ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെ പേരില്‍ തട്ടിപ്പ്; നിയമ നടപടിയുമായി മുന്നോട്ട് ; മുന്നറിയിപ്പുമായി ബാദുഷ!
ഒരു വര്‍ഷത്തോളമായി മമ്മൂട്ടിയുടെയും ലാല്‍ മീഡിയയുടെയും പേരില്‍ തട്ടിപ്പ് നടക്കുന്നതായി നിര്‍മാതാവ് എന്‍.എം. ബാദുഷ. ദോഹ – ഖത്തര്‍ കേന്ദ്രീകരിച്ച് കൊണ്ട് ഒരു വര്‍ഷത്തോളമായി മമ്മൂക്കയുടെയും ലാല്‍ മീഡിയ ലാല്‍, ലാല്‍ ജൂനിയര്‍ എന്നിവരുടെ പേരിലും ഒഡീഷന്‍, വര്‍ക്ക്‌ഷോപ്പുകള്‍, പ്രൊഡ്യൂസര്‍ ക്യാന്‍വാസിങ് എന്ന രീതിയിലുള്ള തട്ടിപ്പ് പരിപാടികള്‍ നടക്കുന്നതായി അറിഞ്ഞുവെന്നും എന്നാല്‍ അത്തരത്തിലുള്ള ഒരു പ്രൊജക്ടും നിലവില്‍ ഇല്ലെന്നും ബാദുഷ പറഞ്ഞു.
ഈ തട്ടിപ്പിനെതിരെ കഴിഞ്ഞ ദിവസം ലാല്‍ മീഡിയ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണെന്നും, ഇതിന്റെ പേരില്‍ നടന്ന പണമിടപാടുകളില്‍ അവര്‍ക്ക് യാതൊരു ഉത്തരവാദിത്തവും ഇല്ല എന്നും സോഷ്യല്‍ മീഡിയ വഴി അറിയിച്ചിരുന്നു. ആയതിനാല്‍ ഇത്തരത്തിലുള്ള ഒരു തട്ടിപ്പില്‍ ആരും പോയി വീഴാതിരിക്കുകയെന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ബാദുഷ അറിയിച്ചു.
അതേസമയം ഷെയ്ന്‍ നിഗം, ഷൈന്‍ ടോം ചാക്കോ, പ്രിയദര്‍ശന്‍ എന്നിവര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രം കഴിഞ്ഞ ദിവസം ബാദുഷ പങ്കുവെച്ചിരുന്നു. പ്രിയദര്‍ശന്റെ അടുത്ത സിനിമയിലേക്കുള്ള സൂചനയാണോ ഇതെന്ന സംശയം പ്രേക്ഷകര്‍ ഉന്നയിച്ചിരുന്നു.
