News
ചിത്രങ്ങള്‍ ലീക്കായി..; ലൊക്കേഷന്‍ മാറ്റാനൊരുങ്ങി ദളപതി 66 നിര്‍മ്മാതാക്കള്‍
ചിത്രങ്ങള്‍ ലീക്കായി..; ലൊക്കേഷന്‍ മാറ്റാനൊരുങ്ങി ദളപതി 66 നിര്‍മ്മാതാക്കള്‍
തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള താരമാണ് വിജയ്. വിജയ് നായകനായി എത്തുന്ന ദളപതി 66 എന്ന ചിത്രം പ്രഖ്യാപന സമയം മുതല്‍ ശ്രദ്ധനേടിയിരുന്നു. കഴിഞ്ഞ ദിവസം ചിത്രത്തിന്റേതായി ചില ലൊക്കേഷന്‍ സ്റ്റില്ലുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ചിത്രങ്ങള്‍ ലീക്കായതിന് പിന്നാലെ ലൊക്കേഷന്‍ മാറ്റാനൊരുങ്ങുകയാണ് സിനിമയുടെ നിര്‍മ്മാതാക്കള്‍.
ചെന്നൈയിലെ ഇസിആറില്‍ ആയിരുന്നു സിനിമയുടെ ചിത്രീകരണം നടന്നു കൊണ്ടിരുന്നത്. ചിത്രങ്ങള്‍ ലീക്കായ ഉടന്‍ നടപടികള്‍ സ്വീകരിക്കണം എന്ന ആവശ്യവുമായി ആരാധകര്‍ എത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് അണിയറപ്രവര്‍ത്തകര്‍ ലൊക്കേഷന്‍ മാറ്റുന്നത്. വംശി പൈടപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ്ക്കൊപ്പം പ്രകാശ് രാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ചിത്രത്തില്‍ കൊറിയോഗ്രാഫറായി പ്രഭുദേവ എത്തുന്നുവെന്ന വിവരം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിജയ്ക്ക് വേണ്ടിപ്രഭു ദേവ കൊറിയോഗ്രാഫ് ചെയ്യാന്‍ ഒരുങ്ങുന്നത്. വിജയിയുടെ ‘വില്ല്’, ‘പോക്കിരി’ സിനിമകള്‍ക്ക് വേണ്ടിയാണ് അവസാനമായി ഇരുവരും ഒന്നിച്ചത്. ഹൈദരാബാദിലാകും ഗാനത്തിന്റെ ചിത്രീകരണമെന്നാണ് വിവരം.
നടി രശ്മക മന്ദാനയാണ് നായികയായി എത്തുന്നത്. ചിത്രത്തില്‍ തെലുങ്ക് താരം നാനിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എസ്. തമന്‍ ആണ് സംഗീതം. തമിഴിലും തെലുങ്കിലും ഒരേസമയം നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ തുടര്‍ന്നുവരികയാണ്. നടന്‍ കാര്‍ത്തിയും നാഗര്‍ജുനയും ഒരുമിച്ചെത്തിയ തോഴ എന്ന ചിത്രത്തിലൂടെ കീര്‍ത്തി നേടിയ സംവിധായകനാണ് വംശി. തമിഴ്-തെലുങ്ക് ഇന്‍ഡസ്ട്രിയിലെ ഒരു ബിഗ് ബജറ്റ് സിനിമയായിരിക്കും ദളപതി 66 എന്നാണ് വിവരം.