News
ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോ കോഫി വിത്ത് കരണ്‍ അവസാനിപ്പിച്ചു; സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ച് കരണ്‍ ജോഹര്‍
ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോ കോഫി വിത്ത് കരണ്‍ അവസാനിപ്പിച്ചു; സോഷ്യല്‍ മീഡിയയിലൂടെ വിവരം അറിയിച്ച് കരണ്‍ ജോഹര്‍
സംവിധായകന്‍ കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ഏറെ ജനശ്രദ്ധ നേടിയ ടോക് ഷോയായിരുന്നു കോഫി വിത്ത് കരണ്‍. ബോളിവുഡിലെ ഒട്ടുമിക്ക താരങ്ങളും ഈ ഷോയില്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ ഇപ്പോഴിതാ ഇനി മുതല്‍ കോഫി വിത്ത് കരണ്‍ ഇല്ല എന്ന് അറിയിച്ചിരിക്കുകയാണ് കരണ്‍ ജോഹര്‍. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം ഇത് അറിയിച്ചത്.
എന്റെ ജീവിതത്തിന്റെ ഭാഗമായിരുന്നു കോഫി വിത്ത് കരണ്‍, നിങ്ങളുടേയും. ആറു സീസണുകളാണ് പുറത്തെത്തിയത്. നമുക്ക് മാറ്റം സൃഷ്ടിക്കാന്‍ കഴിഞ്ഞു എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. പോപ് കള്‍ച്ചര്‍ ഹിസ്റ്ററിയില്‍് ഒരു സ്ഥാനം നേടാനുമായി. ഇപ്പോള്‍ ഏറെ വിഷമത്തോടെ കോഫി വിത്ത് കരണ്‍ തിരിച്ചുവരില്ല എന്ന് ഞാന്‍ പ്രഖ്യാപിക്കുകയാണ് എന്നും കരണ്‍ ജോഹര്‍ കുറിച്ചു.
ഏഴാം സീസണിനായി ആരാധകര്‍ കാത്തിരിക്കുന്നതിനിടയിലാണ് ഷോ അവസാനിപ്പിച്ചതായി കരണ്‍ പ്രഖ്യാപിച്ചത്. നിരവധി ആരാധകരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ഷോ അവസാനിപ്പിക്കരുത് എന്നാണ് ആരാധകരുടെ ആരാധന. തീരുമാനത്തിന് പിന്നിലെ കാരണം അന്വേഷിക്കുന്നവരും നിരവധിയാണ്.
അടുത്തിടെ വിവാഹിതരായ ബോളിവുഡ് താരങ്ങള്‍ ആലിയ ഭട്ടിനേയും രണ്‍ബീര്‍ കപൂറിനേയും അതിഥികളാക്കി കോഫി വിത്ത് കരണിന്റെ പുതിയ സീസണ്‍ ആരംഭിക്കുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.
2004 നവംബര്‍ 19നാണ് കോഫി വിത്ത് കരണിന്റെ ആദ്യത്തെ എപ്പിസോഡ് പുറത്തുവരുന്നത്. ഏറ്റവും കൂടുതല്‍ കാലം സംപ്രേക്ഷണം ചെയ്ത രണ്ടാമത്തെ ടോക്ക് ഷോ ആണ് ഇത്. 2019 മാര്‍ച്ച് 17നാണ് ഷോയുടെ അവസാന എപ്പിസോഡ് എയര്‍ ചെയ്തത്. ഷാരുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ ഖാന്‍, കരീന കപൂര്‍, പ്രിയങ്ക ചോപ്ര തുടങ്ങിയ ബോളിവുഡിലെ പ്രമുഖ താരങ്ങളെല്ലാം ഷോയില്‍ പങ്കെടുത്തിട്ടുണ്ട്.
