വിക്രം ഹിറ്റായപ്പോള്‍ അതിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ സാര്‍ ആക്ടേഴ്‌സിന് ഗിഫ്റ്റുകള്‍ കൊടുത്തു; കടുവ ഹിറ്റായാന്‍ ആക്ടേഴ്‌സിന് എന്തുകൊടുക്കും ; ചിരി നിറച്ച് കടുവ ടീം
പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയുന്ന ചിത്രം കടുവ ജൂലൈ ഏഴിന് റിലീസിനൊരുങ്ങുകയാണ്. മാസ് ആക്ഷന്‍ മോഡിലൊരുക്കിയിരിക്കുന്ന ചിത്രം സംവിധായകനായ ഷാജി കൈലാസിന്റെ തിരിച്ചുവരവ് എന്ന നിലയിലും ശ്രദ്ധ ആകര്‍ഷിക്കുന്നുണ്ട്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രത്തിന്റെ റിലീസ്.മാജിക് ഫ്രെയിംസ്, പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്നീ കമ്പനികളുടെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും സുപ്രിയ മേനോനും ചേര്‍ന്നാണ് കടുവ നിര്‍മിക്കുന്നത്.
വലിയ രീതിയിലുള്ള പ്രൊമോഷനാണ് കടുവക്കായി നടക്കുന്നത്. വിദേശ രാജ്യങ്ങളിലേതുള്‍പ്പെടെയുള്ള നഗരങ്ങളില്‍ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടികള്‍ നടന്നിരുന്നു. കഴിഞ്ഞ ദിവസം കൊച്ചിയില്‍ കടുവ ടീം നടത്തിയ പ്രൊമോഷനാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. പൃഥ്വിരാജ്, സംയുക്ത മേനോന്‍, വിവേക് ഒബ്രോയ് എന്നിവരുള്‍പ്പെടെയുള്ള ചിത്രത്തിലെ താരങ്ങള്‍ ഈ പ്രസ് മീറ്റിനെത്തിയിരുന്നു.
വിക്രം ഹിറ്റായപ്പോള്‍ അതിന്റെ നിര്‍മാതാവ് കൂടിയായ കമല്‍ സാര്‍ ആക്ടേഴ്‌സിന് ഗിഫ്റ്റുകള്‍ കൊടുത്തു. ജന ഗണ മന ഹിറ്റായി, കടുവ ഹിറ്റായാന്‍ ആക്ടേഴ്‌സിന് എന്തുകൊടുക്കുമെന്നായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. ആ കിട്ടിയതുതന്നെയെന്നാണ് പൃഥ്വിരാജ് അപ്പോള്‍ മറുപടി പറഞ്ഞത്. ഇത് നിങ്ങള്‍ ചോദിക്കുമെന്നറിയാവുന്നത് കൊണ്ടാണ് ലിസ്റ്റിന്‍ ലേറ്റായി വന്നതെന്നായിരുന്നു ഷാജോണിന്റെ കമന്റ്. ലിസ്റ്റിന്‍ ലംബോര്‍ഗിനി എന്നാണ് വിവേക് ഒബ്രോയ് പറഞ്ഞത്.
ആ ചോദ്യം ഭയങ്കരമായി എന്റെ മനസില്‍ കിടക്കുകയാണ്, പക്ഷേ കിട്ടേണ്ട പൈസ മുഴുവന്‍ ഓഡിയന്‍സിന്റെ കയ്യിലാണ്, അത് വാങ്ങിച്ചിട്ട് വേണം ഇവര്‍ക്ക് എന്തെങ്കിലും കൊടുക്കാനെന്നാണ് ലിസ്റ്റിന്‍ മറുപടി പറഞ്ഞത്. അത് കിട്ടിയാല്‍ ഗിഫ്റ്റ് തരുമോയെന്ന് സംയുക്തയും ചോദിച്ചു. നമുക്ക് ഇരിക്കാന്നേ എന്നാണ് ലിസ്റ്റിന്‍ സംയുക്തയോട് പറഞ്ഞത്.