News
ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് അത് ചെയ്യേണ്ടി വന്നത്; ഓം ശാന്തി ഓശാനയെ പോലെയുള്ള സിനിമകൾക്കായി കാത്തിരിക്കുന്ന നസ്രിയ!
ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് അത് ചെയ്യേണ്ടി വന്നത്; ഓം ശാന്തി ഓശാനയെ പോലെയുള്ള സിനിമകൾക്കായി കാത്തിരിക്കുന്ന നസ്രിയ!
മലയാളത്തിന് ഏറെ പ്രിയങ്കരിയാണ് നടി നസ്രിയ നസീം. ഇപ്പോൾ തെലുങ്ക് സിനിമാലോകം കീഴടക്കാനുള്ള തയാറെടുപ്പിലാണ് താരം. നസ്രിയ ആദ്യമായി അഭിനയിക്കുന്ന തെലുങ്ക് ചിത്രം അണ്ടേ സുന്ദരാനികി റിലീസിന് ഒരുങ്ങുകയാണ്.
എന്നാൽ ഫഹദുമായിട്ടുള്ള വിവാഹ ശേഷം നസ്രിയ സിനിമയിൽ അധികം തിളങ്ങിയിരുന്നില്ല. ഇപ്പോഴിതാ, മലയാള സിനിമയില്‍ ഇത്രയും വലിയ ഇടവേള എടുക്കാനുള്ള കാരണത്തെ കുറിച്ച് മനസുതുറക്കുകയാണ് നടി നസ്രിയ നസീം.
മലയാളത്തിലെ ഇടവേള തീരുമാനിച്ചെടുത്തതല്ലെന്നായിരുന്നു താരം പറഞ്ഞത്. കഥകള്‍ ഇടയ്ക്കിടെ കേള്‍ക്കാറുണ്ടെന്നും ഇഷ്ടപ്പെടുന്നതിനോട് ഓക്കെ പറയാറുണ്ടെങ്കിലും അത്തരത്തില്‍ ഇഷ്ടപ്പെടുന്ന കഥകളൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നുമാണ് താരം പറയുന്നത്. ഒരു മാഗസിന് അനുവദിച്ച അഭിമുഖത്തിലാണ് നസ്രിയയുടെ തുറന്നുപറച്ചിൽ.
“കഥകള്‍ കേള്‍ക്കുന്നുണ്ട്. ഇഷ്ടപ്പെടുന്ന കഥകളാണെങ്കില്‍ തീര്‍ച്ചയായും ഓക്കെ പറയും. പക്ഷേ ഇഷ്ടപ്പെട്ടത് കിട്ടിയില്ല എന്ന കാരണത്താല്‍ മാത്രമാണ് ഇടവേളകള്‍ വേണ്ടി വന്നത്. എന്നെ എക്‌സൈറ്റ് ചെയ്യിപ്പിക്കാത്ത അല്ലെങ്കില്‍ വ്യത്യസ്തത തോന്നിപ്പിക്കാത്ത ഒന്നിനോടും ഓക്കെ പറയാറില്ല. അങ്ങനെയാണ് ഇടവേളകള്‍ ഉണ്ടാകുന്നത്,’ നസ്രിയ പറഞ്ഞു.
അടുത്ത സിനിമയ്ക്കും വലിയ ഇടവേളയുണ്ടാകുമോ എന്ന ചോദ്യത്തിന് ഒരു സിനിമയുടെ കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എന്തിനാണ് ഇത്രയും സമയം എന്ന് പലരും ചോദിക്കാറുണ്ടെന്നും എന്നാല്‍ വിജയം നേടാത്ത സിനിമയായാല്‍ പോലും തനിക്ക് വിശ്വാസം തോന്നിയവയില്‍ മാത്രമാണ് അഭിനയിച്ചിട്ടുള്ളതെന്നും അത് അങ്ങനെ തന്നെ തുടരുമെന്നുമായിരുന്നു നസ്രിയയുടെ മറുപടി.
പുതിയ ചിത്രമായ ആഹാ സുന്ദരയിലെ കഥാപാത്രത്തെ കുറിച്ചും നസ്രിയ അഭിമുഖത്തില്‍ സംസാരിച്ചു. ആഹാ സുന്ദരയില്‍ ലീല എന്ന കഥാപാത്രത്തെയാണ് ചെയ്തത്. സ്‌ട്രോങ്ങായ ഒരു ഫോട്ടോഗ്രാഫര്‍. റോള്‍ എന്തായാലും ചെയ്യുന്നത് മനോഹരമായി ചെയ്യുക എന്നതാണ് ആഗ്രഹം. കഥാപാത്രങ്ങളുടെ കാര്യത്തില്‍ ഞാന്‍ കുറച്ച് സെല്‍ഫിഷാണ്. എല്ലാ കഥാപാത്രങ്ങളും ചെയ്യണമെന്നാണ് ആഗ്രഹം. ഓം ശാന്തി ഓശാനയിലെപ്പോലെ കുറുമ്പുള്ള കഥാപാത്രം തേടി വന്നാല്‍ ഇനിയും ചെയ്യും, നസ്രിയ പറഞ്ഞു.
ഇതരഭാഷകളിലെ അഭിനയരീതിയെ കുറിച്ചും നസ്രിയ സംസാരിച്ചു. തെലുങ്ക് വലിയ ഇന്‍ഡസ്ട്രിയാണ്. അതിന്റേതായ മാറ്റങ്ങളും സൗകര്യങ്ങളുമുണ്ട്. പ്രത്യേകിച്ച് പ്രവര്‍ത്തന സമയത്തിന്റെ കാര്യത്തില്‍. മലയാളത്തിനെ അപേക്ഷിച്ച് തെലുങ്കില്‍ ഒരു ദിവസം നടക്കുന്ന ഷൂട്ടിങ് സമയം വളരെ കുറവാണ്. അതുപോലെ ഞായറാഴ്ച അവധിയുമാണ്.
നടി, നിര്‍മാതാവ്, പ്രൊഡക്ഷന്‍ ഡിസൈനര്‍ തുടങ്ങി തന്റെ എല്ലാ റോളുകളും നന്നായി ആസ്വദിക്കുന്ന ആളാണ് താനെന്നും എന്ത് റോള്‍ ചെയ്താലും അത് സിനിമയില്‍ തന്നെയാകണമെന്ന നിര്‍ബന്ധം തനിക്കുണ്ടെന്നും താരം അഭിമുഖത്തില്‍ പറഞ്ഞു. സിനിമയ്ക്ക് പുറത്തുള്ള ഒരു റോള്‍ ആലോചിക്കുന്നില്ല. പിന്നെ സംവിധാനമൊക്കെ ചിലപ്പോള്‍ ഉണ്ടാകുമായിരിക്കും. എന്തായാലും അടുത്ത കാലത്തൊന്നും സംഭവിക്കില്ല, നസ്രിയ പറഞ്ഞു.
about nasriya