻമാരും ഈ സ്ഥാപനവുമായി സഹകരിക്കുന്നുണ്ട്.വിജയ്,വിക്രം,മാധവൻ,എന്നിവർ അഗരത്തിലെ സന്ദർശകരും അവിടത്തെ പ്രവർത്തനങ്ങൾക്ക് സംഭാവനകൾ നൽകുന്നവരുമാണ്.ഇങ്ങനെ ഒരു ആശയം പ്രാവർത്തികമാക്കാനും അത് വിജയിപ്പിച്ചു,നടത്തിക്കൊണ്ടു പോകാനും സൂര്യക്ക് മാത്രമേ കഴിയൂ എന്ന് അവരെല്ലാം ഒരേ മനസ്സോടെ സമ്മതിച്ചിട്ടുമുണ്ട്.
നാളിതു വരെ ഒട്ടനവധി യുവാക്കളും യുവതികളും അഗരം ഫൗണ്ടേഷന്റെ പദ്ധതികളിലൂടെ ഡോക്ടർമാരും എഞ്ചിനീയർമാരും,സമൂഹത്തിന്റെ നാനാതുറകളിലുള്ള ഉദ്യോഗസ്ഥരുമായും പഠിച്ചിറങ്ങിയിട്ടുണ്ട്.സൂര്യയുടെ തന്നെ വാക്കുകൾ കടമെടുത്ത് പറയുകയാണെങ്കിൽ “ഒരു വർഷത്തിൽ ലക്ഷക്കണക്കിന് വിദ്യാർത്ഥികളാണ് പഠിക്കാൻ സൗകര്യമില്ലാതെ കഷ്ടപ്പെടുന്നത്.നിങ്ങൾ ഒരു നേരം ഏതെങ്കിലും ഹോട്ടലിൽ നിന്നു കഴിക്കുന്ന കാശ്,മാസം അവർക്കായി മാറ്റി വച്ചാൽ സത്യത്തിൽ നിങ്ങൾ ചെയ്യുന്നത് വലിയൊരു പുണ്യമായിരിക്കും”!!
നിർധനരായ വിദ്യാർത്ഥികളെ ഓരോ വർഷവും സൗജന്യമായി പഠിപ്പിക്കുന്ന അഗരം ഫൗണ്ടേഷൻ..
അവർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ നൽകുന്ന അഗരം ഫൗണ്ടേഷൻ..
അവരുടെ അഭിരുചിക്കനുസരിച്ച് വഴി കാണിക്കുന്ന അഗരം ഫൗണ്ടേഷൻ..
ഒരുപാട് Government സ്‌കൂളുകൾ ഏറ്റെടുത്ത് നിലവാരമുയർത്തിയ അഗരം ഫൗണ്ടേഷൻ..
അനേകായിരം പേർക്ക് സ്‌കോളർഷിപ്പ് നൽകുന്ന അഗരം ഫൗണ്ടേഷൻ..
വിസ്മയമാണ് ഈ സ്ഥാപനം!!
അഗരം ഫൗണ്ടേഷൻ എന്ന ചിന്ത സൂര്യയുടെ മനസ്സിൽ തുടങ്ങുന്നതിന് പിന്നിലും ഒരു ചെറിയ കഥയുണ്ട്.വർഷങ്ങൾക്ക് മുൻപ് സൂര്യയുടെ ഒരു ആരാധകൻ ഒരു ചെറിയ ആവശ്യവുമായി അദ്ദേഹത്തിന്റെ അരികിലെത്തി.തന്റെ വീടിനടുത്തുള്ള താഴ്ന്നജാതിയിൽപ്പെട്ട രജനീകാന്ത് എന്ന നിർധനയുവാവിന്റെ കാര്യം പറയാനാണ് അയാൾ സൂര്യയുടെ അരികിൽ എത്തിയത്.പത്താം ക്ലാസ്സിൽ നല്ല മാർക്ക് വാങ്ങിയ രജനീകാന്ത് പാഠ്യേതരവിഷയങ്ങളിലും മികവു പുലർത്തിയിരുന്നു.പ്ലസ് വണ്ണിൽ പഠിക്കുന്ന രജനീകാന്തിന് മുന്നോട്ട് പഠിക്കാൻ നിവർത്തിയില്ലാത്തതിനാൽ എന്ത് ചെയ്യണമെന്നറിയാതെ വിഷമിച്ചിരിക്കുകയായിരുന്നു ആ ദരിദ്രകുടുംബം.ആരാധകന്റെ അപേക്ഷ കേട്ട സൂര്യ തുടർപഠനത്തിനും അഡ്മിഷനും ആവശ്യമായ എട്ടായിരം രൂപ അയാൾക്ക് നൽകി.ആ കാശ് വാങ്ങി അതിലേക്ക് കുറേ നേരം നോക്കിയിട്ട് അയാൾ സൂര്യയോട് ഒരു ചോദ്യം ചോദിച്ചുവെത്രേ
“സാർ..ഞാൻ ഈ കാശിൽ നിന്ന് കുറച്ചെടുത്തു ഞങ്ങളുടെ ക്ലാസിലെ പാവപ്പെട്ട കുറച്ചു പെൺകുട്ടികൾക്ക് സ്കൂൾ യൂണിഫോം വാങ്ങട്ടെ..അവർ പഴയ കീറിയ ഡ്രസ്സുകളാണ് ഇടുന്നത്.അവർക്ക് വേറെ വാങ്ങാൻ നിവർത്തിയില്ലാത്തത് കൊണ്ടാണ്”
അക്ഷരാർത്ഥത്തിൽ സൂര്യ എന്ന മനുഷ്യന്റെ കണ്ണ് തുറപ്പിച്ച മറുപടിയായിരുന്നു അത്.അഗരം എന്ന സ്ഥാപനത്തിന് രൂപം കൊടുക്കാൻ അദ്ദേഹത്തെ പ്രേരിപ്പിച്ച വാക്കുകളായി പിൽക്കാലത്ത് ഇത് വന്നു ഭവിച്ചു.തന്നെ ഇരുത്തിച്ചിന്തിപ്പിച്ച ഈ അനുഭവം സൂര്യ പിന്നീട് പലയിടങ്ങളിലും പരസ്യമായി പറഞ്ഞിട്ടുണ്ട്.കൈയിൽ ഒരു രൂപ പോലും എടുക്കാനില്ലാത്ത വെറുമൊരു സാധാരണക്കാരൻ പോലും എല്ലാവരെയും സഹായിക്കാൻ ശ്രമിക്കുമ്പോൾ പേഴ്സ് നിറയെ പണവും വച്ചു താൻ എന്തിനു നടക്കുന്നു എന്ന സൂര്യയുടെ ചിന്തയിൽ നിന്നാണ് അഗരം എന്ന സ്ഥാപനം സത്യത്തിൽ പിറവിയെടുക്കുന്നത് തന്നെ..!!!
നീറ്റ് പരീക്ഷക്കായി തമിഴ്‌നാട്ടിൽ നിന്നുള്ള വിദ്യാർത്ഥികൾ മുൻപൊരിക്കൽ കേരളത്തിൽ വന്നു പരീക്ഷ എഴുതിപ്പോവുകയുണ്ടായി. (അതിൽ സൂര്യയുടെ അഗരത്തിന് കീഴിലുള്ള കുട്ടികളും ഉണ്ടായിരുന്നു) Exam എഴുതാൻ വന്ന ഭൂരിഭാഗം പേരും സന്തോഷത്തോടെ തന്നെയാണ് തിരിച്ചു പോയത്. പലർക്കും പല സ്ഥലത്തും എല്ലാവിധ സൗകര്യങ്ങളും പോലീസും സന്നദ്ധസംഘടനാപ്രവർത്തകരും ഒരുക്കിയിരുന്നു.പലർക്കും സൗജന്യമായി ഭക്ഷണം,വെള്ളം,വിശ്രമിക്കാൻ സ്ഥലം(പള്ളികളിലും അമ്പലങ്ങളിലും വരെ)തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ നൽകി കേരളം മഹത്തായ മാതൃക കാണിച്ചപ്പോൾ,അന്ന് സൂര്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമായത്.
“ഞങ്ങളുടെ കുട്ടികൾക്ക് യാതൊരു ബുദ്ധിമുട്ടുമില്ലാതെ അവരെ സ്വന്തം നാട്ടുകാരെ പോലെ സ്നേഹിച്ച..സഹായങ്ങൾ ചെയ്ത ഓരോരുത്തർക്കും,ഓരോ സംഘടനാ പ്രവർത്തകർക്കും,കേരളാപോലീസിനും ഇവിടത്തെ ഗവൺമെന്റിനും പാദങ്ങളിൽ തൊട്ട് ഞാൻ നന്ദി പറയുന്നു”
സൂര്യയെ പോലൊരു നടൻ ഇങ്ങനെ പറയുമ്പോൾ അയാൾ തന്റെ സമൂഹത്തെ നിരീക്ഷിക്കുന്ന രീതി/സ്നേഹിക്കുന്ന രീതി കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നുണ്ട്..ഗായത്രിയെ തന്റെ അരികിലേക്ക് ചേർത്ത് നിർത്തിയതിൽ പോലുമുണ്ട്,അയാൾ സഹജീവികളോട് പുലർത്തുന്ന കരുതലിന്റെയും അലിവിന്റെയും യഥാർത്ഥ മാനവികത.
അഭിനയിച്ച മോശം സിനിമകളുടെ പേരിൽ സൂര്യ എന്ന താരത്തെ തളർത്താം..വിമർശിക്കാം.പക്ഷേ ഒന്നുറപ്പ്,സൂര്യ എന്ന മനുഷ്യസ്നേഹിയെ തളർത്താനോ വിമർശിക്കാനോ ഇവിടെ ആർക്കും കഴിയില്ല എന്നും പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.
about soorya