Connect with us

നമുക്ക് ആശ്രയിക്കാനുള്ള സര്‍ക്കാരിനെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ഒരു സര്‍ക്കാരിനെയാണ് നമ്മള്‍ ആശ്രയിക്കുന്നത്, കേരളത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ലൈംഗിക പീഡിനക്കേസുകളെടുത്താല്‍ അതില്‍ വന്ന വിധികളെന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആശ ആച്ചി ജോസഫ്

Malayalam

നമുക്ക് ആശ്രയിക്കാനുള്ള സര്‍ക്കാരിനെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ഒരു സര്‍ക്കാരിനെയാണ് നമ്മള്‍ ആശ്രയിക്കുന്നത്, കേരളത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ലൈംഗിക പീഡിനക്കേസുകളെടുത്താല്‍ അതില്‍ വന്ന വിധികളെന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആശ ആച്ചി ജോസഫ്

നമുക്ക് ആശ്രയിക്കാനുള്ള സര്‍ക്കാരിനെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ഒരു സര്‍ക്കാരിനെയാണ് നമ്മള്‍ ആശ്രയിക്കുന്നത്, കേരളത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ലൈംഗിക പീഡിനക്കേസുകളെടുത്താല്‍ അതില്‍ വന്ന വിധികളെന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്ന് ആശ ആച്ചി ജോസഫ്

അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് കൊണ്ട് വഞ്ചി സ്‌ക്വയറില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിച്ച ഏകദിന ഉപവാസ സമരത്തില്‍ നടിയെ ആക്രമിച്ച കേസ് കേരളത്തിന്റെ ലിംഗ നീതിയുടെ വിഷയമായി കാണേണ്ടതുണ്ടെന്ന് പറഞ്ഞ് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ്. ആശ ആച്ചി ജോസഫ് പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായി മാറുന്നത്. കേരളത്തില്‍ കഴിഞ്ഞ മുപ്പത് വര്‍ഷത്തെ ലൈംഗിക പീഡിനക്കേസുകളെടുത്താല്‍ അതില്‍ വന്ന വിധികളെന്താണെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ആശ ആച്ചി ജോസഫ് പറയുന്നു.

പ്രസംഗത്തിന്റെ പൂര്‍ണരൂപം ഇങ്ങനെയാണ്;

ഡബ്ല്യസിസി എന്ന സംഘടന നടികളുടെ സംഘടന മാത്രമല്ല. സിനിമയില്‍ പ്രവര്‍ത്തിക്കാന്‍ സാധ്യതയുള്ള ഏതൊരു സ്ത്രീക്കും വന്നു ചേരാവുന്ന ഇടമാണ്. അതൊരു കലക്ടീവാണ്. ഹൈറാര്‍ക്കിക്കല്‍ ഓര്‍ഗനൈസേഷന്‍ അല്ല. അതിനാല്‍ സംഘടനയ്ക്ക് പ്രസിഡന്റ്, സെക്രട്ടറി തുടങ്ങി ഔദ്യോഗികമായ ഭാരവാഹിത്വം ഇല്ല. അങ്ങനെ അറിയുന്ന ഹൈറാര്‍ക്കികള്‍ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടന രാഷ്ട്രീയത്തിലും മറ്റ് പ്ലാറ്റ്ഫോമുകളിലും കുറവാണ്.

അതിനാല്‍ ഡബ്ല്യുസിസി തെരഞ്ഞെടുത്തിരിക്കുന്ന വഴിയും ഉദ്ദേശ്യം പോലെ തന്നെ വ്യത്യസ്തമാണ്. പലരും ഡബ്ല്യസിസിയെ സെലിബ്രറ്റികളുടെ സംഘടനയെന്നും സവര്‍ണ സ്ത്രീകളുടെ സംഘടനയെന്നും അടിവരയിടുമ്പോള്‍ വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് ഇന്റര്‍സെക്ഷണലായിട്ട് ഫെമിനിസിത്തെ കാണുന്ന എല്ലാവര്‍ക്കും നീതി ഉറപ്പാക്കണം, തുല്യത ഉറപ്പാക്കണം എന്നാഗ്രഹിക്കുന്ന തുല്യ അവസരം, തുല്യ വേതനം എന്ന് പറയുന്ന ഒരു സംഘടനയാണ്. ഇവിടെ വരുന്ന ആള്‍ക്കാര്‍ ഡബ്ല്യുസിസി എന്ന് പറയുമ്പോള്‍ ഒന്നുകില്‍ പാര്‍വതിയെയോ റിമയെയോ ഒക്കെയാണ് പ്രതീക്ഷിക്കുന്നതെന്നറിയാം. പലപ്പോഴും കേട്ടിട്ടുണ്ട് സംഘടനയിലെ അത്ര സെലിബ്രറ്റികളല്ലാത്ത ആള്‍ക്കാരെ വേദികളില്‍ കാണുമ്പോള്‍ ആള്‍ക്കാര്‍ക്കൊരു ചെറിയ ഞെട്ടലുണ്ട്.

ഞങ്ങളിവരെയല്ലല്ലോ പ്രതീക്ഷിച്ചത്. വേറെ ആരെയോ ആണല്ലോയെന്ന്. അതുതന്നെ മാറ്റേണ്ട കാര്യമായാണ് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് കാണുന്നത്. ഡബ്ല്യുസിസിയുടെ ഭാഗത്ത് നിന്ന് മൈക്കിനു മുന്നില്‍ നില്‍ക്കുന്നവരെല്ലാം സിനിമയില്‍ നിന്ന് ആയിരിക്കണമെന്നില്ല. സ്‌ക്രിപ്റ്റ് റൈറ്റേഴ്സ് ഉണ്ട്, ഡയരക്ടേഴ്സ് ഉണ്ട്, പോസ്റ്റ് പ്രൊഡക്ഷനില്‍ പ്രവര്‍ത്തിക്കുന്നവര്‍ തുടങ്ങി എല്ലാ സ്ത്രീകളും വുമണ്‍ ഇന്‍ സിനിമാ കലക്ടീവില്‍ അംഗങ്ങളാണ്.

വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് അതിജീവിതക്കൊപ്പമെന്നല്ല. അതിജീവതയുടെ പ്രശ്നത്തില്‍ നിന്നാണ് ഈ പ്രസ്ഥാനത്തിന്റെ തുടക്കം. അത് കൊണ്ട് തന്നെ അത് നമ്മളെ സംബന്ധിച്ച് ജീവന്‍ മരണ പോരാട്ടമാണ്. അത് ഒരു ആവേശത്തിന് പറയുന്നതല്ല. അത് അങ്ങനെ തന്നെയാണ്. സിനിമയെന്നാല്‍ നമുക്ക് കാണാനാഗ്രഹമുള്ള ചിത്രങ്ങളും ശബ്ദങ്ങളും ഉണ്ടാക്കുന്ന കച്ചവട സ്ഥാപനമാണ്. എങ്ങനെയാണ് സിനിമാ ഇന്‍ഡസ്ട്രി മാത്രം കുഴപ്പക്കാരാവുന്നത്.

തീര്‍ച്ചയായിട്ടും പണവും അധികാരവും കൂടുതലായി വരുമ്പോള്‍ ആള്‍ക്കാര്‍ക്ക് അതിനെ കൈയട്ടക്കാനും കൊണ്ടു നടക്കാനും തോന്നും. ഇതില്‍ നമുക്കാരെയാണോ ആശ്രയിക്കാനുള്ളത് അവരെ തന്നെയാണ് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് 2017 മെയ് 18 ന് പോയി കണ്ടതും അതിന്റെ ഭാഗമായാണ് ഇവിടെ വലിയ ചര്‍ച്ച നടക്കുന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഉണ്ടായതും. നമുക്ക് ആശ്രയിക്കാനുള്ള സര്‍ക്കാരിനെ, സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിരന്തരം പോരാടുന്ന ഒരു സര്‍ക്കാരിനെയാണ് നമ്മള്‍ ആശ്രയിക്കുന്നത്. അങ്ങനെ ആശ്രയിക്കുമ്പോള്‍, ആ ഗവണ്‍മെന്റ് 5 വര്‍ഷത്തിന് ശേഷം ഒരു മീറ്റിംഗ് ഹേമ കമ്മിറ്റിക്ക് വേണ്ടി വിളിക്കുമ്പോള്‍ നമ്മള്‍ കരുതുന്നത് ഏറ്റവും ക്വാളിറ്റിയുള്ള ഒരു കാര്യമാണ് മുന്നോട്ട് വെക്കേണ്ടതെന്നാണ്.

ഈ അതിജീവിതയെ പോലെ ഇനി വരാനിരിക്കുന്ന എല്ലാ സ്ത്രീകള്‍ക്കും വേണ്ടിയാണ് നമ്മള്‍ വാദിക്കുന്നത്. പക്ഷെ വിമണ്‍ ഇന്‍ സിനിമാ കലക്ടീവിന്റെ മുഖ്യമന്ത്രിയുമായുള്ള ആദ്യ യോഗത്തില്‍ ഉന്നയിച്ച ഒരു ആവശ്യങ്ങളില്‍ ഒന്നു മാത്രമാണിത്. അങ്ങനെ അഞ്ചോ എട്ടോ പത്തോ കാര്യങ്ങള്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. അതിലൊക്കെയും സര്‍ക്കാര്‍ ഇടപെടുകയും ഒപ്പം നില്‍ക്കുകയും ചെയ്യുമെന്നാണ് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് കരുതുന്നത്.

കേരളത്തില്‍ ഇത്രയും വിദ്യാഭ്യാസവും ഇത്രയും അറിവും താല്‍പര്യവും സ്ത്രീകളോടൊപ്പമുള്ള സ്റ്റാന്‍ഡുമുള്ള ഗവണ്‍മെന്റുമുള്ള സാഹചര്യത്തില്‍ എന്ത് കൊണ്ടാണ് കഴിഞ്ഞ 30 വര്‍ഷമായിട്ട് ലൈംഗികാതിക്രമ കേസുകളില്‍ അതിജീവിതകള്‍ക്ക് വേണ്ടിയിട്ടുള്ള വിധികള്‍ ഉണ്ടാവാത്തത്. ഇത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ഇവിടെ നടന്ന എല്ലാ പ്രധാന ലൈംഗികാതിക്രമകേസുകളിലും കഴിഞ്ഞ വര്‍ഷങ്ങളായി എങ്ങനെയാണ് വിധി വരുന്നതെന്ന് ചിന്തിക്കേണ്ടതാണ്. ഇത് ദയവായി ഒരു വ്യക്തിയുടെ കാര്യമായി ചുരുക്കരുത്.

ഈ വ്യക്തി നമുക്ക് വളരെ പ്രധാനപ്പെട്ടയാളാണ്, വളരെ കരുതലോടെയാണ് ഈ കേസില്‍ നമ്മള്‍ മുന്നോട്ട് പോവുന്നത്. ഇവിടെ ഈ വ്യക്തി കുറച്ചു കാര്യങ്ങളില്‍ പ്രിവിലേജ്ഡ് ആയതു കൊണ്ട് മാത്രമാണ് കേസിലെ ചില കാര്യങ്ങള്‍ പുറത്ത് അറിയുന്നത് പോലും. ഈ പ്രിവിലേജ് ഇല്ലാത്ത എത്രയോ സ്്ത്രീകളെ നമുക്ക് അറിയാം. സൂര്യനെല്ലി കേസില്‍ വിധി വരുന്നതിന് മുമ്പ് നമ്മളാരെങ്കിലും ഇങ്ങനെ ചിന്തിച്ചിട്ടുണ്ടോ. വിധുര കേസിലെ വിധി… ഇങ്ങനെ പല വിധികള്‍. ഈ വിധികളെക്കുറിച്ചൊക്കെ നമ്മളിത്രയും ആവലാതിയോടെ ചിന്തിക്കാന്‍ തയ്യാറായിട്ടുണ്ടോ. ഇത് കേരളത്തിന്റെ ലിംഗനീതിയുടെ പ്രശ്നമാണ്.

കേരളത്തിലും പുരുഷന്‍മാരും സ്ത്രീകളും ഉള്‍പ്പെടെ എങ്ങനെയാണ് ഈ കാര്യം കൈകാര്യം ചെയ്യുന്നതെന്ന് വളരെ ശ്രദ്ധയോടെ മുന്നോട്ട് കൊണ്ട് പോവണം എന്നാണ് ഡബ്ല്യുസിസി ആഗ്രഹിക്കുന്നത്. പ്രത്യേകിച്ചും കഴിഞ്ഞ 10-15 വര്‍ഷമായി തൊഴിലിടങ്ങളില്‍ ഉള്ള സ്ത്രീകളുടെ സമരങ്ങള്‍ എന്ന് പറഞ്ഞാല്‍ കൈവിരലിലെണ്ണാവുന്നതില്‍ കൂടുതലുണ്ട്. നഴ്സുമാരുടെ സമരം, ഇരിക്കാനുള്ള സമരം, തേയിലത്തൊഴിലാളികളായ സ്ത്രീകളുടെ സമരം, ഏറ്റവുമവസാനം ശബരിമല പ്രവേശനത്തിനുള്ള സമരം ഇതു മുഴുവനും ഈ അതിജീവിതയാണ്.

ഈ അതിജീവിത അവരെ എല്ലാവരെയും പ്രതിനിധീകരിക്കുന്നുണ്ടെന്ന് വിമണ്‍ ഇന്‍ സിനിമാ കലക്ടീവ് വിചാരിക്കുന്നു. ഇതൊരാള്‍ക്ക് വേണ്ടിയുള്ള സമരമല്ല. എല്ലാ ഹ്യൂമണ്‍ ഡെവലപ്മെന്റ് ഇന്‍ഡക്സിലും വളരെ കൃത്യമായ ധാരണകളോടെ മുന്നോട്ട് പോവുന്നെന്ന് നമ്മളെല്ലാവരും വളരെ അഭിമാനത്തോടെ പറയുന്ന കേരളത്തില്‍ ഈയൊരു ജന്‍ഡര്‍ റെവല്യൂഷന്‍ ഉണ്ടായില്ലെങ്കില്‍ ഒരു പ്രയോജനവുമില്ലാത്ത വെറും വാദപ്രതിവാദങ്ങള്‍ മാത്രം പറയുന്ന പാട്രിയാര്‍ക്കല്‍ ചിന്താഗതിക്കാരുടെ കൂട്ടമായി നമ്മള്‍ മാറും.

സിനിമയുടെ ഉള്ളില്‍ തന്നെയുള്ള വളരെ വലിയ ഉച്ചനീചത്വങ്ങളെക്കുറിച്ച് സംസാരിക്കാന്‍ സാധിക്കാതെ ഒരു സ്ത്രീയുടെ ശരീരത്തെ അധിക്ഷേപിക്കുന്നതില്‍ മാത്രം പ്രതികരിക്കാനേ ഡബ്ല്യുസിസിക്ക് കഴിയുന്നുള്ളൂ എന്ന് സമ്മതിക്കുന്നു. കാരണം ഞങ്ങള്‍ ആകെ ഉള്ളത് ഏകദേശം 50 പേരാണ്. ഈ 50 പേരില്‍ തന്നെ ഒരു സമയത്ത് പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നത് അഞ്ച് പേര്‍ക്കോ നാലു പേര്‍ക്കോ ആണ്. ഈ നാല് പേരാണ് നിങ്ങളീ പറയുന്ന കൂട്ടര്‍. ഡബ്ല്യസിസി ചില കാര്യങ്ങളില്‍ പ്രതികരിക്കുന്നില്ലേ എന്ന് ചിലര്‍ ചോദിക്കുമ്പോള്‍ നമുക്ക് ശരിക്കും പറഞ്ഞാല്‍ ആളില്ലാത്തത് കൊണ്ടാണ്. ഈ ആളുകള്‍, പിന്തുണ എന്ന് പറയുന്നത് നിങ്ങളാണ്. അതിജീവിതയ്ക്ക് കൊടുക്കുന്ന അതേ പിന്തുണയില്‍ അതിജീവിതയ്ക്കേണ്ടി വന്ന ഈ സ്ത്രീകളുടെ കൂട്ടത്തിനെയും നിങ്ങള്‍ കൂട്ടണം.

More in Malayalam

Trending

Recent

To Top