സംസ്ഥാന ചലച്ചിത്ര പുരസ്‍കാര വിതരണം ഇന്ന് നടക്കും! അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രം പ്രവേശനം
50ാമത് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര സമര്‍പ്പണം ഇന്ന് നടക്കും. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് വൈകിട്ട് ആറിന് ടാഗോര്‍ തീയേറ്ററില്‍ വച്ചാണ് ചടങ്ങുകള്‍ നടക്കുന്നത്. അവാര്‍ഡ് ജേതാക്കള്‍ക്കും പ്രത്യേക ക്ഷണിതാക്കള്‍ക്കും മാത്രമായിരിക്കും പ്രവേശനം. സാംസ്‌കാരിക വകുപ്പ് മന്ത്രി എ കെ ബാലന്‍റെ അധ്യക്ഷതയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനവും പുരസ്‌കാര സമർപ്പണവും നിർവഹിക്കും.
ഒക്ടോബര്‍ 13നായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളുടെ പ്രഖ്യാപനം. ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍, വികൃതി എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് സുരാജ് വെഞ്ഞാറമൂട് മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ ബിരിയാണി എന്ന ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതിക്കായിരുന്നു മികച്ച നടിക്കുള്ള പുരസ്കാരം. ജല്ലിക്കെട്ട് ഒരുക്കിയ ലിജോ ജോസ് പെല്ലിശ്ശേരിക്കായിരുന്നു മികച്ച സംവിധായകനുള്ള പുരസ്കാരം.
മന്ത്രിമാരായ കെ. കൃഷ്ണന്‍കുട്ടി, രാമചന്ദ്രന്‍ കടന്നപ്പള്ളി, എ.കെ. ശശീന്ദ്രന്‍, വി.എസ്. സുനില്‍കുമാര്‍, കടകംപള്ളി സുരേന്ദ്രന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.പിമാരായ ശശി തരൂര്‍, സുരേഷ് ഗോപി, വി.എസ്. ശിവകുമാര്‍ എംഎല്‍എ, മേയര്‍ ആര്യാ രാജേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ്, കെഎസ്എഫ്ഡിസി ചെയര്‍മാന്‍ ഷാജി എന്‍. കരുണ്‍, കെടിഡിസി ചെയര്‍മാന്‍ എം. വിജയകുമാര്‍, സാംസ്‌കാരിക പ്രവര്‍ത്തകക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ പി. ശ്രീകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരിക്കും.
ചടങ്ങില്‍ കേരള സര്‍ക്കാരിന്റെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ജെ.സി. ഡാനിയേല്‍ അവാര്‍ഡ് സംവിധായകന്‍ ഹരിഹരന് നല്‍കും.
