സായ് പല്ലവിക്കെതിരെ പരാതി നല്‍കി ബജ്‌രംഗ് ദള്‍; വീഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് !
കശ്മീരി പണ്ഡിറ്റുകളുടെ കൂട്ടക്കൊലയും പശുവിന്റെ പേര് പറഞ്ഞ നടത്തുന്ന ആള്‍കൂട്ട കൊലപാതകവും തമ്മില്‍ വ്യത്യാസമില്ലെന്ന് നടി സായ് പല്ലവിയുടെ പരാമര്‍ശത്തിനെതിരെ പരാതി നല്‍കി ബജ്‌രംഗ് ദള്‍. ഹൈദരാബാദിലെ സുല്‍ത്താന്‍ ബസാര്‍ പൊലീസ് സ്റ്റേഷനിലാണ് ബജ്‌രംഗ് ദള്‍ നേതാക്കള്‍ പരാതി നല്‍കിയത്. സായ് പല്ലവിയുടെ പരാമര്‍ശമുള്ള വീഡിയോ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. വിരാട പര്‍വ്വം എന്ന സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് സായ് പല്ലവിയുടെ പ്രതികരണം.
സായ് പല്ലവിയുടെ പ്രസ്താവനക്ക് പിന്നാലെ നടിയുടെ സിനിമകള്‍ ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍ രംഗത്ത് വന്നിരുന്നു. ട്വിറ്ററില്‍ സായ് പല്ലവിക്ക് നേരെയുള്ള വിദ്വേഷ പ്രചരണങ്ങള്‍ വലിയ രീതിയിലാണ് നടക്കുന്നത്.സായ് പല്ലവിയുടെ കുടുംബത്തിന് നേരെയും ട്വിറ്ററില്‍ കനത്ത രീതിയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ നടക്കുന്നുണ്ട്. #BoycottSaiPallavi എന്ന ഹാഷ് ടാഗിലാണ് തീവ്ര വലതുപക്ഷ അക്കൗണ്ടുകള്‍ വിദ്വേഷ പ്രചരണങ്ങള്‍ അഴിച്ചു വിടുന്നത്.
റാണ ദഗ്ഗുബട്ടി നായകനാകുന്ന വിരാടപര്‍വ്വം എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു തെലുങ്ക് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സായ് പല്ലവി തന്റെ അഭിപ്രായങ്ങള്‍ തുറന്നു പറഞ്ഞത്. അതേസമയം സായ് പല്ലവിയെ അനുകൂലിച്ച് കൊണ്ട് നിരവധി പേരും രംഗത്ത് എത്തിയിട്ടുണ്ട്.
നിലപാട് തുറന്ന് പറയാന്‍ കാണിച്ചതിന് അഭിനന്ദനങ്ങള്‍ എന്നാണ് അനുകൂലിക്കുന്നവര്‍ പറയുന്നത്. വിരാടപര്‍വ്വത്തെ ബഹിഷ്‌കരിക്കാനുള്ള ആഹ്വാനവും ഇത്തരം വിദ്വേഷ പ്രചാരണങ്ങളുടെ ഭാഗമായി നടക്കുന്നുണ്ട്.
വെന്നല എന്ന കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. പൊലീസുകാരനെ പ്രണയിക്കുന്ന നക്സലായിട്ടാണ് സായ് പല്ലവി ചിത്രത്തില്‍ വേഷമിടുന്നത്. വേണു ഉഡുഗുളയുടെ സംവിധാനത്തിലാണ് ചിത്രം ഒരുങ്ങുന്നത്. പ്രിയാമണി, സറീന വഹാബ്, ഈശ്വരി റാവു, സായ് ചന്ദ്, നിവേദ, നന്ദിത ദാസ്, നവീന്‍ ചന്ദ്ര തുടങ്ങിയവരും ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ചിത്രം ജൂണ്‍ 17 ന് റിലീസ് ചെയ്യും.