Malayalam
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേള ആയ ഐഎഫ്എഫ്‌കെയിലും ഈ നിയമം നടപ്പിലാക്കുമോ?; ചോദ്യങ്ങളുമായി ഡോ ബിജു
കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേള ആയ ഐഎഫ്എഫ്‌കെയിലും ഈ നിയമം നടപ്പിലാക്കുമോ?; ചോദ്യങ്ങളുമായി ഡോ ബിജു
കുഞ്ഞില മാസിലാമണിയുടെ സിനിമ അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ പ്രദര്‍ശിപ്പിക്കാത്തതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളിലായി വിവാദങ്ങള്‍ നടക്കുകയാണ്. ഇപ്പോഴിതാ കേരള ചലച്ചിത്ര അക്കാദമിയോട് ചോദ്യവുമായി എത്തിയിരിക്കുകയാണ് സംവിധായകന്‍ ഡോ. ബിജു. ഒടിടിയില്‍ വന്ന സിനിമ ഒഴിവാക്കി പുതിയ സിനിമകള്‍ക്ക് അവസരം നല്‍കുന്നു എന്നാണ് കുഞ്ഞിലയുടെ സിനിമ പ്രദര്‍ശിപ്പിക്കാത്തതില്‍ അക്കാദമിയുടെ പ്രതികരണം.
എന്നാല്‍ ഈ നിയമം ഐഎഫ്എഫ്‌കെയിലും ബാധകമല്ലേ എന്ന് ഡോ. ബിജു ചോദിക്കുന്നു. ലോകത്തെ എല്ലാ പ്രധാന മേളകളിലെയും നിബന്ധനയാണ് മേള നടക്കുന്ന രാജ്യത്ത് ആ ചിത്രം മുന്‍പ് റിലീസ് ചെയ്തത് ആകാന്‍ പാടില്ല എന്നത്. കേരളത്തില്‍ മാത്രം ഈ നിയമം നടപ്പിലാക്കിയിട്ടില്ല എന്ന് അദ്ദേഹം ആരോപിക്കുന്നു. ഈ നിയമം ഈ വര്‍ഷം മുതലെങ്കിലും നടപ്പിലാക്കുമോ എന്നും അദ്ദേഹം ചോദിക്കുന്നു.
ചോദ്യങ്ങള്‍ കൃത്യമാണ് ദാ ഇത്രയേ ഉള്ളൂ
- വനിതാ ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്നതിന് മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്. മാനദണ്ഡങ്ങളും നിയമാവലിയും ചലച്ചിത്ര അക്കാദമിയുടെ വെബ്‌സൈറ്റിലോ മറ്റെവിടെയെങ്കിലുമോ പ്രസിദ്ധീകരിച്ചിട്ടുണ്ടോ ?
- വനിത ചലച്ചിത്ര മേളയിലേക്ക് സിനിമകള്‍ തിരഞ്ഞെടുത്തത് ഏതെങ്കിലും സെലക്ഷന്‍ കമ്മിറ്റി ആണോ? ആണെങ്കില്‍ ആരൊക്കെയാണ് അംഗങ്ങള്‍?
ഈ രണ്ടു ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ അക്കാദമി ബാധ്യസ്ഥമല്ലേ? ഇന്ന് അക്കാദമിയുടേതായി വന്ന ഒരു വിശദീകരണം വായിച്ചു . അതില്‍ പറയുന്നത് ഒടിടിയില്‍ വന്ന സിനിമകള്‍ ഒഴിവാക്കി പുതിയ സിനിമകള്‍ക്ക് അവസരം നല്‍കി എന്നതാണ് . ഇത് ഔദ്യോഗിക വിശദീകരണം എങ്കില്‍ ഏറെ സ്വാഗതം ചെയ്യുന്ന ഒരു തീരുമാനം ആണ് . അപ്പോള്‍ സ്വാഭാവികം ആയി ഒരു ചോദ്യം കൂടി ഉയര്‍ന്നു വരും. കേരളത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ചലച്ചിത്ര മേള ആയ ഐഎഫ്എഫ്‌കെയിലും ഈ നിയമം നടപ്പിലാക്കുമോ?
ഐഎഫ്എഫ്‌കെയില്‍ വര്‍ഷങ്ങളായി സ്വതന്ത്ര സംവിധായകര്‍ ആവശ്യപ്പെടുന്ന ഒന്നാണ് തിരഞ്ഞെടുക്കപ്പെടുന്ന മലയാള സിനിമകള്‍ കേരളാ പ്രീമിയര്‍ ആയിരിക്കണം എന്ന നിബന്ധന ഉള്‍പ്പെടുത്തണം എന്നത്. അതായത് ഒടിടി റിലീസോ തിയറ്റര്‍ റിലീസോ ചെയ്യാത്ത പുതിയ സിനിമകള്‍ ആയിരിക്കണം മേളയില്‍ തിരഞ്ഞെടുക്കേണ്ടത് എന്നാണ്. ലോകത്തെ എല്ലാ പ്രധാന മേളകളിലെയും നിബന്ധന ആണ് മേള നടക്കുന്ന രാജ്യത്ത് ആ ചിത്രം മുന്‍പ് റിലീസ് ചെയ്തത് ആകാന്‍ പാടില്ല എന്നത്.
കേരളത്തില്‍ മാത്രം ഈ നിയമം നടപ്പിലാക്കിയിട്ടില്ല . 2018 ല്‍ ഞാന്‍ കൂടി അംഗമായ ഒരു കമ്മിറ്റി ഫെസ്റ്റിവല്‍ നിയമാവലി പുതുക്കിയപ്പോള്‍ ഈ നിര്‍ദേശം മാത്രം അട്ടിമറിക്കപ്പെട്ടു. സ്വതന്ത്ര സിനിമാ സംവിധായകര്‍ നിരന്തരം ആവശ്യപ്പെട്ടിട്ടും കേരള പ്രീമിയര്‍ എന്ന നിബന്ധന അക്കാദമി ഏര്‍പ്പെടുത്തിയിട്ടില്ല. ഫലമോ, ഒടിടിയില്‍ റിലീസ് ചെയ്തതും തിയേറ്ററില്‍ റിലീസ് ചെയ്തതുമായ സിനിമകള്‍ ഐ എഫ് എഫ് കെ യില്‍ നിരന്തരം തിരഞ്ഞെടുക്കപ്പെട്ടു.
ഇപ്പോള്‍ വനിതാ ചലച്ചിത്ര മേളയില്‍ ഒടിടി റിലീസ് ചെയ്ത സിനിമകള്‍ അക്കാദമി ഒഴിവാക്കിയെങ്കില്‍, ഏറെ പ്രധാനപ്പെട്ട മേളയായ ഐഎഫ്എഫ്‌കെയിലും ലോകമെമ്പാടും അനുവര്‍ത്തിക്കുന്ന ഈ നിയമം ഈ വര്‍ഷം എങ്കിലും ഐഎഫ്എഫ് കെയില്‍ നടപ്പാക്കാന്‍ അക്കാദമി തയ്യാറാകുമോ.. അതോ ഇത് വനിതാ ചലച്ചിത്ര മേളയ്ക്ക് മാത്രമായി ഇപ്പോള്‍ പെട്ടെന്ന് തയ്യാറാക്കിയ നിയമം മാത്രം ആണോ? ഐഎഫ്എഫ്‌കെയുടെ അടുത്ത എഡിഷന്റെ നിയമാവലിയില്‍ മലയാള സിനിമയുടെ കേരളാ പ്രീമിയര്‍ എന്ന ഏറെക്കാലത്തെ ആവശ്യം നടപ്പാക്കുമോ? അക്കാദമിയെ ഉറ്റു നോക്കുന്നു.
