Connect with us

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്

Malayalam

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്

മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണം; ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് ക്രൈംബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസില്‍ നിര്‍ണായക ദിവസങ്ങളാണ് കടന്നു പോകുന്നത്. ഇപ്പോഴിതാ നടിയെ അക്രമിച്ച കേസ് മെമ്മറി കാര്‍ഡ് പരിശോധിക്കണമെന്ന ആവശ്യത്തിലുറച്ച് നില്‍ക്കുകയാണ് ക്രൈംബ്രാഞ്ച്. ഇത് സംബന്ധിച്ച് പ്രോസിക്യൂഷന്‍ ഇന്ന് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയതില്‍ അന്വേഷണം വേണമെന്നാണ് ക്രൈംബ്രാഞ്ചിന്റെ ആവശ്യം. കാര്‍ഡിലെ ഫയല്‍ പ്രോപ്പര്‍ട്ടീസ് ഏതൊക്കെയെന്നതും എന്നൊക്കെ കാര്‍ഡ് തുറന്ന് പരിശോധിച്ചുവെന്നും അറിയണമെന്ന് ക്രൈംബ്രാഞ്ച് ആവശ്യപ്പെടുന്നുണ്ട്.

ക്രൈബ്രാഞ്ച് ആവശ്യം നേരത്തെ വിചാരണ കോടതി നിരസിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കി പരിശോധനയ്ക്ക് ഉത്തരവിടണമെന്നാണ് പ്രോസിക്യൂഷന്റെ ആവശ്യം. അതേസമയം, കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയില്‍ ഇന്നും വിചാരണ കോടതിയില്‍ വാദം തുടരും. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കുന്ന എട്ടാം പ്രതിയായ ദിലീപ് തുടര്‍ച്ചയായി ജാമ്യവ്യവസ്ഥ ലംഘിക്കുന്നുവെന്നാണ് പ്രോസിക്യൂഷന്‍ ആരോപണം.

എന്നാല്‍ ജാമ്യം റദ്ദാക്കണമെന്ന ആവശ്യത്തില്‍ പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളാണന്നാണ് പ്രതിഭാഗത്തിന്റെ വാദം. മാപ്പ് സാക്ഷിയായ വിപിന്‍ ലാലിനെ ദിലീപ് ഭീഷണിപ്പെടുത്തി എന്ന് പ്രോസിക്യൂഷന്‍ ആരേപിക്കുന്ന സമയം ദിലീപ് ജയില്‍ ആയിരുന്നു. ദിലീപിന്റെ വീട്ടിലെ ജീവനക്കാരനായ ദാസനെ അഭിഭാഷകന്‍ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന വാദം തെറ്റെന്നും പ്രതിഭാഗം വാദിക്കുന്നു. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളും വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു.

ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു. ദിലീപിന്റെ സഹോദരന്‍ അനൂപിന്റെ ഫോണില്‍ നിന്ന് ലഭിച്ച തെളിവുകളുമായി ഒത്തുനോക്കിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകുമെന്നാണ് പ്രോസിക്യൂഷന്‍ നിലപാട്. എന്നാല്‍, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കൈയിലുണ്ടെന്ന ക്രൈംബ്രാഞ്ച് ആരോപണം ദിലീപ് കോടതിയില്‍ തള്ളിയിരുന്നു.

നിലവില്‍ ദിലീപിന്റെ ഫോണുകളില്‍ നിന്നും ലഭിച്ച തെളിവുകളുടെ ഫോറന്‍സിക് പരിശോധന പുരോഗമിക്കുകയാണ്. അതിനിടെ കേസില്‍ രണ്ട് പേരുടെ ശബ്ദ സാമ്പിളിന്റെ ഫോറന്‍സിക് പരിശോധന ഫലം ഏറെ നിര്‍ണായകമാകുമെന്നാണ് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. ദിലീപിന്റെ സഹോദരി ഭര്‍ത്താവ് ടി എന്‍ സുരാജ് ,കേസിലെ ഒന്നാം പ്രതിയായ പള്‍സര്‍ സുനി എന്നിവരുടെ ശബ്ദ സാമ്പിള്‍ പരിശോധന ഫലമാണ് അന്വേഷണ സംഘം കാത്തിരിക്കുന്നത്. ഇത് കേസില്‍ നിര്‍ണായകമാണെന്നാണ് പോലീസ് പറയുന്നത്.

സമയം നീട്ടിനല്‍കാന്‍ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ ഇക്കാര്യം പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ദിലീപിന്റെ ആറ് ഫോണുകളായിരുന്നു അന്വേഷണ സംഘം പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇതില്‍ നിരവധി ഓഡിയോ വീഡിയോ ക്ലിപ്പുകള്‍, ഫോട്ടോകള്‍ എന്നിവ ദിലീപിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തിരുന്നു. ഇത് അന്വേഷണ സംഘം വിശദമായി പരിശോധിച്ച് വരികയാണ്. ദിലീപിന്റെ ഫോണിലെ 12 ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടതായി ഫോറന്‍സിക് പരിശോധനയില്‍ നേരത്തേ കണ്ടെത്തിയിരുന്നു. 12 വ്യത്യസ്ത നമ്പരുമായുള്ള വാട്‌സ്ആപ്പ് ചാറ്റുകളാണ് നശിപ്പിച്ചത്.

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിര്‍ണായക വ്യക്തികളാണിവര്‍ എന്നാണ് അന്വേഷണ സംഘം കണക്കാക്കുന്നത്. ഇവ വീണ്ടെടുക്കാന്‍ ആയിരുന്നില്ല. അതിനിടെ 11 ഫോണ്‍ നമ്പറുകളുടെ വിവരങ്ങള്‍ അന്വേഷണ സംഘം സേവന ദാതാക്കളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. കേസില്‍ നിര്‍ണായക വിവരങ്ങള്‍ അടങ്ങിയ രണ്ട് ഫോണുകള്‍ ഇതുവരേയും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. എട്ടാം പ്രതി ദിലീപിന്റേയും സഹോദരി ഭര്‍ത്താവ് സുരാജിന്റേയും ഫോണുകളാണിവ.

ഇവ രണ്ടും ഹാജരാക്കാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികള്‍ ഇതിന് തയ്യാറായിട്ടില്ല. അതിനിടെ ദിലീപിന് പള്‍സര്‍ സുനി ജയിലില്‍നിന്നയച്ച കത്തിന്റെ ഫോറന്‍സിക് പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കാനുണ്ട്. ദിലീപിന്റെ ഫോണുമായി മുംബൈയിലേക്ക് പോയത് അഭിഭാഷകരാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. നാല് അഭിഭാഷകരായിരുന്നു പോയത്. എന്നാല്‍ ഇവരെ ചോദ്യം ചെയ്യുന്നതിന് മുകളില്‍ നിന്നും അനുമതി ലഭിച്ചിട്ടില്ല. നേരത്തേ അഭിഭാഷകര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നേരത്തേ അതിജീവിത ബാര്‍ കൗണ്‍സിലിനെ സമീപിച്ചിരുന്നു.

ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരായ ബി രാമന്‍പിള്ള, ഫിലിപ് ടി തോമസ്, സുജേഷ് മോഹന്‍ എന്നിവര്‍ക്കെതിരെ ആയിരുന്നു നടി പരാതി നല്‍കിയത്.അഭിഭാഷകന്റെ ഓഫീസില്‍ വെച്ച് ഫോണിലെ തെളിവുകള്‍ നശിപ്പിക്കാന്‍ പ്രതികള്‍ക്ക് സഹായം ചെയ്തു നല്‍കി, അഭിഭാഷകര്‍ നേരിട്ട് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചു എന്നീ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു നടിയുടെ പരാതി. ഇതേ തുടര്‍ന്ന് രാമന്‍പിള്ളയ്ക്ക് ബാര്‍ കൗണ്‍സില്‍ നോട്ടീസ് അയച്ചിരുന്നു.എന്നാല്‍ കേസില്‍ നിയമവിരുദ്ധമായി താന്‍ ഒന്നും ചെയ്തിട്ടില്ലെന്നായിരുന്നു രാമന്‍പിള്ള ഇതിന് നല്‍കിയ മറുപടി.

More in Malayalam

Trending

Recent

To Top